Wednesday, November 2, 2011

ബാലകൃഷ്ണപിള്ളയുടെ മോചനം അധികാര ദുരുപയോഗം


          മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ മലയാളികള്‍ക്ക് വളരെ ഇഷ്ടമാണ്. നേരിയ ഭൂരിപക്ഷമാണെങ്കിലും സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയില്‍ മികവുറ്റ പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. എന്നാല്‍ ഇടമലയാര്‍ അഴിമതിക്കേസില്‍ ഒരു വര്‍ഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട കേരള കോണ്‍ഗ്രസ്(ബി) നേതാവും മുന്‍ മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയെ കേരളപ്പിറവി ദിനത്തിന്റെ ആനുകൂല്യം നല്‍കി ജയില്‍മോചിതനാക്കിയ മുഖ്യമന്ത്രിയുടെ നടപടി, യു ഡി എഫ് സര്‍ക്കാരിനെ കുറിച്ചുള്ള വിശുദ്ധ സങ്കല്‍പങ്ങളെ മുഴുവന്‍ കാറ്റില്‍ പറത്തുന്നതായിപ്പോയി. അധികാരത്തിന്റെ ആര്‍ഭാട പരിസരത്തുനിന്ന് നോക്കുമ്പോള്‍ പിള്ളയുടെ മോചനം കണ്ണഞ്ചിക്കുന്നതായി തോന്നാം. എന്നാല്‍ മറുപക്ഷത്തുനിന്ന് വീക്ഷിച്ചാലോ അധികാരം മനുഷ്യസഹജമായ മഹാവ്യാഥി കൂടിയാണെന്ന് മനസ്സിലാവും.

          നിര്‍മല്‍ മാധവന് കോഴിക്കോട് എഞ്ചിനീയറിംഗ് കോളജില്‍ അവിഹിതമായി സീറ്റ് തരപ്പെടുത്തിയ സംഭവത്തില്‍ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ പ്രതിഛായയില്‍ അല്‍പസ്വല്‍പം കളങ്കം കലര്‍ന്നിരുന്നു. അപകടകരമായ വിഡ്ഢിത്തമാണ് അന്ന് അദ്ദേഹം കാണിച്ചത്. ആ സംഭവം സൃഷ്ടിച്ച ആശങ്കകള്‍ മലയാളിയുടെ മനസ്സില്‍ മിന്നല്‍പിണര്‍പോലെ ഇപ്പോഴും കിടന്നുപിടയുന്നുണ്ട്. പിള്ളയുടെ കാര്യത്തിലും ചാണ്ടിക്കു പിഴച്ചുവെന്ന് പറയാതെ വയ്യ. ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീണ്ടും അദ്ദേഹത്തിന് വീഴ്ച പറ്റിയിരിക്കുന്നു. ഓരോ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കും സര്‍ക്കാര്‍  വഴങ്ങിക്കൊടുക്കുകയാണോ എന്ന് സംശയിക്കണം. നേരിയ ഭൂരിപക്ഷമാകുമ്പോള്‍ ചാണ്ടിയല്ല ആരായാലും ഇങ്ങനെ ചെയ്തുപോകുക സ്വാഭാവികം.

         ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കേസിലാണ് ബാലകൃഷ്ണപിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചത്. അഞ്ചുവര്‍ഷത്തെ ശിക്ഷക്കായിരുന്നു നിര്‍ദേശമെങ്കിലും കേസിന്റെ കാലപ്പഴക്കവും  അദ്ദേഹത്തിന്റെ പ്രായാധിക്യവും പരിഗണിച്ചാണ് ഒരു വര്‍ഷത്തെ കഠിനതടവാക്കിയത്. ഈ ശിക്ഷ പോലും തികച്ച് അനുഭവിക്കാതെ പിള്ളക്ക് പരിധിവിട്ട ഇളവുകള്‍ അനുവദിച്ചത് തീര്‍ച്ചയായും അധികാര ദുര്‍വിനിയോഗം തന്നെ. അഴിമതിക്കേസില്‍ ഉന്നത നീതിപീഠം ശിക്ഷിച്ച ഒരു വ്യക്തിയെ അദ്ദേഹത്തിന്റെ മകന്‍ കൂടി ഉള്‍പ്പെട്ട സംസ്ഥാന മന്ത്രിസഭ വളഞ്ഞ വഴിയിലൂടെ മോചിപ്പിച്ചുവെങ്കില്‍ അത് ജുഡീഷ്യറിയെ അവഹേളിക്കലല്ലെങ്കില്‍ പിന്നെ മറ്റെന്താണ്?

