Thursday, September 13, 2012

എമര്‍ജിംഗ് കേരള തുടക്കം ഗംഭീരം

           അമ്പത്തൊന്ന് രാജ്യങ്ങളില്‍ നിന്നെത്തിയ രണ്ടായിരത്തോളം പ്രതിനിധികളെ സാക്ഷിനിര്‍ത്തി പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ബുധനാഴ്ച ഉദ്ഘാടനംചെയ്ത എമര്‍ജിംഗ് കേരള നിക്ഷേപ സംഗമം, ലക്ഷ്യം കണ്ടാല്‍ സംസ്ഥാനത്തിന്റെ വ്യാവസായിക ചരിത്രത്തില്‍ അവിസ്മരണീയ സംഭവമായിരിക്കും. കേരളത്തില്‍ മുതല്‍ മുടക്കുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന പ്രധാനമന്ത്രിയുടെ ഉറപ്പ് നീണ്ട കരഘോഷങ്ങളോടെയാണ് സദസ്സ് എതിരേറ്റത്. എന്തായാലും കേരളത്തിന്റെ വികസന ചരിത്രത്തില്‍ സുപ്രധാന ദിനമായിരിക്കും സപ്തമ്പര്‍ 12. സംസ്ഥാനത്തെ നിക്ഷേപ സാഹചര്യങ്ങള്‍ ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമുള്ള നിക്ഷേപകര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുക എന്ന ലക്ഷ്യം സംഗമത്തിന്റെ ആദ്യദിവസം തന്നെ വിജയം കണ്ടുവെന്ന് പറയാം.

            2003 ജനുവരിയില്‍ നടന്ന ആഗോള നിക്ഷേപക സംഗമം (ജിം) ത്തിനു ശേഷം കൊച്ചി വീണ്ടും യു ഡി എഫ് ഭരണകാലത്ത് തന്നെ മറ്റൊരു  നിക്ഷേപക സംഗമത്തിന് വേദിയാവുകയായിരുന്നു. ജിം വിജയിച്ചില്ലെങ്കിലും ഇന്ത്യയില്‍ ആദ്യമായി നടന്ന ആ സമ്മേളനമാണ് വികസനസൗഹൃദ സംസ്ഥാനമല്ലെന്ന മട്ടില്‍ കേരളത്തെ കുറിച്ച് പുറത്തുള്ള ധാരണകള്‍ തിരുത്തിയത്. 2006ല്‍ ലോകബാങ്കിന്റെ പഠനം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തതിന്റെ പിന്നിലും ജിം ആയിരുന്നു.

            എമര്‍ജിംഗ് കേരളയില്‍ പ്രധാനമന്ത്രി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉണ്ടായില്ല. പുരോഗതിയുടെയും വികസനത്തിന്റെയും നവകേരളം സൃഷ്ടിക്കാന്‍ യു പി എ സര്‍ക്കാരിന്റെ  സംഭാവന നിര്‍ണായകമായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ഗവണ്‍മെന്റ് കേരളത്തിന് അനുവദിച്ച പദ്ധതികള്‍ ഓരോന്നും എണ്ണിയെണ്ണി പറഞ്ഞ് അവ സുസ്ഥിര വികസനത്തിന് സഹായകമാവുമെന്ന് അഭിപ്രായപ്പെടുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തത്. മാസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസംഘം ദല്‍ഹിയിലെത്തി    സമര്‍പ്പിച്ച നിവേദനത്തിലെ പദ്ധതികളില്‍ ഏതെങ്കിലുമൊന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല. കേരളത്തില്‍ നിന്നുള്ള ആന്റണിയടക്കമുള്ള ആറ് കേന്ദ്രമന്ത്രിമാരോടൊപ്പമാണ് പ്രധാനമന്ത്രി  കൊച്ചിയിലെത്തിയത്. ഇവരുടെ സാന്നിധ്യം ദല്‍ഹിയിലുമുണ്ടായിരുന്നുവല്ലോ. കേരളത്തിന്റെ ആവശ്യം യഥോചിതം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അടിവരയിടുന്നതായി പ്രധാനമന്ത്രിയുടെ പ്രസംഗം.

           മാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രം പ്രഖ്യാപിച്ച ഐ ഐ ടി എത്രയുംവേഗം അനുവദിക്കുമെന്ന് മാത്രമാണ് മന്‍മോഹന്‍ സിംഗ് പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നഷ്ടപരിഹാര പാക്കേജ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ വികസനം, ദേശീയപാതയുടെ വികസനം, മലയാളത്തിന് ക്‌ളാസിക്കല്‍ ഭാഷാ പദവി തുടങ്ങിയവ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് കരുതിയിരുന്നു.  കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി, അതിവേഗ റെയില്‍പാത, റെയില്‍വെസ്റ്റേഷനുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ തുടങ്ങി കേന്ദ്രം ഇതിനകം പ്രഖ്യാപിച്ച ഒരു ഡസനോളം പദ്ധതികളാവട്ടെ ഇപ്പോഴും ചുവപ്പുനാടയിലുമാണ്.

