Saturday, January 8, 2011

നന്മയുടെ തണല്‍മരം          ആദര്‍ശനിഷ്ഠയുടെ ഒരു ജ്വാല കൂടി അണഞ്ഞു. ജനകീയനും ജനപ്രിയനുമായിരുന്ന ഉണ്ണ്യാലിക്കുട്ടി സാഹിബ് ചരിത്രത്തിലേക്ക് പിന്‍വാങ്ങി. ഇനി അമരത്വത്തിലേക്കുള്ള യാത്ര.


       മതവും രാഷ്ട്രീയവും സൃഷ്ടിക്കുന്ന മതിലുകള്‍ക്കപ്പുറം മനുഷ്യരെ സ്‌നേഹിച്ച ആ അപൂര്‍വ്വ വ്യക്തിത്വത്തെ കുറിച്ച്  മധുരമുളള  സ്മരണകള്‍ എന്നെപ്പോലെ പലര്‍ക്കും പങ്കുവെക്കാനുണ്ടാവും. കാപട്യസ്വാര്‍ത്ഥങ്ങളില്ലാത്ത, അധികാരതിമിരം അശേഷമേശാത്ത അദ്ദേഹത്തിന് പക്ഷെ, അനീതികള്‍ക്കെതിരെ പ്രതികരിക്കാനുള്ള മനക്കരുത്തും ആര്‍ജ്ജവവും നിശ്ചയദാര്‍ഢ്യവും വേണ്ടുവോളമുണ്ടായിരുന്നു.  എടവണ്ണയെ ഒരുപാട് സ്‌നേഹിച്ച ഉണ്ണ്യാലിക്കുട്ടി സാഹിബിന്റെ ഭൗതികശരീരം   പള്ളി ഖബര്‍സ്ഥാന്‍ ഏറ്റുവാങ്ങുമ്പോള്‍ ആരും ആചാരവെടി ഉതിര്‍ക്കുകയും ബ്യുഗിള്‍ മുഴക്കുകയും ചെയ്തില്ലെങ്കിലും നാട്ടുകാരുടെ മനസ്സില്‍ താങ്ങാനാവാത്ത വിങ്ങലുകള്‍ ഉയര്‍ന്നിട്ടുണ്ടാവും, ഉറപ്പ്. കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കിയവരെല്ലാം അദ്ദേഹത്തിന്റെ പരലോക സൗഭാഗ്യത്തിനു വേണ്ടി തീര്‍ച്ചയായും പ്രാര്‍ത്ഥിച്ചിട്ടുമുണ്ടാവും.


       പൊതുപ്രവര്‍ത്തനത്തിന്റെ പവിത്രസങ്കല്‍പങ്ങളെ സാര്‍ത്ഥകമാക്കാനാണ് ഉണ്ണ്യാലിക്കുട്ടി പത്രപ്രവര്‍ത്തകന്റെ മേലങ്കിയണിഞ്ഞത്. യുവസഹജമായ ഉന്മേഷത്തോടെ നാടിന്റെ ഹൃദയത്തിലൂടെ സഞ്ചരിച്ചു. ചന്ദ്രിക പത്രാധിപസമിതി അംഗമെന്ന നിലയില്‍ എന്റെ ഓര്‍മ്മയില്‍ അദ്ദേഹത്തെ കുറിച്ചുള്ള മായാത്ത ഇന്നലെകളുണ്ട്. പ്രദേശത്തിന്റെ വിചാരവികാരങ്ങളെയും ആശയാഭിലാഷങ്ങളെയും പ്രതിഫലിപ്പിക്കാനും വികസനത്തിന്റെ അളവറ്റ സാധ്യതകള്‍ ചൂണ്ടിക്കാട്ടാനും സധൈര്യം തൂലിക ചലിപ്പിച്ച ഉണ്ണാലിക്കുട്ടി തികഞ്ഞ മാധ്യമധര്‍മ്മമാണ് നിര്‍വഹിച്ചത്.
       സമൂഹത്തിന്റെ ദോഷങ്ങള്‍ അപഗ്രഥിക്കലും സാമൂഹികവിപത്തിനെകുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കലും മാധ്യമ ദൗത്യത്തില്‍ പെടും. വാര്‍ത്തകളില്‍ വസ്തുനിഷ്ഠതയും സത്യസന്ധതയും പുലര്‍ത്താന്‍ അദ്ദേഹം പരമാവധി ശ്രദ്ധിച്ചിരുന്നു. വിഭിന്ന താല്‍പര്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ ഇതാവശ്യമാണെന്ന്  ഉത്തമബോധ്യവുമുണ്ടായിരുന്നു. 


