Friday, January 7, 2011

ജുഡീഷ്യറിയും തുരുമ്പെടുക്കുന്നു?


         സത്യസന്ധനല്ലാത്ത ഒരു ജഡ്ജി തന്നെയും തന്റെ പദവിയേയും മാത്രമല്ല അപകീര്‍ത്തിപ്പെടുത്തുന്നത്. മറിച്ച് നീതിപീഠത്തിന്റെ മുഴുവന്‍ കീര്‍ത്തിയെ തന്നെയാണ്. മുമ്പൊരിക്കല്‍ രാജ്യത്തോട് ഈ നഗ്നസത്യം വിളംബരംചെയ്തത് സുപ്രീംകോടതി തന്നെയാണ്. രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും നീതി ഉറപ്പാക്കുന്നതിലും വലിയ ഉത്തരവാദിത്വമാണ് കോടതികള്‍ക്ക് നിര്‍വഹിക്കാനുള്ളത്. ഇന്ത്യന്‍ ജൂഡീഷ്യറി അന്താരാഷ്ട്ര തലത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നത് ചുമതലാ നിര്‍വഹണത്തില്‍ സ്വര്‍ണപ്പണിക്കാരന്റെ സൂക്ഷ്മതയും ജാഗ്രതയും പുലര്‍ത്തുന്നതുകൊണ്ടാണ്. ഇവിടുത്തെ പൗരന്മാരും അഭിഭാഷകരും ജഡ്ജിമാരും എന്തെങ്കിലും പരാതികള്‍ ഉന്നയിക്കുന്നുവെങ്കില്‍ അതിന് കാരണം നീതിപീഠത്തിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തിനും സല്‍പേരിനും കളങ്കമേല്‍ക്കരുതെന്ന നിര്‍ബന്ധം അവര്‍ക്ക് ഉള്ളതുകൊണ്ട് മാത്രമാണ്.

         ഇന്ത്യയിലെ പ്രഥമ ദലിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി കെ ജി ബാലകൃഷ്ണന്‍ നിയമിതനായപ്പോള്‍ കേരളീയനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ ആഹ്‌ളാദിച്ചതും അഭിമാനിച്ചതും മലയാളികളായിരുന്നു. രാഷ്ട്രപതിക്കസേരയില്‍ കെ ആര്‍ നാരായണനെ ഇരുത്താന്‍ സാധിച്ചതിന്റെ അഹങ്കാരം ഇപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന നമുക്ക് ജ ബാലകൃഷ്ണന്‍ തിരിച്ചുനല്‍കിയതാകട്ടെ മായ്ച്ചാലും മായാത്ത നാണക്കേടും. ദിവസം കഴിയുന്തോറും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് ശക്തികൂടുമ്പോള്‍ മനസ്സ് ഇടറുക മാത്രമല്ല കൈകാലുകള്‍ തളരുകയും ചെയ്യുന്നു. 1968ല്‍ മുന്‍സിഫായി കയറിയ ബാലകൃഷ്ണന്‍ ഇടക്കാലത്ത് ജോലി രാജിവെച്ച് ഹൈക്കോടതിയില്‍ അഭിഭാഷകനായും പിന്നീട് കേരള ഹൈക്കോടതി ജഡ്ജിയായും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായും സുപ്രീംകോടതി ജഡ്ജിയായുമൊക്കെ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് ഉന്നത നീതിപീഠത്തിന്റെ അത്യുന്നത ശ്രേണിയില്‍ അവരോധിതനായത്. നാലുവര്‍ഷവും നാലുമാസവും ആ പദവിയില്‍ തുടര്‍ന്ന അദ്ദേഹമിപ്പോള്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാനുമാണ്.

