Friday, July 1, 2011

പി സി അഹമ്മദ് സാഹിബ്: സൗഹൃദത്തിന്റെ മഹാസാന്നിധ്യം


                ആത്മാര്‍ഥതയുടെ ഒരു വിശുദ്ധപുഷ്പം കൂടി ഞെട്ടറ്റുവീണു.  ആ മന്ദസ്മിതം എന്നെന്നേക്കുമായി മാഞ്ഞു. അരനൂറ്റാണ്ടിലേറെ വയനാടിന്റെ കര്‍മ്മരംഗത്തു നിറഞ്ഞുനിന്ന പി സി അഹമ്മദു സാഹിബ് യാത്രയായി. നന്മയുടെയും ആദര്‍ശത്തിന്റെയും സൗഹൃദത്തിന്റെയും പ്രഭ ചൊരിഞ്ഞ പ്രസന്നഭരിതമായ ആ മുഖം ഇനി വേദന കിനിയുന്ന ഓര്‍മ മാത്രം. സഹപ്രവര്‍ത്തകരാലും സഹജീവികളാലും ഏറെ ആദരിക്കപ്പെട്ട പി സി യുടെ പൊതുജീവിതം മകരസൂര്യനോമനിക്കുന്ന മഞ്ഞുതുള്ളി പോലെ എന്നും നിര്‍മലമായിരിക്കും.

                പ്രമുഖരായ മുന്‍ഗാമികള്‍ പകര്‍ന്നുനല്‍കിയ ദിശാബോധം കൈമുതലാക്കി രാജ്യം മതേതരത്വത്തിലേക്ക് നീന്തിക്കയറണമെന്ന് ആഗ്രഹിച്ച നേതാവാണ്  പി സി.  ഇഹ-പര ജീവിതത്തെ കുറിച്ചും അദ്ദേഹത്തിന് തെളിഞ്ഞ അവബോധമുണ്ടായിരുന്നു. സംഘടനാ പരിമിതികളെ കവച്ചുവെക്കുന്ന അര്‍പ്പണബോധമായിരുന്നു  അദ്ദേഹത്തിന്റെത്. സദാ ജാഗ്രതയോടെ വര്‍ത്തിക്കുന്ന രാഷ്ട്രീയമനസ്സാണ്  പി സിയെ വയനാട്ടുകാര്‍ക്ക് പ്രിയങ്കരനാക്കിയത്. തെരഞ്ഞെടുപ്പ് വേളകളില്‍ മാത്രമല്ല എപ്പോഴും  ജനങ്ങള്‍ക്കൊപ്പം നിന്നു. സുരക്ഷിതവും ആദായകരവുമായ ജീവിതമാര്‍ഗമായി ബിസിനസ് തെരഞ്ഞെടുത്ത പി സിക്ക്  രാഷ്ട്രീയ പ്രവര്‍ത്തനം  ഒരിക്കലും ഉപജീവനമാര്‍ഗ്ഗമേ ആയിരുന്നില്ല. അതുകൊണ്ട് പുതുതലമുറക്ക് അദ്ദേഹത്തില്‍നിന്ന് പലതും പഠിക്കാനും പകര്‍ത്താനുമുണ്ട്.

               ആറുപതിറ്റാണ്ട് മുമ്പ് ജന്മനാടായ മാഹിയില്‍നിന്ന്  സുല്‍ത്താന്‍ബത്തേരിയിലേക്ക് ചുരംകയറിയ പി സിയെ വളര്‍ത്തിയത് വയനാടാണെങ്കില്‍ അതേ കടപ്പാട് ആ പ്രദേശത്തിന് അദ്ദേഹത്തോടുമുണ്ട്. വയനാടന്‍ മലനിരകളെ പുളകമണിയിച്ചവരുടെ പട്ടികയില്‍ നിന്ന് പി സിയെ ആര്‍ക്കും മാറ്റിനിര്‍ത്താനാവില്ല. നീണ്ട 25 വര്‍ഷം അദ്ദേഹമായിരുന്നു ബത്തേരി പഞ്ചായത്ത് പ്രസിഡണ്ട്. നഗരസമാനമായ വികസനം ഈ പഞ്ചായത്തിന് ലഭിച്ചത് അക്കാലയളിലായിരുന്നു. സംസ്ഥാനത്തെ ശ്രദ്ധേയമായ പട്ടണമായി ബത്തേരി വളര്‍ന്നു. അക്ഷരങ്ങളുടെ താളം അന്ത്യംവരെ മനസ്സില്‍ സൂക്ഷിച്ച പി സി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പുരോഗതിക്ക് അക്ഷീണം യത്‌നിച്ചു. എം ഇ എസിന്റെ ജില്ലാ പ്രസിഡണ്ടായും കലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് അംഗമായും അദ്ദേഹം ഈ രംഗത്ത് ചെയ്ത സേവനം വിദ്യയുടെ മഹത്വമറിയുന്നവരെല്ലാം ആദരിക്കാതിരിക്കില്ല.

