Thursday, July 14, 2011

വീണ്ടും ഇന്റലിജന്‍സ് വീഴ്ച


          ഒരു ഇടവേളക്ക് ശേഷം മുംബൈ നഗരം വീണ്ടും ചോരയില്‍ കുതിര്‍ന്നിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ ഭീതിയുടെ നിഴലിലമര്‍ന്നു. ബുധനാഴ്ച വൈകിട്ട് തെരുവുകളില്‍ തിരക്കേറിയ സമയത്തായിരുന്നു മൂന്നു സ്‌ഫോടനങ്ങളും. തെക്കന്‍ മുംബൈയിലെ സ്വര്‍ണ-രത്‌ന വ്യാപാരകേന്ദ്രമായ സവേരി ബസാറില്‍  ആദ്യ സ്‌ഫോടനം. രണ്ടാമത്തെ സ്‌ഫോടനം  ദാദറിലെ കബൂത്തര്‍ ഖാനയില്‍  ടാക്‌സികാര്‍ പൊട്ടിത്തെറിച്ചായിരുന്നു. മൂന്നാമത്തെ സ്‌ഫോടനം നടന്ന ചര്‍ണിയില്‍  നിര്‍ത്തിയിട്ട ബൈക്കാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. 2008 നവമ്പറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണം, ഇന്ത്യന്‍ ജനതയുടെ ആത്മാഭിമാനത്തിനേല്‍പിച്ച കനത്ത ആഘാതത്തില്‍ നിന്ന് ഇതുവരെയും മുക്തമായിട്ടില്ല. അതിനിടയിലാണ് അത്യന്തം ആസൂത്രിതമായ പുതിയ ആക്രമണം. 166 പേരെ കൊന്നൊടുക്കുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഭീകരാക്രമണത്തിനു ശേഷം സുരക്ഷാ സംവിധാനങ്ങള്‍ കര്‍ക്കശമാക്കിയിട്ടും ഫലമുണ്ടായില്ല. ബുധനാഴ്ച നടന്ന സ്‌ഫോടന പരമ്പരയെ കുറിച്ച് ഒരു സൂചന പോലും നല്‍കാന്‍ നമ്മുടെ ഇന്റലിജന്‍സ് വിഭാഗത്തിന് കഴിയാതെ പോയി. ഒരു പക്ഷെ ഭീകരവാദികള്‍ മുംബൈ വിട്ടുപോകാത്തതിനു പ്രധാന കാരണം ഈ ഇന്റലിജന്‍സ് വീഴ്ചയാണെന്ന് കരുതുന്നതില്‍ തെറ്റില്ല.

