കേരളത്തില്‍ യു എ ഇ കോണ്‍സുലേറ്റ് തുടങ്ങാന്‍ തത്വത്തില്‍ ധാരണയായി എന്ന വാര്‍ത്ത സംസ്ഥാനത്തെ മാത്രമല്ല ദക്ഷിണേന്ത്യയിലെ തന്നെ ലക്ഷക്കണക്കായ പ്രവാസികള്‍ക്കും തൊഴിലന്വേഷകര്‍ക്കും ആഹ്‌ളാദവും ആവേശവും പകരുന്നതാണ്. ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു എ ഇ വിദേശമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിദേശകാര്യ സഹമന്ത്രി ഇ അഹമദ് നടത്തിയ ചര്‍ച്ചയിലാണ് ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചത്. ഇന്ത്യയില്‍ തുറക്കുന്ന മൂന്നാമത്തെ നയതന്ത്ര കാര്യാലയമായിരിക്കുമിത്. ഇപ്പോള്‍ മുംബൈയില്‍ കോണ്‍സുലേറ്റും ദല്‍ഹിയില്‍ എമ്പസിയുമുണ്ട്. യു എ ഇ മലയാളി പ്രവാസി സമൂഹത്തിന്റെ എണ്ണപ്പെരുപ്പം കണക്കിലെടുത്താണ് പുതിയ കേന്ദ്രം തുറക്കാന്‍ ശൈഖ് അബ്ദുല്ല സമ്മതിച്ചത്.
വിസ സംബന്ധിച്ച ആവശ്യങ്ങള്‍ക്കും മറ്റ് അറ്റസ്റ്റേഷന്‍ കാര്യങ്ങള്‍ക്കും ദല്‍ഹിയേയും മുംബൈയേയും ആശ്രയിക്കാന്‍ വിധിക്കപ്പെട്ട മലയാളികള്‍ക്കും ദക്ഷിണേന്ത്യക്കാര്‍ക്കും ഇനി ഇവിടെ നിന്ന് തന്നെ പരിഹാരമുണ്ടാകുമ്പോള്‍ അത് നല്‍കുന്ന ആശ്വാസവും സൗകര്യവും ചെറുതല്ല. ഈ ആവശ്യം നേടിയെടുക്കാന്‍ നാളിതുവരെ നടത്തിയ ശ്രമങ്ങള്‍ വളരെ വൈകിയാണെങ്കിലും യാഥാര്‍ഥ്യമാവുമ്പോള്‍ അതിനുവേണ്ടി അക്ഷീണയത്‌നം നടത്തിയ കേന്ദ്ര മന്ത്രിമാരും അവരോട് അനുഭാവസമീപനം സ്വീകരിച്ച യു എ ഇ ഭരണാധികാരികളും തീര്‍ച്ചയായും അനുമോദനമര്‍ഹിക്കുന്നു.
കോണ്‍സുലേറ്റ് തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നടപടികളാരംഭിക്കാന്‍ ദല്‍ഹിയിലെ എമ്പസി ഉദ്യോഗസ്ഥര്‍ക്ക് യു എ ഇ സര്‍ക്കാര്‍ നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. ഇത്തരം കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്ന അവരുടെ എമ്പസി അധികം വൈകാതെ മലയാളികളുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കുമെന്ന് ഉറപ്പാണ്. യു എ ഇയിലെ പരസഹസ്രം മലയാളികള്‍ അനുഭവിക്കുന്ന പ്രയാസങ്ങളെ കുറിച്ച് അവിടുത്തെ സര്‍ക്കാരിന്റെ ശ്രദ്ധ പതിഞ്ഞിരുന്നുവെങ്കിലും അത് യാഥാര്‍ഥ്യമാകാന്‍ വളരെ വൈകിയത് നമ്മുടെ അനാസ്ഥകൊണ്ട് മാത്രമാണ്.
യുണൈറ്റഡ് അറബ് എമിറേറ്റിലെ മലയാളികള്‍ നേരിടുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച് വേഗത്തിലും കൃത്യമായും വിവരങ്ങള്‍ കൈമാറുന്നതിന് പുതിയ കോണ്‍സുലേറ്റ് വലിയ സഹായകമാവും. അയല്‍സംസ്ഥാനങ്ങളായ കര്‍ണാടക, തമിള്‍നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്ന് യു എ ഇയില്‍ തൊഴിലന്വേഷിക്കുന്നവര്‍ക്കും ഇനി ദല്‍ഹിയേയും മുംബൈയേയും ആശ്രയിക്കേണ്ടിവരില്ല. ബിസിനസ് സംബന്ധിച്ച രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിനും അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്കും ഇതോടെ അറുതിയാവും.
