Monday, August 22, 2011

കശ്മീരില്‍ കുഴിമാടങ്ങളുടെ നിലവിളി


          വടക്കന്‍ കശ്മീരിലെ 38 കുഴിമാടങ്ങളിലായി രണ്ടായിരത്തില്‍പരം അജ്ഞാത മൃതദേഹങ്ങള്‍ അടക്കംചെയ്തിട്ടുണ്ടെന്ന കശ്മീര്‍ മനുഷ്യാവകാശ കമീഷന്റെ കണ്ടെത്തല്‍ തീര്‍ച്ചയായും നടുക്കമുളവാക്കുന്നതും രാജ്യത്തെ ജനാധിപത്യവിശ്വാസികളെ മുഴുവന്‍ ലജ്ജിപ്പിക്കുന്നതുമാണ്. 1990ല്‍ താഴ്‌വരയില്‍ തീവ്രവാദം പിടിമുറുക്കിയത് മുതല്‍ ആയിരങ്ങളെ കാണാതായിട്ടുണ്ട്. ഇവയില്‍ അധികംപേരെയും സൈന്യം വീടുകളില്‍നിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ട് പോയവരാണ്. മൂന്നുവര്‍ഷം നീണ്ട  അന്വേഷണത്തിനൊടുവിലാണ് സൈന്യം നടത്തിയ അരുംകൊലയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സര്‍ക്കാര്‍ നിയോഗിച് മൂന്നംഗ മധ്യസ്ഥ സംഘം അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ്   മനുഷ്യാവകാശ കമ്മീഷന്റെ വെളിപ്പെടുത്തല്‍. പ്രശ്‌നത്തില്‍ ഇടപെടാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനും ഒരുങ്ങുകയാണ്.

         സ്വാതന്ത്ര്യാനന്തരമുള്ള കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന ആര്‍ക്കും ഇത്തരം വാര്‍ത്തകളില്‍ പുതുമ കാണാനാവില്ല. കേന്ദ്രഭരണകൂടവും പട്ടാളവും പൊലീസും കാലാകാലങ്ങളായി കശ്മീരികള്‍ക്കെതിരെ നടത്തുന്ന കടന്നാക്രമണങ്ങള്‍ ദേശീയതലത്തില്‍ സൃഷ്ടിച്ച  വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഇന്നും സജീവമായി തുടരുകയാണ്. ഇതര സ്റ്റേറ്റുകള്‍ക്കെന്ന പോലെ കശ്മീരിന് ലഭിക്കേണ്ട സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ നാളിതുവരെ   സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ രാജ്യം ഭരിച്ചവരെല്ലാം കുറ്റകരമായ അനാസ്ഥയും അവഗണനയും കാണിച്ചിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷനുള്‍പ്പെടെ പലരും ഇതിനു മുമ്പും പലവട്ടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാര്‍ത്താമാധ്യമങ്ങളാകട്ടെ കശ്മീരിലെ അതിക്രമങ്ങള്‍ പുറത്തുകൊണ്ടുവരുന്നതില്‍ അവരുടെ പങ്ക് സത്യസന്ധമായി ഒരിക്കലും നിര്‍വഹിക്കാറില്ല. അന്താരാഷ്ട്ര ചലനങ്ങള്‍ നിരീക്ഷിച്ച് അതിലെ ശരിയും തെറ്റും തലനാരിഴ കീറി പരിശോധിക്കാന്‍ വ്യഗ്രത കാണിക്കുന്ന  മാധ്യമങ്ങള്‍ പോലും കശ്മീരിലെത്തുമ്പോള്‍ ചുമതല വിസ്മരിച്ച് മൗനികളായി മാറുന്നു.

          അരിക്കും തുണിക്കും തൊഴിലിനും വേണ്ടിയല്ല കശ്മീരികള്‍ അധികം ശബ്ദിച്ചിട്ടുണ്ടാവുക. അവിടെ പട്ടിണിയും തൊഴിലില്ലായ്മയും പരിഹരിക്കപ്പെട്ടതു കൊണ്ടല്ല. അവരെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം സൈന്യത്തിന്റെ സജീവ സാന്നിധ്യവും അവര്‍ കൈക്കൊള്ളുന്ന അതിനീചമായ അമിതാധികാരപ്രയോഗവുമാണ്. സൈന്യത്തെ പിന്‍വലിക്കാതെ താഴ്‌വരയില്‍  സമാധാനം പുനസ്ഥാപിക്കാനാവില്ലെന്നാണ് കശ്മീരിലെ ബഹുജന സംഘടനകളുടെ വാദം. അതിര്‍ത്തി സംസ്ഥാനമെന്ന നിലയില്‍ അവിടെനിന്ന് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനാവില്ലെങ്കിലും  ജനങ്ങളുടെ ജീവനും സ്വത്തിനും അഭിമാനത്തിനും ക്ഷതമേല്‍ക്കാതെ നോക്കാന്‍ ഭരണകൂടങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. പട്ടാളത്തിന്റെ സാന്നിധ്യം കുറച്ചുകൊണ്ടുവരുമെന്ന് പ്രതിരോധമന്ത്രിയും പ്രധാനമന്ത്രിയുമൊക്കെ ഉറപ്പുനല്‍കാറുണ്ടെങ്കിലും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിക്കാറില്ലെന്ന് മാത്രം.

