Friday, January 28, 2011

രാഷ്ട്രപതിയുടെ ആശങ്ക


          രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ റിപ്പബ്‌ളിക് ദിന സന്ദേശം ഗംഭീരമായി. വികസനത്തിനും സല്‍ഭരണത്തിനും വിലങ്ങുകള്‍ സൃഷ്ടിക്കുന്ന അഴിമതി ഇല്ലാതാക്കാന്‍ ഘടനാപരമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്ന അവരുടെ നിര്‍ദേശവും സന്ദര്‍ഭോചിതമായി. രാജ്യം 62-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോഴും സമൂഹത്തില്‍ കുറ്റകൃത്യം വര്‍ധിച്ചുകൊണ്ടിരിക്കുന്നതും പാര്‍ശ്വവല്‍കൃത സമൂഹങ്ങള്‍ പിന്തള്ളപ്പെടുന്നതും ജനാധിപത്യ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടാനിടവരുത്തുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതും രാഷ്ട്രപതിയെ വല്ലാതെ ആകുലപ്പെടുത്തുന്നു. ആരാണ് ഇതിനൊക്കെ ഉത്തരവാദികള്‍? പ്രസിഡണ്ടിന്റെ പരിദേവനങ്ങള്‍ നിസ്സഹായരായി കേള്‍ക്കാന്‍ മാത്രം വിധിക്കപ്പട്ട പാവം, സാധാരണ ജനങ്ങളോ? അതോ രാഷ്ട്രീയ നേതാക്കളും നാളിതുവരെ അധികാരത്തിന്റെ അമരത്തിരുന്നവരോ? രാജ്യത്ത് ഐശ്വര്യത്തിന്റെ സൈറണ്‍ ആഗ്രഹിച്ചതുപോലെ മുഴങ്ങാത്തതിന് ഉത്തരവാദികളെ ചൂണ്ടിക്കാണിക്കാന്‍ മാത്രമല്ല അവരുടെ പേരില്‍ നടപടി സ്വീകരിക്കാനും പ്രഥമപൊരന്മാരായി വാഴാന്‍ ഭാഗ്യംസിദ്ധിച്ചവരും അവരുടെ റോള്‍ യഥോചിതം നിര്‍വഹിച്ചുവോ എന്നാണ് ഇനിയും പിടികിട്ടാത്തത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ്ങില്‍ പോലും അസ്വസ്ഥത പ്രകടിപ്പിക്കുന്ന രാഷ്ട്രപതിക്ക് ഹീനമായ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്  മൂല്യങ്ങള്‍ പഠിപ്പിക്കുന്ന വിദ്യാഭ്യാസമാണ്  പരിഹാരമെന്നത് പുതിയ അറിവാകാന്‍ തരമില്ല. വിദ്യാഭ്യാസ രംഗത്തെ ജീര്‍ണതകളെ കുറിച്ച് ഉപദേശങ്ങള്‍ നല്‍കാന്‍ അവര്‍ റിപ്പബ്‌ളിക് ദിനംവരെ കാത്തിരിക്കേണ്ടതുമില്ല. പ്രതിഭാപാട്ടീലും മുന്‍ഗാമികളും ഇക്കാര്യത്തില്‍ വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചു എന്ന് കരുതാനുമാവില്ല. നിസ്സഹായത പ്രകടിപ്പിക്കുക മാത്രമാണോ രാഷ്ട്രപതിമാരുടെ കടമ? അവസരത്തിനൊത്ത് ഉയരാനും വിവേകത്തിന്റെ കടിഞ്ഞാണില്‍ പിടിമുറുക്കാനും എന്തുകൊണ്ട് ഇവര്‍ക്ക് കഴിയാതെപോകുന്നു എന്നാണിനി  അന്വേഷിക്കേണ്ടത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ അധികാരം നിലനിര്‍ത്തുന്നതിന് പ്രയോഗിക്കുന്ന ഗൂഢവിദ്യകള്‍ വരുത്തുന്ന അമൂല്യനഷ്ടം രാജ്യത്തിന് താങ്ങാനാവുന്നതല്ലെന്ന്  പ്രതിഭാ പാട്ടീല്‍ വൈകിയെങ്കിലും തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ട്.