കേരളത്തിനകത്തും പുറത്തുമുള്ള തൊഴിലന്വേഷകരുടെ പ്രധാന അഭയകേന്ദ്രം ഇന്നും യു എ ഇ തന്നെയാണ്. അവിടെയെത്തുന്ന വിദേശികളില്‍ മഹാഭൂരിപക്ഷവും മലയാളികളുമാണ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്നും ഏറ്റവും കൂടുതല്‍ തൊഴില്‍സാധ്യതയുള്ളതും യു എ ഇയില്‍ തന്നെ. അവിടുത്തെ മെച്ചപ്പെട്ട ജീവിത സൗകര്യങ്ങളും ഉയര്‍ന്ന സേവന, വേതന വ്യവസ്ഥകളും ഇന്നും എല്ലാവരുടെയും ആകര്‍ഷണ കേന്ദ്രമായി നിലനില്‍ക്കുന്നു. പുതുതായി ബിസിനസ് ആരംഭിക്കുന്നവര്‍ക്കും യു എ ഇ തന്നെയാണ് പ്രധാനമായും കവാടങ്ങള്‍ തുറന്നുവെക്കുന്നത്. ദുബൈ, അബുദാബി, അല്‍ഐന്‍, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ നിരവധി വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മലയാളികളുടേതായുണ്ട്. തൊഴില്‍ രംഗത്തെന്ന പോലെ വ്യാപാരരംഗത്തും മലയാളികളുടെ കുത്തക മറ്റാര്‍ക്കും ഇതുവരെയും തകര്‍ക്കാനായിട്ടില്ല. ഖത്തര്‍, ബഹറൈന്‍, കുവൈത്ത്, മസ്‌ക്കത്ത് സഊദി അറേബ്യ എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ലെന്ന് പറയാം. അവിടങ്ങളിലെ തൊഴിലന്വേഷകരും ബിസിനസുകാരും പ്രവാസികളും കേരളത്തില്‍ കോണ്‍സുലേറ്റ് ഉണ്ടായിക്കാണാന്‍ ആഗ്രഹിക്കുക സ്വാഭാവികമാണ്.
യു എ ഇയിലെ വിവിധ തൊഴില്‍ സാധ്യതകള്‍ യഥാസമയം സംസ്ഥാനത്തിന് ലഭ്യാമാവാന്‍ പുതിയ കോണ്‍സുലേറ്റ് വലിയ സഹായകമാവുമെന്നതില്‍ സംശയമില്ല. സ്മാര്‍ട് സിറ്റി യാഥാര്‍ഥ്യമാകാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ടീകോമിനെപ്പോലെ കേരളത്തില്‍ നിക്ഷേപം നടത്താന്‍ കൂടുതല്‍ രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും പുതിയ കോണ്‍സുലേറ്റ് വഴി അവസരങ്ങള്‍ തുറന്നുകിട്ടുകയും ചെയ്യും.അതിലൂടെ ഗള്‍ഫില്‍ മാത്രമല്ല കേരളത്തിനും സാമ്പത്തിക നേട്ടത്തോടൊപ്പം തൊഴിലവസരങ്ങളും പ്രതീക്ഷിക്കാവുന്നതാണ്.
കേരളത്തിലെ ടൂറിസത്തിനും കോണ്‍സുലേറ്റിന് വലിയ സംഭാവനകള്‍ അര്‍പ്പിക്കാനാവും. യു എ ഇയില്‍ നിന്ന് കൂടുതല്‍ പേരെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് ഉറപ്പാണ്.യു എ ഇയിലെ പാവപ്പെട്ടവര്‍ക്ക് സബ്‌സിഡി നിരക്കില്‍ വിദഗ്ധ ചികിത്സക്ക് അവിടുത്തെ സര്‍ക്കാര്‍ സൗകര്യം ചെയ്യാറുണ്ട്. അത് പ്രയോജനപ്പെടുത്താനും കേരളത്തിലെ മെഡിക്കല്‍ ടൂറിസം മെച്ചപ്പെടുത്താനും അവസരം കൈവരും. അതുപോലെ തന്നെ സംസ്ഥാനത്തെയും യു എ ഇയിലെ വിവിധ എമിറേറ്റുകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന വാണിജ്യ വ്യവസായ സംഘടനകളുടെ സംയുക്ത സംരംഭങ്ങള്‍ക്ക് വഴിയൊരുങ്ങും. ഇതൊക്കെ ആത്യന്തികമായി കേരളവും യു എ ഇയിലും തമ്മിലുള്ള ആത്മബന്ധത്തിന് പ്രഭ പകരുകയും ചെയ്യും.
No comments:
Post a Comment