Monday, November 21, 2011

വേണ്ടത് സമ്പൂര്‍ണ മദ്യനിരോധം


           മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും സംസ്ഥാനം അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നമായി വളര്‍ന്നിരിക്കുന്നു. പക്ഷെ നമ്മുടെ ഭരണാധികാരികള്‍ വളരെ ലാഘവബുദ്ധിയോടെയാണ് ഇപ്പോഴും അത് കൈകാര്യം ചെയ്യുന്നത്. നമുക്ക് പൂര്‍ണ മദ്യ നിരോധത്തെ പറ്റി ഉറക്കെ ചിന്തിക്കാന്‍ സമയമായിരിക്കുന്നു. ഇനിയും വൈകിയാല്‍ നഗ്നമായ കൊള്ളരുതായ്മകള്‍ വരുത്തിവെക്കുന്ന  വേദനാജനകമായ അനുഭവങ്ങളായിരിക്കും മലയാളക്കരയെ തേടിയെത്തുക. ഹൃദയഭേദകമായ സംഭവങ്ങള്‍ക്ക് ഇപ്പോഴും പഞ്ഞമൊന്നുമില്ല. യു ഡി എഫ് ഗവണ്‍മെന്റ് 22 ബാറുകള്‍ക്ക് കൂടി അനുവാദം നല്‍കിയത് വി എം സുധീരനെ മാത്രമല്ല രോഷം കൊള്ളിച്ചത്. ജനങ്ങള്‍ക്ക് പ്രിയങ്കരനായ അദ്ദേഹം എപ്പോഴും ജനപക്ഷത്ത് നില്‍ക്കാന്‍ ധൈര്യം കാണിച്ച നേതാവാണ്. മദ്യവില്‍പ്പനയിലൂടെ വരുമാനമുണ്ടാക്കാമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. എന്നാല്‍ ഇത്തരം വരുമാനം ഗുണപ്രദമല്ലെന്ന പക്ഷക്കാരനാണ് സുധീരന്‍.

          മദ്യമില്ലാത്ത ടൂറിസം മതിയെന്ന് സര്‍ക്കാരിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിം ലീഗും ആവശ്യപ്പെട്ടിരിക്കുന്നു. സുധീരന്‍ എതിര്‍പ്പുമായി രംഗത്തു വരുന്നതുവരെ ലീഗ് മൗനം പാലിച്ചു. അവര്‍ക്കിത് നേരത്തെ ആകാമായിരുന്നു.  മദ്യം കുടിക്കരുത്, വില്‍ക്കരുത്, ചുമക്കരുത് എന്നൊക്കെ  ഇസ്‌ലാം കര്‍ക്കശമായി വിലക്കിയിട്ടുണ്ട്. ആ നിലക്ക് മദ്യം പാടേ നിരോധിക്കണമെന്നാണ് ലീഗ് ആവശ്യപ്പെടേണ്ടത്. മത സംഘടനകളും ആ ഈവശ്യം ശക്തമായി ഉന്നയിക്കണം. മന്ത്രിസഭയിലും യു ഡി എഫ് യോഗത്തിലും പാര്‍ട്ടിയുടെ ഇതു സംബന്ധിച്ച പ്രഖ്യാപിത നിലപാട് അവതരിപ്പിച്ച് തിരുത്തിക്കാന്‍ ലീഗ് വിചാരിച്ചാല്‍ കഴിയും. പാര്‍ട്ടി ഫോറത്തില്‍ പറഞ്ഞിട്ടും കാര്യങ്ങള്‍ നടക്കാത്തതിനാലാണ് സുധീരന്‍ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്നത്.   പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനയോഗത്തിലും തന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കപ്പെട്ടപ്പോഴാണ് സുധീരന്‍ പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നത്.

