Thursday, November 3, 2011

വാളകം കേസും സി ബി ഐക്ക്


          സ്വതന്ത്രമായും സത്യസന്ധമായും പൊലീസ്‌സേനയെ പ്രവര്‍ത്തിക്കാനനുവദിച്ചാല്‍ നാട് സ്വര്‍ഗമാവും. ജനങ്ങളുടെ ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിടാന്‍ പൊലീസിന് കഴിഞ്ഞ സുവര്‍ണകാലം നമുക്കുണ്ടായിരുന്നു. എന്നാല്‍ ഇന്നോ? കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളില്‍ മാത്രമല്ല പെറ്റി കേസുകളില്‍ പോലും അന്വേഷണം ബന്ധപ്പെട്ടവരുടെ കണ്ണീര്‍ക്കയത്തിലാണ് അവസാനിക്കുന്നത്. പൊലീസ് ഇടപെടല്‍ പലപ്പോഴും വിപരീതഫലം സൃഷ്ടിക്കുന്നു. നഷ്ടപ്പെടാന്‍ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് സേന നടന്നുനീങ്ങുന്നുവെന്ന് വന്നാല്‍ പിന്നെ ജനങ്ങള്‍ക്ക് എന്താണൊരു രക്ഷ?

          കൊല്ലംജില്ലയിലെ വാളകത്ത് അധ്യാപകന്‍ കൃഷ്ണകുമാറിന് ദുരൂഹസാഹചര്യത്തില്‍ ഗുരുതരമായി പരിക്കേറ്റ സംഭവം സി ബി ഐക്ക് വിടാന്‍ മന്ത്രിസഭ തീരുമാനിക്കുമ്പോള്‍ നമ്മുടെ പൊലീസിനെ കുറിച്ചുള്ള ആശങ്കകള്‍ പര്‍വതമായുയരുക കൂടി ചെയ്യുന്നു. കേരളകോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിലെ അധ്യാപകനായ കൃഷ്‌കുമാറിന് പരിക്കേറ്റിട്ട് ഒരുമാസം കഴിഞ്ഞു. സപ്തമ്പര്‍ 27ന് രാത്രി  ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന കൃഷ്ണകുമാറിനെ നാട്ടുകാരറിയിച്ചതിനെ തുടര്‍ന്ന് വാഹനപകടം എന്ന നിഗമനത്തില്‍ ഹൈവേ പൊലീസാണ്  ആശുപത്രിയില്‍ എത്തിച്ചത്.  അതിനുശേഷം പൊലീസിന്റെ വന്‍നിര തന്നെ അന്വേഷണം നടത്തിയെങ്കിലും കേസ് തെളിയിക്കുന്നത് പോയിട്ട് തുമ്പുണ്ടാക്കാന്‍ പോലും കഴിഞ്ഞില്ല. ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല.

         പ്രതിഭാശക്തിയില്‍ അദ്വതീയരെന്നും അന്വേഷണ മികവില്‍ കേമന്മാരെന്നും അഹങ്കരിച്ച നമ്മുടെ പൊലീസിന്റെ വീഴ്ചകള്‍ വ്യാപകമായ വിമര്‍ശനം ഏറ്റുവാങ്ങുന്നത് ഇത് ആദ്യ തവണയല്ല. പരിക്കേറ്റ അധ്യാപകന്‍ സ്വബോധത്തോടെ കാര്യങ്ങള്‍ വിശദീകരിക്കുന്നു. മറ്റ് തെളിവുകള്‍ ഏകോപിച്ച് സത്യം കിളച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ പൊലീസ് സേനയെ തീറ്റിപ്പോറ്റുന്നതില്‍ എന്തര്‍ഥം? 
 
              ഒരു മിനുട്ടിലെ കാര്യങ്ങള്‍ മാത്രമേ ഇനി അറിയാനുള്ളൂവെന്നാണ് ഡി ജി പി ജേക്കബ് പുന്നൂസ് അടക്കം പ്രഖ്യാപിച്ചിരുന്നത്. പല തവണ അധ്യാപകനെ  ചോദ്യം ചെയ്തിട്ടും കൃത്യമായ നിഗമനത്തിലെത്താന്‍  പൊലീസിന് കഴിഞ്ഞില്ല. അധ്യാപകന്റെ പിന്‍ഭാഗത്ത് പാരപോലുള്ള ആയുധം കുത്തിക്കയറ്റിയെന്നാണ് ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ അപകടംമൂലവും ഇങ്ങനെ സംഭവിക്കാമെന്നും ആന്തരാവയവങ്ങള്‍ക്ക് തകരാറുണ്ടായിട്ടില്ലെന്നുമായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. കൃഷ്ണകുമാര്‍ അക്രമിക്കപ്പെട്ടുവെന്ന നിലയില്‍ തുടങ്ങിയ  അന്വേഷണം വാഹനാപകടമാണെന്ന നിലയില്‍ പൊലീസ് മുമ്പോട്ടു കൊണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍ വാഹനാപകടം മനപ്പൂര്‍വമോ അല്ലയോ എന്ന് കണ്ടെത്താനുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെങ്കിലും ഇടിച്ച കാര്‍ ഇതുവരെ പിടികൂടാനായില്ല. രണ്ടായിരത്തിലധികം കാറുകള്‍ പരിശോധിച്ചുവെന്നാണ് പൊലീസ് അവകാശപ്പെടുന്നത്. തന്നെ നാലുപേര്‍ കാറില്‍നിന്ന് പുറത്തേക്ക് വലിച്ചെറിയുകയായിരുന്നുവെന്ന് അധ്യാപകന്‍ മൊഴി നല്‍കിയിട്ടുണ്ട്. അദ്ദേഹം പലവട്ടം മൊഴിമാറ്റിപ്പറഞ്ഞെങ്കില്‍ അതിലെ നിഗൂഢത പുറത്തുകൊണ്ടുവരേണ്ടതും പൊലീസ് തന്നെയാണല്ലോ. സംഭവം ആസൂത്രിതമാണെന്ന് അദ്ദേഹത്തിന്റെ ഭാര്യയും കുടുംബാംഗങ്ങളും വാദിക്കുന്നുണ്ട്. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ അവര്‍  ഖണ്ഡിക്കുകയും ചെയ്യുന്നു.

