Thursday, February 17, 2011

പ്രത്യാഘാതം പ്രവചനാതീതം

          ലോകസഭാ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ നേടിയ ഉജ്ജ്വലവിജയത്തിന്റെ ആത്മവിശ്വാസവുമായി നിയമസഭാ തെരഞ്ഞെടുപ്പിനെ വരവേല്‍ക്കാന്‍ തയാറെടുക്കുന്ന കോണ്‍ഗ്രസും യു ഡി എഫും പുതിയ പുതിയ പ്രതിസന്ധികളെ വിലക്കെടുക്കുകയാണെന്ന് തോന്നുന്നു. മുന്നണിയുടെ കെട്ടുറപ്പിന് തന്നെ കനത്ത ആഘാതമേല്‍പിക്കുന്ന സംഭവപരമ്പരകളാണ് ഒന്നിന് പിറകെ മറ്റൊന്നായി വന്നുവീഴുന്നത്. ആയിരത്തൊന്ന് രാവുകള്‍ പോലെ ആയിരത്തൊന്ന് കേസുകള്‍. മര്‍മ്മത്ത് പിടിച്ചാല്‍ ഏത് മൈക്ക്‌ടൈസനായാലും നിലവിളിച്ചുപോകും. മുന്നണിയിലെ ഓരോ നേതാവും ഓരോ അര്‍ബുദകോശമായി വളരുകയാണെന്ന് കരുതണം. അതില്‍ ചികിത്സിച്ച് ഭേദമാക്കുന്നവരുണ്ട്. റേഡിയേഷന്‍ നല്‍കി സുഖപ്പെടുത്താവുന്നവരുണ്ട്. അറുത്തുമാറ്റേണ്ടവരുമുണ്ട്. അവ സമയോചിതം നിര്‍വഹിച്ചില്ലെങ്കില്‍ യു ഡി എഫ് തരംഗം തറരംഗമായി മാറും; സംശയമില്ല.

          എല്‍ ഡി എഫിന്റെ ഭരണമഹത്വം  യു ഡി എഫ് തരംഗത്തിന് വഴിയൊരുക്കുമെന്ന വിലയിരുത്തലിന് ശക്തികൂടി വന്നപ്പോഴാണ് കാര്യങ്ങള്‍ അട്ടിമറിയുന്നത്. 2ജി സ്‌പെക്ട്രം കേസും റാഡിയ ടേപ്പും  കോമണ്‍വെല്‍ത്ത് ഗെയിംസും അടക്കമുള്ള അഴിമതിക്കഥകള്‍ പുറത്തുവന്നതോടെ ദേശീയതലത്തില്‍ മാത്രമല്ല സംസ്ഥാനതലത്തിലും കോണ്‍ഗ്രസിന്റെ   കഷ്ടകാലം തുടങ്ങിയിരുന്നു. ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം പാര്‍ട്ടി ഒറ്റക്ക് പേറേണ്ടിവന്നു. യു ഡി എഫിലെ ഘടകകക്ഷികളാകട്ടെ ഒന്നൊന്നായി പ്രശ്‌നങ്ങളിലേക്ക് കൂപ്പുകുത്തുന്നതാണ് പിന്നീട് കണ്ടത്. ആദ്യം വന്നത് മാണി-ജോസഫ് ലയനം. പിന്നെ ഐസ്‌ക്രീം വിവാദം. തുടര്‍ന്ന് മുനീര്‍-കുഞ്ഞാലിക്കുട്ടി സംവാദം. റഊഫിന്റെ വെളിപ്പെടുത്തലുകള്‍. ചാക്ക് രാധാകൃഷ്ണന്‍. ശശീന്ദ്രന്റെയും കുട്ടികളുടെയും കൂട്ടആത്മഹത്യ. പിന്നാലെ വന്നു ഇടമലയാറിലെ ഇടിത്തീ. ഇടമലയാര്‍ കേസില്‍ ബാലകൃഷ്ണപ്പിള്ളക്ക് സുപ്രീംകോടതി വിധിച്ചത്   ഒരുവര്‍ഷത്തെ കഠിനതടവും പിഴയും. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി അഴിമതിക്കേസില്‍ ശിക്ഷിപ്പെടുന്ന മുന്‍മന്ത്രിയെന്ന പദവിയും അദ്ദേഹത്തിന് തന്നെ ലഭിച്ചു. കൊട്ടാരക്കര ഗണപതി സമക്ഷം നിത്യവും തേങ്ങയുടക്കാറുള്ള പിള്ളക്ക് ഇതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല. മന്ത്രിപദമുറപ്പിച്ച അദ്ദേഹത്തെ പുലിക്കെണിവെച്ചു പിടിച്ചതോ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദനും. ഇനി ചെന്നുവീഴേണ്ടത്  സെന്‍ട്രല്‍ ജയിലിലാണ്. അതിന് കൊച്ചിയിലെ ഇടമലയാര്‍ സ്‌പെഷ്യല്‍ കോടതി വാറന്റ് പുറപ്പെടുവിച്ചുകഴിഞ്ഞു.  യു ഡി എഫിലെ മറ്റൊരു പ്രബല കക്ഷിയായ മാണികോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവനും ഈ കേസില്‍ പിള്ളയോടൊപ്പം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക്  പിന്നാലെ മറ്റൊരു മുന്‍മന്ത്രി ടി എം ജേക്കബും അഴിമതിക്കേസില്‍ നടപടി നേരിടുന്നതിന്റെ അന്ത്യഘട്ടത്തിലാണ്. എല്ലാറ്റിനും പുറമെയാണ്  ഗൗരിയമ്മയുടെ ഒടുക്കത്തെ പിണക്കം.