           എഴുനൂറിലധികം ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തന്നെ കേരളത്തിലുണ്ട്. വീണ്ടും ബാര്‍ ഹോട്ടലുകള്‍ വര്‍ധിപ്പിക്കുന്നത് മദ്യപാനികളുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം തന്നെ വലിയ അബ്കാരിയാണ്. മദ്യരാജാക്കന്മാരായ എം എല്‍ എമാരും നമുക്കുണ്ട്. സാമാജികരില്‍ ചിലര്‍ മദ്യപിച്ച് സഭയില്‍ എത്തുന്ന കാര്യം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചത് ഈയ്യടുത്ത കാലത്താണ്. അതുകൊണ്ട് ദീര്‍ഘവീക്ഷണമുള്ള മദ്യവിരുദ്ധ നിലപാട്  അടുത്തൊന്നും പ്രതീക്ഷിക്കേണ്ട.  മദ്യപന്മാരുടെ അഴിഞ്ഞാട്ടം ഇനിയും വര്‍ധിക്കുകയേ ഉള്ളൂ.

           സമൂഹത്തിന് ഗുണകരമായ പലതും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അധികാരമേറ്റയുടന്‍ ആവിഷ്‌ക്കരിച്ച നൂറുദിന കര്‍മപരിപാടിയും മുഖ്യമന്ത്രി ജില്ലകള്‍ തോറും വിജയകരമായി നടത്തിക്കൊണ്ടിരിക്കുന്ന ജനസമ്പര്‍ക്ക പരിപാടിയും തിളക്കമാര്‍ന്ന ഫലങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് എല്ലാവരും സമ്മതിക്കും. ജനകീയ പ്രശ്‌നങ്ങളില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് എല്ലാ പരിപാടികളിലും ആണയിടുന്ന ഉമ്മന്‍ചാണ്ടിക്ക് പക്ഷെ ചില കാര്യങ്ങളില്‍ പാളിച്ചകള്‍ സംഭവിക്കുന്നുണ്ട്. ബാലകൃഷ്ണപിള്ളയുടെ ജയില്‍ മോചനം അതില്‍ പെടും. ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ ടോമിന്‍ ജെ തച്ചങ്കരിക്ക് നിയമനവും മാര്‍ക്കറ്റ് ഫെഡ് എം ഡിയായി പ്രമോഷനും നല്‍കിയതാണ് മറ്റൊന്ന്. മദ്യത്തിന്റെ വ്യാപനം ഉദാരമാക്കുന്ന ബാര്‍ ലൈസന്‍സുകള്‍ നിര്‍ലോഭം വിതരണം ചെയ്യുന്നതാണ് അവസാനത്തേത്.

          മദ്യവ്യാപനം തടയുന്നതിന് സമയബന്ധിതമായി കര്‍മപദ്ധതി ആവിഷ്‌ക്കരിക്കാന്‍ യു ഡി എഫ് യോഗത്തില്‍ ആവശ്യപ്പെടാനാണ് ശനിയാഴ്ച ചേര്‍ന്ന മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി തീരുമാനിച്ചത്. ഇപ്പോള്‍ നടക്കുന്ന മദ്യവ്യാപാരം അങ്ങനെ തന്നെ തുടരട്ടെ, കൂടുതല്‍ വേണ്ട എന്നാണോ ഇതുകൊണ്ട് അര്‍ഥമാക്കേണ്ടത്? ഇപ്പോള്‍ തന്നെ മദ്യാസക്തിമൂലം കാലത്തിന്റെ ആകുലതകള്‍ക്ക് വല്ലാതെ കനം വെച്ചിരിക്കുകയാണ്. ഒരര്‍ഥത്തില്‍ തിന്മകളുടെയും ജീര്‍ണതകളുടെയും ഉത്സവകാലമാണിവിടെ. സര്‍ക്കാരിന്റെ ഒരു രൂപക്ക് അരി പദ്ധതിയുടെ നേട്ടം പോലും മദ്യത്തിന്റെ ഉപയോഗം വര്‍ധിച്ചതു മൂലം ഇല്ലാതായിരിക്കുന്നു. അരി വില കുറയ്ക്കുകയും മദ്യം യഥേഷ്ടം  ലഭ്യമാക്കുകയും ചെയ്തപ്പോള്‍ മദ്യപാനികളുടെ എണ്ണം വര്‍ധിക്കുന്ന ദുസ്സഹമായ ദുരവസ്ഥയെ ക്രൈസ്തവ സംഘടനകളും ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.

