Thursday, January 12, 2012

ഭീകരതയില്‍ നീരാടുന്നത് ഇസ്രായീല്‍


           അമേരിക്കയുടെ മുഖ്യ സഖ്യരാഷ്ട്രമായ ഇസ്രായീലുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി അവിടം സന്ദര്‍ശിച്ച വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ നടത്തിയ പ്രഖ്യാപനങ്ങള്‍ ഇന്ത്യന്‍ മനസ്സിന്റെ വികാരത്തോടൊപ്പം നില്‍ക്കുന്നതായില്ലെന്ന് തീര്‍ത്തുപറയാം. ഭീകരത എന്ന ആഗോള വിപത്തിനെ ചെറുക്കാന്‍ ഇന്ത്യയും ഇസ്രായീലും കൈകോര്‍ക്കണമെന്നാണ് ഇസ്രായീല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിയാലോചനയില്‍ കൃഷ്ണ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ സ്വാഭാവിക പങ്കാളിയെന്ന് ഇസ്രായീലിനെ അദ്ദേഹം വിശേഷിപ്പിക്കുകയും ചെയ്തു. ലോക സമാധാനത്തിന്റെ ചിറകുകള്‍ക്ക് ശക്തിപകരാന്‍ കൈവരുന്ന അവസരങ്ങള്‍ പാഴാക്കാതിരിക്കാനുള്ള അന്തര്‍ദേശീയബോധം കൃഷ്ണ പ്രകടിപ്പിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. ശക്തിയുള്ളവര്‍ക്ക് അധര്‍മം ചെയ്യാമെന്ന രാജധര്‍മത്തിന് അടിവരയിടുകയാണ് അദ്ദേഹം ചെയ്തത്.

          രണ്ട് രാജ്യങ്ങളും പൊതുവായി നേരിടുന്ന പ്രശ്‌നം ഭീകരതയെന്നും കൃഷ്ണ പറഞ്ഞുകളഞ്ഞു. ഇസ്രായീല്‍ ആരില്‍ നിന്നാണ് ഭീകരത നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയാല്‍ കൊള്ളാം. ഫലസ്തീനിനെ ഉദ്ദേശിച്ചാണോ അങ്ങനെ പറഞ്ഞത്. ഇത് ചെറുക്കാന്‍ കൂടുതല്‍ ശക്തമായ ഉഭയകക്ഷി ബന്ധം ആവശ്യമാണത്രെ! പശ്ചിമേഷ്യയില്‍ സമാധാനത്തിന്റെ നദിക്ക് കുറുകെ നിത്യവൈരത്തിന്റെയും നിതാന്ത ശത്രുതയുടെയും സംഘര്‍ഷത്തിന്റെയും ചിറകെട്ടി അയല്‍രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ രാജ്യമാണ് ഇസ്രായീല്‍. 1948 ല്‍ പിറന്നുവീണത് മുതല്‍ മനുഷ്യത്വം നിഘണ്ടുവിലില്ലാത്തവരാണവര്‍. അറബ്-മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കെതിരെ രക്തദാഹവുമായി കൊലവിളി തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. കവലച്ചട്ടമ്പികളുടെ ഭാഷയാണവര്‍ക്ക് പ്രിയങ്കരം. അന്ധമായ നുണപ്രചാരണങ്ങളിലൂടെ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് നിരപരാധികളെ വേട്ടയാടുന്ന ഭീകരരാഷ്ട്രത്തെ വെള്ള പൂശിയ എസ് എം കൃഷ്ണ നരസിംഹറാവുവിന്റെ ലക്ഷണമൊത്ത അനുയായിയാണെന്ന് ഇതോടെ തെളിയിച്ചിരിക്കുന്നത്.

          ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ ഭാഗമായി കൃഷ്ണയുടെ നാടായ ബംഗളൂരുവില്‍ ഇസ്രായീല്‍ കോണ്‍സുലേറ്റ് ആരംഭിക്കാനും  അനുമതി നല്‍കിയിരിക്കുന്നു. 11 വര്‍ഷത്തിനു ശേഷം ആദ്യമായി ഇസ്രായീല്‍ സന്ദര്‍ശിക്കുന്ന വിദേശകാര്യമന്ത്രിയാണ് കൃഷ്ണ. 1992ലാണ് ഈ ജൂതരാഷ്ട്രവുമായി ഇന്ത്യ നയതന്ത്രബന്ധം സ്ഥാപിച്ചത്. ചരിത്രത്തില്‍ തുല്യതയില്ലാത്ത ക്രൂരതകളാണ് ഇസ്രായീല്‍ ഭരണകൂടം ഫലസ്തീനികളോട് കാണിച്ചുകൊണ്ടിരിക്കുന്നത്. പരശ്ശതം ഫലസ്തീനികളെ വകവരുത്തുക മാത്രമല്ല ആ രാജ്യത്തിന്റെ നല്ലൊരു ഭാഗം വെട്ടിപ്പിടിക്കുകയും ചെയ്തു. ഫലസ്തീനെതിരെ ഇസ്രായീലിന്റെ ഉപരോധവും നിലവിലുണ്ട്. നെഹറുവിന്റെ കാലം മുതല്‍ ഫലസ്തീനികളോടൊപ്പം നിന്ന ഇന്ത്യയാണ്  നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ഇസ്രായീലുമായി  നയതന്ത്രബന്ധം സ്ഥാപിച്ചതും അവരുടെ എമ്പസി ഇവിടെ അനുവദിച്ചതും.

