Saturday, July 9, 2011

തീ തൊടാത്ത തങ്കത്തിനു തിളക്കമുണ്ടാവില്ല


               കേരള സംസ്ഥാന മുസ്‌ലിംലീഗ് അദ്ധ്യക്ഷനായി 34 വര്‍ഷം സേവനമനുഷ്ഠിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ കഥാവശേഷനായിട്ട് രണ്ടു വര്‍ഷം പിന്നിടുകയാണ്. അദ്ദേഹം പാര്‍ട്ടിക്കും സമുദായത്തിനും ചെയ്ത വിലപ്പെട്ട സേവനങ്ങളെ കുറിച്ച് നിറംപിടിപ്പിച്ച ഒട്ടേറെ കഥകള്‍ പ്രചരിപ്പിക്കപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ പാര്‍ട്ടി രംഗത്ത് സജീവമായി ഉണ്ടായിരുന്ന ഒരു പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വ്യത്യസ്തമായ അഭിപ്രായമാണ് എനിക്ക് പ്രകടിപ്പിക്കാനുള്ളത്. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍ മുസ്‌ലിംലീഗ് പ്രസിഡണ്ടായിരിക്കുമ്പോള്‍ എസ് ടി യു വിന്റെ സംസ്ഥാന ഓഫീസ് സെക്രട്ടറിയായിരുന്നു ഞാന്‍. മാത്രമല്ല എം എസ് എഫിന്റെ കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ടും അത്തോളി പഞ്ചായത്ത് സെക്രട്ടറിയുമായിരുന്നു. 1972ല്‍ കോഴിക്കോട് ലോകസഭാ സീറ്റില്‍ മത്സരിച്ച സേട്ടുസാഹിബിന്റെ പ്രസംഗം പരിഭാഷപ്പെടുത്താനും എനിക്ക് അവസരമുണ്ടായിട്ടുണ്ട്. ഇക്കാലവയളവില്‍ പക്ഷെ ശിഹാബ് തങ്ങള്‍ പാര്‍ട്ടി നേതൃനിരയില്‍ ഉണ്ടായിരുന്നില്ല.

               ബാഫഖി തങ്ങളുടെ മരണത്തെ തുടര്‍ന്ന് പാണക്കാട് പൂക്കോയതങ്ങള്‍ പ്രസിഡണ്ടായപ്പോഴും ഞാന്‍ സജീവരംഗത്തുണ്ട്. 74ല്‍ ലീഗിലുണ്ടായ ഭിന്നിപ്പില്‍ പൂക്കോയതങ്ങളും സി എച്ചും നേതൃത്വം നല്‍കിയ യൂണിയന്‍ ലീഗിന് വേണ്ടി കേരളത്തിലങ്ങോളമിങ്ങോളം പ്രസംഗിക്കാനും എഴുതാനും എനിക്ക് അവസരമുണ്ടായി. പൂക്കോയതങ്ങളോടൊപ്പം പല വേദികളിലും ഞാന്‍ പങ്കിട്ടിട്ടുമുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്നാണ് മകന്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍ സംസ്ഥാന ലീഗിന്റെ അധ്യക്ഷനാകുന്നത്. അന്നദ്ദേഹം പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലില്‍ പോലും അംഗമായിരുന്നില്ല. പൂക്കോയതങ്ങളുടെ മരണത്തിന് ശേഷം ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന പേര് സാക്ഷാല്‍ സി എച്ചിന്റേതായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെയാണ് ശിഹാബ് തങ്ങളെ പ്രസിഡണ്ട്സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.

               പൂക്കോയതങ്ങള്‍ പ്രസിഡണ്ട്പദവി അലങ്കരിക്കുമ്പോഴാണ് മുസ്‌ലിംലീഗ് പിളര്‍ന്നത്. പിളര്‍പ്പ് ഒഴിവാക്കാന്‍  തങ്ങള്‍ക്കായില്ല. പിളര്‍ന്ന പാര്‍ട്ടി ഒരു വര്‍ഷത്തിന് ശേഷം മധ്യസ്ഥരുടെ ഇടപെടലിനെ തുടര്‍ന്ന് യോജിക്കാന്‍ തീരുമാനിച്ചെങ്കിലും ആ യോജിപ്പ് ഏറെക്കാലം നീണ്ടുനിന്നില്ല. വീണ്ടും പിളര്‍ന്നു. എം കെ ഹാജിയുടെ നേതൃത്വത്തില്‍ അഖിലേന്ത്യാ ലീഗ് രൂപീകരിക്കപ്പെട്ടു. സെയ്തുമ്മര്‍ ബാഫഖിയും കേയിസാഹിബും ഹമീദലി ഷംനാടും എ വി അബ്ദുറഹിമാന്‍ ഹാജിയും ഇ ടി മുഹമ്മദ് ബഷീറും സി മോയിന്‍കുട്ടിയുമെല്ലാമായിരുന്നു അതിന്റെ നേതാക്കള്‍. പാണക്കാട് തങ്ങളുടെയും സി എച്ചിന്റെയും കൂടെ നേതാക്കള്‍ വളരെ കുറവായിരുന്നു. എങ്കിലും അതിശക്തമായ യൂണിയന്‍ ലീഗിന്റെ പ്രവര്‍ത്തനത്തിനു മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ അഖിലേന്ത്യാ ലീഗിന് കഴിഞ്ഞില്ല.