         ജുഡീഷ്യറിയുടെ അനശ്വര ദീപശിഖ ദീര്‍ഘകാലം കയ്യിലേന്താന്‍ അത്യപൂര്‍വ ഭാഗ്യംസിദ്ധിച്ച ബാലകൃഷ്ണനും അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കുമെതിരെയാണിപ്പോള്‍ ആരോപണങ്ങള്‍ പേമാരിയായി പെയ്തിറങ്ങുന്നത്. ആരോപണം ഉന്നയിക്കുന്നവരും ചില്ലറക്കാരല്ല. ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകനായ ഡോ. എം ഫര്‍ഗുവാനാണ് ബാലകൃഷ്ണന്റെ സ്വത്ത് സമ്പാദനത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി മുഹമ്മദ് ഹാമിദ് അന്‍സാരിക്ക് ആദ്യമായി പരാതി അയച്ചത്.  പരാതി ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. ദല്‍ഹി സി ബി ഐ യൂണിറ്റ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കൊച്ചി യൂണിറ്റിനോട് ആവശ്യപ്പെട്ടു. ആദ്യമാദ്യം ഈ വാര്‍ത്തകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ പോലും കണ്ടില്ലെന്ന് നടിച്ചു. വാര്‍ത്താ തമസ്‌കരണം  എളുപ്പമല്ലെന്ന് വന്നപ്പോഴാണ് എല്ലാവരും ഏറ്റുപിടിച്ചത്. കെ ജി  ബാലകൃഷ്ണനെ അഴിമതിക്കാരനായി കാണാനുള്ള താല്‍പര്യമില്ലായ്മയായിരിക്കാം മലയാള പത്രങ്ങളെയും  പിന്തിരിപ്പിച്ചിട്ടുണ്ടാവുക.

         സ്‌പെക്ട്രം അഴിമതി ഒരു സാമ്പത്തിക കുറ്റം എന്നതിനേക്കാള്‍ അതൊരു രാജ്യദ്രോഹ കുറ്റം കൂടിയാണ്. ശത്രുരാജ്യങ്ങളുടെ ഒളിപ്പോര്‍ ഇനമായ സാമ്പത്തിക ഭീകരാക്രമണമാണ് മന്ത്രിപദത്തിലിരുന്നുകൊണ്ട് ദലിതനായ രാജ നടത്തിയത്. സാത്വികനായ സാമ്പത്തിക വിദഗ്ധന്‍ കാവല്‍നില്‍ക്കുമ്പോഴാണ് അദ്ദേഹം അഴിമതി രാജാവായത്. വന്‍കിട ബിസിനസ് ലോകം കറുത്ത പണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് കണ്ടുകൊണ്ടാണല്ലോ 2010 വിടവാങ്ങിയത്. അഴിമതിയുടെ കാര്യത്തില്‍ രാജ്യക്ക് തുല്യമായ അവസ്ഥയിലെത്തിയിരിക്കുന്നു കെ ജി ബാലകൃഷ്ണനും. അദ്ദേഹം കണ്ണടച്ച് പാല്‍ കുടിക്കുകയായിരുന്നു എന്നാണിപ്പോള്‍ മനസ്സിലാവുന്നത്. ജ. ഗോഖലെയും അദ്ദേഹവും തമ്മില്‍ രാജയുടെ പേര് പരാമര്‍ശിച്ച സംഭവത്തെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളും ഇവിടെ ചേര്‍ത്തുവായിക്കണം. സുപ്രീംകോടതി ജഡ്ജിമാര്‍ അവരുടെ സ്വത്ത് സംബന്ധിച്ച സ്റ്റേറ്റുമെന്റുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടോയെന്ന് വെളിപ്പെടുത്താന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ഉത്തരവിട്ടപ്പോള്‍ അതിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ കേസ് കൊടുക്കാനാണ് ജ. ബാലകൃഷ്ണന്‍ തീരുമാനിച്ചത്. ദല്‍ഹി ഹൈക്കോടതി ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ക്കനുകൂലമായി വിധിച്ചപ്പോള്‍ അതിനെതിരെ അപ്പീല്‍ കൊടുത്തു. അപ്പീല്‍ തള്ളിയപ്പോള്‍ സുപ്രീംകോടതിയില്‍ പ്രത്യേകാനുമതി പെറ്റീഷന്‍ കൊടുക്കാനാണ് മുതിര്‍ന്നത്.

