Wednesday, September 5, 2012

സ്വപ്നങ്ങള്‍ പങ്കുവെച്ച് നായരീഴവ ഐക്യം


          നായരീഴവ ഐക്യത്തിന് വേണ്ടി എന്‍ എസ് എസും എസ് എന്‍ ഡി പിയും പ്രകടിപ്പിച്ച അത്യുത്സാഹത്തിന് നാലിന നയരേഖ അംഗീകരിച്ചതോടെ പുതിയ മാനം കൈവന്നിരിക്കുന്നു. ഇരുവരും ഒപ്പുവെച്ച നയരേഖ പ്രകാരം ഭൂരിപക്ഷ വിഭാഗത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതാണ്. ഐക്യത്തിന് തടസ്സമാവുന്ന വിഷയങ്ങള്‍ പരസ്പരം ചര്‍ച്ചയിലൂടെ പരിഹരിക്കുകയും ചെയ്യും. ന്യൂനപക്ഷ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് സര്‍ക്കാരും രാഷ്ട്രീയ പാര്‍ടികളും വഴങ്ങുന്നു എന്ന് ഇരു സംഘടനകളും അടുത്ത കാലത്തായി ശക്തമായി ആരോപിച്ചുവരികയായിരുന്നുവല്ലോ. മാത്രമല്ല ഭൂരിപക്ഷ വിഭാഗത്തിനോടുള്ള നീതി നിഷേധം കൂടുതല്‍ പ്രകടമായി വരുന്നുവെന്ന ആക്ഷേപവും ഇവര്‍ക്കുണ്ട്. ഈ സാഹചര്യത്തില്‍ ഹൈന്ദവ സമൂഹത്തിലെ പ്രബല സമുദായ സംഘടനകളായ എസ് എന്‍ ഡി പിയും എന്‍ എസ് എസും  ഇരുകൂട്ടരുടെയും തത്വങ്ങളും ലക്ഷ്യങ്ങളും പ്രവര്‍ത്തന ശൈലിയും കൈവിടാതെ സാമൂഹികനീതി ഉറപ്പുവരുത്താന്‍ ഒരുമിച്ച് നീങ്ങുമെന്നാണ് നയരേഖയിലൂടെ വിളംബരം ചെയ്തിരിക്കുന്നത്.

          എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വള്ളാപ്പള്ളി നടേശനും ഐക്യത്തിന്റെ പടികയറാന്‍ ആവേശം നല്‍കിയത് യു ഡി എഫിലെ അഞ്ചാംമന്ത്രി വിവാദമായിരുന്നു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ ഇരുവരും യു ഡി എഫിനെതിരെ തിരിയുക മാത്രമല്ല ബി ജെ പിക്കനുകൂലമായി പടയൊരുക്കം നടത്തുകയും ചെയ്തു. ബി ജെ പി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് ലഭിച്ച 30000 വോട്ടുകളില്‍ ഏറിയ പങ്കും യു ഡി എഫിന്റേതാണെന്ന് അന്നു തന്നെ സുകുമാരന്‍ നായര്‍ വാദിക്കുകയും ചെയ്തിരുന്നു. അതായത് മതേതര പക്ഷത്തുനിന്ന ഈഴവരെയും നായന്മാരെയും ബി ജെ പി പക്ഷത്ത് എത്തിക്കാന്‍ കഴിഞ്ഞുവെന്നതാണ് ഇരുവരും ചെയ്ത സേവനമെന്നര്‍ഥം.

          നായരീഴവ ഐക്യത്തിന് മുമ്പ് പിന്നാക്ക-ദലിത് ഐക്യത്തെ കുറിച്ച് സംസാരിച്ച വള്ളാപ്പള്ളി, കേരള പീപ്പിള്‍സ് ഫ്രണ്ട് എന്ന പേരില്‍ അവരുടെ കൂട്ടായ്മക്കും രൂപം നല്‍കിയ ആളാണ്. അമ്പതോളം പിന്നാക്ക സംഘടനകളുടെ പ്രതിനിധികള്‍ യോഗം ചേര്‍ന്നാണ് ഫ്രണ്ട് രൂപീകരിച്ചത്. പിന്നാക്ക വിഭാഗങ്ങളില്ലാതെ എന്ത് ഹിന്ദു ഐക്യം എന്നായിരുന്നു അന്ന് വള്ളാപ്പള്ളിയുടെ ന്യായം. മാത്രമല്ല ദലിതരും ആദിവാസികളുമടങ്ങുന്ന വിഭാഗങ്ങളെ പുറത്തു നിര്‍ത്തി നായരും ഈഴവരും ചേരുന്ന ഐക്യം അപ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

          മുമ്പ് മുസ്‌ലിംകളെ ഒപ്പം നിര്‍ത്തി സംവരണ സമുദായ മുന്നണിക്ക് രൂപം നല്‍കിയപ്പോള്‍ അതിന്റെ തലപ്പത്തും വള്ളാപ്പള്ളി ഉണ്ടായിരുന്നു. ഈ രണ്ട് കൂട്ടായ്മകളെയും പാതിവഴിയില്‍ ഉപേക്ഷിച്ചാണ് അദ്ദേഹം മുന്നോക്ക വിഭാഗത്തോടൊപ്പം കൈകോര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചത്. കേരളത്തിലെ നായന്മാരാകട്ടെ ഭൂരിപക്ഷവും കാലാകാലമായി കോണ്‍ഗ്രസിനോടൊപ്പം നില്‍ക്കുന്നവരാണ്. ഈഴവരാകട്ടെ മുഖ്യമായും കമ്യൂണിസ്റ്റുപാര്‍ടികളെയാണ്  പിന്തുണക്കുന്നത്. അതുകൊണ്ടു തന്നെ വള്ളാപ്പള്ളിയും സുകുമാരന്‍ നായരും എത്ര കിണഞ്ഞു ശ്രമിച്ചാലും അവരെ ഒരു കുടക്കീഴില്‍ അണിനിരത്തുക അസാധ്യമായിരിക്കും. ഇതപര്യന്തമുള്ള കേരളത്തിലെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവുന്ന  ഈ സത്യം തിരുത്തിയെഴുതുക അത്ര എളുപ്പമായിരിക്കില്ല.

