Saturday, May 18, 2013

ഖുര്‍ആന്‍ സമ്പൂര്‍ണം


       അല്ലാഹു പറയുന്ന ഒരു വചനം കാണുക 'എന്നാല്‍ നിന്റെ നാഥന്റെ വചനം സത്യം കൊണ്ടും നീതി കൊണ്ടും പരിപൂര്‍ണമായിരിക്കുന്നു. അവന്റെ വചനങ്ങള്‍ ഭേദഗതി വരുത്തുന്ന ഒരുവനുമില്ല. അവന്‍ സര്‍വ്വവും കേള്‍ക്കുന്നവനും സര്‍വ്വജ്ഞനുമാകുന്നു' (6:115). അപ്പോള്‍ അല്ലാഹുവിന്റെ വചനം നീതിയാലും സത്യത്താലും പൂര്‍ണമായിരിക്കുന്നു എന്ന് പറഞ്ഞാല്‍  അത് കേവലം അക്ഷരത്തിലുള്ള പൂര്‍ണത മാത്രമല്ല, മറിച്ച് അക്ഷരത്തിലും ആശയത്തിലും പൂര്‍ണതയുണ്ട്. അല്ലാതെ അക്ഷരങ്ങളുടെ വള്ളി പുള്ളി മാറ്റാന്‍  പാടില്ല എന്നു മാത്രമല്ല, അതിലെ ആശയങ്ങളെയും ഭേദഗതി വരുത്താന്‍ പാടില്ല. ആശയത്തെ ഭേദഗതി വരുത്തലാണ് ഏറ്റവും അപകടം. കാരണം എല്ലാം കേള്‍ക്കുന്നവനും സര്‍വ്വജ്ഞനുമാണ് ഈ വേദം അവതരിച്ചിട്ടുള്ളത്. മാറ്റത്തിരുത്തലുകളോ ഭേദഗതിയോ വരുത്തേണ്ട ആവശ്യവും അത്തരം ഒരു ദൈവത്തില്‍നിന്നും വന്ന ദൈവീക വചനങ്ങള്‍ക്കുണ്ടാവില്ല. സര്‍വ്വജ്ഞനായ ദൈവം തന്റെ  ദാസന്മാര്‍ എങ്ങനെ ജീവിക്കണം എന്ന് പരിപൂര്‍ണമായും വിശദമാക്കുന്ന ഒരു ഗ്രന്ഥം അവതരിപ്പിക്കാന്‍ കഴിവില്ലാത്തവനോ? സമ്പൂര്‍ണമല്ലാത്ത ഒരു ഗ്രന്ഥം അവതരിപ്പിച്ചിട്ട് പിന്നീട് അതു പൂര്‍ത്തിയാക്കാന്‍ പ്രവാചകന്റെ വിയോഗത്തിനു ശേഷം 250 വര്‍ഷം കഴിഞ്ഞ് റഷ്യയുടെയും ഇറാന്റെയും സമീപപ്രദേശങ്ങളില്‍നിന്നും ചില ആളുകള്‍ വന്ന് മാന്തിയെടുക്കേണ്ട ഗതികേടുണ്ടോ?

      എല്ലാം കേള്‍ക്കുന്നവനും സര്‍വ്വജ്ഞനുമായ അല്ലാഹു തന്റെ ദാസന്മാര്‍ ഭാവിയില്‍ എന്തെല്ലാം പ്രശ്‌നങ്ങളാണ് അനുഭവിക്കേണ്ടിവരിക എന്ന് മനസ്സിലാക്കി  അതിനാവശ്യമായ രൂപത്തില്‍ അവര്‍ക്ക് അവരുടെ മതം പൂര്‍ത്തിയാക്കുകയും സമ്പൂര്‍ണമാക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നത് കാണുക.
'ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ദീന്‍ പൂര്‍ത്തിയാക്കി തരികയും നിങ്ങള്‍ക്ക് എന്റെ അനുഗ്രത്തെ സമ്പൂര്‍ണമാക്കുകയും അതനുസരിക്കല്‍ ഒരു ദീനായി നിങ്ങള്‍ക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു (5:3). അല്ലാഹു അവന്റെ ദീന്‍ പൂര്‍ത്തിയാക്കി ത്തരാം (തന്നു) എന്നു പറഞ്ഞാല്‍  പിന്നെ നാമെന്തിന് ഇരുനൂറിലധികം വര്‍ഷം കഴിഞ്ഞ് ചിലര്‍ വന്നു ചില ഹദീസുകള്‍ മാന്തിയെടുത്ത് പൂര്‍ത്തിയാക്കുന്നതിനെ കാത്തിരിക്കണം? ഒരിക്കലും തീരാത്തത്ര വചനങ്ങളാണ് അല്ലാഹുവിന്റെ അടുക്കലുള്ളത്. അവ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും നടപ്പിലാക്കാനും ആവശ്യമുള്ളതും ആവശ്യമായതു മാത്രം നമുക്ക്  തന്നു അനുഗ്രഹിച്ചു. അസാധ്യമായത് നമുക്ക് നല്‍കി നമ്മെ അവന്‍ ബുദ്ധിമുട്ടിച്ചില്ല. (തുടരും)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...