       കമ്പോളശക്തികള്‍ മാധ്യമരംഗത്ത് ആധിപത്യം ഉറപ്പിച്ച ഇക്കാലത്ത് വാര്‍ത്തകളുടെ ഇഷ്ടവിഷയങ്ങള്‍ തന്നെ കീഴ്‌മേല്‍മറിഞ്ഞു. എന്നാല്‍ അര്‍ത്ഥവത്തും അന്തസ്സുറ്റതുമായ ഒരു പത്രപ്രവര്‍ത്തകനെ നെഞ്ചുറപ്പോടെ തൊട്ടുകാണിക്കാന്‍ പഴയ തലമുറക്ക് കഴിയും. അതാണ് ഉണ്ണ്യാലിക്കുട്ടി. ആരവങ്ങളില്‍ നിന്നും ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി നില്‍ക്കുമ്പോഴും ജനാധിപത്യത്തിന്റെ യശസ്തംഭങ്ങളിലൊന്നായ പ്രസ്സിന്റെ അന്തസ്സ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. നല്ല മാധ്യമപ്രവര്‍ത്തകന്റെ വേദനകള്‍ തന്നെയാണ് നല്ല രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേദനകളെന്നും അദ്ദേഹം തെളിയിച്ചു.

       അച്ചടിയുടെ കാലത്തു തന്നെ വമ്പിച്ച മാധ്യമസ്വാധീനം ഏറ്റുവാങ്ങിയ നാടാണ് കേരളം. ധാരാളം മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ ഇവിടെ പ്രവര്‍ത്തിക്കുന്നു. സ്വകാര്യ ടി വി ചാനലുകളുടെ വരവ് മത്സരത്തിനു വീര്യം കൂട്ടി. പത്രങ്ങള്‍ക്കിടയിലും ചാനലുകള്‍ക്കിടയിലും പത്രങ്ങള്‍ക്കും ചാനലുകള്‍ക്കുമിടയിലും ഇപ്പോള്‍ കടുത്ത മത്സരമാണുള്ളത്. മത്സരത്തിലേര്‍പ്പെട്ടവര്‍ ജനങ്ങളെ ആകര്‍ഷിക്കാന്‍ പുതിയ പുതിയ വിഭവങ്ങളൊരുക്കുന്നു. നേരം പുലരുന്നതു മുതല്‍ അടുത്ത പുലര്‍ച്ചവരെ വാര്‍ത്തകള്‍ ചാനലുകള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുമ്പോള്‍  പിന്നെ പത്രം നോക്കുന്നതെന്തിന്? അതുകൊണ്ട് അച്ചടിമാധ്യമങ്ങള്‍ക്ക് വാര്‍ത്താരംഗത്ത് ഇപ്പോള്‍ മുമ്പത്തെപ്പോലെ കുത്തക അവകാശപ്പെടാനാവില്ല.


       എന്നാല്‍ പിന്നെ എന്തറിയാനാണ് ജനം പത്രം നോക്കുന്നത്? വായനക്കാരെ പിടിച്ചുനിര്‍ത്തണമെങ്കില്‍ വാര്‍ത്തകള്‍ക്ക് പിന്നിലെ വാര്‍ത്തകള്‍,    വാര്‍ത്താവിശകലനങ്ങള്‍, വാര്‍ത്താപ്രവചനങ്ങള്‍ തുടങ്ങിയ വ്യത്യസ്ത മുഖങ്ങള്‍ ആവശ്യമായി വന്നു. മാധ്യമരംഗത്ത് ഗവേഷണ ഗ്രന്ഥങ്ങള്‍ രചിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ എസ്. സി. ഭട്ട് കുറിച്ചിട്ട ശ്രദ്ധേയമായ ചില കാര്യങ്ങളുണ്ട്. പ്രാദേശിക വാര്‍ത്തകള്‍, അന്വേഷണ റിപ്പോര്‍ട്ടുകള്‍, അഭിപ്രായങ്ങള്‍, വാര്‍ത്താ വ്യാഖ്യാനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ വര്‍ത്തമാനപത്രങ്ങള്‍ ഇനിയും ഏറെക്കാലം ജനങ്ങളുടെ മേല്‍ ആധിപത്യം പുലര്‍ത്തുക തന്നെ ചെയ്യും. എന്നാല്‍ വിനോദത്തിന്റെ കാര്യത്തില്‍ ചാനലുകളുമായി പത്രങ്ങള്‍ മത്സരിച്ചിട്ടു കാര്യമില്ല എന്നായിരുന്നു അത്.


