Monday, January 23, 2012

വേണം, കളങ്കമേശാത്ത കലാമേള


          തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കലാസ്‌നേഹികളുടെ ആവേശാരവങ്ങള്‍ ഏറ്റുവാങ്ങി പുതിയ കലാപ്രതിഭകള്‍ ആത്മസംതൃപ്തിയോടെ വീടുകളിലേക്ക് മടങ്ങുമ്പോള്‍ ലോകമലയാളികളാകെ അവരെ അനുമോദനങ്ങള്‍കൊണ്ട് ആശീര്‍വദിക്കുകയായിരുന്നു. ഇത്രയും വിപുലമായ കലാമേള ലോകത്ത് തന്നെ അത്ഭുതമാണ്. 59 രാജ്യങ്ങളില്‍ സ്‌കൂള്‍ കലോത്സവം തത്സമയം കാണാന്‍ സംവിധാനമൊരുക്കിയിരുന്നു. ആറുവേദികളിലെ മത്സരങ്ങള്‍ ഇങ്ങനെ സംപ്രേഷണം ചെയ്തു. അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ വേദികളിലെ മത്സരങ്ങള്‍ ലോകരാജ്യങ്ങളിലെത്തിക്കാന്‍  സര്‍ക്കാര്‍ ആലോചിക്കുന്നു. തീര്‍ച്ചയായും കലാകേരളത്തിന്റെ ഈ മഹാസംഗമം  ആഗോള സമൂഹം അറിയാതെ പോയാല്‍ അതിനേക്കാള്‍ വലിയ നഷ്ടം വേറെയില്ല.

           സംഗീതവും സാഹിത്യവും നൃത്തവും അഭിനയവും ആയോധനയും ചിത്രവും ചേര്‍ന്ന് ഏഴു രാപ്പകലുകള്‍ കലാവിസ്മയ വസന്തം വിരിയിച്ച 52-ാം സ്‌കൂള്‍ കലോത്സവത്തില്‍  810 പോയിന്റോടെ കോഴിക്കോടിന് തന്നെയാണ് കലാകരീടം. 2007ല്‍ കണ്ണൂരില്‍ നിന്നാരംഭിച്ച ഈ ജൈത്രയാത്രയില്‍ അവരെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമായില്ലെന്നത് ചരിത്രം. ആതിഥേയത്വത്തിന്റെ ആത്മബലത്തില്‍ കലാകിരീടം തിരിച്ചുപിടിക്കാന്‍ തൃശൂര്‍ കിണഞ്ഞുശ്രമിച്ചെങ്കിലും 779 പോയിന്റോടെ അവര്‍ക്ക് രണ്ടാംസ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. അടുത്ത കലോത്സവത്തിന്റെ ആതിഥേയരായ മലപ്പുറം അത്ഭുതം കാഴ്ചവെക്കുമെന്ന് സാക്ഷ്യപ്പെടുത്തി  776 പോയിന്റോടെ മൂന്നാംസ്ഥാനക്കാരായി. കഴിഞ്ഞ തവണ മലപ്പുറം എട്ടാംസ്ഥാനക്കാരായിരുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബി എസ് എസ് ജിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കണ്ടറി സ്‌കൂളുമാണ് ഒന്നാം സ്ഥാനത്ത്. സംസ്‌കൃതോത്സവത്തില്‍ തൃശൂരും, മലപ്പുറവും അറബിക് കലോത്സവത്തില്‍  മലപ്പുറവും, കോഴിക്കോടും, പാലക്കാടും  ഒന്നാം സ്ഥാനം പങ്കുവെച്ചു.

           സംഘാടന മികവിലും ആതിഥേയത്വത്തിലും മേള മത്സരാര്‍ഥികളുടെയും കാണികളുടെയും മനം കുളിര്‍പ്പിച്ചപ്പോള്‍ അപ്പീല്‍ പ്രളയം ആശങ്കകള്‍  സൃഷ്ടിക്കുക തന്നെ ചെയ്തു. അവസാന ദിവസമായപ്പോള്‍ അപ്പീല്‍ മത്സരാര്‍ഥികളുടെ എണ്ണം 762ല്‍ നിന്ന് 3254 ആയി ഉയര്‍ന്നു. ഇതോടെ കലാമേളയില്‍ പങ്കെടുത്തവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ഇത് സര്‍വകാല റെക്കാര്‍ഡാണ്. കൂടുതല്‍ അപ്പീലുകളെത്തിയതാകട്ടെ ചാമ്പ്യന്‍ ജില്ലയായ കോഴിക്കോട്ടു നിന്നും. ഇക്കുറിയും ഒടിഞ്ഞ കപ്പുമായാണ് ജേതാക്കള്‍ വിജയാഹ്‌ളാദം പങ്കുവെച്ചത്. മുമ്പ് കോഴിക്കോട്ട് പിടിവലിയിലാണ് കപ്പ് ഒടിഞ്ഞതെങ്കില്‍ ഇത്തവണ കൈമാറുമ്പോള്‍ തന്നെ കപ്പ് ചാഞ്ചാടി. ചാനലുകാരുടെ ബഹളവും ഉന്തുംതള്ളും ഒഴിവാക്കാന്‍ ഇത്തവണ പൊലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