           വികസിത രാജ്യങ്ങള്‍ വികസിച്ച മാതൃക സ്വീകരിച്ചാണ് ഇപ്പോഴും നാം എമര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നത്. ലോകത്തിന്റെ പല ഭാഗത്തുമുള്ള ചിലരുടെ കീശയിലെ കാശ് ഇവിടെ നിക്ഷേപമായി മാറുമ്പോള്‍ (അവ നിക്ഷേപമായി മാറിയില്ലെങ്കില്‍ സ്ഥിതി വീണ്ടും തഥൈവ) മാത്രമാണ് നമ്മുടെ സ്വപ്നങ്ങള്‍ പൂവണിയുക. കിടക്കപ്പായില്‍നിന്ന് ഉറക്കമുണര്‍ന്ന് ഉയരണമെങ്കില്‍  അഥവാ എമര്‍ജ് ചെയ്യണമെങ്കില്‍ സ്വന്തം നിലയില്‍ ആവതു വേണം. അതില്ലെങ്കില്‍ പരസഹായം തേടേണ്ടിവരും. കണ്‍വെട്ടത്ത് ആരുമില്ലെങ്കില്‍ ഉറക്കെ വിളിക്കാം. വിളിച്ചിട്ട് ആരും വന്നില്ലെങ്കിലോ ശരണം നിലവിളിയായിരിക്കും.

           തുടങ്ങും മുമ്പ് തന്നെ ഇത്രയും കനത്ത തോതില്‍ പ്രതിച്ഛായക്ക് മങ്ങലേറ്റ മറ്റൊരു ഷോ കേരളം കണ്ടിട്ടില്ല. ജിമ്മിന്റെ കാര്യത്തില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷം ആദ്യമേ പ്രതികൂല നിലപാട് സ്വീകരിച്ചു. സുതാര്യതയില്ലാത്ത ഒരു ഭൂമികച്ചവട പരിപാടിയായി എമര്‍ജിംഗ് കേരളയെ  കുറ്റപ്പെടുത്തി. ബി ജെ പിയും അതുതന്നെ ചെയ്തു. പതിവുപോലെ പരിസ്ഥിതിക്കാരും എതിര്‍പ്പുമായി രംഗപ്രവേശം ചെയ്തു.

           നിക്ഷേപകര്‍ക്ക് ഏറ്റെടുക്കാന്‍ കോടിക്കണക്കിന് രൂപ നിക്ഷേപം വരുന്ന 200 ലേറെ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. അവയൊക്കെ ഏറ്റെടുക്കാന്‍ നിശ്ചയിച്ചാല്‍ 5000 ഏക്കര്‍ ഭൂമി വേണമെന്നായപ്പോള്‍ ഭൂമിക്ക് സ്വര്‍ണത്തേക്കാള്‍ വിലയുള്ള കേരളം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തേക്കാള്‍ ശക്തമായിരുന്നു വി എം സുധീരനെയും മുരളീധരനെയും പോലുള്ളവരുടെ കടന്നാക്രമണം. എമര്‍ജിംഗ് കേരളയിലെ ഭൂമിക്കച്ചവടത്തെ എതിര്‍ക്കുമെന്ന് പറഞ്ഞ യു ഡി എഫ് എം എല്‍ എമാരുടെ ഹരിതസേനയെ മൂക്കുകകയറിടാന്‍ സാധിച്ചതാണ് ഇതിനിടയിലെ ഏക ആശ്വാസം.

            പൊതു വിദ്യാഭ്യാസവും പൊതുജനാരോഗ്യവും ഉറപ്പുവരുത്തി ലോകശ്രദ്ധ  ആകര്‍ഷിച്ച സംസ്ഥാനമാണ് കേരളം. പരമ്പരാഗതമായി മറ്റൊരു വഴി പിന്തുടരുന്ന കേരളമിപ്പോള്‍ പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ്. ഇത് വിജയിക്കണമെന്ന് ഓരോ മലയാളിയും അത്യധികം ആഗ്രഹിക്കുന്നുവെങ്കിലും വിപണിയും ലാഭവും മാത്രം ലക്ഷ്യമാക്കുന്ന ഈ നവലിബറല്‍ മുതലാളിത്തം ലോകമാകെ പ്രതിസന്ധിയിലാണെന്നതിന്റെ വസ്തുത വിസ്മരിച്ചുകൂടാ. ഇതിന് തെളിവാണ് അമേരിക്കയും യൂറോപ്പും ജപ്പാനും ഇപ്പോള്‍ ഈ വഴി പോകുന്ന ചൈനയും ഇന്ത്യയും വന്നുപെട്ടിരിക്കുന്ന കനത്ത സാമ്പത്തികമാന്ദ്യം. അതേ വഴിയില്‍ തന്നെ തെരഞ്ഞെടുത്താല്‍ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുമോ  എന്ന ആശങ്ക ഇനിയും ദൂരീകരിക്കപ്പെടേണ്ടതുണ്ട്.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...