           സ്വാര്‍ഥതക്കപ്പുറം ആരെയും മാനിക്കാത്ത ആര്‍ക്കും വഴങ്ങാത്ത ഇസ്രായീലുമായുള്ള ചങ്ങാത്തം പരിമിതമായ അളവില്‍ പോലും ചേരാചേരാനയത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യക്ക്  ഉള്‍ക്കൊള്ളാവുന്നതല്ല. അതുകൊണ്ടാണ് നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ട് പോലും നേതാക്കളുടെ വരവും പോക്കും വളരെ പരിമിതമായിപ്പോയത്. സ്വതന്ത്ര ഫലസ്തീന്‍ രാജ്യത്തിന് പിന്തുണ നല്‍കിയ രാജ്യവും കൂടിയാണ് ഇന്ത്യ. കോണ്‍ഗ്രസിന്റെ പരമ്പരാഗത നിലപാടും ഇതായിരുന്നു. ഈ നിലപാടുകളെയൊക്കെ അവഗണിച്ചുകൊണ്ടാണ് യു പി എ സര്‍ക്കാര്‍ ഇപ്പോള്‍ ഇസ്രായീലുമായി ചങ്ങാത്തം അരക്കിട്ടുറപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്.

             എസ് എം കൃഷ്ണക്ക് പിന്നാലെ മറ്റ് പല കേന്ദ്രമന്ത്രിമാരും അടുത്ത നാളുകളില്‍ ഇസ്രായീല്‍ സന്ദര്‍ശിക്കുന്നതും യാദൃച്ഛികമെന്ന് കരുതാനാവില്ല. മന്ത്രിമാരുടെ നേതൃത്വത്തിലുള്ള നിരവധി സംഘങ്ങള്‍ യാത്രക്കുള്ള തയാറെടുപ്പിലാണ്. നഗരവികസന മന്ത്രി കമല്‍നാഥ് അടുത്തമാസം പുറപ്പെടും. മാനവശേഷി വികസന മന്ത്രി കപില്‍ സിബലും ടൂറിസം മന്ത്രി സുബോധ് കാന്ത് സഹായിയും മേയില്‍ ജറൂസലമില്‍ വിമാനമിറങ്ങും. ഇതിനു പുറമെ മുന്‍ വിദേശകാര്യ മന്ത്രി ശശി തരൂരും ഭാര്യ സുനന്ദ പുഷ്‌കറും ഈ മാസവസാനം അവിടെയെത്തുന്നുണ്ട്. ഇസ്രായീലുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനുള്ള നടപടിയുടെ ഭാഗമാണത്രെ ഈ സന്ദര്‍ശനങ്ങള്‍.

          എഴുതുമ്പോഴും പ്രസംഗിക്കുമ്പോഴും ഫലസ്തീന്‍ അനുകൂല നിലപാടും കര്‍മപഥത്തില്‍ ഇസ്രായീലുമായുള്ള കൂട്ടുകെട്ടും സത്യത്തില്‍ നമ്മുടെ ഇരട്ടത്താപ്പാണ് മറനീക്കി പുറത്തുവരുന്നത്. എ കെ ആന്റണി പ്രതിരോധ വകുപ്പ് ഏറ്റെടുത്തതിനു ശേഷം ഇന്ത്യ ഏറ്റവും കൂടുതല്‍ സൈനിക-പ്രതിരോധ സാമഗ്രികള്‍ വാങ്ങുന്നത് ഇസ്രായീലില്‍ നിന്നാണ്. ഇതോടെ ഇന്ത്യ ആ രാജ്യത്തിന്റെ സുപ്രധാന വ്യാപാരപങ്കാളിയായും മാറിയിരിക്കുന്നു. 92 ല്‍ നയതന്ത്ര ബന്ധം ആരംഭിക്കുമ്പോള്‍ 20കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നത്. ഇപ്പോഴത് 500കോടി ഡോളറിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഇസ്രായീലുമായി സ്വതന്ത്ര വ്യാപാര കരാറിനും ഇന്ത്യ തയാറെടുത്തുകൊണ്ടിരിക്കുകയാണ്.

