Thursday, January 6, 2011

പോലീസിന്റെ ക്രിമിനല്‍മുഖം മാറുമോ?


          ആധുനിക കാലത്തിന് അനുയോജ്യമാംവിധം പൊലീസിനെ നവീകരിക്കാന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനെ നമുക്ക് മുക്തകണ്ഠം അനുമോദിക്കാം. നീതിന്യായ സംവിധാനം മാത്രമല്ല ജനാധിപത്യ വ്യവസ്ഥ തന്നെയും അര്‍ഥപൂര്‍ണമാവണമെങ്കില്‍ തികച്ചും മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന പൊലീസ്‌സേന അനിവാര്യമാണ്. നിയമനിര്‍മാണം പ്രധാന ലക്ഷ്യമായി പ്രത്യേകമായി ചേര്‍ന്ന പന്ത്രണ്ടാം നിയമസഭയുടെ പതിനാറാം സമ്മേളനം തിങ്കളാഴ്ച പിരിഞ്ഞത് കേരള പൊലീസ് ബില്‍ പാസാക്കിക്കൊണ്ടാണ്. പൊലീസിന്റെ പഴകിത്തുരുമ്പിച്ച മാമൂല്‍ സമ്പ്രദായങ്ങള്‍ക്ക് അറുതിവരുത്തുന്ന സമഗ്രമായ നിര്‍ദേശങ്ങളോടെയാണ് മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍  ബില്ല് അംഗീകരിച്ചത്. പൊലീസിന്റെ ക്രിമിനല്‍മുഖം മാറിക്കിട്ടാന്‍ പ്രാര്‍ഥനാനിരതരായി കാത്തിരുന്നവര്‍ക്ക് ആശ്വസിക്കാനുള്ള വിഭവങ്ങള്‍ ബില്ലില്‍ ധാരാളമുണ്ട്. എന്നാല്‍ ഇരുള്‍മാറി വെട്ടംപിറക്കുമോ? പഴയ ശീലം ഉപേക്ഷിക്കാന്‍ പൊലീസ് സന്നദ്ധമാകുമോ എന്ന് കണ്ടുതന്നെ അറിയണം.

          പൊലീസിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്ന് ആര്‍ക്കും അഭിപ്രായമുണ്ടാവാന്‍ തരമില്ല. പ്രബുദ്ധകേരളത്തിന്റെ ചിന്താശേഷിയെ പരിഹസിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന നടപടികളാണ്  അവരുടെ ഭാഗത്തുനിന്ന് ഇക്കാലമത്രയും ഉണ്ടായത്. നിയമപാലകര്‍ കടിച്ചുകുടഞ്ഞ ജീവിതങ്ങള്‍ക്ക് കയ്യുംകണക്കുമില്ല. അനുഭവങ്ങള്‍ മുഴുവന്‍ അനാവരണംചെയ്യപ്പെട്ടാല്‍ പൊലീസിന്റെ കുലപ്രകൃതം എത്ര ഭീകരമാണെന്ന് ബോധ്യമാവും. വാക്കിലും പ്രവൃര്‍ത്തിയിലും പൊലീസ് പുലര്‍ത്തുന്ന കാപാലിക ഭാവത്തിന് അറുതിവരണമെന്ന മലയാളിയുടെ വ്യാമോഹത്തിന്് കേരളപ്പിറവിയോളം തന്നെ പഴക്കമുണ്ട്.

          സാമൂഹിക തിന്മകള്‍ക്കും കുറ്റവാളികള്‍ക്കുമെതിരെ ജാഗ്രതപുലര്‍ത്താന്‍ പൊലീസിന് കഴിയാതെ പോകുന്നതെന്തുകൊണ്ടാണ്? പൊലീസ് തീനാളമായി ജ്വലിക്കാറുണ്ടെങ്കിലും അത് മിക്കപ്പോഴും നിരപരാധികളെ ദഹിപ്പിക്കാനാണ്. നാട്ടിയത് വളഞ്ഞാല്‍ നിഴലും വളയും. പൊലീസ് വകുപ്പിനെ കാമധേനുവായി കാണുന്ന രാഷ്ട്രീയകക്ഷികള്‍ക്കും ഇതില്‍ വലിയ പങ്കുണ്ട്. കുഴഞ്ഞുമറിഞ്ഞ പ്രശ്‌നങ്ങളുടെ കുരുക്ക് അഴിക്കുന്നതിന് പകരം മുറുക്കാന്‍ അവര്‍ പൊലീസിനെ നിര്‍ബന്ധിക്കുന്നു. അതോടെ  നീതിയുടെ കസ്റ്റഡിമരണം നിത്യസംഭവമായി മാറുന്നു.