           ബാര്‍ ലൈസന്‍സ് റദ്ദാക്കാതിരിക്കുന്നതിന് സുപ്രീംകോടതി ജഡ്ജി കൈക്കൂലിവാങ്ങിയെന്ന വിവാദ വെളിപ്പെടുത്തല്‍ നടത്തിയ എം പി കെ സുധാകരനും വലിയ നിയമക്കുരുക്കിലാണ് ചെന്നുവീണത്. ഡല്‍ഹിയിലും തിരുവനന്തപുരത്തും പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തിരിക്കുന്നു. ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ ഹാലിളകുന്ന നേതാക്കള്‍ക്കൊക്കെ സുധാകരന്റെ അനുഭവം വലിയ പാഠമാണ്. വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നു. സ്ഥലകാലബോധമില്ലാതെ നടത്തിയ പ്രസംഗങ്ങള്‍ വരുത്തിവെച്ച വിന. അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് സ്വീകരണം നല്‍കുന്നത് തന്നെ ധാര്‍മികമായി ശരിയല്ല. സമുന്നതനായ  എം പി അതില്‍ പങ്കെടുക്കുക മാത്രമല്ല ജുഡീഷ്യറിയെ നിന്ദ്യമായ ഭാഷയില്‍ താറടിക്കുകയും ചെയ്തു. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങിയതിന് സാക്ഷിയാണെന്ന് പറഞ്ഞ സുധാകരന്‍ സാക്ഷി മാത്രമായിരുന്നോ അതോ ബാറുടമകളുടെ ഏജന്റായിരുന്നോ എന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കൈക്കൂലി നല്‍കുന്നതില്‍ എം പി ഇടനിലക്കാരനായി വര്‍ത്തിച്ചുവെന്ന വെളിപ്പെടുത്തലുമായി കണ്ണൂരിലെ  ബാറുടമ ഉടലോടെ രംഗത്തുവന്നതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയും പ്രതിക്കൂട്ടിലായി. അന്ന് മുഖ്യമന്ത്രിക്കും കെ പി സി സിക്കും വകുപ്പുമന്ത്രിക്കും വനിതാ എം എല്‍ എക്കുമെല്ലാം ലക്ഷങ്ങള്‍ നല്‍കിയതിന്റെ കണക്കാണ് അദ്ദേഹം നിരത്തിവെച്ചത്. കോണ്‍ഗ്രസ് ഗ്രൂപ്പ് വഴക്കും പ്രതിപക്ഷ ഇടപെടലും മൂലം ലൈസന്‍സ് റദ്ദായിപ്പോയി എന്നത് മറ്റൊരു കൗതുകം.

          മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരനെ കേരള വികസന കോണ്‍ഗ്രസില്‍ വെച്ച് പാര്‍ട്ടിയിലെ നവാഗതനായ എ പി അബ്ദുല്ലക്കുട്ടി വിമര്‍ശിച്ചതാണ് പിന്നീട് വന്ന  കീറാമുട്ടി. അബ്ദുല്ലക്കുട്ടിയെ തലോടി പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ കെ പി സി സി പ്രസിഡണ്ട് നടത്തിയ ശ്രമത്തിനെതിരെ സുധീരന്‍ പ്രതിഷേധിച്ചപ്പോള്‍ വെളുക്കാന്‍ തേച്ചത് പാണ്ഡായി. ഈ വിഷയത്തെ ലാഘവബുദ്ധിയോടെ കണ്ട രമേശിന്റെ നടപടിയെ വേദനാജനകമെന്നാണ് സുധീരന്‍ വിശേഷിപ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എമ്മില്‍ അച്ചുതാനന്ദന്‍ കളിച്ച കളി ഇക്കുറി കോണ്‍ഗ്രസില്‍ സുധീരന്‍ പുറത്തെടുക്കുന്നുവെന്ന് ചില നേതാക്കള്‍ക്ക് സംശയമുണ്ട്. ശരിയായിരിക്കാം. ജനകീയ പ്രശ്‌നങ്ങളില്‍ സാധാരണക്കാരുടെ ഇഷ്ടത്തോടൊപ്പം നില്‍ക്കുന്ന സുധീരന് ലഭിക്കുന്ന മാധ്യമ പിന്തുണ ആരെയെങ്കിലും അസ്വസ്ഥമാക്കുന്നുവെങ്കില്‍ അത്ഭുതപ്പെടേണ്ട. അബ്ദുല്ലക്കുട്ടിയുടെ രോഷപ്രകടനത്തെ ഇതിനോട് ചേര്‍ത്തുവായിക്കുന്നവരും ഇല്ലാതില്ല. കുട്ടിയെ പുറത്താക്കണമെന്നാണ് കണ്ണൂര്‍ ഡി സി സി പ്രസിഡണ്ട് ആവശ്യപ്പെട്ടത്.

          രണ്ട് ജഡ്ജിമാര്‍ക്ക് ലക്ഷങ്ങള്‍ എണ്ണിക്കൊടുത്തെന്ന് റഊഫും സുപ്രീംകോടതി ജഡ്ജി 36 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് സുധാകരനും പറയുന്നു. കൈക്കൂലി കൊടുക്കുന്നവരും കൊടുപ്പിക്കുന്നവരും കൊടുക്കുമ്പോള്‍ നോക്കിനില്‍ക്കുന്നവരും അറസ്റ്റ് വാറണ്ട് വന്നവരും വരാത്തവരും വരാനിടയുള്ളവരും എല്ലാം കൂടിയായപ്പോള്‍ കേരള രാഷ്ട്രീയം പഴഞ്ചക്കപോലെയായി. അപ്പോഴാണ് കോണ്‍ഗ്രസിലേക്കുള്ള കെ മുരളീധരന്റെ വരവ്. വായില്‍ കാക്കക്ക് പുണ്ണില്ലെങ്കില്‍ ഇത് അദ്ദേഹത്തിന്റെ നല്ലകാലം. ധര്‍മം സംസ്ഥാപിക്കാന്‍ യുഗപുരുഷനായി മുരളി കേരള രാഷ്ട്രീയത്തില്‍ അവതരിക്കാന്‍ ഇതിനേക്കാള്‍ നല്ലകാലം വേറെയില്ല.

5 comments:

  1. പണ്ട് ചുരുളി ഇപ്പോള്‍ മുരളി ഇതാണ് മക്കളെ കൈലാറ്റ നയം ‍

    ReplyDelete
  2. ഇനി എന്തെല്ലാം കേൾക്കാനിരിക്കുന്നു...
    എല്ലാം കണക്കാ! തമ്മിൽ ഭേദം ആരാന്നേ നോക്കേണ്ടൂ!!

    ReplyDelete
  3. "വായില്‍ കാക്കക്ക് പുണ്ണില്ലെങ്കില്‍ ഇത് അദ്ദേഹത്തിന്റെ നല്ലകാലം" കോണ്‍ഗ്രസിനെയും മുരളിയെയും കുറിച്ച് പറയാവുന്ന കാലോചിതമായ ഉപമ. മാലിന്യങ്ങള്‍ തിന്ന് പരിസരം വൃത്തിയാക്കുന്ന പക്ഷിയാണ് കാക്ക. അഴുക്കും അത് തിന്നുന്ന കാക്കയും. ഭലേ ഭേഷ്‌. അഭിനന്ദനങ്ങള്‍.

    ReplyDelete
  4. വായില്‍ പുണ്ണ് നിറഞ്ഞു നില്‍ക്കുകയാണ്. ഒരു ചികിത്സ തേടി എവിടെ പോവും. വേണം നമുക്ക് പുതിയ ഒരു രീതി ശാസ്ത്രം

    ReplyDelete
  5. കഴിഞ്ഞ രണ്ടു ദിവസമായി കേരള രാഷ്ട്രീയത്തിലെ ചില കുത്തക മധ്യമാവിഷ്കൃത നാടകങ്ങള്‍ കാണുന്നവര്‍ക്ക് ബൈബിള്‍ പുതിയ നിയമത്തിലെ യേശുദേവന്റെ പരസ്യ സുവിശേഷ കാലത്തെ അവസാന ദിനങ്ങള്‍ ഓര്‍മ്മയില്‍ വരുക സ്വാഭാവികം.