               വസ്ത്രവ്യാപാര രംഗത്ത് പി സി വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. കാഞ്ഞിരാണ്ടി സ്റ്റോറും അനുബന്ധ സ്ഥാപനങ്ങളും മലബാറുകാര്‍ക്ക് സുപരിചിതമാണ്. വ്യാപാരരംഗത്ത് മികച്ച കച്ചവട മാതൃകകള്‍ അദ്ദേഹം സൃഷ്ടിക്കുകയുണ്ടായി.

               സമത്വസുന്ദരമായ ഭാരതം സ്വപ്നം കണ്ട് ഒരു വിപ്‌ളവകാരിയുടെ വീറോടെ പൊതുരംഗത്ത് വന്ന പി സി തികഞ്ഞ സോഷ്യലിസ്റ്റായിരുന്നു. സോഷ്യലിസ്റ്റുപാര്‍ട്ടിയുടെ സമുന്നത നേതാവായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അദ്ദേഹം ദിശമാറി മുസ്‌ലിംലീഗിലെത്തുന്നത്. വയനാട് ജില്ലാ മുസ്‌ലിംലീഗിന്റെ  ജനറല്‍ സെക്രട്ടറി പദവിയിലെത്തിയ അദ്ദേഹം പാര്‍ട്ടിക്ക് വയനാട്ടില്‍ വേരോട്ടമുണ്ടാക്കുന്നതില്‍ അദ്വിതീയമായ പങ്കാണ് വഹിച്ചത്. മരിക്കുമ്പോള്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ജില്ലാ ഉപാധ്യക്ഷനുമായിരുന്നു.

             രാഷ്ട്രീയം, കച്ചവടം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ധാര്‍മികതയില്‍ ചുവടുറപ്പിക്കാതെ ഒന്നിനും നിലനില്‍ക്കാനാവില്ലെന്ന് പി സിക്കറിയാമായിരുന്നു. അതുകൊണ്ട് പൊതുജീവിതത്തിലെ തിന്മകളോട് അദ്ദേഹം മുഖംതിരിച്ചു നിന്നു. സി എച്ചു മുഹമ്മദുകോയയില്‍ നിന്നും കെ കെ അബുസാഹിബില്‍ നിന്നും പി സി പലതും പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. ഇതര മതസ്ഥരുമായി നിതാന്തബന്ധമുണ്ടായിരുന്ന പി സി സമാധാനത്തിന്റെയും മതസൗഹാര്‍ദത്തിന്റെയും കാവല്‍ക്കാരന്‍ കൂടിയായിരുന്നു.

              മുജാഹിദ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാക്കളില്‍ പ്രധാനിയായും സ്റ്റേറ്റ് വൈസ് പ്രസിഡണ്ടുമായ പി സി മത നവോത്ഥാന രംഗത്ത് നിര്‍വഹിച്ച സേവനം അവിസ്മരണീയമാണ്. പനമരത്ത് നടന്ന കെ എന്‍ എം സംസ്ഥാന സമ്മേളനം മഹാസംഭവമാക്കി  മാറ്റുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചരിത്രത്തിന്റെ തങ്കത്താളുകളില്‍ രേഖപ്പെടുത്തപ്പെടും. അനാഥസംരക്ഷണ മേഖലയിലും പി സി യുടെ സേവനം കനപ്പെട്ടതാണ്.

               ചിന്തകളെ സമ്പന്നമാക്കാന്‍ ശ്രമിക്കുകയും അന്ത്യംവരെ കര്‍മനിര്‍ഭരമായ ജീവിതം നയിക്കുകയും പൊതുജീവിതത്തില്‍ ആഭിജാത്യം നിറഞ്ഞ ശൈലി കാത്തുസൂക്ഷിക്കുകയും ചെയ്ത, സൗഹൃദത്തിന്റെ മഹാസാന്നിധ്യമായിരുന്ന അഹമ്മദ് സാഹിബിന്റെ വിയോഗം  അപരിഹാര്യമായ നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. കാരണം വര്‍ത്തമാനത്തിന്റെ വളര്‍ച്ചക്കും പുരോഗതിക്കും അദ്ദേഹം അര്‍പ്പിച്ച സംഭാവനകള്‍ അത്രമാത്രം വിലപ്പെട്ടതാണ്.

               സര്‍വശക്തന്‍ അദ്ദേഹത്തിന് പരലോക സൗഭാഗ്യം നല്‍കുമാറാകട്ടെ; ആമീന്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...