Monday, September 10, 2012

സി ബി ഐ അന്വേഷണത്തെ സി പി എം ഭയക്കുന്നതെന്തിന്?

               ടി പി ചന്ദ്രശേഖരന്‍ വധത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന സി പി എം പോളിറ്റ്ബ്യൂറോയുടെ തീരുമാനം സംശയങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുന്നതോടൊപ്പം പാര്‍ടിയെ ജനമധ്യത്തില്‍ പരിഹാസ്യമാക്കാനുമായിരിക്കും വഴിവെക്കുക. സംഭവത്തില്‍ സി പി എം നേതാക്കള്‍ക്കുള്ള പങ്കിന്റെ പരസ്യമായ കുറ്റസമ്മതമായി എതിരാളികള്‍ക്ക് വ്യാഖ്യാനിക്കാന്‍  ഈ നിലപാട് തന്നെ ധാരാളം. മാത്രമല്ല സി ബി ഐ അന്വേഷണത്തെ പിന്തുണക്കുന്ന പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ സമീപനത്തെ    തള്ളി എന്ന അപഖ്യാതി ചുമക്കേണ്ടിയും വരും.

                ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ടിക്ക് യാതൊരു പങ്കുമില്ലെന്ന്  പ്രാദേശിക നേതാക്കള്‍ ഒന്നൊന്നായി പിടിക്കപ്പെടുമ്പോഴും കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും   ഒരുപോലെ ആവര്‍ത്തിച്ചിരുന്നു. അതുകൊണ്ട് വധവുമായി ബന്ധപ്പെട്ട് ഏതന്വേഷണവും നേരിടാന്‍ തയാറാണെന്നും പാര്‍ടി വ്യക്തമാക്കിയിരുന്നതാണ്. ആ പ്രസ്താവനകള്‍ക്കൊക്കെ  കടകവിരുദ്ധമായിപ്പോയി പി ബി യുടെ പുതിയ നിലപാട്. മാത്രമല്ല ടി പി വധക്കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതിനെതിരെ സമരം ചെയ്ത പാര്‍ടിയാണ് സി പി എം. പാര്‍ടി നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ ശ്രമംനടത്തിവരികയാണെന്നും മൂന്നു കൊലപാതകക്കേസുകളിലായി ഒരു ജില്ലാ സെക്രട്ടറിയേയും രണ്ട് സംസ്ഥാന സമിതിയംഗങ്ങളെയും ചില ഏരിയാ ലോക്കല്‍ കമ്മിറ്റിയംഗങ്ങളെയും പ്രതികളാക്കിക്കഴിഞ്ഞുവെന്നും ഇപ്പോഴും ആരോപിച്ചുകൊണ്ടിരിക്കുന്ന സി പി എമ്മിന് അവര്‍ നിരപരാധികളാണെങ്കില്‍ അത് ബോധ്യപ്പെടുത്താനുള്ള അവസരമാണല്ലോ പുതിയ അന്വേഷണത്തിലൂടെ കൈവരിക. ടി പി വധത്തില്‍  പാര്‍ടി ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, സംസ്ഥാന പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ശരിയായ പ്രതികളെ കണ്ടെത്താന്‍ വഴിയൊരുക്കകയല്ലേ പാര്‍ടി ചെയ്യേണ്ടത്. അല്ലെങ്കില്‍ ആഭ്യന്തരമന്ത്രി സൂചിപ്പിച്ചതുപൊലെ കേരള പൊലീസിനെ പരോക്ഷമായി അംഗീകരിക്കുന്നുവെന്നല്ലേ വ്യാഖ്യാനിക്കപ്പെടുക.

               ആര് ഈ അരുംകൊല നടത്തി എന്നതില്‍ അവസാനിപ്പിക്കാവുന്നതാണോ ടി പി വധത്തിന്റെ അന്വേഷണം? ആര്‍ക്കുവേണ്ടി, ആരുടെ ആവശ്യം മുന്‍നിര്‍ത്തി, ആരെല്ലാം ചേര്‍ന്ന് ആസൂത്രണം ചെയ്തു എന്നിവയെല്ലാം തെളിയിക്കപ്പെടേണ്ടതുണ്ട്. അവരെല്ലാമാണ് ശിക്ഷിക്കപ്പെടേണ്ടത്. അല്ലാതെ കരാറനുസരിച്ച് കാശുവാങ്ങി കൃത്യംനിര്‍വഹിച്ച് ഒളിവില്‍പോയ വാടകക്കൊലയാളികളെയോ അവര്‍ക്ക് പകരം ജീവനാംശം നല്‍കി ഹാജരാക്കപ്പെടുന്ന ബിനാമികളെയോ പിടിച്ചതുകൊണ്ടും അവരെ മാത്രം ശിക്ഷിച്ചതുകൊണ്ടും അവസാനിപ്പിക്കാവുന്ന ഒരു കേസല്ല ഇത്. ക്വട്ടേഷന്‍ സംഘം എന്ന പ്രയോഗത്തില്‍ തന്നെ  അവരെ ക്വട്ടേഷന്‍ എടുത്തവര്‍  കൂടി ഒളിഞ്ഞിരിപ്പില്ലേ? അവര്‍ കൂടി പിടിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമ്പോഴേ പൊലീസിന്റെ ദൗത്യം പൂര്‍ത്തിയാവുകയുള്ളൂ. അപ്പോള്‍ മാത്രമേ ജനകീകയഭിലാഷം സാക്ഷാല്‍ക്കരിക്കപ്പെടൂ.