          മാധ്യമങ്ങളുടെ തലക്കെട്ടുകള്‍ അപഹരിക്കാം എന്നതിലുപരി കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ പുതിയ പ്രഖ്യാപനത്തിന് കഴിയുമെന്ന് ആരും വിശ്വസിക്കുന്നുമില്ല. സുകുമാരന്‍ നായര്‍ക്കും വള്ളാപ്പള്ളിക്കും ഇതറിയാത്തതല്ല. എന്നാല്‍ ജാതികളുടെ പേരില്‍ വൈകാരിക സ്‌ഫോടനം സൃഷ്ടിച്ച് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുകയെന്ന നാളിതുവരെ അനുവര്‍ത്തിച്ചുവന്ന തന്ത്രങ്ങള്‍ ഇതുമൂലം ഇനിയും വിജയം കണ്ടേക്കാം. അതിലപ്പുറം എന്‍ എസ് എസും എസ് എന്‍ ഡി പിയുമുണ്ടാക്കിയ നായരീഴവ ഐക്യത്തിന് അധികം ആയുസ്സുണ്ടാവാന്‍ സാധാരണ ഗതിയില്‍ തരമില്ല.

          മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് സംവരണം ശിപാര്‍ശചെയ്യുന്ന എസ് ആര്‍ സിന്‍ഹോ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാവേണ്ടത് എന്‍ എസ് എസിന്റെ വളരെ പ്രധാനപ്പെട്ട ആവശ്യമാണ്. ഇത് നേടിയെടുക്കുന്നതിനുള്ള സുകുമാരന്‍ നായരുടെ ബുദ്ധിയായി പുതിയ ഐക്യത്തെ കാണുന്നവരുണ്ട്. സിന്‍ഹോ കമ്മീഷന്റെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ കുറിച്ച് ഇപ്പോള്‍ മൗനംപാലിക്കുന്ന വള്ളാപ്പള്ളി സത്യത്തില്‍ എന്‍ എസ് എസിന് കീഴടങ്ങി എന്ന് തന്നെ പറയേണ്ടിവരും. 25 ഏക്കര്‍ ഒരു ശാഖായോഗത്തിന്റെ പേരില്‍ പതിച്ചു നല്‍കിയപ്പോള്‍ പിറവത്ത് യു ഡി എഫിന്റെ പിറകെ പോയ ആളാണദ്ദേഹം.

          ആദിവാസി മുതല്‍ നമ്പൂതിരി വരെയുള്ള സമുദായങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാണ് നയരേഖ ഒപ്പിട്ടതെങ്കില്‍ ഇതില്‍ എന്‍ എസ് എസും എസ് എന്‍ ഡി പിയും മാത്രമായത് എന്തുകൊണ്ട് എന്ന് ഇരുവരും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. മേല്‍ത്തട്ട് പരിധി ഉയര്‍ത്തിയതിനെതിരെയുള്ള കേസ് പിന്‍വലിച്ചെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്തു ശതമാനം സംവരണം നല്‍കിയതിനെ ചോദ്യംചെയ്തുകൊണ്ട് കേരള ജമാഅത്ത് കൗണ്‍സില്‍ കൊടുത്ത കേസില്‍ കക്ഷി ചേര്‍ന്ന എന്‍ എസ് എസ് എന്തുകൊണ്ടാണ് അത് പിന്‍വലിക്കാത്തത് എന്നതിനും വിശദീകരണം ലഭിക്കേണ്ടതുണ്ട്.

         തിരുവിതാംകൂര്‍, തിരുകൊച്ചി ദേവസ്വം ബോര്‍ഡ് പുന:സംഘടനയില്‍ കണ്ണും നട്ടാണ് ഇപ്പോഴത്തെ നായരീഴവ ഐക്യം എന്നും ആരോപണമുണ്ട്. ഈ രണ്ട് ബോര്‍ഡുകളില്‍ ഒന്ന് പട്ടികജാതി-വര്‍ഗത്തില്‍ പെട്ടവര്‍ക്ക് നല്‍കാന്‍ ഇവര്‍ ആവശ്യപ്പെടുമോ? ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട നായരീഴവ ഐക്യം കേരള രാഷ്ട്രീയത്തെ തല്‍ക്കാലം സ്വാധീനിക്കുകയില്ലെങ്കിലും യു ഡി എഫ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ അത് ധാരാളം മതി. അതിന്റെ മറവില്‍ സര്‍ക്കാരിനോട് കൂടുതല്‍ വില പേശി കാര്യങ്ങള്‍ നേടിയെടുക്കാന്‍ എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കും കഴിഞ്ഞെന്നും വരും.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...