Monday, January 2, 2012

റോഡ് നിയമങ്ങളിലെ ഇരട്ട നീതി


            ഭാവിയെ കുറിച്ച് ഒരായിരം സ്വപ്നങ്ങള്‍ നെയ്തുകൊണ്ടാണ് നാം പുതുവര്‍ഷത്തെ ആഘോഷപൂര്‍വം എതിരേറ്റത്. 2012ന്റെ ആദ്യവാരം  സംസ്ഥാനം റോഡ് സുരക്ഷാവാരമായി ആചരിക്കാന്‍ തീരുമാനിച്ചത് എന്തായാലും ഉചിതമായി. ഭൂകമ്പത്തേക്കാളും പേമാരിയേക്കാളും മറ്റേത് മഹാദുരന്തത്തേക്കാളും ഇന്ന് കേരളം ഭയപ്പെടുന്നത് റോഡപകടങ്ങളെയാണല്ലോ. ഐക്യരാഷ്ട്ര സംഘടനയാകട്ടെ 2011-2020 കാലം റോഡ് സുരക്ഷാ ദശകമായി പ്രഖ്യാപിച്ചിരിക്കുകയുമാണ്. മോട്ടോര്‍ വാഹനവകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനതല റോഡുസുരക്ഷാ വാരാചരണ പരിപാടി വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് വകുപ്പുമന്ത്രിക്കും മുഖ്യമന്ത്രിക്കും മാത്രമല്ല ഓരോ മലയാളിക്കും അറിയാം.

           ഓരോ വര്‍ഷവും 3900 പേര്‍ വാഹനപകടങ്ങളില്‍ സംസ്ഥാനത്ത് മരിക്കുന്നതായി ഗതാഗതമന്ത്രി വി എസ് ശിവകുമാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതിന്റെ എത്രയോ ഇരട്ടി ആളുകളാണ് ഗുരുതരമായി പരിക്കേറ്റ് ശയ്യാവലംബികളായി കഴിയുന്നത്. അപകടങ്ങള്‍ മഹാഭൂരിഭാഗവും ഉണ്ടാകുന്നതല്ല. ഉണ്ടാക്കുന്നവയാണ് എന്ന തിരിച്ചറിവാണ് ബന്ധപ്പെട്ടവര്‍ക്ക് ഇല്ലാത്തത് എന്നു മാത്രം. ഒട്ടേറെ കണക്കുകൂട്ടലുകളുമായി റോഡിലെത്തുന്നവരും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും ലക്ഷ്യത്തിലെത്താതെ നടുറോഡില്‍ ചോരവാര്‍ന്നു മരിക്കുന്ന കാഴ്ച നിത്യസംഭവമായി മാറിയിട്ട് വര്‍ഷങ്ങള്‍ പലതായി. അതിവേഗതയിലും അശ്രദ്ധയിലും മദ്യപിച്ചും വാഹനമോടിക്കുന്നവര്‍ മാത്രമല്ല ഇതിനുത്തരവാദികള്‍. വകുപ്പുദ്യോഗസ്ഥന്മാര്‍ക്കും സര്‍ക്കാരിനും ഈ മഹാപരാധത്തില്‍ വലിയ പങ്കുണ്ട്.