          ആസൂത്രിതമായ തീവ്രവാദി ആക്രമണമാണ് മുംബൈയില്‍ നടന്നതെന്ന് ആഭ്യന്തരമന്ത്രി പി ചിദംബരം തന്നെ സമ്മതിക്കുന്നു. മൂന്നു സ്‌ഫോടനങ്ങളും അതീവ ശക്തിയേറിയ ഇംപ്രൊവൈസ്ഡ് എക്‌സ്പ്‌ളോസീവ് ഡിവൈസ് ഉപയോഗിച്ചാണെന്നും അദ്ദേഹം സ്ഥിരീകരിച്ചിരിക്കുന്നു. എന്നിട്ടും ആര്‍ജവ സാന്നിധ്യം വിളംബരം ചെയ്യാന്‍ നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചില്ല. ഇന്നലെയുടെ അനുഭവങ്ങളിലേക്ക് ഊളിയിട്ടാലും അന്വേഷണ ഏജന്‍സികളുടെ അക്ഷന്തവ്യമായ വീഴ്ചയാണ് തെളിയുന്നത്. എന്നാല്‍ സ്‌ഫോടനം നടന്നുകഴിഞ്ഞാല്‍ പ്രതികള്‍ ആരെന്ന് പ്രഖ്യാപിക്കാന്‍ എന്തൊരു മെയ്‌വഴക്കമാണെന്നോ. ഇന്ത്യന്‍ മുജാഹിദീനെയാണ് പതിവുപോലെ ഇത്തവണയുംസംശയിക്കുന്നത്. ശരിയായിരിക്കാം. എന്നാല്‍ ഏതെങ്കിലും വസ്തുതകളുടെയോ തെളിവുകളുടേയോ അടിസ്ഥാനത്തിലാണോ ഈ നിഗമനം. ഇന്ത്യന്‍ മുജാഹിദീനോ മറ്റാരെങ്കിലുമോ ആസൂത്രിതമായി ആവിഷ്‌ക്കരിച്ച സ്‌ഫോടനപരമ്പരയെ പറ്റി മുന്‍കൂട്ടി ഒരു സൂചനപോലും ലഭിക്കുന്നില്ലെങ്കില്‍ പിന്നെ ഇത്തരം ഇന്റലിജന്‍സ് വിഭാഗത്തെ തീറ്റിപ്പോറ്റേണ്ടതുണ്ടോ. ജനങ്ങളുടെ രാഷ്ട്രീയബോധത്തെ പ്രകോപിപ്പിക്കാനേ ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിരീക്ഷണങ്ങള്‍ ഉപകരിക്കൂ. ഭീകരാക്രമണങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതില്‍ വന്ന വീഴ്ച മറച്ചുപിടിക്കാനുള്ള പൊടിക്കൈകളായി മാത്രമേ ഇത്തരം ചെപ്പടിവിദ്യകളെ കാണാനാവൂ.

         ഇന്റലിജന്‍സിന്റെ ആഢ്യത്വം  ഒലിച്ചുപോയ നിരവധി അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. 2007 ഫെബ്രുവരി 19ന് 67പേരുടെ മരണത്തിനിടയാക്കിയ  സംഝോത എക്‌സ്പ്രസ് സ്‌ഫോടനം, അതേ വര്‍ഷം മെയ് 18ന് ഹൈദരബാദില്‍ 14 പേര്‍ കൊല്ലപ്പെട്ട മക്കാ മസ്ജിദ് സ്‌ഫോടനം, ഒക്‌ടോബര്‍ 11ന് രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടനം തുടങ്ങിയവയില്‍ ഹിന്ദു തീവ്രവാദികള്‍ക്കായിരുന്നു പങ്ക്. എന്നാല്‍ നമ്മുടെ ഇന്റലിജന്‍സ് വിഭാഗം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ആദ്യം നല്‍കിയത്. ലഷ്‌ക്കറെ ത്വയ്ബയും ഇന്ത്യന്‍ മുജാഹിദീനുമായിരുന്നു അന്നും പ്രതിക്കൂട്ടില്‍. നിരവധി നിരപരാധികളെ ഇതിന്റെ പേരില്‍ തുറുങ്കിലടക്കുകയും ചെയ്തു. അസീമാനന്ദ  എന്ന ഹിന്ദുസന്യാസി സത്യം സത്യവാങ്മൂലത്തിലൂടെ കോടതി മുമ്പാകെ വെളിപ്പെടുത്തിയിട്ടും നിരപരാധികളെ മോചിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ അറച്ചുനിന്നു. പ്രതിഭാശക്തിയില്‍ ലോകത്ത് ഏറ്റവും പിന്നിലാണെന്ന് തെളിയിക്കാന്‍ ലഭിക്കുന്ന ഒരവസരവും നമ്മുടെ ഇന്റലിജന്‍സ് വിഭാഗം പാഴാക്കാറില്ലെന്ന് പറയുന്നതാവും ശരി.  കാലാവസ്ഥാ നിരീക്ഷകരെ പോലെ  ഇന്റലിജന്‍സ് വിഭാഗത്തിന്റെ നിഗമനങ്ങളെയും പൊതുജനം മുഖവിലക്കെടുക്കാത്തത് വെറുതെയല്ല.

