Wednesday, January 18, 2012

പാക്കിസ്താന്റെ ഭാവി


          ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്താന്‍ ആറുപതിറ്റാണ്ട് പിന്നിട്ടിട്ടും  ഇന്നും ഇരുട്ടില്‍ തപ്പുകയാണെന്ന് അവിടുത്തെ സംഭവവികാസങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ബോധ്യമാവും. പ്രസിഡണ്ട് ആസിഫലി സര്‍ദാരിക്കെതിരായ അഴിമതിക്കേസ് പുനരന്വേഷിക്കാന്‍  തയാറാകാതിരുന്നതിനു സുപ്രീം കോടതി പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്കെതിരെ കോടതിയലക്ഷ്യ നോട്ടീസ് പുറപ്പെടുവിച്ചതാണ് ഇതില്‍ അവസാനത്തേത്. ഇന്ന് നേരിട്ട് കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദേശം. പാക്കിസ്താന്റെ ചരിത്രത്തില്‍ ഇത് രണ്ടാംതവണയാണ് പ്രധാനമന്ത്രിക്ക് കോടതിയലക്ഷ്യ നോട്ടീസ് ലഭിക്കുന്നത്. 1997ല്‍ അന്നത്തെ പ്രധാനമന്ത്രിക്കെതിരെയായിരുന്നു നോട്ടീസ്. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ സ്ഥാനത്ത് തുടരാന്‍ ഗീലാനിഅയോഗ്യനാകും.

            കോടതി നോട്ടീസ് കൈപ്പറ്റി മണിക്കൂറുകള്‍ക്കകം പാര്‍ലമെന്റില്‍ വിശ്വാവോട്ട് നേടാന്‍ ഗീലാനിക്ക് കഴിഞ്ഞിരിക്കുന്നു. കോടതി നടപടിയുണ്ടായിട്ടും  പാര്‍ലമെന്റിന്റെ വിശ്വാസം നേടാനായത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രധാനമന്ത്രിക്ക് അവകാശപ്പെടാമെങ്കിലും തന്റെ പദവിക്ക് കാരണഭൂതനായ പ്രസിഡണ്ട് ആസഫലി സര്‍ദാരിയെ അഴിമതിക്കേസില്‍നിന്ന് രക്ഷിക്കാന്‍ നടത്തിയ ശ്രമങ്ങളില്‍നിന്ന് അദ്ദേഹത്തിന് കൈകഴുകാനാവുമെന്ന് തോന്നുന്നില്ല. സര്‍ദാരി ഉള്‍പ്പെടെയുള്ളവരുടെ അഴിമതിക്കേസുകള്‍ പുനരാരംഭിക്കാന്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവ്  നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതാണ് ഗീലാനി ചെയ്ത കുറ്റം. സര്‍ദാരിക്കെതിരെയുള്ള പണം വെളുപ്പിക്കല്‍ കേസ് വീണ്ടും പരിശോധിക്കാന്‍ സ്വിസ് അധികാരികളോട് ആവശ്യപ്പെടാത്തതിന് ഗീലാനിയെ മാന്യനല്ലെന്ന് വരെ കോടതി കുറ്റപ്പെടുത്തുകയുണ്ടായി.

            വിവാദപരമായ 2007 ലെ ദേശീയ അനുരജ്ഞന ഓര്‍ഡിനന്‍സ് പ്രകാരമാണ് സര്‍ദാരിക്കെതിരായ കേസുകള്‍ പിന്‍വലിച്ചത്. ഇത് രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഉള്‍പ്പെടെ 8014 പേര്‍ക്ക് സംരക്ഷണം നല്‍കാനായിരുന്നു. 2009ല്‍ ഇത് റദ്ദാക്കിയതിനെ തുടര്‍ന്നു സര്‍ദാരിക്കെതിരായ കേസുകള്‍ വീണ്ടും തുറക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവരികയായിരുന്നു.

            സുപ്രീം കോടതിയുടെ കോര്‍ട്ടലക്ഷ്യ  നോട്ടീസിന് പിന്നാലെ പാക്ക് അഴിമതി അന്വേഷണ വിഭാഗവും (നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ )യും ഗീലാനിക്കെതിരെ കേസെടുക്കാന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ-വാതക വികസന കമ്പനിയുടെ അധ്യക്ഷനായി ക്രിമിനല്‍ പശ്ചാത്തലമുള്ള അദ്‌നാന്‍ ഖാജയെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമാണെന്ന് കാണിച്ചാണ് കേസെടുക്കുക. രാജ്യത്തെ പ്രധാന അഴിമതിവിരുദ്ധ ഏജന്‍സിയായ എന്‍ എ ബിയെയും കോടതി രൂക്ഷമായി വിമര്‍ശിച്ച പശ്ചാത്തലത്തിലാണിത്. പര്‍വേശ് മുഷറഫ് പ്രസിഡണ്ടായിരിക്കെ  ഗീലാനിയും അദ്‌നാന്‍ ഖാജയും ഒരുമിച്ച് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഗീലാനിയുടെ ഉത്തരവ് പ്രകാരം നടത്തിയ എല്ലാ അനധികൃത നിയമനങ്ങള്‍ക്കെതിരെയും എന്‍ എ ബി നടപടി സ്വീകരിച്ചേക്കും.