         മുന്‍ ചീഫ് ജസ്റ്റിസിനെതിരെ ഗൗരവതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഇപ്പോള്‍ ഹര്‍ജിയും വന്നിരിക്കുന്നു. മരുമക്കളും മറ്റ് ബന്ധുക്കളും വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അഭിഭാഷകനായ മനോഹര്‍ലാല്‍ ശര്‍മയാണ് ഉന്നത നീതിപീഠത്തെ സമീപിച്ചിരിക്കുന്നത്. ജ ബാലകൃഷ്ണനാണെങ്കില്‍ ആരോപണങ്ങള്‍ കത്തിക്കയറുമ്പോഴും തികഞ്ഞ മൗനത്തിലുമാണ്. യൂത്തുകോണ്‍ഗ്രസ് നേതാവായ മരുമകന്‍ ശ്രീനിജന്‍ ആരോപണത്തെ തുടര്‍ന്നു രാജിവെച്ചിരിക്കുന്നു. ബാലകൃഷ്ണനെതിരെ സി ബി ഐ അന്വേഷണം തന്നെ വേണമെന്നും അത് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലായിരിക്കണമെന്നും വാദിക്കുന്നത് മുന്‍ നിയമമന്ത്രിയും അഭിഭാഷകനുമായ ശാന്തിഭൂഷണും മറ്റുമാണ്. ജ വി ആര്‍ കൃഷ്ണയ്യരും അതിശക്തമായി രംഗത്തുണ്ട്. വൈകിയെങ്കിലും ചില രാഷ്ട്രീയകക്ഷികളും രംഗത്തുവന്നിരിക്കുന്നു.

         ജുഡീഷ്യറിയുടെ പ്രതിഛായക്ക് വലിയ കളങ്കമാണ് ഈ ആരോപണം ഏല്‍പിച്ചത് എന്നതില്‍ സംശയമില്ല. ജ ഫാത്തിമബീവിയും ജ. പരിപൂര്‍ണനും ജ കെ ടി തോമസുമെല്ലാം കേരളത്തില്‍ നിന്ന് സുപ്രീംകോടതിയിലെത്തിയവരും ന്യായാധിപ പദവിയില്‍ തങ്ങളുടെ ചുമതലകള്‍ ഭംഗിയായി നിര്‍വഹിച്ചവരുമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാരില്‍ എട്ടുപേര്‍ അഴിമതിക്കാരായിരുന്നുവെന്ന ഞെട്ടിക്കുന്ന സത്യം നമ്മുടെ മുമ്പിലുണ്ടെങ്കിലും ജ ബാലകൃഷ്ണന്‍ ആ പട്ടികയില്‍ ഇടംപിടിക്കുമെന്ന് ഒരു മലയാളിയും കരുതിയിട്ടുണ്ടാവില്ല.

         എക്‌സിക്യൂട്ടീവിനെ പിന്തുടര്‍ന്ന് ജൂഡീഷ്യറിയും അഴിമതിയില്‍ മുങ്ങിയാല്‍-ജഡ്ജിമാര്‍ സത്യസന്ധമായി കടമകള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ ഇന്ത്യന്‍ജനതക്ക് പിന്നെ എവിടെയാണൊരു അഭയം.

1 comment:

  1. അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലും ..അത് അതിന്റെ സ്വഭാവം കാണിക്കും..എന്തേ അതെന്നെ ..ഈ രാജ്യത്ത് ഇങ്ങനെയുള്ള ആള്‍ക്കാര്‍ ഉള്ളത് കൊണ്ടാണ് ഇത്രയും ക്രൂര കൃത്യങ്ങള്‍ നടക്കുന്നത് അല്ലെ..

    ReplyDelete

Related Posts Plugin for WordPress, Blogger...