          ഇന്ത്യയില്‍ ഭരണം സ്ഥാപിച്ച ഈസ്റ്റിന്ത്യാ കമ്പനി 1861 ല്‍ കൊണ്ടുവന്ന പൊലീസ് നിയമത്തെയാണ് നാമിപ്പോഴും പിന്തുടരുന്നത്. ഇന്ത്യക്കാരെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാരുണ്ടാക്കിയ നിയമത്തെ പിന്‍പറ്റി 1961 ലുണ്ടാക്കിയ നിയമത്തിന് ജനദ്രോഹ മുഖമുണ്ടാവുക സ്വാഭാവികം. സംസ്ഥാനം മാറി മാറി ഭരിച്ചവരെല്ലാം ഈ നിയമത്തെ അറിഞ്ഞോ അറിയാതെയോ പരമാവധി ഉപയോഗിക്കുകയായിരുന്നു

         പൊലീസ്‌സേനയെ നവീകരിക്കുന്നതിനാവശ്യമായ ശിപാര്‍ശകളടങ്ങിയ നിരവധി റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലുണ്ടായിരുന്നു. ധര്‍മവീര അധ്യക്ഷനായ പൊലീസ് കമീഷന്‍, ദേശീയ മനുഷ്യാവകാശ കമീഷന്‍, റബിറോ കമീഷന്‍, സൊറാബ്ജി കമീഷന്‍, ജസ്റ്റിസ് കെ ടി തോമസ് കമീഷന്‍, ജസ്റ്റിസ് കൃഷ്ണയ്യര്‍ കമീഷന്‍ തുടങ്ങിയവ. ഈ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ പുതിയ നിയമത്തില്‍ പരിഗണിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അവകാശപ്പെട്ടിട്ടുണ്ട്.  പൊലീസ്‌സ്റ്റേഷന്‍ എങ്ങനെയായിരിക്കണമെന്ന് ഇന്ത്യയിലെ ഒരു സംസ്ഥാനത്തും പൊലീസ് ആക്ടില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. എന്നാല്‍ സ്റ്റേഷനെ പറ്റി വിശദീകരിക്കുന്ന ഒരഅധ്യായം തന്നെ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ സ്റ്റേഷനുകളിലും കേസ് ഡയറി നിര്‍ബന്ധമായും സൂക്ഷിക്കണമെന്നും ഈ രേഖ മനുഷ്യാവകാശ കമീഷനും  പട്ടികജാതി-വര്‍ഗ കമീഷനും ജില്ലാ പൊലീസ് കംപ്‌ളയ്ന്റ് അതോറിട്ടിക്കും ഏത് സമയത്തും പരിശോധിക്കാമെന്നും ഒപ്പം കസ്റ്റഡിയിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിക്കാമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. ഈ വ്യവസ്ഥകള്‍ക്ക് തീര്‍ച്ചയായും ചുമതലബോധത്തിന്റെ ഭാഷ നല്‍കിയത് നന്നായി.

          സ്ത്രീകളെയും മുതിര്‍ന്നവരെയും മാനിക്കാനും കുട്ടികളെ പരിഗണിക്കാനുമുള്ള ബില്ലിലെ നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. പൊതുസ്ഥലത്ത് സ്ത്രീകളെ ശല്യപ്പെടുത്തുന്നതും അവര്‍ക്ക് മാനഹാനി വരുത്തുന്ന രീതിയില്‍ ഫോട്ടോ എടുക്കുന്നതും പ്രചരിപ്പിക്കുന്നതും ഇനി മുതല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കും. പൊലീസിന്റെ ഭാഷ സഭ്യമാകണം. സാക്ഷികളോട് മാന്യമായി പെരുമാറണം. കുട്ടികളോ സ്ത്രീകളോ മുതിര്‍ന്നവരോ ആയ സാക്ഷികളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്നതിന് പകരം അവരുടെ താമസസ്ഥലത്തു ചെന്ന് മൊഴിയെടുക്കണം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍  മേലാല്‍ കീഴുദ്യോഗസ്ഥരെകൊണ്ട് ദാസ്യവേല ചെയ്യിക്കരുത്. പൊലീസുകാര്‍ കൈക്കൂലി വാങ്ങിയാല്‍ ഏഴുവര്‍ഷം അഴിയെണ്ണേണ്ടിവരും.

          ആഭ്യന്തരമന്ത്രി ചെയര്‍മാനായി വിവിധ മേഖലയിലെ പ്രമുഖരെ ഉള്‍പ്പെടുത്തി സംസ്ഥാന സുരക്ഷാ കമ്മീഷന്‍ രൂപീകരിക്കാനുള്ള നിര്‍ദേശം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെങ്കില്‍ സ്വാഗതാര്‍ഹമാണ്.  എന്നാല്‍ മെട്രോപൊളിറ്റന്‍ നഗരങ്ങളിലെ പൊലീസ് കമ്മീഷണര്‍മാര്‍ക്ക് ജില്ലാ മജിസ്‌ത്രേട്ടിന്റെ അധികാരം നല്‍കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് സാധ്യത.  പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം.  യാത്രക്കാര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം ഉറപ്പ് വരുത്തിയതിന് ശേഷമായിരിക്കണമത്.

          നിയമങ്ങള്‍ക്ക് പഞ്ഞമുള്ള നാടല്ല നമ്മുടേത്. അത് നടപ്പാക്കുന്നതിലെ വീഴ്ചയാണ് പ്രധാനം. പുതിയ ബില്ലിന് ആ ഗതി വരരുത്. ബില്ല് പൊലീസുമായി ബന്ധപ്പെട്ടതാവുമ്പോള്‍ നടപ്പാക്കാന്‍ ഏറെ  കടമ്പകള്‍ താണ്ടേണ്ടിവരും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...