       ആധുനിക പത്രപ്രവര്‍ത്തനത്തിന്റെ ഒരു പ്രത്യേക സ്വഭാവം നാം ശ്രദ്ധിക്കണം. ഒരു കാര്യത്തില്‍ ഇന്നുകൊടുക്കുന്ന പ്രാധാന്യം നാളെ കൊടുക്കില്ല. ഒരുപക്ഷെ അക്കാര്യത്തെ പറ്റി അടുത്ത ദിവസം ഒന്നുംതന്നെ പ്രസിദ്ധപ്പെടുത്തിയില്ലെന്നും വരും. അത് വാര്‍ത്തയുടെ സ്വഭാവമായി വളര്‍ന്നുവന്നിരിക്കുന്നു. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതുവരെ പിന്തുടരുകയെന്നത് ഇന്നത്തെ മാധ്യമങ്ങളെ സംബന്ധിച്ച് അന്യമാണ്.


       ലോകമൊട്ടാകെ അനേക നൂറ്റാണ്ടുകളായി നിലനിന്നുപോരുന്ന പ്രധാന വിഷയങ്ങള്‍ ദാരിദ്ര്യം, നിരക്ഷരത, വര്‍ണവിവേചനം, ചൂഷണം, യുദ്ധക്കൊതി, സാമ്രാജ്യവാദം, അധിനിവേശം, സ്ത്രീപീഡനം മുതലായവയാണ്. ഈ പ്രശ്‌നങ്ങള്‍ ദേശീയവും തദ്ദേശീയവുമായി പരിഹരിക്കപ്പെടാന്‍ അതത് ദേശത്തെ മാധ്യമങ്ങള്‍ വേണ്ട ഉത്തേജനം നല്‍കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് ജനങ്ങളുടെ ആവശ്യമാണ്. മാധ്യമങ്ങള്‍ പ്രശ്‌നപരിഹാരത്തിനു സഹായകമാകണം. പ്രശ്‌നം പരിഹരിക്കാന്‍ വേണ്ട സംവിധാനം മാധ്യമങ്ങള്‍ക്കില്ല. അത് ജനകീയ പ്രസ്ഥാനങ്ങള്‍ക്കുള്ളതാണ്.


       പ്രശ്‌നങ്ങളുടെ കാരണങ്ങളിലേക്ക് കാര്യകാരണ സഹിതം വിരല്‍ചൂണ്ടാന്‍  മാധ്യമങ്ങളും ഉദ്ദേശശുദ്ധിയുള്ള പത്രപ്രവര്‍ത്തകരും വേണം. ആദ്യവസാനം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചവര്‍ക്കേ അതിനു കഴിയൂ. ജന്മദേശത്തിന്റെ വികസനത്തിനും  പ്രദേശവാസികളുടെ ക്ഷേമത്തിനും വേണ്ടി  ജീവിതം ഉഴിഞ്ഞുവെച്ച ഉണ്ണ്യാലിക്കുട്ടി സാഹിബ് തീര്‍ച്ചയായും ഈ ഗണത്തില്‍ പെടും. അദ്ദേഹം നല്‍കിയ വര്‍ണാഭമായ സംഭാവനകള്‍ ഞങ്ങളുടെയൊക്കെ ഓര്‍മ്മയുടെ ആല്‍ബങ്ങളില്‍ നിറഞ്ഞുനില്‍പുണ്ട്. ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞതും കണ്ടുവളര്‍ന്നതും തന്റെ പൊതുപ്രവര്‍ത്തനത്തിനു ഊടുംപാവും പണിയാന്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടാവണം.

       ലോക്കല്‍ വാര്‍ത്തകളില്‍ പത്രങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ധാരാളമായി എഡിഷനുകള്‍ ഇറക്കുന്നതും ജനകീയ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനു വേണ്ടിയാണ്. ചാനലുകളുടെ അതിപ്രസരത്തിനിടയിലും പത്രങ്ങളെ ജനം നെഞ്ചേറ്റുന്നതും ഇക്കാരണം കൊണ്ടാണ്. ചാനലുകള്‍ ജനങ്ങളുടെ കണ്ണുകള്‍ക്ക് വേണ്ടിയാണ് യുദ്ധം ചെയ്യുന്നത്. പത്രങ്ങളാകട്ടെ അവരുടെ ഹൃദയങ്ങള്‍ക്ക് വേണ്ടിയും. പ്രാദേശിക വാര്‍ത്തകളിലൂടെ അലിവിന്റെ ചോലമരങ്ങളില്ലാത്ത വഴികളില്‍ ഉണ്ണ്യാലിക്കുട്ടി തണല്‍വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുകയായിരുന്നു.

       എല്ലാവരുമായും ആത്മബന്ധം സ്‌നേഹവായ്‌പോടെ പങ്കുവെച്ച പ്രിയങ്കരനായ സഹപ്രവര്‍ത്തകന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ. ആമീന്‍.2 comments:

Related Posts Plugin for WordPress, Blogger...