           സംഭവത്തിനു പിന്നില്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയും മകനും മന്ത്രിയുമായ ഗണേഷ്‌കുമാറുമാണെന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ ആക്രമണം വിവാദാമയത്. സ്‌കൂളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണത്തില്‍ പിള്ളക്കെതിരെ കൃഷ്ണകുമാര്‍ മൊഴി നല്‍കിയിരുന്നു. മാത്രമല്ല ഇതേ സ്‌കൂളിലെ പ്രധാന അധ്യാപികയായ ഭാര്യ ഗീതയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാനേജുമെന്റുമായി കൃഷ്ണകുമാര്‍ ശത്രുതയിലുമായിരുന്നു. പിള്ളയില്‍നിന്ന് അദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നു. നിയമസഭക്കകത്തും പുറത്തും ഇക്കാര്യം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്.

         സംഭവം നടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഒരു പ്രതിയെ പോലും പിടികൂടാനോ ശാസ്ത്രീയ സംവിധാനം ഉപയോഗിച്ച് കൃഷ്ണകുമാറടക്കമുള്ളവരെ ചോദ്യംചെയ്യാനോ പൊലീസിന് കഴിഞ്ഞില്ല എന്നത് സത്യം ക്രൂശിക്കപ്പെടുന്നുവെന്ന നിഗമനത്തിലെത്താനേ വഴിവെക്കൂ. സര്‍ക്കാരിന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന്  അക്രമികള്‍ക്കെതിരെ  നടപടിയെടുക്കാന്‍  പൊലീസിന് കഴിയാതെ പോകുന്നുവെന്ന് സംശയിക്കുന്നവരാണധികം. പൊലീസിന്റെ വിശ്വാസ്യതയേയും സംസ്ഥാനത്തിന്റെ അന്തസ്സിനെയും പരിഹസിക്കുംവിധം  ഇത്തരം ഒരു  വീഴ്ച ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞതുമില്ല.

           വാളകം കേസ് സി ബി ഐക്ക് വിടാന്‍ തീരുമാനിച്ചതോടെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഒരുപോലെ തല്‍ക്കാലത്തേക്കെങ്കിലും മുഖം രക്ഷിക്കാനായി. എന്നാല്‍ ലോക്കല്‍ പൊലീസിനെ സംബന്ധിച്ചെടുത്തോളം ജനങ്ങള്‍ വെച്ചുപുലര്‍ത്തുന്ന അവിശ്വാസത്തിന് ശക്തിപകരാന്‍  ഈ സംഭവം വഴിവെച്ചുവെന്ന കാര്യം വിസ്മരിക്കരുത്.  എല്ലാ സംഭവങ്ങളിലും ജനം സി ബി ഐ അന്വേഷണം വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. നമ്മുടെ പൊലീസ് സേനയും സര്‍ക്കാരും ഗൗരവപൂര്‍വം പരിശോധിക്കേണ്ട വിഷയമാണിത്. സി ബി ഐ അന്വേഷണവും കുറ്റമറ്റതാവില്ലെന്നതിനും നമ്മുടെ മുമ്പില്‍ തെളിവുകളുണ്ടെങ്കിലും തമ്മില്‍ ഭേദം തൊമ്മനെന്ന നിഗമനത്തിലാണ് ജനങ്ങളിപ്പോഴും.

1 comment:

  1. അധ്യാപകന്റെ ഡമ്മി കാറിന്റെ ഡമ്മി ആസനത്തിന്റെ ഡമ്മി എന്നിവ ഉണ്ടാക്കി സീ ബീ ഐ ഈ കേസ് തെളിയിക്കുമെന്ന് കരുതാം ആറു മാസം വരെ സഖാക്കള്‍ കാത്തിരിക്കൂ

    ReplyDelete

Related Posts Plugin for WordPress, Blogger...