          2008 നവമ്പര്‍ 26ന് മുംബൈയില്‍ രാജ്യാന്തര ആസൂത്രണത്തോടെയായിരുന്നു ആക്രമണം നടന്നത്. സി എസ് ടി റെയില്‍വെ സ്റ്റേഷന്‍, താജ്-ഒബ്‌റോയ് ഹോട്ടലുകള്‍, നരിമാന്‍ ഹൗസ് എന്നിവിടങ്ങളിലായി നടന്ന ഭീകരാക്രമണം അറുപത് മണിക്കൂറോളം നീണ്ടുനില്‍ക്കുകയുണ്ടായി. ആ സംഭവമുണ്ടാക്കിയ നടുക്കവും തളര്‍ച്ചയും  ഉല്‍ക്കണ്ഠാജനകമായിരുന്നു. അന്നത്തെ സംഭവത്തില്‍ ജീവനോടെ പിടിക്കാനായത് ഒരേ ഒരു കസബിനെ മാത്രമാണ്. ആക്രമണത്തിലും ആസൂത്രണത്തിലും പങ്കാളികളായ മറ്റ് ഇരുപതോളം പ്രതികളെ ഇനിയും പിടികൂടാനുണ്ട്.

          രാജ്യത്ത് 2010 ഫെബ്രുവരി 13ന് ശേഷമുണ്ടായ ഏറ്റവും വലിയ സ്‌ഫോടനമാണ് ബുധനാഴ്ചത്തേത്. പൂനെയിലെ ജര്‍മന്‍ ബേക്കറിയില്‍  നടന്ന സ്‌ഫോടനത്തില്‍ 17 പേരാണ് വധിക്കപ്പെട്ടത്. ബാബരി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്ന് മുംബൈയില്‍ ശിവസേന അഴിച്ചുവിട്ട കലാപത്തില്‍ മുന്നൂറോളം പേര്‍ കൊല്ലപ്പെടുകയുണ്ടായി. ശിവസേനയാണ് ആ കലാപം ആസൂത്രണംചെയ്തത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച ശ്രീകൃഷ്ണ കമ്മീഷന്‍, കുറ്റവാളികളെ ചൂണ്ടിക്കാണിച്ചെങ്കിലും അവരെ ശിക്ഷിക്കുന്നത് പോയിട്ട് ഒന്നു തൊടാന്‍പോലും  ഭരണകൂടങ്ങള്‍ക്ക് തന്റേടമുണ്ടായില്ല. പകരം വീട്ടാന്‍ വീണ്ടും കലാപം അരങ്ങേറി. കലാപവും ഭീകരാക്രമണവും ആരുടെ ഭാഗത്തുനിന്നായാലും മുഖംനോക്കാതെ നടപടിയുണ്ടാവണം. നിരപരാധികള്‍ നിസ്സഹായരായി വേട്ടയാടപ്പെടുമ്പോള്‍ ഭരണകൂടം അതിന്റെ ചുമതലകളും  മറന്നുപോകുന്നു. നീതിബോധത്തോടെയും നിഷ്പക്ഷമായും അക്രമികളെ  കൈകാര്യംചെയ്യാന്‍ കഴിയാതെ പോയാല്‍  സ്‌ഫോടനങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും നിരന്തര പ്രകമ്പനങ്ങള്‍  നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നതിനു പകരം കുറ്റക്കാരെ കണ്ടെത്തി മുഖംനോക്കാതെ ശിക്ഷിക്കാനുള്ള ആര്‍ജ്ജവമാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടത്.