           നാഷനല്‍ ഹൈവേകളുടേയും പൊതുമരാമത്ത് റോഡുകളുടെയും അറ്റകുറ്റപ്പണി പൂര്‍ത്തിയായെന്നാണ് വകുപ്പുമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്  ഞായറാഴ്ച കൊച്ചിയില്‍ അവകാശപ്പെട്ടത്. പച്ചനുണ പറയാന്‍ പുതുവര്‍ഷപ്പുലരി തന്നെ മന്ത്രി തെരഞ്ഞെടുത്തു എന്നറിയുമ്പോള്‍ സത്യത്തില്‍ ഒരായിരം ആശങ്കളാണ് മുന്നില്‍ പര്‍വതമായുയരുന്നത്. പുതിയ മന്ത്രിസഭ അധികാരമേറ്റിട്ട് എട്ടുമാസമായിട്ടും നാഷനല്‍ ഹൈവൈയിലെ കുണ്ടുംകുഴിയും പോലും പൂര്‍ണമായി അടക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന്  പകല്‍വെളിച്ചം പോലെ വ്യക്തം. ബജറ്റ് വിഹിതമായ 470 കോടി രൂപക്ക് പുറമെ 314.5 കോടി കൂടി ചെലവാക്കിയാണത്രെ ജോലി പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി അവകാശപ്പെടുമ്പോള്‍ ജനം മൂക്കത്ത് വിരല്‍വെക്കുക സ്വാഭാവികം. എന്തായാലും ഈ തുക റോഡില്‍ വീണില്ല എന്നുറപ്പ്. ആരുടെയൊക്കെ പോക്കറ്റുകളാണ് നിറഞ്ഞത് എന്ന് അന്വേഷിക്കേണ്ട മന്ത്രി അത് നിര്‍വഹിക്കില്ലെന്നതിന്  അദ്ദേഹത്തിന്റെ പ്രസ്താവന തന്നെ തെളിവല്ലേ?
റോഡുസുരക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി, നിയമത്തിന്റെ മുന്നില്‍ എല്ലാവരും തുല്യരല്ലെന്ന് സമ്മതിച്ചതിന് നന്ദി. നാലുപതിറ്റാണ്ടിലേറെ എം എല്‍ എയും പലവട്ടം മന്ത്രിയും പ്രതിപക്ഷ നേതാവും രണ്ടുവട്ടം മുഖ്യമന്ത്രിയുമൊക്കെയായ ഉമ്മന്‍ചാണ്ടി ഇത് പറയുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ. വി ഐ പികള്‍ക്ക് മാത്രമായി റോഡുനിയമങ്ങളില്‍ ഇളവനുവദിക്കുന്നുവെന്ന്  തുറന്നുസമ്മതിക്കുമ്പോള്‍  ആ അപരാധത്തില്‍നിന്ന് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മുന്നണിക്കും എങ്ങനെ കൈ കഴുകാനാവും. റോഡു നിയമങ്ങളെന്നല്ല ഏത് നിയമത്തിന്റെ കാര്യത്തിലായാലും ഇതു തന്നെയാണവസ്ഥ. സാധാരണക്കാര്‍ക്കും വി ഐ പികള്‍ക്കും രണ്ടു നീതിയെന്നത് ആറു പതിറ്റാണ്ടായി  നാം നിര്‍വിഘ്‌നം അനുഭവിച്ചുകൊണ്ടിരിക്കുന്നു. കേരളപ്പിറവിക്ക് ശേഷവും അതില്‍ കാതലായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പല സന്ദര്‍ഭങ്ങളിലും ഇത് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഇപ്പോള്‍ കുമ്പസരിക്കുന്ന മുഖ്യമന്ത്രി ഇതാവര്‍ത്തിക്കാതിരിക്കാന്‍ വെറും പ്രഖ്യാപനങ്ങള്‍ മതിയാവില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞാല്‍ അത്രയും നന്ന്.

           റോഡ് പരിശോധന നടത്തി മുഖംനോക്കാതെ നടപടിയെടുക്കുന്ന എത്ര ഉദ്യോഗസ്ഥന്മാരുണ്ടിവിടെ? ആരെങ്കിലും സത്യസന്ധമായ കൃത്യനിര്‍വഹണത്തിന് തയാറായാല്‍ തന്നെ രാഷ്ട്രീയക്കാര്‍ അതിനനുവദിക്കുമോ? പാര്‍ട്ടിക്കും തനിക്കും വേണ്ടപ്പെട്ടവരാണ് നിയമം ലംഘിക്കുന്നതെങ്കില്‍ രക്ഷിക്കാന്‍ എം എല്‍ എമാരുടെയും മന്ത്രിമാരുടെയും നീണ്ടനിര തന്നെ രംഗത്തുണ്ടാവും. പ്രമാദമായ സംഭവങ്ങളില്‍ പോലും ഇതാണവസ്ഥ. ഇടതുമുന്നണി യായാലും സ്ഥിതിക്ക് മാറ്റമൊന്നും പ്രതീക്ഷിക്കേണ്ട.  നിര്‍മല്‍ മാധവന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ കാര്യത്തില്‍ അവിഹിത ഇടപെടല്‍ നടത്തിയത് ഉമ്മന്‍ചാണ്ടി നേരിട്ടായിരുന്നില്ലേ. വിദ്യാര്‍ഥി സമരവും പൊലീസ് വെടിവെപ്പും ആവശ്യത്തിലേറെ പുകിലും സംഭവിച്ചിട്ടും കേളന് വല്ല കുലുക്കവുമുണ്ടായോ. തെറ്റ് തിരുത്തിയോ? നീതി ഏത് ചവറ്റുകൊട്ടയിലാണ് പതിച്ചതെന്ന് മുഖ്യമന്ത്രിപോലും അന്വേഷിച്ചില്ല!