               സി എച്ചും ബി വി അബ്ദുല്ലക്കോയയും മരണപ്പെട്ടതോടെ ലീഗ് നേതൃത്വം മലപ്പുറത്തുകാരുടെ കരവലയത്തിലൊതുങ്ങി. പ്രസിഡണ്ടും സെക്രട്ടറിയും ഖജാഞ്ചിയുമെല്ലാം മലപ്പുറത്തുകാര്‍. മലപ്പുറത്ത് ജില്ല രൂപീകരിക്കാന്‍ വാദിച്ചത് കോഴിക്കോട് ജില്ലക്കാരായ ലീഗ് നേതാക്കളായിരുന്നുവെന്ന കാര്യം അവര്‍ ഓര്‍ക്കുന്നുേേണ്ടാ ആവോ. ബാഫഖിതങ്ങളും സി എച്ചും ബി വി അബ്ദുല്ലക്കോയയുമായിരുന്നു അന്നത്തെ ലീഗ് നേതാക്കള്‍.

               ശിഹാബ് തങ്ങള്‍ ലീഗ് അധ്യക്ഷനായിരിക്കുമ്പോഴാണ് സമസ്ത പിളര്‍ന്നത്. മുജാഹിദ് പ്രസ്ഥാനം രണ്ടായത്. പൂക്കോയതങ്ങളുടെ കൂടി നേതാവായിരുന്ന ലീഗ് അഖിലേന്ത്യാ പ്രസിഡണ്ട് സേട്ടുസാഹിബിനെ പുറത്താക്കിയത്. ബാബരി മസ്ജിദ് തകര്‍ക്കാന്‍ ഒത്താശചെയ്ത നരസിംഹറാവുവിന്റെ കരങ്ങള്‍ക്ക് ശക്തിപകരാന്‍ സേട്ടു തയാറില്ലായിരുന്നു. അതുകൊണ്ട് ഐ എന്‍ എല്‍ ഉണ്ടായി . പി ഡി പി പിറന്നു. എന്‍ ഡി എഫ് ജന്മംകൊണ്ടു. മുസ്ലിം സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം കുപ്പത്തൊട്ടിയിലെറിയപ്പെട്ടു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ കേരളം ശാന്തമായി നിലകൊള്ളാന്‍ കാരണം ശിഹാബ് തങ്ങളുടെ സാന്നിധ്യമാണെന്ന് ലീഗുകാര്‍ അവകാശപ്പെട്ടു. ഇന്ത്യയിലെ മുസ്‌ലിംകള്‍ തീപിടിച്ച തലയുമായി ഓടിനടക്കുമ്പോള്‍ കേരളം കത്തിയില്ല. എന്നായിരുന്നു ചന്ദ്രികയില്‍ കെ എന്‍ എ ഖാദറിന്റെ ലേഖനം. എന്നാല്‍ ഇന്ത്യയിലെവിടെയും ബാബരി മസ്ജിദിന്റെ പേരില്‍ മുസ്‌ലിംകള്‍ കലാപം അഴിച്ചുവിട്ടിരുന്നില്ല. മസ്ജിദ് തകര്‍ക്കപ്പെട്ട തിനെ തുടര്‍ന്ന് കലാപം നടന്നത് ബോമ്പെയിലായിരുന്നു. അത് സംഘടിപ്പിച്ചതാകട്ടെ ശിവസേനയും. 300ലേറെ പേര്‍ കൊല്ലപ്പെട്ടു. എല്ലാം മുസ്‌ലിംകളായിരുന്നു.