          പാര്‍ലെമെന്റിന്റെ ശീതകാല സമ്മേളനം ഏതാണ്ട് പൂര്‍ണമായി തന്നെ തടസ്സപ്പെട്ടത് ജനാധിപത്യത്തിന് തീരാകളങ്കമാണ് വരുത്തിവെചച്ചത്. ഇത്  രാഷ്ട്രപതിക്ക് മാത്രമല്ല ഓരോ പൊരനും ഉത്തമബോധ്യമുള്ള കാര്യമാണ്. ജനങ്ങളുടെ ഭാവി കൈകളിലിട്ട് എം പിമാര്‍ അമ്മാനമാടുന്നത്  കണ്ടപ്പോള്‍ സിരകളില്‍ ഒരഗ്നിനാളം പാഞ്ഞുപോയി. പാര്‍ലമെന്റ് സുഗമമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഭരണ-പ്രതിപക്ഷ കക്ഷിള്‍ക്കെന്ന പോലെ രാഷ്ട്രപതിക്കും ഉത്തരവാദിത്വമുണ്ടെന്നാണ് വിശ്വാസം. തിന്മയുടെ തീക്കളി ജനപ്രതിനിധികളുടെ പക്ഷത്തുനിന്ന് ഉണ്ടായപ്പോള്‍ അതുയര്‍ത്തിയ പുകപടലങ്ങള്‍ വലിയ ആശങ്കകളായി വളരെക്കാലം അന്തരീക്ഷത്തില്‍ മാറ്റൊലിക്കൊള്ളും. യാഥാര്‍ഥ്യങ്ങളില്‍നിന്ന് മിഥ്യകളിലേക്കാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സഞ്ചാരപഥമെന്ന് തന്നെ കരുതണം.  ഈ സ്ഥിതി എത്ര ലജ്ജാവഹമാണെന്ന് എന്നാണാവോ നമ്മുടെ നേതാക്കള്‍ തിരിച്ചറിയുക.

          ഇന്ത്യ റിപ്പബ്‌ളിക് ആയിട്ട് ആറുപതിറ്റാണ്ടു കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ ഇവിടെയുണ്ടായ മാറ്റങ്ങള്‍ കണ്ടുവളര്‍ന്നവര്‍ക്ക് ഓമനിക്കാനും ആഹ്‌ളാദിക്കാനുമുള്ള മുഹൂര്‍ത്തങ്ങള്‍ ധാരാളമുണ്ട്. കരിഗ്യാസ് വണ്ടികളില്‍ നിന്ന് ലോഫ്‌ളോര്‍ ബസുകളിലേക്കും പത്തുവര്‍ഷം കാത്തിരുന്നാല്‍ കിട്ടാത്ത ടെലിഫോണ്‍ കണക്ഷനുകള്‍ പത്തുമിനുട്ടിനകം കിട്ടുന്ന അവസ്ഥയിലേക്കും നാം വളര്‍ന്നിട്ടുണ്ട്. ആയുര്‍ദൈര്‍ഘ്യം മൂന്നിരിട്ടിയായി. ശിശുമരണങ്ങളും അത്യപൂര്‍വമായി. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ ശക്തിക്കും സൗന്ദര്യത്തിനും സമാനമായൊരു സ്വാതന്ത്ര്യ സങ്കല്‍പം മറ്റൊരു രാഷ്ട്രത്തിനും അവകാശപ്പെടാനില്ല. അമേരിക്കന്‍ സ്വാതന്ത്ര്യസമരവും ഫ്രഞ്ച് വിപ്‌ളവവും റഷ്യന്‍ വിപ്‌ളവവുമൊക്കെ ലോകത്തിന്റെ രാഷ്ട്രീയ-സാമൂഹ്യചിന്തളെയും കര്‍മപഥങ്ങളെയും ഇളക്കിമറിച്ച പ്രതിഭാസങ്ങളായിരുന്നുവെങ്കിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ധാര്‍മിക പരിപ്രേക്ഷ്യം ഈ വിപ്‌ളവങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല.

