Wednesday, September 12, 2012

ആല്‍മരം പോലെ വളര്‍ന്ന് പന്തലിച്ച ജലീല്‍ സാഹിബ്


                മലബാറില്‍ വിദ്യാഭ്യാസ രംഗത്ത് വിചാരവിപ്‌ളവത്തിന്റെ അലകളുയര്‍ത്തിയ പ്രഫസര്‍ കെ എ ജലീല്‍ സാഹിബ് കഥാവശേഷനായി. അക്ഷരങ്ങളെ അനേക കാതം അകലെ മാറ്റിനിര്‍ത്തി ഇരുട്ട് വളര്‍ത്തുന്ന വീഥിയിലൂടെ അധോഗതിയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന മുസ്‌ലിം സമൂഹത്തിനിടയില്‍ വിദ്യാഭ്യാസത്തിന്റെയും നവോത്ഥാനത്തിന്റെയും അനന്തസാധ്യതകളെ ഊതിക്കത്തിച്ച പ്രമുഖരുടെ മുന്‍നിരയിലായിരുന്നു അദ്ദേഹം. പുരോഗതിയിലേക്കുള്ള പുണ്യകര്‍മങ്ങളില്‍ അദ്വിതീയം വിജ്ഞാനസമ്പാദനമാണെന്ന് മലബാറിലെ മുസ്‌ലിംകളെ പഠിപ്പിച്ചത് ജലീല്‍ സാഹിബായിരുന്നുവെന്ന് നിസ്സംശയം പറയാം.

              1979 മുതല്‍ 83 വരെ ജലീല്‍ സാഹിബ്  കലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലറായിരുന്നു.   എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത് തമിള്‍നാട് വാണിയമ്പാടി ഇസ്‌ലാമിക് കോളെജില്‍ ഇംഗ്‌ളീഷ് അധ്യാപകനായിട്ടാണ്. തുടര്‍ന്ന് 1948ല്‍ ഫാറൂഖ് കോളെജ് ലക്ചററായാണ് അദ്ദേഹം കോഴിക്കോട്ടെത്തി. 1957മുതല്‍ 79വരെ കോളജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കാന്‍  അവസരം ലഭിച്ചു. പ്രാരാബ്ധങ്ങളുടെ പാരാവാരം താണ്ടിയ  മുസ്‌ലിംകള്‍ക്കിടയില്‍ ഉന്നത വിദ്യാഭ്യാസത്തിന്റെ തുടിപ്പുകള്‍ തെളിഞ്ഞ കാലഘട്ടമായിരുന്നു അത്. അതുവരെ സമുദായത്തിന്റെ മുമ്പില്‍ കൊട്ടിയടക്കപ്പെട്ട കലാലയ വിദ്യാഭ്യാസത്തിന്റെ  കവാടങ്ങള്‍   വലിച്ചുതുറക്കാന്‍ മുസ്‌ലിം യുവത്വത്തിന് കരുത്തും ആവേശവും പകര്‍ന്നത് ഫാറൂഖ് കോളജിലെ ജലീല്‍ സാഹിബിന്റെ അനുഗ്രഹീത സാന്നിധ്യമായിരുന്നു.

             മലബാറിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ മുഖ്യപങ്കാണ് അദ്ദേഹം വഹിച്ചത്. ആറാം പഞ്ചവത്സര പദ്ധതിയില്‍ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ആസൂത്രണത്തെ പറ്റി പഠിക്കാന്‍ നിയോഗിച്ച ടാസ്‌ക് ഫോഴ്‌സില്‍ അദ്ദേഹം അംഗമായിരുന്നു.  കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വഖഫ് ബോര്‍ഡ് ചെയര്‍മാനായിരുന്നപ്പോള്‍ ആദ്യകാല മുസ്‌ലിംകള്‍ സംവിധാനംചെയ്ത ഓത്തുപള്ളികളുടെ മഹത്വം അദ്ദേഹം അടുത്തറിഞ്ഞു. അന്യദേശങ്ങളില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികളെ സൗജന്യഭക്ഷണം നല്‍കി പഠിപ്പിക്കുന്നതിനെ പുണ്യകര്‍മമെന്നാണ് വിശേഷിപ്പിച്ചത്. വിദ്യാഭ്യാസ സൗകര്യം അതത് പ്രദേശത്തെ മഹല്ലുകള്‍ ഏര്‍പ്പെടുത്തി മാതൃക കാട്ടിയതും ഇതിനായി പള്ളികള്‍ ഉപയോഗപ്പെടുത്തിയതും ശ്‌ളാഘനീയമായി അദ്ദേഹം കണ്ടിരുന്നു.

             നിരവധി ഗ്രന്ഥങ്ങളും ജലീല്‍ സാഹിബ് രചിച്ചിട്ടുണ്ട്. ലിപിയും മാനവ സംസ്‌കാരവും  എന്ന കൃതി 1991ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് അര്‍ഹമായി.

               കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ വളരെ ആഴത്തില്‍ അദ്ദേഹം അപഗ്രഥിച്ചിട്ടുണ്ട്. കേരള മുസ്‌ലിംകളെ ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗം തന്നെയെന്ന് വിലയിരുത്തി. ഇന്ത്യയില്‍ ഇസ്‌ലാം പ്രചരിച്ചത് മുഖ്യമായും വടക്കുനിന്നുള്ള അധിനിവേശം മൂലമാണെന്ന  ചരിത്രത്തിന്  അടിവരയിട്ടു. ഇതിനായി അഫ്ഗാന്‍, പേര്‍ഷ്യന്‍, മംഗോള്‍, തുര്‍ക്കി, അറബ് വംശജരുടെ സ്വാധീനം എടുത്തുകാട്ടി. എന്നാല്‍ കേരളത്തില്‍ ഇസ്‌ലാംമതം ആവിര്‍ഭവിച്ചത് അതിനൊക്കെ മുമ്പ് തന്നെയാണെന്നും വാണിജ്യബന്ധങ്ങളാണ് ഇതിന് വഴിവെച്ചതെന്നും ഇസ്‌ലാമിക് സെമിനാറുകളില്‍ അവതരിപ്പിച്ച പ്രബന്ധങ്ങളില്‍ അദ്ദേഹം സമര്‍ഥിച്ചിരുന്നു.

              മലബാറുകാര്‍ക്ക് തെക്കന്‍ ഭാഗങ്ങളിലെ വിദ്യാഭ്യാസമുന്നേറ്റത്തെ  പരിചയപ്പെടുത്തിയതും മറ്റാരുമായിരുന്നില്ല. സാമൂഹിക പരിഷ്‌ക്കര്‍ത്താവായിരുന്ന വക്കം അബ്ദുല്‍ഖാദര്‍ മൗലവിയുടെ ശ്രമഫലമായി ഉടലെടുത്ത തിരുവിതാംകൂര്‍ മുസ്‌ലിം മഹാജനസഭയെ കുറിച്ചും ലജ്‌നത്തുല്‍ മുഹമ്മദീയ അസോസിയേഷനെ സംബന്ധിച്ചും അദ്ദേഹമാണ് മലബാറുകാരോട് സംവദിച്ചത്.  നവോത്ഥാന ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച കേരള മുസ്‌ലിം ഐക്യസംഘത്തെ കുറിച്ചു പറയുമ്പോള്‍ ജലീല്‍ സാഹിബിന്റെ നാവ് പുഷ്പിക്കുമായിരുന്നു.  മുസ്‌ലിം കോളജ് എന്ന ആശയം ആദ്യമായി കൊണ്ടുവന്ന ശൈഖ് ഹമദാനി തങ്ങളെ കുറിച്ചും തെല്ലൊന്നുമല്ല അദ്ദേഹത്തിന്് പറയാനുണ്ടായിരുന്നത്.

             കേരള മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം ധീരവും സാഹസികവുമായ  സംരംഭമാണല്ലോ ഫാറൂഖ് കോളജ്. സംസ്ഥാനത്തെ എല്ലാ ഗ്രാമങ്ങളില്‍ നിന്നും ഒരു മുസ്‌ലിം കുട്ടിയെങ്കിലും ഈ കോളെജിന്റെ അക്ഷരവെളിച്ചം നുകരാതിരുന്നിട്ടില്ല.  ഈ  സരസ്വതീക്ഷേത്രത്തിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം ധീരവും സാഹസികവുമായി രണ്ടുപതിറ്റാണ്ടിലേറെ തുടര്‍ച്ചയായി കൊണ്ടുനടക്കാന്‍ അദ്ദേഹത്തിന് മാത്രമാണ് ഭാഗ്യം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്തുത്യര്‍ഹമായ  സേവനമനുഷ്ഠിക്കാന്‍      നൂറുകണക്കിന് ശിഷ്യഗണങ്ങള്‍ക്ക് അവസരം ലഭിച്ചുവെന്നതില്‍ ധന്യനായിരുന്നു ജലീല്‍ സാഹിബ്.

              ഇന്ത്യയിലെ മൊത്തം മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ വിലയിരുത്തുമ്പോള്‍ കേരള മുസ്‌ലിംകളുടെ വിദ്യാഭ്യാസ പുരോഗതി  മെച്ചപ്പെട്ടിട്ടുണ്ടെന്ന് പറയാമെങ്കിലും വര്‍ഷംതോറും  നടക്കുന്ന സിവില്‍ സര്‍വീസ് പരീക്ഷകളില്‍ മലയാളികള്‍ക്ക് ലഭിക്കുന്ന പരിമിതമായ പ്രാതിനിധ്യത്തില്‍ ദു:ഖിതനായിരുന്നു അദ്ദേഹം. കലാലയങ്ങളുടെ എണ്ണം പെരുകുന്നതിലല്ല  അവയുടെ നിലവാരം ഉന്നതാമായിരിക്കണമെന്ന ശാഠ്യം അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നു. ഉയര്‍ന്ന ഗവേഷണ പ്രതിഭകളും സാങ്കേതിക വിദഗ്ധരും ബഹിരാകാശ ഗവേഷകരും ശാസ്ത്രജ്ഞരുമൊക്കെയാണ് ഉന്നത കലാലയങ്ങളുടെ വരുംകാല ലക്ഷ്യങ്ങളില്‍ പ്രധാനമെന്ന്  സമൂഹത്തെ പഠിപ്പിച്ച മാതൃകായോഗ്യനായ മാര്‍ഗദര്‍ശി കൂടിയാണ് ജലീല്‍ സാഹിബിന്റെ വിയോഗത്തോടെ നമുക്ക് നഷ്ടമായത്. പ്രപഞ്ചനാഥന്‍ അദ്ദേഹത്തിന് പരലോക സൗഭാഗ്യം നല്‍കുമാറാകട്ടെ. ആമീന്‍.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...