               മാറാട് കേരളത്തിലാണല്ലോ. അവിടെ രണ്ട് വട്ടം കലാപം നടന്നു. മൊത്തം 14 പേര്‍ കൊല്ലപ്പെട്ടു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. നിരപരാധികള്‍ വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടിവന്നു. ശിഹാബ് തങ്ങളുടെ പ്രസ്താവന അന്നുമുണ്ടായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ അനുയായികള്‍ പോലും അത് ചെവിക്കൊണ്ടില്ല. മരിക്കുന്നത് വരെ തങ്ങള്‍ മാറാട്ടെ കലാപബാധിതരെ സ്വാന്ത്വനിപ്പിക്കാന്‍ എത്തിയതുമില്ല. അങ്ങാടിപ്പുറത്ത് അമ്പലത്തിന് തീപിടിച്ചപ്പോള്‍ എത്തിയത് പബ്‌ളിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തുകൊണ്ട് താന്‍ നിരന്തരമെത്തുന്ന കോഴിക്കോടിന് വിളിപ്പാടകലെയുള്ള മാറാട്ട് അദ്ദേഹമെത്തിയില്ല?

               ഇന്ത്യന്‍യൂണിയന്‍ മുസ്‌ലിംലീഗിന് എട്ടു സംസ്ഥാനങ്ങളില്‍ ശാഖകളുണ്ടായിരുന്നു. മഹരാഷ്ട്രയിലും അസമിലും ബംഗാളിലും തമിള്‍നാട്ടിലും കര്‍ണാടകയിലും എം എല്‍ എമാരും എം പിമാരുമൊക്കെ ഉണ്ടായിരുന്നു. ബംഗാളില്‍ ഹസ്സനുസ്സമാന്റെ നേതൃത്വത്തില്‍ മൂന്നു മന്ത്രിമാരുമുണ്ടായിരുന്നു. ശിഹാബ് തങ്ങള്‍ മരിക്കുമ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് എന്ന പേര് മാത്രം. എട്ട് സ്റ്റേറ്റുകള്‍ക്ക് പകരം രണ്ടു സംസ്ഥാനങ്ങളിലായി ചുരുങ്ങി.  പ്രഥമ കേരള അസംബ്‌ളിയില്‍ ലീഗിന് എട്ട് എം എല്‍ എമാരാണ് ഉണ്ടായിരുന്നത്. തങ്ങള്‍ മരിക്കുമ്പോഴും എട്ട് എം എല്‍ എമാര്‍!

               ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ കേരളാ സ്റ്റേറ്റ് ലീഗാക്കി വളര്‍ത്തിയ മഹാന്‍ എന്നതായിരിക്കും ശിഹാബ് തങ്ങള്‍ക്ക് ചേരുന്ന ലക്ഷണമൊത്ത വിശേഷണം. പ്രതിസന്ധി ഘട്ടങ്ങളില്‍ പാര്‍ട്ടി വളര്‍ത്തിയ നിരവധി നേതാക്കളെ ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ക്ക് വേണ്ടി- അഥവാ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം പുറത്താക്കിയിട്ടുണ്ട്. പിതാവായ പൂക്കോയതങ്ങളെ ലീഗില്‍ കൊണ്ടുവന്ന ചാക്കീരി അഹമ്മദ്കുട്ടി സാഹിബ്, സേട്ടുസാഹിബ്, കേയി സാഹിബ് ,യു എ ബീരാന്‍, പി എം അബൂബക്കര്‍ അവരുടെ പട്ടിക നീണ്ടതാണ്. സീതിഹാജി, ഇ എസ് എം ഹനീഫഹാജി, കെ കെ എസ് തങ്ങള്‍ അങ്ങനെ കണ്ണീര് കുടിച്ച് മരിച്ച നേതാക്കളും നിരവധി. ആര്‍ക്കുവേണ്ടിയായിരുന്നു ഇതൊക്കെ. ലീഗ് നേതൃത്വവും അണികളും ഇതിനുള്ള ഉത്തരം നിര്‍ബന്ധമായും തേടണം.

               കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ ശ്രമഫലമായി നിരവധി പള്ളികളും മതസ്ഥാപനങ്ങളും കോളജുകളും കേരളത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. നിരവധി പള്ളികള്‍ക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്ത ശിഹാബ് തങ്ങളുടെ ശ്രമഫളമായി ഒരു പള്ളിയോ  മദ്രസയോ കേരളത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ടോ? ജ്വല്ലറികളും ഷോപ്പിംഗ് കോംപ്‌ളക്‌സുകളും ഉദ്ഘാടനം ചെയ്യാന്‍ ഓടിനടക്കുകയായിരുന്നു അദ്ദേഹം. സമുദായത്തില്‍ സ്വര്‍ണഭ്രമം വളര്‍ത്തുന്നതില്‍ അതുവഴി അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്.