    നിന്ദിതര്‍ക്കും പീടിതര്‍ക്കും ആശ്രം ഏകി, രോഗികള്‍ക്ക് ആശ്വാസമേകി, അഞ്ചപ്പംകൊണ്ട്‌ അയ്യായിരം പേരുടെ വിശപ്പടക്കി, യെരുശലേം ദേവാലയത്തില്‍ പ്രവേശിച്ച യേശുദേവന്‍ വിടെ കണ്ട കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതികരിക്കുകയും നിങ്ങള്‍ സ്വര്‍ഗ്ഗ പിതാവിന്റെ ആലയത്തെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി എന്ന് പറഞ്ഞുകൊണ്ട് പള്ളിക്കുള്ളില്‍ പ്രാവുകളെ വില്‍ക്കുന്നവരെയും മറ്റു തരികിട കച്ചവടക്കാരെയും ആട്ടി പുറത്താക്കി. ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പുരോഹിതന്മാരെ ചോദ്യം ചെയ്തു. സാധാരണക്കാരായ വലിയ പുരുഷാരം അവനോടോപ്പമെന്നു തിരിച്ചറിഞ്ഞ അവര്‍ അവനോടു സംവാദത്തിനു ദൈര്യപ്പെടാതെ തങ്ങളുടെ പ്രാമാണ്യത്തെ ചോദ്യം ചെയ്ത യേശുദേവനെതിരെ യഹൂദ പുരോഹിതരും ഭരണാധികാരികളും ചേര്‍ന്ന് ഗൂഡാലോചന നടത്തി അവനില്‍ കള്ള കുറ്റം ചുമത്തി അവനെ ക്രൂശിച്ചു. അവനെ മുപ്പതു വെള്ളിക്കാശിനു സ്വന്തം ശിഷ്യനായ യൂദാ ഒറ്റിക്കൊടുത്തു.

    വിയെസ് സര്‍കാരിന്റെ അവസാന ദിനങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ ചരിത്രവുമായി വിദൂര സാദൃശ്യം തോന്നുന്നുണ്ടോ ?

    അഴിമതിക്കാര്‍ക്കും സ്വജന പക്ഷപാതികള്‍ക്കും എതിരെ നടപടി എടുത്തു, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി, അറുപതു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി നല്‍കാന്‍ നടപടി എടുത്തു, പെണ്‍ വാണിഭക്കാര്‍ക്കെതിരെ നിലപാട് സ്വീകരിച്ചു, കര്‍ഷകര്‍ക്കും, തൊഴിലാളികള്‍ക്കും ആശ്വാസ നടപടികള്‍ സ്വീകരിച്ചു, സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ ബലികഴിക്കാതെ വികസന സംരംഭങ്ങള്‍ തുടക്കം കുറിച്ചു. പൊതുമുതല്‍ കട്ട് മുടിപ്പിച്ചവരെ ജയിലില്‍ അടച്ചു, ലോട്ടറി മാഫിയക്കെതിരെ വിട്ടുവീഴ്ച ഇല്ലാതെ പോരാടി. ജനം വീയെസിനോപ്പം എന്ന് കണ്ടു വിറളിപിടിച്ച, ന്യായവിധിയുടെ വാള്‍ കണ്ടു ഭയന്ന രാഷ്ട്രീയ, സമുദായ, മാധ്യമ പ്രമാണിമാര്‍ ദുരാരോപണം ഉയര്‍ത്തി വ്യക്തിഹത്യ നടത്താന്‍ രംഗത്തെത്തിക്കഴിഞ്ഞു, ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... ഇവനെ ക്രൂശിക്ക.... എന്നാര്‍പ്പുവിളിക്കുന്നു. ഒറ്റിക്കൊടുക്കാന്‍ അഭിനവ യൂദാ ശശി സഖാവും റെഡി.

    പ്രിയ സഖാവേ ന്യായം താങ്കളുടെ പക്ഷത്തെങ്കില്‍ അങ്ങയുടെ പുനരുദ്ധാനത്തിന്നായി ഞങ്ങള്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ കാത്തിരിക്കുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...