          അധികാരത്തിന്റെ ആനപ്പുറ സവാരിയില്‍ അതെല്ലാം നമ്മുടെ  നേതാക്കള്‍ മെല്ലെ മെല്ലെ വിസ്മരിച്ചുവെന്നതിന് അനുഭവങ്ങള്‍ തന്നെ സാക്ഷി. രാഷ്ട്രപതിയുടെ റിപ്പബ്‌ളിക് ദിന സന്ദേശത്തിലെ വേവലാതികള്‍   വിളംബരംചെയ്യുന്നതും അതുതന്നെ.  മാവോയിസത്തിന്റെ വളര്‍ച്ചയും ന്യൂനപക്ഷങ്ങളുടെ അകല്‍ച്ചയും   കാട്ടുനീതി മറയേതുമില്ലാതെ നര്‍ത്തനമാടുന്നതിന്റെ നിദര്‍ശനമാണെന്ന് നിസ്സംശയം പറയേണ്ടിവരും.
സുരക്ഷിതത്വവും സ്ഥിരതയാര്‍ന്നതുമായ സാഹചര്യത്തിലേ പുരോഗതി സാധ്യമാവുകയുള്ളൂ. സമൂഹം സംതൃപ്തമാവണമെങ്കില്‍ അവര്‍ക്ക് സര്‍ക്കാരിന്റെ പരിരക്ഷ അനിവാര്യമാണ്. വളരുന്ന ജനാധിപത്യത്തിന് കരുത്തേകാന്‍ മാധ്യമങ്ങളും അവരുടെ റോള്‍ ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ട്. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദ ശക്തികളാണ്.  രാജ്യത്തിന്റെ മിക്ക മേഖലകളും അസ്വസ്ഥജനകമാണ്. റിപ്പബ്‌ളിക് ദിനം ആഘോഷിക്കാന്‍ കശ്മീരികളെ അനുവദിക്കാത്ത സാഹചര്യം സൃഷ്ടിച്ചത് പ്രധാന പ്രതിപക്ഷമായ ബി ജെ പിയാണല്ലോ.

          വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും ഓരേ സ്വരത്തില്‍ ആണയിടുന്നിടത്താണ് നമ്മുടെ റിപ്പബ്‌ളിക് ഇപ്പോള്‍ എത്തിനില്‍ക്കുന്നത്. കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുകള്‍ എന്തുകൊണ്ട് വെളിപ്പെടുത്തിക്കൂടെന്ന് സുപ്രീംകോടതി പോലും  കേന്ദ്ര സര്‍ക്കാരിനോട് ചോദിക്കുകയുണ്ടായി.

          ഇന്ത്യന്‍ റിപ്പബ്‌ളിക്കില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്നവരുടെ പട്ടികക്ക് അനുദിനം നീളം കൂടുകയാണ്.  വരുമാനത്തിലും ജീവിതനിലവാരത്തിലുമുള്ള വിടവുനികത്താനും ജനനം മുതല്‍ ശ്മശാനംവരെ പൗരനും സുരക്ഷിതത്വം നല്‍കാനുമുള്ള ബാധ്യത നമ്മുടെ റിപ്പബ്‌ളിക്കിനു വേണ്ടി ഭരണഘടന ഏറ്റെടുത്തിട്ടുണ്ട്. ജനങ്ങളുടെ ജീവിതവും ലക്ഷ്യങ്ങളും പ്രതീക്ഷകളുമായി ബന്ധമില്ലാതാകുമ്പോള്‍ ഭരണഘടന പൊള്ളയായി മാറുമെന്ന് ഭരണഘടനയില്‍ പ്രധാനമന്ത്രിയായിരുന്ന നെഹറു തന്നെ പറഞ്ഞുവെച്ചിട്ടുമുണ്ട്. രാഷ്ട്രപതി പ്രതിഭാ പാട്ടീലും ആ ആശങ്ക തന്നെ പങ്കുവെക്കുന്നു. ജനങ്ങള്‍ ഉള്ളില്‍ പേറുന്ന സംഘര്‍ഷങ്ങള്‍ക്ക്  ഇനി ആരാണാവോ പരിഹാരം കാണുക?

No comments:

Post a Comment

Related Posts Plugin for WordPress, Blogger...