               ബാബരി മസ്ജിദ് തകര്‍ക്കാന്‍ സൗകര്യം ചെയ്തുകൊടുത്ത കോണ്‍ഗ്രസിനൊപ്പം മന്ത്രിസഭയില്‍ ഇരിക്കരുതെന്നും ഒരു ദിവസമെങ്കിലും രാജിവെച്ച് പുറത്തിരിക്കണമെന്നും ആഗ്രഹിച്ചവരാണ് കേരളത്തിലെയും ഇന്ത്യയിലെയും മുസ്‌ലിംകള്‍. അതിനു പക്ഷെ ലീഗ് തയാറായില്ല. ശിഹാബ് തങ്ങള്‍ അതിന് ഉപദേശിച്ചില്ല. അല്ലെങ്കില്‍ അധികാരമോഹികളുടെ കയ്യില്‍ അദ്ദേഹം കളിപ്പാവയായി. ഐസ്‌ക്രിം കേസിനെ തുടര്‍ന്നു കുഞ്ഞാലിക്കുട്ടി ഗത്യന്തരമില്ലാതെയാണ് കഴിഞ്ഞ തവണ മന്ത്രിസ്ഥാനം രാജിവെച്ചത്. അതിന് മുമ്പ് അദ്ദേഹത്തെ കൊണ്ട് രാജിവെപ്പിക്കാനും തങ്ങള്‍ക്കായില്ല.

               തിന്മകളുടെ മൂര്‍ത്തികള്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയപ്പോള്‍ അദ്ദേഹം മൗനമവലംബിച്ചു. വിശുദ്ധവ്യക്തിത്വങ്ങളെ അപ്പാടെ അകറ്റുകയും ചെയ്തു.

               പ്രശ്‌നങ്ങളെ നേരിടുന്നതും പരിഹരിക്കുന്നതും കഠിനാധ്വാനമാണ്. അതിന് സംഘടനയെ കുറിച്ചും സമുദായത്തെ കുറിച്ചും ആത്മനിഷ്ഠമായ ഒരു അവബോധം ആവശ്യമാണ്. വ്യത്യസ്ത വീക്ഷണങ്ങളും ഭിന്നരുചികളുമുള്ള പരസഹസ്രങ്ങള്‍ അണിനിരന്ന പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുക്കുന്നവര്‍ അവര്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ നീതിയുക്തമായി നിറവേറ്റാനുള്ള നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കേണ്ടതുണ്ട്. ലീഗിനകത്തുയര്‍ന്ന എല്ലാ വിലാപങ്ങളും ബധിര കര്‍ണങ്ങളിലാണല്ലോ പതിച്ചത്. ഇസ്ലാമിന്റെ പേരിലാകുമ്പോള്‍ മതം മനുഷ്യന്റെ അകപ്പൊരുളിനെ പരിവര്‍ത്തിപ്പിക്കാനുള്ളതാണെന്ന ബോ്വധം നേതൃത്വത്തിന് ഇല്ലാതെ പോകുന്നു.

               ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന മൗലികാവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും പുറമെ ഇസ്‌ലാം അനുവദിക്കുന്ന ചില സ്വാതന്ത്ര്യങ്ങളുമുണ്ട്. ഇവ രണ്ടും പക്ഷെ ലീഗില്‍ നിഷിധമാണ്. സ്വന്തം അഭിപ്രായമുള്ളവന്‍ പടിക്കുപുറത്താണ്. പഴയകാല രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ വിപ്‌ളവാഗ്നി മനസ്സിലിപ്പോഴും ജ്വലിച്ചുനില്‍ക്കുന്ന ഒട്ടേറെ പ്രവര്‍ത്തകര്‍ ഇപ്പോഴും ജീവനോടെയുണ്ട്. അതുകൊണ്ട് ലീഗുകാരനുണ്ടായിരിക്കേണ്ട രാഷ്ട്രീയബോധം നിത്യയൗവനത്തോടെ അവരിലിന്നും നിലനില്‍ക്കുന്നുമുണ്ട്. സ്വാനുഭവങ്ങള്‍ അത് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു.

               നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്നത്തെ നേതൃത്വത്തിനാവുന്നുണ്ടോ? ~ഒട്ടുമില്ല. ഉണ്ടാവാന്‍ സാധ്യതയുമില്ല. തീ തൊടാത്ത തങ്കത്തിന് തിളക്കമുണ്ടാവില്ല. ജീവിതത്തില്‍ സഹിക്കാനും സമര്‍പ്പിക്കാനും സാധിക്കുന്നവര്‍ക്കേ കാലത്തെ അതിജീവിക്കാനാവൂ. ഊതിവീര്‍പ്പിക്കപ്പെട്ട വ്യക്തിത്വങ്ങള്‍ക്ക് അതൊരിക്കലും സാധിക്കില്ല; തീര്‍ച്ച.

1 comment:

  1. സത്യസന്ധവും ശക്തവുമായ നിരീക്ഷണങ്ങള്‍ 

    ReplyDelete

Related Posts Plugin for WordPress, Blogger...