          വിധികര്‍ത്താക്കളെ രഹസ്യപ്പോലീസ് നിരീക്ഷണത്തിലാക്കി എന്ന പ്രത്യേകത ഈ കലോത്സവത്തിനുണ്ട്. എന്നിട്ടും വിധി നിര്‍ണയ സംവിധാനത്തിന്റെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ടുവെന്നത് വിചിത്രമായി തോന്നുന്നു. ഏഴ് വിധികര്‍ത്താക്കളെ  പുറത്താക്കേണ്ടി വരികയും ചെയ്തു. എങ്ങനെയും തങ്ങളുടെ കുട്ടികളുടെ വിജയം ഉറപ്പാക്കാനുള്ള രക്ഷിതാക്കളുടെ നെട്ടോട്ടം കലോത്സവ വേദികളില്‍ പ്രകടമായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ചുകാരുടെയും ഷാഡോ പൊലീസിന്റെയും സാന്നിധ്യമുണ്ടായിട്ടും ഇതിനൊന്നും പറയത്തക്ക കുറവൊന്നുമുണ്ടായില്ലെന്നര്‍ഥം. നൃത്ത ഇനങ്ങളിലെ വേഷവിധാനത്തിന്റെ കാര്യത്തിലെ ധൂര്‍ത്താണ് മറ്റൊരു വലിയ ഭീഷണി. അതുപോലെ തന്നെ പ്രധാനമാണ് നിലവാരമില്ലാത്ത വിധികര്‍ത്താക്കളുടെ സാന്നിധ്യവും. അപ്പീലിലൂടെ അവസരങ്ങള്‍ തേടുന്നവര്‍ വിജയികളാകുന്നതിന്റെ കാരണങ്ങള്‍ പരിശോധിച്ചാലും ഇത് ബോധ്യപ്പെടും.

           ഏതായാലും വരും വര്‍ഷം മുതല്‍ കലോത്സവ നടത്തിപ്പ് പ്രത്യേകമായി പരിശോധിക്കുമെന്നും കലോത്സവ മാനുവല്‍ കാലോചിതമായി പരിഷ്‌ക്കരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരിക്കുന്നു. അതുപോലെ തന്നെ പ്രധാനമാണ് കൂടുതല്‍ പ്രാഗത്ഭ്യം കലാരംഗത്ത് എങ്ങനെ വരുത്താന്‍ കഴിയുമെന്ന സര്‍ക്കാരിന്റെ ആലോചനയും. സ്വകാര്യ സ്‌കൂളുകളോട്  മത്സരിക്കാന്‍ മിക്ക സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും കഴിയാറില്ല. അതുകൊണ്ടാണ് വേണ്ടതിലേറെ മിടുക്കുണ്ടായിട്ടും പല മത്സരങ്ങളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ പിന്തള്ളപ്പെടുന്നത്.

          സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്‌കൂള്‍ കലോത്സവ മത്സരാര്‍ഥികള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം ഈ സാഹചര്യത്തിലാണ് പ്രതീക്ഷയുണര്‍ത്തുന്നത്.എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അതു പക്ഷെ പലതിലുമെന്ന പോലെ പ്രഖ്യാപനത്തില്‍ ഒതുങ്ങിപ്പോകരുതെന്ന് മാത്രം. കഴിവുള്ളവര്‍ക്ക് അവസരം നിഷേധിക്കുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടായിക്കൂടാ. പല ഇനങ്ങളിലും അര്‍ഹര്‍ പുറത്തുനില്‍ക്കുമ്പോള്‍ പണത്തിന്റെയും പദവിയുടെയും തണലില്‍ അനര്‍ഹര്‍ ചാമ്പ്യന്മാരാകുന്നത് കലാമേളയുടെ പ്രസക്തിയെ തന്നെ പരിഹാസ്യമാക്കും.

            കലാപ്രതിഭ-തിലകം പുരസ്‌കാരങ്ങള്‍ പുനസ്ഥാപിക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്.  മുന്‍കാല പ്രതിഭകള്‍ മാത്രമല്ല വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് പോലും ഇതേ അഭിപ്രായഗതി വെച്ചുപുലര്‍ത്തുന്നയാളാണ്. നൃത്തം, സംഗീതം, പ്രസംഗം, അഭിനയം, സാഹിത്യം തുടങ്ങി വിവിധയിനങ്ങളില്‍ പ്രത്യേകം പ്രത്യേകം കലാതിലകങ്ങളെ കണ്ടെത്തുന്നതാവും നല്ലതെന്ന നിര്‍ദേശവും പരിഗണന അര്‍ഹിക്കുന്നു. മിടുക്കന്മാരും സമര്‍ഥന്മാരും പരസ്പരം മാറ്റുരക്കുന്ന ആരോഗ്യകരമായ കലാമേളകള്‍ ഉറപ്പുവരുത്താന്‍ സര്‍ക്കാരും രക്ഷിതാക്കളും മത്സരാര്‍ഥികളും ഒരു പോലെ മനസ്സുവെച്ചാല്‍ അപവാദങ്ങളില്ലാത്ത-വിശ്വാസ്യത ചോദ്യംചെയ്യപ്പെടാത്ത കലാ-കായിക മേളകള്‍ സംഘടിപ്പിക്കാന്‍ നമുക്ക് കഴിയും. സംശയമില്ല.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...