            റോഡ് നിയമങ്ങള്‍ കര്‍ശനമാക്കുമ്പോള്‍ ചിലപ്പോള്‍ പ്രതിഷേധം ഉയര്‍ന്നുവരാറുണ്ട്. പൊതുജനങ്ങളും മാധ്യമങ്ങളും പ്രതിഷേധക്കാര്‍ക്കൊപ്പം നിന്നുവെങ്കില്‍ അതിന് മതിയായ കാരണങ്ങളും കാണും. ജനങ്ങള്‍ക്ക് വേണ്ടിയാണല്ലോ നിയമങ്ങള്‍. അതവരെ ദ്രോഹിക്കുന്നതാകുമെങ്കില്‍ ആവശ്യമായ ഭേദഗതി വരുത്തുകയല്ലേ ഉചിതം. കര്‍ശന നിയമങ്ങളാണ് ആവശ്യമെങ്കില്‍ അത്  ജനങ്ങളെ ബോധ്യപ്പെടുത്തിയാല്‍ ആരാണ് സ്വീകരിക്കാതിരിക്കുക. ഹെല്‍മറ്റ് കര്‍ശനമാക്കിയപ്പോള്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നു എന്നത് നേരാണെങ്കിലും  ഹെല്‍മറ്റിന്റെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് അതിനര്‍ഥം. ഹെല്‍മറ്റ് ധരിച്ചവരുടെ മരണസംഖ്യ കുറവായിരുന്നു. ആ സത്യം ബോധ്യപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞില്ല.

           പാഠ്യപദ്ധതിയില്‍ റോഡ് സുരക്ഷ കൂടി ഉള്‍പ്പെടുത്തി വിദ്യാര്‍ഥികളില്‍ അവബോധം സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഗൗരവപൂര്‍വം ആലോചിക്കണം. അതുപോലെ തന്നെ പ്രധാനമാണ് റോഡപകടങ്ങളില്‍ പെട്ടവരെ സഹായിക്കുന്നവരോടുള്ള സമീപനവും. അവരെ പ്രോത്സാഹിപ്പിക്കാന്‍ നടപടി കൈക്കൊള്ളുമെന്ന വാഗ്ദാനം പലപ്പോഴും പാലിക്കപ്പെടുന്നില്ല. അപകടങ്ങളില്‍ പെടുന്നവരെ കണ്ടില്ലെന്ന് നടിച്ച് കടന്നുപോകുന്നവരുടെ മനോഗതിക്ക് മാറ്റം വരണമെങ്കിലും സര്‍ക്കാര്‍ തന്നെയാണ് മുന്നിട്ടിറങ്ങേണ്ടത്. സര്‍ക്കാരും മുഖ്യമന്ത്രിയും നിരവധി നല്ല കാര്യങ്ങളെ കുറിച്ച് പറയുന്നുണ്ട്. പക്ഷെ അവയൊക്കെ പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകുന്നു.

1 comment:

  1. താന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി എന്ന് ഒരു മന്ത്രി (കുഞ്ഞാപ്പ) പരസ്യമായി കുമ്പസരിച്ചിട്ടും അയാളെ വീണ്ടും പാര്‍ട്ടി സീറ്റ്‌ കൊടുത്ത് മത്സരിപ്പിക്കുകയും ആ മണ്ഡലത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ തെരഞ്ഞെടുത് അയാളെ മന്ത്രിയാക്കുകയും ചെയ്ത നാടാണ് ഇത്. അഴിമതി നടത്തിയതിനു സുപ്രീം കോടതി ശിക്ഷിച്ച ഒരു മുന്‍മന്ത്രിയെ ശിക്ഷാ കാലാവധി മുഴുവനാക്കുവാന്‍ നില്‍ക്കാതെ പുതിയ കീഴ്വഴക്കമുണ്ടാക്കി പുറത്തു വിട്ട നാടാണിത്. ഇവിടെ എന്ത് നിയമം നടക്കുമെന്ന് തീരുമാനിക്കുന്നത് ഇവിടത്തെ രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റ്‌ കുത്തകകളുമാണ്.

    ReplyDelete

Related Posts Plugin for WordPress, Blogger...