          ആകെ 69 ദിവസം മാത്രമാണ് പിള്ള ജയിലില്‍ കഴിഞ്ഞത്. ഭാര്യയുടെ അസുഖത്തിന്റെയും മറ്റും പേരില്‍ 75 ദിവസം പരോളിലിറങ്ങി. 87 ദിവസം പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ. പൂജാപ്പുര സെന്‍ട്രല്‍ ജയിലില്‍  ഒരു തടവുപുള്ളിക്ക് കിട്ടാവുന്നതിലേറെ പരിചരണം. പരോളില്‍ ഇറങ്ങിയ ഉടനെ ജയില്‍ചട്ടം ലംഘിച്ച് അഭിപ്രായപ്രകടനം നടത്തി. ആശുപത്രിയില്‍വെച്ച് മൊബൈല്‍ ഫോണിലൂടെ അഭിമുഖസംഭാഷണം. ഒരു ജയില്‍പുള്ളിയുടെ പ്രയാസങ്ങളൊന്നും പിള്ളക്ക്  അനുഭവിക്കേണ്ടി വന്നിട്ടില്ല. സ്വകാര്യ ആശുപത്രിയില്‍ പാര്‍പ്പിച്ച മുറി ജയിലാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. അതുകൊണ്ട് ആശുപത്രിവാസം ജയില്‍വാസമായി കണക്കാക്കാനുമാവില്ല. ജയില്‍ചട്ടങ്ങള്‍ ലംഘിച്ചവര്‍ ശിക്ഷാ ഇളവിന് അര്‍ഹരുമല്ല. ജയിലില്‍ നിയമലംഘനം നടത്തിയതിന്റെ പേരില്‍ പിള്ള കൂടുതല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിയും വന്നു.

          ഈ വര്‍ഷം ഫെബ്രുവരി പത്തിനാണ്  സുപ്രീം കോടതി പിള്ളക്ക് ഒരു വര്‍ഷം കഠിനതടവ് വിധിച്ചത്. 18ന് ജയിലലടക്കപ്പെടുകയും ചെയ്തു. ആശുപത്രിവാസവും പരോളുമെല്ലാം യഥാര്‍ഥത്തില്‍  ശിക്ഷാനടപടി ഒഴിവാക്കാന്‍ വേണ്ടി മാത്രമായിരുന്നു. പിള്ളക്ക് പുറമെ ഇടമലയാര്‍ കേസിലെ കൂട്ടുപ്രതി  മാണി കേരളാകോണ്‍ഗ്രസ് സെക്രട്ടറി പി കെ സജീവന്‍ ഉള്‍പ്പെടെ 138 തടവുകാരെയും സര്‍ക്കാര്‍ മോചിപ്പിച്ചിട്ടുണ്ട്. പിള്ളക്ക് മാത്രമല്ല 2500 തടവുകാര്‍ക്കും കേരളപ്പിറവിദിനത്തിന്റെ ഇളവ് കൊണ്ട് ഗുണംകിട്ടുമെന്നാണ് സര്‍ക്കാരിന്റെ ന്യായം. ആഗസ്റ്റ് 15ന് പിള്ളക്ക് മോചനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നുവത്രെ. അന്ന് തുറന്നുവിടാതിരുന്നത് ജനങ്ങളെ ഭയപ്പെട്ടതുകൊണ്ടാവണം. ഇങ്ങനെ പിള്ളയും കൂട്ടുപ്രതിയും ജയില്‍മുക്തരാവുക കൂടി ചെയ്യുമ്പോള്‍ നമ്മുടെ ശിക്ഷാ സമ്പ്രദായമാണ് പരിഹസിക്കപ്പെടുന്നതെന്ന കാര്യം സര്‍ക്കാര്‍ ഓര്‍ക്കാതിരുന്നത് കഷ്ടമായിപ്പോയി.