            ഗീലാനിയെ വെട്ടില്‍ വീഴ്ത്തിയ കേസുകളുടെ ഉത്ഭവം നവാസ് ഷരീഫ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. ബേനസീര്‍ ഭരണകാലത്ത് അരങ്ങേറിയ അഴിമതികളാണ് പ്രശ്‌നം. സര്‍ദാരി-ബേനസീര്‍ ദമ്പതിമാര്‍ക്കും മറ്റ് രാഷ്ട്രീയ നേതാക്കള്‍ക്കുമെതിരെ കേസുണ്ടായപ്പോള്‍ കുടുങ്ങുമെന്ന് കരുതി ബേനസീര്‍ വിദേശത്തേക്ക് കടന്നു. അറസ്റ്റ് ഒഴിവാക്കാന്‍ അവര്‍ എട്ടുവര്‍ഷമാണ് വിദേശത്ത് കഴിഞ്ഞത്. ഭര്‍ത്താവും ഇപ്പോഴത്തെ പ്രസിഡണ്ടുമായ സര്‍ദാരി വിചാരണത്തടവുകാരനായി 11 വര്‍ഷം ജയിലില്‍ കഴിയുകയും ചെയ്തു. ഷരീഫിനെ പുറത്താക്കി അധികാരം പിടിച്ച മുഷറഫ് അധികാരത്തില്‍ തുടരാന്‍ മെനഞ്ഞ തന്ത്രങ്ങളാണ് ഗീലാനിക്കുള്ള സുപ്രീം കോടതി നോട്ടീസില്‍ എത്തിനില്‍ക്കുന്നത്. പ്രസിഡണ്ട് സ്ഥാനം നിലനിര്‍ത്തി ബേനസീറിനെ പ്രധാനമന്ത്രിയാക്കുകയായിരുന്നു മുഷറഫിന്റെ പദ്ധതി. കേസ് ഒഴിവാക്കാന്‍ അദ്ദേഹമാണ് ദേശീയ അനുരജ്ഞന ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

           അതിനിടയില്‍ പട്ടാള അട്ടിമറിക്കുള്ള സാധ്യതയും പാക്കിസ്താനില്‍ തെളിഞ്ഞുവരുന്നുണ്ട്. അവിടുത്തെ എല്ലാ സര്‍ക്കാരുകളുടെയും മേല്‍ എന്നും തൂങ്ങിക്കിടക്കുന്ന വാളാണ് സൈന്യം. ഇയ്യിടെ ഒരു ചൈനീസ് പത്രത്തോട് പ്രധാനമന്ത്രി ഗീലാനി സൈന്യത്തിനെതിരെ നടത്തിയ കര്‍ക്കശ വിമര്‍ശനം പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കുമെന്ന് സൈന്യത്തിന്റെ ഡയറക്ടര്‍ ജനറല്‍ തന്നെ സൂചിപ്പിച്ചിട്ടുണ്ട്. പാക്കിസ്താനിലെ ഭരണകൂടങ്ങള്‍ സ്വാതന്ത്ര്യം തൊട്ട് അനുഭവിച്ചുവരുന്ന പ്രതിസന്ധിയുടെ വിളംബരം കൂടിയാണ് പുതിയ സംഭവവികാസങ്ങള്‍. ഇപ്പോഴത്തെ വെല്ലുവിളികള്‍ എങ്ങനെ അവസാനിച്ചാലും പാക്കിസ്താന്റെ അടിസ്ഥാന ദൗര്‍ബല്യമായ ഇത്തരം പ്രതിസന്ധികള്‍ക്ക് പഞ്ഞമുണ്ടാവില്ല.

            1958ല്‍ അയ്യൂബ്ഖാനും 77ല്‍ സിയാഉല്‍ ഹഖും 99 ല്‍ പര്‍വേഷ് മുഷറഫും സൈന്യാധിപന്മാരായിരിക്കെയാണ് പാക്കിസ്താനിലെ ജനാധിപത്യം അട്ടിമറിക്കപ്പെട്ടത്. അവരെല്ലാം അധികാരം പിടിച്ചെടുക്കുകയും ചെയ്തു.  ഒരിക്കലും പട്ടാളത്തിന് മുന്‍തൂക്കമുള്ള അധികാര ഘടനയല്ല പാക്ക് രാഷ്ട്രപിതാവായ മുഹമ്മദലി ജിന്ന സ്വപ്നം കണ്ടത്. തികച്ചും ജനാധിപത്യവ്യവസ്ഥ കൊതിച്ച അദ്ദേഹത്തിന്റെ  സ്വപ്നം അക്ഷരാര്‍ഥത്തില്‍ സാക്ഷാല്‍ക്കരിക്കാന്‍  നാളിതുവരെ അവിടം ഭരിച്ചവര്‍ക്ക് കഴിഞ്ഞില്ലെന്നത് വിധിവൈപരീത്യമെന്നേ പറയേണ്ടൂ.

           ബേനസീര്‍ ഭൂട്ടോയുടെ വധത്തെ തുടര്‍ന്ന് പാക്കിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള കൂട്ടുകക്ഷികള്‍ ആസഫലി സര്‍ദാരിയുടെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയപ്പോഴും ഈ ഭരണം എത്രകാലം എന്ന സംശയം ശക്തമായിരുന്നു. സര്‍ക്കാരിനേക്കാള്‍ അധീശത്വമുള്ള ഐ എസ് ഐയും സൈന്യവുമാണ് അവിടെ ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് വേണം  കരുതാന്‍. സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ പാതിയിലേറെയും വര്‍ഷങ്ങള്‍ ഏകാധിപതികള്‍ ഭരിച്ചപ്പോഴും സൈന്യമായിരുന്നു എല്ലാ കാര്യത്തിലും അവസാനവാക്ക്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ഗീലാനി രാജി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും  പാക്കിസ്താന്റെ ഭാവി പ്രവചിക്കുക അസാധ്യമായിരിക്കും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...