Tuesday, January 4, 2011

ജനിതക മാറ്റം: കൂടുതല്‍ പഠനം വേണം


          ജനിതകവിത്ത് ഉപയോഗത്തെ കുറിച്ച സംവാദത്തിന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ മൂന്നാമത് അന്താരാഷ്ട്ര പഠന കോണ്‍ഗ്രസ് തുടക്കംകുറിച്ചത് നന്നായി. സംവാദത്തിലൂടെയാണല്ലോ ആശയവ്യക്തത ഉരുത്തിരിയുക. ജനിതകവിത്ത് സംബന്ധിച്ച് രണ്ട് പ്രധാന പ്രശ്‌നങ്ങളാണ് പഠന കോണ്‍ഗ്രസ് ഉന്നയിച്ചത്. ഈ വിത്തുകള്‍ ആരോഗ്യ മേഖലയില്‍ വിശേഷിച്ചും ഭക്ഷ്യോല്‍പാദന രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതവും സാങ്കേതികവിദ്യയുടെ ഉടമസ്ഥതയും.  എന്നാല്‍ ജനിതക മാറ്റം വരുത്തിയ വിളകളെ സംബന്ധിച്ച് സി പി എം നേതാവ് എസ് രാമചന്ദ്രന്‍പിള്ള നടത്തിയ പരാമര്‍ശങ്ങള്‍ അവര്‍ നാളിതുവരെ സ്വീകരിച്ച നിലപാടുകള്‍ക്ക് തികച്ചും കടവിരുദ്ധമായിപ്പോയി. സി പി എമ്മില്‍നിന്ന് തികച്ചും വ്യത്യസ്ത സമീപനം സി പി ഐ സ്വീകരിച്ചതോടെ വലിയ വിവാദങ്ങള്‍ക്ക് ചര്‍ച്ച തിരികൊളുത്തുകയും ചെയ്തു.

          ജനിതകവിളകളെ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണെന്നും കാര്‍ഷികോല്‍പാദനം കൂട്ടാന്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൂടിയേതീരൂ എന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വിളകള്‍ ഉപയോഗിക്കുന്നുണ്ടെന്നും പഠന കോണ്‍ഗ്രസില്‍ പിള്ള വെളിപ്പെടുത്തിയപ്പോള്‍ കൗതുകമാണ് തോന്നിയത്. അഖിലേന്ത്യാ കിസാന്‍സഭയുടെ അധ്യക്ഷന്‍ കൂടിയായ പിള്ള ഒരുവര്‍ഷം മുമ്പ് പറഞ്ഞ അഭിപ്രായത്തിന് തികച്ചും കടകവിരുദ്ധവുമാണിത്. ജനിതക വിളകള്‍ ഉയര്‍ത്തുന്ന ആരോഗ്യ-പാരിസ്ഥിതിക ആഘാതങ്ങള്‍ തള്ളിക്കളയാന്‍ കഴിയാത്തത്ര ഗുരുതരമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍.  ഇന്ത്യന്‍ കര്‍ഷകര്‍ക്കും കാര്‍ഷികമേഖലക്കും ഭീഷണിയാവുന്ന വിത്തുകുത്തകകളെ നിയന്ത്രിക്കണമെന്നും അന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

          ജനിതക വിത്തുകളെക്കുറിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട സമീപനത്തിനും എതിരാണിത്. സംസ്ഥാനത്ത് ജനിതക വിത്തുകളുടെ ഉപയോഗം നിരോധിക്കുകയും ചെയ്തിരുന്നു. ഇടക്ക്  റബര്‍ബോര്‍ഡ് ജി എം വിത്തുകള്‍ ഉപയോഗിക്കാന്‍ തുനിഞ്ഞതിനെയും എതിര്‍ത്തു. ഒരുപക്ഷെ ഇക്കാര്യത്തില്‍ ഗൗരവതരമായ ചര്‍ച്ച വേണമെന്ന് സി പി  എം കരുതുന്നത് കൊണ്ടാണോ ഇങ്ങനെയൊരു സംവാദം സംഘടിപ്പിച്ചതെന്ന് അറിഞ്ഞുകൂടാ. ജനിതക സാങ്കേതികവിദ്യയെ പാടേ തള്ളുകയോ കൊള്ളുകയോ വേണ്ടെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്ന തോമസ് ഐസക്കിന്റെ വ്യാഖ്യാനവും ഇവിടെ ചേര്‍ത്തു വായിക്കണം. ഇക്കാര്യത്തില്‍ സി പി എമ്മിലുള്ള  അഭിപ്രായഭിന്നതയായി എതിരാളികള്‍ക്ക് ഇതിനെ വ്യാഖ്യാനിക്കുകയുമാവാം.
 