         പിള്ളക്ക് വേണ്ടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജയില്‍ചട്ടമനുസരിച്ച് ശിക്ഷയില്‍ ഇളവ് നല്‍കുന്നതിന് വിലക്കൊന്നുമില്ലെന്നുമാണ് ഉമ്മന്‍ചാണ്ടി പിന്നെയും വാദിച്ചുകൊണ്ടിരിക്കുന്നത്. സത്യത്തില്‍ സുപ്രീം കോടതി വിധിയെപോലും കൊഞ്ഞനം കുത്തുന്ന സമീപനമല്ലേ ഇത്. രാഷ്ട്രീയ സ്വാധീനമുള്ളവര്‍ക്ക് അഴിമതിയും അധാര്‍മികതയുമെല്ലാം ഭൂഷണമാണെന്നല്ലേ ഇതിന്നര്‍ഥം. അഴിമതിക്കെതിരെ വലിയ ജനരോഷം ഉയര്‍ന്ന കാലമാണിത്. അണ്ണാ ഹസാരെയുടെ ലക്ഷ്യം എന്തായിരുന്നാലും ജനങ്ങള്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയത് അഴിമതിയോടുള്ള അടങ്ങാത്ത രോഷംകൊണ്ട് മാത്രമാണ്. അഴിമതിയുടെ പേരില്‍ ചെറിയ മീനുകള്‍ അകത്ത് കിടക്കുമ്പോള്‍ കൊമ്പന്‍ സ്രാവുകള്‍ വല ഭേദിച്ച് പുറത്തു കടക്കുമെന്നതാണ് പിള്ളയുടെ ജയില്‍മോചനം നല്‍കുന്ന പാഠം. ജയില്‍ മോചനത്തിനെതിരെ പ്രതിപക്ഷ നേതാവ് സുപ്രീം കോടതിയെ സമീപിച്ച സാഹചര്യത്തില്‍ കൂടുതല്‍ നിയമയുദ്ധം ഇക്കാര്യത്തില്‍ പ്രതീക്ഷിക്കാം. സര്‍ക്കാര്‍ നടപടി പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിള്ളയുടെ കാര്യത്തിലല്ല മറ്റാരുടെ കാര്യത്തിലായാലും ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തുന്നവത്  യു ഡി എഫോ എല്‍ ഡി എഫോ ആരുമാവട്ടെ, മാപ്പര്‍ഹിക്കുന്നില്ല.

1 comment:

  1. ഈ പരിപാടി എല്ലാം തുടങ്ങി വച്ചത് കമ്യൂണിസ്റ്റ് കാര്‍ അല്ലെ എല്ലാ കൊലപാതകികളെയും നിങ്ങള്‍ വന്നാല്‍ ഉടനെ പരോളില്‍ വിടും സഖാക്കള്‍ ആണെങ്കില്‍ അവരുടെ സൗകര്യം പോലെ എന്തെങ്കിലും എക്സ്ക്യൂസ് പറഞ്ഞ്ഞു കേരള പിറവിക്കോ ആഗസ്റ്റ്‌ പതിനഞ്ചിണോ വിട്ടയക്കും ആന്റണി ഒന്നും അത് ചെയ്യില്ല ഇതിപോള്‍ ചാണ്ടി ചെയ്യുന്നു അത്രയല്ലേ ഉള്ളു വ്യത്യാസം നമ്മടെ പാര്ട്ടീം ഒന്ന് വളരട്ടെടോ

    ReplyDelete

Related Posts Plugin for WordPress, Blogger...