Saturday, July 9, 2011

ബജറ്റിന് പ്രത്യാശയുടെ നിറപ്പൊലിമ


                സാധാരക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ധനമന്ത്രി കെ എം മാണി അവതരിപ്പിച്ച യു ഡി എഫ് ഗവണ്‍മെന്റിന്റെ കന്നി ബജറ്റിനു പ്രത്യാശയുടെ നിറപ്പൊലിമ അവകാശപ്പെടാം. എന്നാല്‍ അടിത്തറയുള്ള സമൃദ്ധി നേടിയെടുക്കാന്‍ പതിവുപോലെ ഈ ബജറ്റിനും സാധിക്കില്ലെങ്കിലും ഉപരിതല സ്പര്‍ശിയായ പുരോഗതി തീര്‍ച്ചയായും പ്രതീക്ഷിക്കാം. ബജറ്റിന്റെ സ്മൃതിസുഗന്ധം കൈമോശം വരാതിരിക്കാന്‍ തന്റെ ഒമ്പതാമത്തെ ബജറ്റിലും മാണി പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്ന് സമ്മതിക്കണം. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ മുഴുവന്‍ നടപ്പാക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നുണ്ടെങ്കിലും കഴിഞ്ഞ ബജറ്റുകളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന ആരും അത് സമ്മതിച്ചുതരുമെന്ന് തോന്നുന്നില്ല.
സംസ്ഥാനത്തിന്റെ കടബാധ്യത ആസ്തിയുടെ രണ്ടിരട്ടി വരുമെന്ന് മന്ത്രി വെളിപ്പെടുത്തുമ്പോള്‍ ഉള്ളം പിടയാത്ത മലയാളി ഉണ്ടാവില്ല. നടപ്പു സാമ്പത്തികവര്‍ഷം സംസ്ഥാനത്തിന്റെ കടബാധ്യത 88857 കോടി രൂപയാണ്! കടത്തില്‍ 93 ശതമാനത്തിന്റെ വര്‍ധന. മൂലധനച്ചെലവിനു വേണ്ടി കടമെടുക്കാമെന്നാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ഇതിനു പറഞ്ഞ ന്യായം.  സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ മുന്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. റവന്യൂകമ്മി കുറച്ചുകൊണ്ടുവരാനും സാധിച്ചില്ല. പ്രൊഡക്ടിവിറ്റി വര്‍ധിപ്പിക്കാനോ ചെലവ് ചുരുക്കാനോ ഭരണകൂടവും അന്നത്തെ ധനമന്ത്രിയും കാര്യമായി ഒന്നും ചെയ്തതുമില്ല.

                എന്നാല്‍ ജനങ്ങളുടെ സ്വപ്നങ്ങളില്‍ കയറിവന്നു മോഹിപ്പിക്കാന്‍ മന്ത്രി മാണിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ബജറ്റിലെ നിര്‍ദേശങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യമാവും. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍ തൊഴില്‍ദാന പദ്ധതികളും ക്ഷേമപദ്ധതികളും പെന്‍ഷന്‍ പദ്ധതികളും ധാരാളമുണ്ട്. 500 കോടി മുതല്‍മുടക്കില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് ഒരു വാഗ്ദാനം. ഖാദി മേഖലയില്‍ മാത്രം 5000 തൊഴിലവസരങ്ങള്‍. എല്ലാ തൊഴിലാളി ക്ഷേമ പെന്‍ഷനും 400 രൂപയാക്കി വര്‍ധിപ്പിച്ചിരിക്കുന്നു. 60 വയസ്സ് കഴിഞ്ഞവര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും 300 രൂപ വീതം പെന്‍ഷന്‍ പ്രഖ്യാപിക്കുകയും ചെയ്തു.  രണ്ടാംലോക മഹായുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ഇനി മുതല്‍ ആയിരം രൂപ പെന്‍ഷന്‍ ലഭിക്കുന്നതാണ്.

               തുഞ്ചത്തെഴുത്തച്ഛന്റെ പേരില്‍ തിരൂരില്‍ മലയാളം സര്‍വകലാശാല സ്ഥാപിക്കാനുള്ള തീരുമാനം തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നു. പാണക്കാട്ട് എഡ്യുക്കേഷണല്‍ ആന്റ് ഹെല്‍ത്ത് ഹബിന് ഒരു കോടി രൂപയും ചെമ്പൈയില്‍ ഫോക്ക്‌ലോര്‍ അക്കാദമിക്ക് 25 ലക്ഷം രൂപയും  വെങ്ങാനൂര്‍ അയ്യങ്കാളി സ്മാരക സ്‌കൂള്‍ വികസനത്തിന് ഒരുകോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നു. ചവറയില്‍ ടെക്‌നിക്കല്‍ ട്രെയ്‌നിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കാനും നിശ്ചയിച്ചിട്ടുണ്ട്.