          ശാസ്ത്ര സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താതെ കാര്‍ഷിക മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്നുറപ്പാണ്. കാര്‍ഷികാദായം വര്‍ധിപ്പിക്കാനും ഇതാവശ്യമാണ്. അതേസമയം ഇതുയര്‍ത്തുന്ന ആരോഗ്യ-പാരിസ്ഥിതിക പ്രശ്‌നം കണ്ടില്ലെന്ന് നടിക്കാനാവില്ല. കേരളം ബി ടി വഴുതന നിരോധിച്ചത് കൃത്യമായി പഠനം നടത്തിയ ശേഷമാണ്. രാമചന്ദ്രന്‍പിള്ള  തികച്ചും ശാസ്ത്രസാങ്കേതികമായ ഈ വിഷയത്തെ കുറിച്ച് ഇത്ര ആധികാരികമായി സംസാരിച്ചത് ഏത് തെളിവിന്റെ പിന്‍ബലത്തിലാണാവോ?  ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം പറയേണ്ടത്  ശാസ്ത്രജ്ഞന്മാരാണ്.  രാഷ്ട്രീയക്കാരല്ല.  വിത്ത് കുഴപ്പമില്ലാത്തതാണെങ്കില്‍ പിന്നെ ഇത്രയും കാലം ഇടത് പാര്‍ട്ടികളും ശാസ്ത്രജ്ഞന്മാരും ഇതിനെ എതിര്‍ത്തത് എന്തിനായിരുന്നു? വിത്തിന്റെ ഉപയോഗം ദോഷകരമല്ലെങ്കില്‍ അതിനാവശ്യമായ തെളിവ് നിരത്താനുള്ള ബാധ്യത പിള്ളക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുണ്ട്.

          ഇത്തരം വിത്തുകളെക്കുറിച്ച് ബഹുരാഷ്ട്ര കുത്തകകള്‍ മാത്രമേ ഇതുവരെ പഠനം നടത്തിയിട്ടുള്ളൂ. അതുകൊണ്ട് അവരുടെ നിഗമനങ്ങളെ പൂര്‍ണമായോ ഭാഗികമായോ ആശ്രയിക്കുന്നത് അപകടകരമാണ്.  വിശദമായി പഠിക്കാതെ വിത്തുപയോഗം അനുവദിക്കുന്നതും ശരിയല്ല. സി പി ഐയുടെ അഖിലേന്ത്യാ നേതൃത്വം ഇതേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. ബി ടി വഴുതിനയെ ഇപ്പോഴും  എതിര്‍ക്കുന്ന മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ബഹുരാഷ്ട്ര കുത്തകകളുടെ കുഴലൂത്തുകാരാണെന്ന് ആരും  വിശ്വസിക്കുമെന്ന് തോന്നുന്നില്ല.

          ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങളില്‍ ആര്‍ എവിടെ ഗവേഷണം നടത്തിയാലും കുത്തക വിത്തുകമ്പനിയായ മോണ്‍സാന്റോക്ക് പണം കൊടുക്കണം. ബി ടി ടെക്‌നോളജിയുടെ പേറ്റന്റ് അവര്‍ക്കാണ്. റോയല്‍റ്റി ഇനത്തില്‍ മോണ്‍സാന്റോക്ക് കോടികള്‍ കൊടുത്താണ് രാജ്യത്ത് ജനിതകമാറ്റ പരീക്ഷണങ്ങള്‍ നടത്തുന്നത്. ഒരു വിത്ത് പോലും നേരിട്ട് വില്‍ക്കാതെ ഇന്ത്യയില്‍നിന്ന് പ്രതിവര്‍ഷം  1500 കോടി തട്ടിയെടുക്കുന്ന അമേരിക്കന്‍ കമ്പനിയായ മോണ്‍സാന്റോയുടെ ഇന്ത്യന്‍ പങ്കാളി മാഹികോയാണ് ബി ടി ടെക്‌നോളജിയുടെ ഉപജ്ഞാതാക്കള്‍. ബി ടി ജീനുകള്‍ ഉപയോഗിച്ച് ജനിതക ഘടനയില്‍ മാറ്റംവരുത്തിയ നെല്ലുള്‍പ്പെടെയുള്ള 56 ഓളം ഇനങ്ങള്‍ വിപണിയിലെത്തിച്ച് കൊയ്യാനാണ് വര്‍ഷങ്ങളായുള്ള മൊണ്‍സാന്റോയുടെ ശ്രമം.
 
          ബഹുരാഷ്ട്ര കുത്തകകള്‍ക്ക് രാജ്യത്തെ കൃഷിരീതികളെ ഒറ്റിക്കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായും രാമചന്ദ്രന്‍പിള്ളയുടെ അഭിപ്രായപ്രകടനത്തെ കണക്കാക്കാനാവില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടികളെ കുറിച്ച് മനസ്സിലാക്കിയവരാരും ആ അഭിപ്രായത്തോട് യോജിക്കുകയുമില്ല. പഠന കോണ്‍ഗ്രസിന്റെ രേഖയിലും സമീപനത്തിലും ജനിതക സാങ്കേതികവിദ്യയെ പാടേ തള്ളുന്നില്ലെന്നത് ശരിയാണ്. എന്നാല്‍ പാടേ സ്വാഗതം ചെയ്യുന്നുമില്ലെന്ന് ഓര്‍ക്കണം. എന്തായാലും  ശക്തമായ ആശയസംവാദം ആവശ്യമുള്ള വിഷയമാണിത്. ഇന്നത്തെ ശാസ്ത്രസാങ്കേതിക വിപ്‌ളവത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ജൈവ സാങ്കേതികവിദ്യ. കേരളത്തെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാനപ്പെട്ട വളര്‍ച്ചാസ്രോതസ്സുമാണ്. ജനിതകമാറ്റം ഉല്‍പാദനക്ഷമത വര്‍ധിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് ജനിതക വിത്തുകളെ കുറിച്ച് സത്യസന്ധവും വസ്തുനിഷ്ഠവുമായ കൂടുതല്‍ പഠനമാണവശ്യം.  

No comments:

Post a Comment

Related Posts Plugin for WordPress, Blogger...