          യു എന്‍ രക്ഷാസമിതിയില്‍ അംഗത്വമെന്ന ഇന്ത്യയുടെ ആവശ്യം ന്യായമാണെന്ന ഭംഗിവാക്കാണ് നെതന്യാഹുവില്‍ നിന്ന് നമുക്ക് ലഭിച്ച മുഖ്യ ആശ്വാസം. അതവര്‍ അംഗത്വത്തിന് ശ്രമിക്കുന്ന പല രാഷ്ട്രങ്ങള്‍ക്കു മുമ്പും പതിച്ചുനല്‍കിയതുമാണ്. ആരെന്തൊക്കെ പറഞ്ഞാലും അമേരിക്കയുടെ ഇംഗിത്തിനനുസരിച്ചേ ഇസ്രായീല്‍ നിലപാട് സ്വീകരിക്കൂ.
ഇസ്രായീലുമായുള്ള നയതന്ത്രബന്ധത്തില്‍ ഏറെ സന്തോഷിച്ചത് ഇവിടുത്തെ സംഘപരിവാര്‍ ശക്തികളാണ്. ഈ ബന്ധത്തിന് ശേഷമാണ്  ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭീകരാക്രമണവും സ്‌ഫോടനപരമ്പരകളും അരങ്ങേറിയത്. ചിലേടങ്ങളില്‍ ഇസ്രായീല്‍ ചാരസംഘടനയായ മൊസാദിന്റെ പങ്കാളിത്തവും ചര്‍ച്ചാവിഷയമായിരുന്നു. ഈ സാഹചര്യമൊക്കെ വിലയിരുത്തുമ്പോള്‍ ഇസ്രായീല്‍ ചങ്ങാത്തം നമുക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ.

2 comments:

  1. "ഇസ്രായീല്‍ ചങ്ങാത്തം നമുക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ"

    Ithuvare Saudi Arablia , Qatar, UAE ,Barhrain ,Turkey ennee Rajyangalkku ഇസ്രായീല്‍ & US ചങ്ങാത്തം kandu entu doshamanu undayatu?.

    India foreign policy is based on its strategic interest and even Arabs dont have any issue with our realation with US & Israel. Its not 1991 recognition but the Kargil battle brought India closer to Israel, its Israel along with Russia who helped India with satellite imgaes of pakistani occupation in kargil heights !!!

    ReplyDelete
  2. അറബി -ജൂത സങ്കര്‍ഷം ആണ് ഇസ്രയേലില്‍ നടക്കുന്നത് അതിനു ഇന്ത്യ എന്ത് പിഴച്ചു ...അങ്ങനെ എങ്കില്‍ ഖത്തര്‍ എന്തിനു അതിന്‍റെ ഭൂമിയില്‍ ഇസ്രയേലിന്റെ വാണിജ്യമന്ത്രാലയത്തിനു സ്ഥലം അനുവദിച്ചു പലരും പല സ്ഥലത്തും കഷ്ടപ്പെടുന്നുണ്ടെങ്കില്‍ അതിനെല്ലാം നമ്മള്‍ എന്തിനു കണ്ണീര്‍ ഒഴുക്കണം,, ആ ഒഴുക്കുന്ന കണ്ണീര്‍ ഇന്ത്യയിലെ ഭൂരിപക്ഷം ദരിദ്രനാരായണന്‍മാര്‍ക്ക് വേണ്ടി ഒഴുക്കികൂടെ കാശ്മീര്‍ ഇന്ത്യയുടെ എന്ന് അംഗീകരിക്കുന്ന എത്ര അറബികള്‍ ഉണ്ട് .നമുക്ക് നേരെ ഒരു ആക്രമണം ഉണ്ടായാല്‍ ഏതു അറബരാജ്യം നമ്മെ സപ്പോര്‍ട്ട് ചെയ്യും ആയത്തുള്ള ഖോമിനിയുടെ കശ്മീര്‍ പ്രസ്താവന മറന്നോ അങ്ങനെയുള്ള ഇറാനെ നാം എന്തിനു സപ്പോര്‍ട്ട് ചെയ്യണം പക്ഷെ അന്നും ഇന്നും എന്നും ആപത്ത്‌ഘട്ടങ്ങളില്‍ നമ്മെ സഹായിച്ചത് ഇസ്രായീല്‍ അല്ലെ .അവിടെ അടി ഇപ്പോള്‍ അറബികള്‍ കൊള്ളുന്നത്‌ ദൈവനീതി ആണ് ആദ്യം അറബികള്‍ അല്ലെ കൊടുത്തത് തല്ലു അവര്‍ക്ക് ഈ ലോകത്തു ഒരു 500 കൊല്ലക്കാലം രക്തപ്പുഴ ഒഴുക്കിയത്തിനു അവര്‍ക്ക് കൊടുക്കുന്ന ശിക്ഷ അത് ഇപ്പോളും തുടര്‍ന്ന് വരുന്നില്ലേ

    ReplyDelete

Related Posts Plugin for WordPress, Blogger...