          പട്ടാളക്കാര്‍ക്ക് നല്‍കിയ പ്രത്യേക അധികാരമാണ് അവിടുത്തെ മുഖ്യപ്രശ്‌നം. തെരുവുകളെ കലുഷിതമാക്കുന്നതും കുടുംബങ്ങളുടെ സൈര്യംകെടുത്തുന്നതും മൊത്തത്തില്‍ താഴ്‌വരയില്‍ അരക്ഷിതത്വം സൃഷ്ടിക്കുന്നതും പട്ടാളക്കാര്‍ തന്നെ. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സമാധാനം പുനസ്ഥാപിക്കാന്‍ ഇയ്യിടെ എത്തിയ സര്‍വകക്ഷി സംഘത്തിന് മുമ്പിലും ജനങ്ങള്‍ ഇതേ പരാതി നിരത്തിവെച്ചു. സംഘം കൊടുത്ത ഉറപ്പ് വര്‍ഷം പിന്നിടുമ്പോഴും പാലിക്കപ്പെട്ടില്ലെന്ന് വിശ്വസിക്കാന്‍ കശ്മീരിലെ കുഴിമാടങ്ങളില്‍ നിഷ്‌ക്കരുണം തള്ളിയ ആയിരക്കണക്കിന്  മൃതദേഹങ്ങളെ കുറിച്ചുള്ള വാര്‍ത്ത തന്നെ ധാരാളം.

         ഉന്നത പൊലീസുദ്യോഗസ്ഥന്‍ ബഷീര്‍ അഹമദ് യാതുവിന് കീഴിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.  പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴികള്‍, സാക്ഷിമൊഴികള്‍ എന്നിവക്ക് പുറമെ പള്ളികമ്മിറ്റികള്‍, ശ്മശാന മേല്‍നോട്ടക്കാര്‍ എന്നിവരില്‍ നിന്നുള്ള വിവരങ്ങളും സമിതി ശേഖരിച്ചിട്ടുണ്ട്. കുപ്‌വാരയിലാണ് ഏറ്റവും കൂടുതല്‍ അജ്ഞാത മൃതദേഹങ്ങള്‍ കുഴിമാടത്തില്‍ തള്ളിയത്. ബാരാമുല്ലയിലും എണ്ണൂറിലേറെ തിരിച്ചറിയാത്ത മൃതദേഹങ്ങളുണ്ട്. ഇത്തരം  മൃതദേഹങ്ങള്‍ ധാരളമുണ്ടെന്നും അവ കണ്ടെത്തണമെന്നും കാണിച്ച് കശ്മീരിലെ കാണാതായവരുടെ കുടുംബാംഗങ്ങള്‍ മൂന്നുവര്‍ഷം മുമ്പ് ഒരു കൂട്ടായ്മ തന്നെ രൂപീകരിക്കുകയുണ്ടായി ; അതാണ് എ പി ഡി പി. ഈ സംഘം പല വിവരങ്ങളും മുമ്പ് പുറത്തുവിട്ടിരുന്നു. 2008ലാണ് ഈ നീക്കം ശക്തിയാര്‍ജിച്ചത്. 2009ല്‍ തന്നെ സര്‍ക്കാര്‍ അന്വേഷണ സമിതിക്ക് രൂപംനല്‍കിയെന്നത് ശരിയാണ്. അതിനിടെ അന്താരാഷ്ട്ര പീപ്പിള്‍സ് ട്രൈബ്യൂണല്‍ ഓണ്‍ ഹ്യൂമണ്‍റൈറ്റ്‌സ് മുഖേന അജ്ഞാത ജഡങ്ങളെ സംബന്ധിക്കുന്ന പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുകൊണ്ടുവന്നു.

          ഇനിയിപ്പോള്‍ അജ്ഞാതജഡങ്ങളെ ഡി എന്‍ എ ടെസ്റ്റിന് വിധേയമാക്കിയാല്‍ ആളുകളെ തിരിച്ചറിയാനാവും. അതിനാണ് സത്വര നടപടി ഉണ്ടാവേണ്ടത്. അതോടൊപ്പം ഇതിനുത്തരവാദികളായവരെ നിയമത്തിന്റെ മുമ്പില്‍കൊണ്ടുവരികയും വേണം. പ്രത്യേക സൈനികാധികാരമുപയോഗിച്ച്  ജനങ്ങളെ ചതച്ചരച്ച് കുഴിമാടങ്ങളില്‍ തള്ളിയവരും അവരുടെ കുടുംബങ്ങളെ കണ്ണീര് കുടിപ്പിച്ചവരും മാപ്പര്‍ഹിക്കുന്നില്ല. ജനങ്ങളുടെ വിശാസവും ആത്മവീര്യവും വീണ്ടെടുക്കാനും അവരില്‍ സുരക്ഷിതത്വബോധം പ്രദാനംചെയ്യാനും ഇത്തരം നടപടികള്‍ അത്യന്താപേക്ഷിതമാണ്. കശ്മീരികളുടെ പൗരാവകാശങ്ങളും സമാധാനവും പരിരക്ഷിക്കാനാവുന്നില്ലെങ്കില്‍ പിന്നെ അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് എന്നെങ്കിലും പരിഹാരമുണ്ടാകുമോ?
 

1 comment:

  1. ഇതൊക്കെ നമ്മുടെ അണ്ണാ ഹസാരെമാര്‍ കേള്കുന്നുണ്ടോ ആവോ? കേള്‍ക്കാന്‍ സാധ്യത വളരെ കുറവാണു...പിന്നെ ചാനലുകാര്‍ക്കും ഇതില്‍ വലിയ 'ഹരം' തോന്നുന്നുണ്ടാവില്ല, വിഷയം കശ്മീര്‍ ആണല്ലോ.

    ReplyDelete

Related Posts Plugin for WordPress, Blogger...