               കൊലപാതക രാഷ്ട്രീയം നമ്മുടെ പൊതുജീവിതത്തിന്റെയും ജനാധിപത്യത്തിന്റെയും  ശാപമായി മാറിയിട്ട് വര്‍ഷങ്ങളേറെയായി. ഇതില്‍ നിന്ന് ഒരു പാര്‍ടിയേയും ഒഴിച്ചുനിര്‍ത്താനാവില്ല.  ഇനിയെങ്കിലും അത് തടയപ്പെട്ടില്ലെങ്കില്‍ ശക്തിപ്രാപിച്ച് സ്ഥിരപ്രതിഷ്ഠ നേടാനിടയുണ്ട്. രാഷ്ട്രീയത്തിന്റെ ഈ ഫാസിസ്റ്റുവല്‍ക്കരണം അറുതിവരുത്താനുള്ള അവസരമായാണ് ടി പി വധക്കേസിനെയും അതിന്റെ അന്വേഷണരീതികളെയും ജനങ്ങള്‍ നോക്കിക്കാണുന്നത്. അടിസ്ഥാനവര്‍ഗത്തിന്റെ മോചനത്തിന് വേണ്ടി പ്രതിജ്ഞാബദ്ധമായി പോരാടുന്ന പാര്‍ടിയെന്ന നിലയില്‍ സി പി എമ്മും ജനകീയഭിലാഷത്തോടൊപ്പം നിലകൊള്ളുകയാണ് വേണ്ടത്.

               ടി പി വധത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് സംസ്ഥാന പൊലീസ് കണ്ടെത്തിയ പാര്‍ടി നേതാക്കളെ കുടുക്കാനാണ് ചന്ദ്രശേഖരന്റെ വിധവ രമയും ആര്‍ എം പിയും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടതെന്ന് ആരും വിശ്വസിക്കുകയില്ല. യഥാര്‍ഥ പ്രതികളെന്ന്  സംശയിക്കുന്നവരിലാരെങ്കിലും പിടിക്കപ്പെട്ടിട്ടില്ലെന്ന് അവര്‍ സംശയിക്കുന്നുണ്ടാവാം. അത് വാസ്തവമല്ലെങ്കില്‍ അവരുടെ തെറ്റിദ്ധാരണ നീക്കാനും പുതിയ അന്വേഷണം സഹായിക്കുമല്ലോ.

              സി ബി ഐ അന്വേഷിച്ചാല്‍ എല്ലാ സത്യങ്ങളും പുറത്തുവരുമെന്നും  യഥാര്‍ഥ പ്രതികള്‍ മുഴുവന്‍ അകത്താകുമെന്നുമുള്ള വ്യാമോഹമൊന്നും ആര്‍ക്കും ഉണ്ടാവാന്‍ തരമില്ല.  നമുക്ക് ആശ്രയിക്കാന്‍ പക്ഷെ അത് മാത്രമല്ലേ ഉള്ളൂ. സി ബി ഐ ഏറ്റെടുത്ത എത്രയെത്ര കേസുകളാണ് തുമ്പില്ലാതെ  അനിശ്ചിതത്വത്തിലവസാനിച്ചത്. അഭയാകേസും സോമന്‍. ചേകന്നൂര്‍ കേസുകളുടെയും സ്ഥിതി മാത്രം പരിശോധിച്ചാല്‍ ഇത് ബോധ്യമാവും.
കേരളത്തിലെ  ഉന്നത രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയില്‍ മൗലികമായ ഒട്ടേറെ കാര്യങ്ങളില്‍  സൗജന്യാനുരഞ്ജനങ്ങളുടെ രഹസ്യധാരണകള്‍ ഉണ്ടാകാറുണ്ടെന്നതും അത്രകണ്ട് രഹസ്യമല്ല. അത്തരം പരസ്പര ധാരണകള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പോന്ന നിക്ഷിപ്ത ബാഹ്യശക്തികള്‍ ഇവിടെ പ്രവര്‍ത്തനനിരതമാണ്. ആ ശക്തികള്‍ ഈ വിഷയത്തിലും ഇടപെട്ടുകൂടായ്കയില്ല. എങ്കിലും ചന്ദ്രശേഖരനെ പോലെ നിസ്വാര്‍ഥനായ ഒരു പൊതുപ്രവര്‍ത്തകന്റെ ജീവന്‍ ഇരുളിന്റെ മറവില്‍ കവര്‍ന്നെടുത്തവര്‍ ആരായാലും അവര്‍ രക്ഷപ്പെട്ടുകൂടാ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...