               മലപ്പുറം, കാസര്‍ക്കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി നാലു പുതിയ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുമെന്ന  പ്രഖ്യാപനം എന്തുകൊണ്ടും ആഹ്‌ളാദകരമാണ്. കോഴിക്കോട് മെഡിക്കല്‍ കോളെജിലെ അഭൂതപൂര്‍വമായ തിരക്ക് ഒഴിവാക്കാനും ഇത് വഴിയൊരുക്കും. കൂടാതെ എല്ലാ ജില്ലകളിലും ഡയാലിസിസ് സെന്ററും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള ആശുപത്രികളും സ്ഥാപിക്കുന്നതാണ്.  തൃശൂര്‍, ആലപ്പുഴ, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 43 കോടി രൂപ നീക്കിവെച്ചിരിക്കുന്നു. എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലും രാജീവ് ആരോഗ്യശ്രീ ഇന്‍ഷ്വറന്‍സ് പദ്ധതി കൊണ്ടുവരും. കൂടാതെ എല്ലാ  വിദ്യാര്‍ഥികള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്യും. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി  9,10 ക്‌ളാസുകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതാണ്.

               കൊച്ചി മെട്രോക്ക് 25 കോടിയും വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 150 കോടിയും നീക്കിവെച്ചു. മുല്ലപ്പെരിയാര്‍ ഡാം നാലുകൊല്ലം കൊണ്ട് യാഥാര്‍ഥ്യമാക്കും. ഇതിനായി പ്രത്യേക അതോറിട്ടിയും രൂപീകരിക്കും. പുതിയ മരാമത്ത് പണികള്‍ക്ക്  325 കോടി രൂപയും  റിംഗ് റോഡിന് പത്തുകോടിയും  കണ്ണൂര്‍ വിമാനത്താവളത്തിന് 30 കോടിയും വിഴിഞ്ഞം   പദ്ധതിക്ക് 150 കോടി രൂപയും വകകൊള്ളിച്ചു. ജോലി നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ വിശദാംശങ്ങള്‍ വ്യക്തമല്ല. ഒരു രൂപക്ക് അരി നല്‍കുന്ന പദ്ധതിക്ക് 200 കോടി രൂപ വകയിരുത്തിയത് അപര്യാപ്തമാണെങ്കിലും ആശ്വാസകരം തന്നെയാണ്.

              എന്നാല്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം  വിലനിലവാരം പിടിച്ചുനിര്‍ത്താനുള്ള ശക്തമായ നടപടികളാണ് പ്രധാനം. വിലക്കയറ്റത്തെ നേരിടുമെന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോയതുകൊണ്ട് പ്രയോജനമില്ല. എന്തെല്ലാം മോഹനവാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചാലും വിലക്കയറ്റം തടുത്തുനിര്‍ത്താനാവില്ലെന്ന നിസ്സഹായതയാണ് സംസ്ഥാന ഭരണകൂടം മാത്രമല്ല കേന്ദ്ര സര്‍ക്കാരും പ്രകടിപ്പിക്കുന്നത്. രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ സാധിക്കാതെ വലയുന്ന ജനങ്ങളുടെ വിലാപം ശ്രദ്ധിക്കാത്ത ഒരു ബജറ്റും അതുകൊണ്ടു തന്നെ പൂര്‍ണമാണെന്ന് എങ്ങനെ അവകാശപ്പെടാനാവും?  ഇന്ധനവില നിരന്തരം വര്‍ധിപ്പിക്കുന്ന സാഹചര്യത്തില്‍ വില നിയന്ത്രണത്തിനു പുതിയ നിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. അതുപോലെ തന്നെ കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച 40000 കോടിയുടെ റോഡ് വികസനപദ്ധതി ഉപേക്ഷിക്കരുതായിരുന്നു. ഇ എം എസ് ഭവനപദ്ധതി വേണ്ടെന്നുവെച്ചെങ്കിലും പകരം മറ്റൊരു പദ്ധതി പ്രഖ്യാപിച്ചത് ഏതായാലും നന്നായി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...