          കേരളം കണികണ്ടുണരുന്നത് തന്നെ പത്രമാധ്യമങ്ങളിലെ റോഡപകടങ്ങളുടെയും പീഡനങ്ങളുടെയും പിടിച്ചുപറി, കൊല, കൊള്ള തുടങ്ങിയ കൊള്ളരുതായ്മകളുടെയും വലിയ തലക്കെട്ടുകളുമായാണ്. മദ്യത്തിന്റെ ഉപയോഗം എല്ലാ സംഭവങ്ങളിലും ഒരു പ്രധാനഘടകമായി വര്‍ത്തിക്കുന്നുവെന്ന്  അവ പരിശോധിച്ചാല്‍ മനസ്സിലാകും. ഇനിയും ഇത്തരം അനേകം കഥകള്‍ മാധ്യമങ്ങളില്‍ തുടര്‍ന്നും പ്രത്യക്ഷപ്പെടും. നേതാക്കളുടെയും മന്ത്രിമാരുടെയും പ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും പെരുമഴയോടെ എല്ലാം കെട്ടടങ്ങുകയും ചെയ്യും.
എക്‌സൈസിലൂടെ ലഭിക്കുന്ന വരുമാനമാണ് സര്‍ക്കാരിന്റെ മൂലധനമെന്ന് പറയുന്നത് സത്യസന്ധമായ വിശകലനമാണെന്ന് തോന്നുന്നില്ല.   മദ്യത്തിലൂടെയുള്ള വരുമാനത്തിന്റെ കണക്കു പറയുന്നവര്‍ ഒരിക്കല്‍ പോലും അത് സൃഷ്ടിക്കുന്ന കഷ്ടനഷ്ടങ്ങളെ പറ്റി മിണ്ടാറില്ല. മദ്യം സൃഷ്ടിക്കുന്ന നഷ്ടത്തിന്റെ കണക്ക് എടുത്താല്‍ ഏതെങ്കിലും ഒരു മേഖലയെ മാത്രം പരിശോധന വിധേയമാക്കിയാല്‍ മതിയാവില്ല. മദ്യം ആരോഗ്യം തകര്‍ത്ത് രോഗിയാക്കുന്നു. കുടുംബം തകര്‍ത്ത് പരസ്പരം അകറ്റുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്താനും ജയിച്ചാല്‍ വിജയമാഘോഷിക്കാനും പ്രവര്‍ത്തര്‍ക്ക് മദ്യം കൂടിയേ തീരൂ എന്നും വന്നിരിക്കുന്നു. മദ്യത്തിനെതിരെ സമ്മര്‍ദം മുറുകുന്നതു എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ ഇനിയെങ്കിലും ഗൗരവപൂര്‍വം ആലോചിക്കണം. ശക്തമായ നടപടികളും ഉണ്ടാവണം.

3 comments:

 1. sampoorna madhyanirodhanam nadakkumo,,,,
  pratheekshayilla

  ReplyDelete
 2. നല്ല ലേഖനം ..ഒന്ന് പറഞ്ഞു രണ്ടാമത്തതിന് മദ്യത്തിന് പറയുന്ന നാടായി മാറി നമ്മുടെ നാട് ..!

  കമെന്റ്റ്‌ വെരിഫിക്കേഷന്‍ ഒന്ന് ഒഴിവാക്കിക്കൂടെ ...?