1 comment:

  1. ഇത്തവണ ഒരു നാണവും ഇല്ലാത്ത എക്സ്ക്യൂസസ്‌ ആണു പറയുന്നത്‌ രാഹുല്‍ ഗാന്ധി പറയുന്നു പാകിസ്താന്‍ ഇറാന്‍ പോലെ ഒന്നും ഇല്ലല്ലോ എന്നു ഇയാള്‍ ആണൊ ഇന്ത്യ ഭരിക്കാന്‍ പോകുന്നത്‌? ഇന്ദിരാ ഗാന്ധിയുടെ പേരക്കുട്ടി എന്നു പറയാന്‍ രാഹുലിനു യോഗ്യത ഉണ്ടോ? ഇണ്റ്റലിജെന്‍സ്‌ ഒന്നും ഇല്ല ഭാഗ്യം കൊണ്ട്‌ വലിയയ്‌ പ്റശ്നം ഉണ്ടാകുന്നില്ല ബംഗ്ളാദേശില്‍ നിന്നും വരുന്ന കൂലിപ്പടയെ ഐ എസ്‌ ഐ ബോംബ്‌ വെക്കന്‍ ഉപയോഗിച്ചാല്‍ നമുക്ക്‌ ഒന്നും ചെയ്യാന്‍ പറ്റില്ല അമോണിയം നൈട്റേറ്റ്‌ കൊണ്ടുപോയ ലോറികല്‍ ഹൈജാക്ക്‌ ചെയ്യപ്പെട്ടിട്ട്‌ ആറു മാസം ആയി അതു എന്‍ ക്വയറി ചെയ്താല്‍ മാത്റം മതിയായിരുന്നു ഇപ്പോള്‍ പറയുന്നു സൂയിസൈഡ്‌ ബോംബറ്‍ ആണെന്നു , ലേം എക്സ്ക്യൂസസ്‌ , ചെയ്യേണ്ടത്‌ ഇണ്റ്റലിജെന്‍സില്‍ വല്ല പാകിസ്താന്‍ കാരനെ നിയമിക്കുക എന്നതാണു ചെലവ്‌ കുറഞ്ഞു ഇന്ത്യയില്‍ അറ്റാക്കു നടത്താന്‍ അവ്റ്‍ക്കു നന്നായി കഴിയുന്നുണ്ട്‌ ഇവിടെ അമേരിക്കക്കാരന്‍ വല്ലതും പറഞ്ഞു തന്നാല്‍ മാത്റം ഇണ്റ്റലിജെന്‍സു റിപ്പോറ്‍ട്ട്‌ കുറെ പെന്‍ഷന്‍ പറ്റിയ ആള്‍ക്കാരെ എക്സ്റ്റന്‍ഡ്‌ ചെയ്യാന്‍ ഉണ്ടാകിയിരിക്കുന്ന പോസ്റ്റാണൂ നാഷണല്‍ സെക്യൂരിറ്റി അഡ്വൈസറ്‍ കേ പീ എസ്‌ ഗില്‍ പോലെ നല്ല ആള്‍ക്കാരെ നിയമിച്ചാല്‍ അവറ്‍ കണ്ട്റോള്‍ ചെയ്തു കാണിക്കും അതിനിവിടെ അഴിമതി മാത്റം ആയിരിക്കുകയാണല്ലോ യു പീ എ ടുവിണ്റ്റെ മുഖമുദ്ര അപ്പോള്‍ പോലീസ്‌ പട്ടാളം എല്ലാം അഴിമതിക്കാരാകും ബംഗ്ളാദേശ്‌ ബോറ്‍ഡറ്‍ തുറന്നു വെക്കും നേപ്പാള്‍ ബംഗ്ളാദേശ്‌ വഴിയാണു ടെററിസം വരുന്നത്‌ വളരെ മോശം ഭരണം ആണു കേന്ദ്രത്തില്‍ ദേവ ദൌഡ പോലും ഇതിനെക്കാള്‍ ബെറ്ററ്‍ ആയിരുന്നു

    ReplyDelete

Related Posts Plugin for WordPress, Blogger...