Friday, January 14, 2011

പതിനാറുകാര്‍ വോട്ടര്‍മാരായാല്‍

          വോട്ട് ചെയ്യാനുള്ള പ്രായപരിധി 16 ആയി കുറയ്ക്കാനുള്ള തെരഞ്ഞെടുപ്പ് കമീഷന്റെ ശിപാര്‍ശ പുറത്തുവന്നിട്ടും ഒരു ചരിത്രമുഹൂര്‍ത്തത്തിന്റെ ആഹ്‌ളാദമൊന്നും കൗമാരമുഖത്ത് കാണാനില്ല. ജനാധിപത്യ സംവിധാനത്തില്‍ ഏറെ ചാരിതാര്‍ഥ്യവും സംതൃപ്തിയും നല്‍കുന്ന നിര്‍ദേശമാണിത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാജ്യത്തെ 35 ശതമാനം വോട്ടര്‍മാര്‍ യുവാക്കളാണല്ലോ. അതുകൊണ്ടാണ് ഏതാനും വര്‍ഷം മുമ്പ് വോട്ടിംഗ് പ്രായം 21 ല്‍ നിന്ന് 18 ആക്കി കുറച്ചത്. ജനാധിപത്യവിശ്വാസികളുടെ മനസ്സിനെ ഏറെ സ്വാധീനിക്കാന്‍ പോന്നതായിരുന്നു ആ തീരുമാനം. വോട്ടവകാശം ലഭിക്കുന്നതോടെ അനീതികള്‍ക്കും അധര്‍മങ്ങള്‍ക്കുമെതിരെ  യുവത്വം സടകുടഞ്ഞെഴുനേല്‍ക്കുമെന്നും ഇളം മനസ്സിന്റെ നീരൊഴുക്ക് ഇന്ത്യക്ക് നവചൈതന്യം പ്രദാനം ചെയ്യുമെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ട ആ പരീക്ഷണം പക്ഷെ പ്രതീക്ഷിച്ച ഫലം കണ്ടില്ലെന്ന് സ്ഥിതിവിവരക്കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.

          വോട്ടവകാശം സിദ്ധിച്ച 18 കാരില്‍ 60 ശതമാനവും പോളിംഗ്ബൂത്തുകളില്‍ പോകാന്‍ വിമുഖത കാട്ടുന്നതായി ഇലക്ഷന്‍ കമീഷന്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ വോട്ടുചെയ്യാന്‍ എന്തുകൊണ്ട് യുവാക്കള്‍ മടിക്കുന്നുവെന്നതിന് ആര്‍ക്കും കൃത്യമായ ഉത്തരമില്ല. മുന്‍കാലങ്ങളെ അപേക്ഷിച്ച് അയത്‌ന ലളിതമായി വോട്ടവകാശം വിനിയോഗിക്കാമെന്നിരിക്കെ വിമുഖതക്ക് മതിയായ കാരണങ്ങളുണ്ടാകുമെന്ന് തീര്‍ച്ച. നോവുന്ന ജന്മങ്ങള്‍ക്ക് അമൃത് ചുരത്തിക്കൊടുക്കുന്നതില്‍  തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ പരാജയപ്പെടുന്നത് അവരെ നിരാശരാക്കിയിരിക്കാം. ഓരോ തെരഞ്ഞെടുപ്പിന് ശേഷവും പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറുന്നുവെന്ന് മാത്രം.

          അതുകൊണ്ട് ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് 16 കാരെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാലും ഇവിടെ വിപ്‌ളവമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇതിന്റെ പേരില്‍ അവരെ കറവപ്പശുക്കളാക്കാമെന്ന രാഷ്ട്രീയക്കാരുടെ മോഹവും ഫലം കാണുമെന്ന് കരുതേണ്ട. 16 കാരായ യുവതീയുവാക്കള്‍ രാജ്യത്തെ സംഭവവികാസങ്ങളെ കുറിച്ച് അജ്ഞരാണെന്ന് ഇതുകൊണ്ട് അര്‍ഥമാക്കരുത്. പ്രായത്തില്‍ കവിഞ്ഞ ബോധവും വിശകലനശേഷിയും അവര്‍ക്കുണ്ട്.   അതുകൊണ്ടാണ് 18 കാരില്‍  മഹാഭൂരിഭാഗവും അരാഷ്ട്രീയവാദികളാവുന്നതും.

          തെരഞ്ഞെടുപ്പുകളില്‍ പ്രാദേശികതലം തൊട്ട് പാര്‍ലമെന്റ് വരെ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കുന്നതില്‍ കുറ്റകരമായ വീഴ്ചയല്ലേ എല്ലാ രാഷ്ട്രീയകക്ഷികളും അവലംബിച്ചത്? യുവാക്കളുടെ നിഷ്‌ക്കളങ്കമായ അഭിപ്രായങ്ങള്‍ക്ക് കാതോര്‍ക്കാനും അവരെ പരിഗണിക്കാനും സന്നദ്ധരല്ലാത്തവര്‍ 16 കാരെ പരിഗണിക്കുമോ? നാല്‍ക്കാലി വര്‍ഗത്തില്‍ പോലും കാണാത്ത നരബാധിച്ച നരാധമന്മാര്‍ ഒരിക്കലും വഴിമാറിക്കൊടുക്കില്ല. ചത്ത് പിരിയുന്നതുവരെ അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനാണവര്‍ക്ക് മോഹം. രാഷ്ട്രീയനേതൃത്വം വകതിരിവോടെ ചിന്തിക്കുന്ന കാലത്ത് മാത്രമേ തെരഞ്ഞെടുപ്പ് കമീഷന്റെ ഉദ്ദേശശുദ്ധി അന്വര്‍ഥമാവൂ.