  ReplyDelete
 3. ബാറുകള്‍ ഇല്ലാതായാല്‍ മദ്യപാനം തീരുമോ? എന്തു വിഡ്ഢിത്തം ആണ് എഴുന്നള്ളിക്കുന്നത്? ബാര്‍ ഉണ്ടെങ്കില്‍ പണം ഉള്ളവര്‍ക്ക് മര്യാദക്ക് വല്ലതും കഴിച്ചിരുന്നു കുടിക്കാം കുടിക്കുന്ന്തോടൊപ്പം വല്ലതും കഴിച്ചാല്‍ ചങ്ക് വാടില്ല ലിവര്‍ ഇത്ര ഡാമേജ് ആവില്ല , ഒന്‍പതു മണിക്ക് ഷട്ടര്‍ ഇടുമ്പോള്‍ അതിന്റെ കീഴിലൂടെ ആള്‍ക്കാര്‍ യാചിച്ചു കടന്നു കൂടുന്ന കാഴ്ച ഏതു ബിവറേജസ് ഔട്ട് ലെട്ടിലും കാണാം അതുപോലെ രാവിലെ മുതല്‍ അത് തുറക്കാന്‍ നില്‍ക്കുന്നവരുടെ ക്യൂവും പരവേശവും ബാറു കളിലാകട്ടെ യാതൊരു സര്‍വീസും ഇല്ല ഗ്ലാസ് കഴുകാന്‍ പോലും പറ്റുന്നില്ല അത്ര തിരക്കാണ് അന്തി മയങ്ങിയാല്‍ വിരലിന്റെ മറവില്‍ പ്ലാസ്റ്ക് ഗ്ലാസില്‍ ഒഴിച്ച് കുടിക്കുന്ന്വരാന് അധികവും ബാറില്‍ പോകാനും ഒന്നും അവര്‍ക്ക് സമയം ഇല്ല പണം ഇല്ല .

  സുധീരന് അജണ്ട സെല്‍ഫ് ഗോള്‍ അടിച്ചു ചെന്നിത്തലയുമായി ചേര്‍ന്ന്‍ ചാണ്ടിക്ക് പണികൊടുക്കുക, ഉമ്മന്‍ ചാണ്ടി മര്യാദക്ക് ഭരിക്കുന്നതിന് പാര വയ്ക്കുക.

  ബാര്‍ ലൈസന്‍സ് ഇത്രയും കൂട്ടാതെ ആവശ്യത്തിനു ബാര്‍ അനുവദിക്കുകയാണ് വേണ്ടത് ഇല്ലെങ്കില്‍ തെരുവുതോറും ആള്‍ക്കാര്‍ ഓടി നടന്നു കുടിക്കുന്ന്ന്നത് കാണാം ഇന്ന് തിയെറരിലും ഇരുളടഞ്ഞ ഏതു മൂലയിലും ആള്‍ക്കാര്‍ ഒളിച്ചിരുന്ന് കുടിക്കുകയാണ് ബാറുകളില്‍ കൊള്ളയാണ് നടക്കുന്നത് അറുപത് രൂപ വിലയുള്ള ബെയര്‍ ബാറില്‍ നൂറ്റി പത്തു രൂപക്കാണ് വില്‍ക്കുന്നത് ഒരു ബീയറില്‍ അന്‍പത് രൂപ ലാഭം !!

  മദ്യം നിരോധനം ഗുജറാത്തില്‍ പോലും നടപ്പായിട്ടില്ല ഇന്ന് ഗുജറാത്തില്‍ ആണ് ഏറ്റവും മദ്യം കിട്ടുന്നത് കടുത്ത നിരോധനം ഉണ്ടായിട്ടുപോലും

  കേരളത്തില്‍ നല്ല ബാറുകള്‍ വിരലില്‍ എന്നാവുന്നത് പോലും ഇന്നില്ല തിരക്ക് കാരണം വീര്‍പ്പു മുട്ടുകയാണ് ഉള്ളവ തന്നെ, വെയിറ്റര്‍ ആകാന്‍ ആളിനെ കിട്ടുന്നില്ല , ബാറുകള്‍ ഇന്ന് പഴയ ചാരായ കടകള്‍ ആണ് , ഒരു അഞ്ഞൂറ് ബാറുകള്‍ തുറന്നാലും അത്ര പേര്‍ക്ക് തൊഴില്‍ കിട്ടും കഴുകിയ ഗ്ലാസില്‍ മദ്യം കുടിക്കാന്‍ പറ്റും

  ReplyDelete

Related Posts Plugin for WordPress, Blogger...