ഇരുട്ടിന് കട്ടി കൂടുന്നു
 
          സംസ്ഥാനത്ത് ഓട്ടോ- ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാനുള്ള മന്ത്രിസഭ തീരുമാനം അതിരൂക്ഷമായ വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങളെ സംബന്ധിച്ചെടുത്തോളം ഇരുട്ടടി തന്നെയാണ്.  ഇതുവരെ ഓട്ടോക്ക് ഒന്നേകാല്‍ കിലോമീറ്ററിന് 10 രൂപയായിരുന്നു മിനിമം ചാര്‍ജ്. പിന്നീടുള്ള ഓരോ കിലോമീറ്ററിനും ആറ് രൂപയും. പുതുക്കിയ മിനിമം നിരക്ക് 12 രൂപയാണ്. അധിക കിലോമീറ്ററിന് ഏഴ് രൂപ കൊടുക്കണം. ടാക്‌സിക്ക് മിനിമം ചാര്‍ജ് മൂന്ന് കിലോമീറ്ററിന് പത്ത് രൂപ കൂട്ടി അറുപതാക്കി. പുതിയ നിരക്ക് പ്രകാരം അധിക കിലോമീറ്ററിന് ഏഴര രൂപയെന്നത് എട്ടാകും. ഇന്നലെ മുതല്‍ തന്നെ വര്‍ധന പ്രാബല്യത്തില്‍ വരികയും ചെയ്തു.

          2010 മാര്‍ച്ച് 15 നാണ് ഓട്ടോ- ടാക്‌സി  നിരക്ക് അവസാനമായി വര്‍ധിപ്പിച്ചത്. ഇതിന് ശേഷം പെട്രോള്‍ - ഡീസല്‍ വിലവര്‍ധനവിന്റെ പേര് പറഞ്ഞ് ഉടമകളുടെ സംഘടനകള്‍ പണിമുടക്കുകയുണ്ടായി.  ഇതേ തുടര്‍ന്ന് സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ ചെയര്‍മാനായി ഒരു വിദഗ്ധസമിതിയെ നിയോഗിച്ചു. കമീഷന്റെ ഇടക്കാല റിപ്പോര്‍ട്ടനുസരിച്ചാണ് പുതിയ നിരക്ക് വര്‍ധന. വിലക്കയറ്റം. ഒരു വര്‍ഷത്തിനകം തന്നെ പലതവണ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന് ഭൂഷണമാണോ എന്ന് ബന്ധപ്പെട്ടവര്‍ ചിന്തിക്കണം.

          വിലക്കയറ്റം എങ്ങനെ നിയന്ത്രിക്കണമെന്നറിയാതെ ഇരുട്ടില്‍ തപ്പുന്ന ഭരണാധികാരികളാണ് കേരളത്തിലും കേന്ദ്രത്തിലുമുള്ളത്. ദിവസംപ്രതിയാണിപ്പോള്‍ വില കുതിച്ചുകയറുന്നത്. വിലക്കയറ്റം സകല സീമകളും ലംഘിച്ചിട്ടും കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ ദയനീയമായി പരാജയപ്പെടുമ്പോള്‍ ജനങ്ങളുടെ പ്രതീക്ഷകളത്രയും തകിടം മറിയുകയാണ്. വില കൂടുന്നതിനനുസരിച്ച് നിരക്ക് വര്‍ധിപ്പിക്കാന്‍ മാത്രമായി ഒരു സര്‍ക്കാരിന്റെ ആവശ്യമുണ്ടോ? വൈദ്യുതിയുടെ കാര്യമെടുത്താലും ഇതു തന്നെ സ്ഥിതി. നികുതി വര്‍ധനയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്ന മറ്റൊരു പൊടിക്കൈ. ആവശ്യത്തിലേറെ നികുതി വരുമാനമുണ്ടായിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ പോലും കഴിയാത്ത സര്‍ക്കാരിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ സത്യത്തില്‍ ലജ്ജ തോന്നുന്നു. സര്‍ക്കാരിനെ കൊണ്ട് തെറ്റുതിരുത്തിക്കാന്‍ ബാധ്യസ്ഥമായ പ്രതിപക്ഷമാകട്ടെ എല്ലാ വീഴ്ചകളും പ്രചാരണത്തിന് ഉപയോഗിച്ച് അടുത്ത ഊഴം സ്വപ്നംകണ്ട് കഴിയുകയുമാണ്. ദിക്കറിയാതെ സഞ്ചരിക്കുന്ന ഗവണ്‍മെന്റിനെതിരെ രാഷ്ട്രീയഭേദം മറന്ന് ജനങ്ങള്‍ തെരുവിലിറങ്ങേണ്ട സമയം വൈകിയിരിക്കുന്നുവെന്നാണ് തോന്നുന്നത്.  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...