Friday, May 3, 2013

ഏതാണ് നേര്‍വഴി?


     ജീവിതം സമ്പൂര്‍ണമായും സമര്‍പ്പിക്കുക എന്ന ശാന്തിമാര്‍ഗം ലക്ഷ്യംവെച്ചുള്ള ഇസ്‌ലാം മതം എന്ന ദൈവീക വ്യവസ്ഥ,  അല്ലാഹു തന്നെ വിശദീകരിച്ചുതരുന്നത് വിശുദ്ധ ഖുര്‍ആനിലൂടെയാണ്. ആദ്യത്തെ അധ്യായത്തില്‍ നാം ദൈവത്തോട് നിര്‍ദേശിച്ചുതരാന്‍ ആവശ്യപ്പെടുന്ന ചൊവ്വായ മാര്‍ഗം അഥവാ 'സ്വിറാത്തുല്‍ മുസ്തഖീം' എന്ന രാജപാതയും ആ ഖുര്‍ആന്‍ തന്നെയാണ്. ആ സ്വിറാത്തുല്‍ മുസ്തഖീമാണ് ഏതാനും കാര്യങ്ങള്‍ വിവരിച്ച ശേഷം 6:153 ല്‍ ഇതാണെന്റെ ചൊവ്വായ മാര്‍ഗം എന്നു പറഞ്ഞ് അല്ലാഹു വിവരിക്കുന്നത്.

     മദ്യപാനമാണ് എല്ലാ കുറ്റകൃത്യങ്ങളുടെയും മാതാവ് എന്നു പറയാറുള്ളതു പോലെ ഖുര്‍ആനല്ലാത്ത മനുഷ്യനിര്‍മിത പുസ്തകങ്ങളാണ് ലോകത്ത് അശാന്തിയും അക്രമവും വിഘടനവാദവും വിഭാഗീയതയുംഅവഹേളനങ്ങളുമെല്ലാം ക്ഷണിച്ചുവരുത്തുന്നത്. ഉദാഹരണത്തിനു ലോകത്ത് ദൈവീകനീതി എന്ന ഒരേയൊരു നീതി മാത്രമേ ഉള്ളൂ. അല്ലാതെ ഓരോ മതസ്ഥര്‍ക്കും ഓരോ നീതി ഇല്ല. അങ്ങനെ ഓരോരുത്തര്‍ക്ക് ഓരോ നീതി  നിര്‍മിക്കുന്നത് ശിര്‍ക്കും ആ ശിര്‍ക്ക് അക്രമവുമാണ്. അതുകൊണ്ടു തന്നെ പ്രവാചകന്റെ പേരില്‍ ആരോപിക്കപ്പെട്ടതും ശത്രുക്കളുടെ കറുത്ത കരങ്ങളാല്‍ വിപരീതമായതുമായ ഇത്തരം മനുഷ്യാവകാശ ലംഘനങ്ങളടങ്ങിയ ഗ്രന്ഥങ്ങള്‍ ഇനിയുള്ള കാലം ലോകത്തിനു മുമ്പില്‍ പരിഹാസ്യമാവുകയേ ഉള്ളൂ.

     ഒരേ മതത്തില്‍ പെട്ട വിവിധ ഗ്രൂപ്പുകള്‍ പോലും പരസ്പരം വെട്ടിയും കുത്തിയും ബോമ്പിട്ടും മരിക്കുന്ന സ്ഥിതിവിശേഷം ലോകത്ത് ഉണ്ടാക്കിത്തീര്‍ത്തത് ദൈവീക മുല്യങ്ങളെ വെടിഞ്ഞ് മനുഷ്യര്‍ നിര്‍മിച്ച മറ്റു പ്രമാണങ്ങളെ ഇസ്‌ലാം എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രാവര്‍ത്തികമാക്കിയതാണെന്ന് വിവേകശാലികളായ നിഷ്പക്ഷ ബുദ്ധികള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. കാക്ക കാരണവന്മാര്‍ തുടര്‍ന്നു പോന്ന  ആചാരങ്ങളും അനുഷ്ഠാനങ്ങളും മതി ഞങ്ങള്‍ക്കെന്നും അവര്‍ നരകത്തില്‍ പോവുകയാണെങ്കില്‍ ഞങ്ങളും നരകത്തില്‍ പോയ്‌ക്കൊള്ളട്ടെ എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുന്നവരെ കുറിച്ച് എന്തുപറയാന്‍? കാലപ്പഴക്കം അത്തരം ആളുകളുടെ ഹൃദയങ്ങളെ കഠിനമാക്കിക്കളഞ്ഞിരിക്കുകയാണെന്ന വിശുദ്ധ ഖുര്‍ആനിലെ വചനമാണ് ഇവിടെ ഓര്‍മിപ്പിക്കാനുള്ളത് (57:16)

     ഖുര്‍ആന്‍ മാത്രമാണ് മാര്‍ഗനിര്‍ദേശത്തിനുള്ള ഏക വഴി എന്ന് നാം മനസ്സിലാക്കണം. 'പറയുക, ദൈവത്തിന്റെ മാര്‍ഗനിര്‍ദേശമാകുന്നു സത്യമായ മാര്‍ഗനിര്‍ദേശം. (2:120). ദീനിന്റെ ഉറവിടവും ഖുര്‍ആന്‍ മാത്രമാണ്. 'നിങ്ങളിലേക്ക് നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നും ഇറക്കപ്പെട്ടതിനെ പിന്‍പറ്റുക. അതുകൂടാതെ മറ്റ് രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. ഇതേ ആശയം തന്നെയാണ് 6-155 മുതല്‍ 157 വരെയുള്ള വചനങ്ങളിലും വിവരിക്കുന്നത്. 'എല്ലാ അനുഗ്രഹങ്ങളുമായി ഈ ഗ്രന്ഥം നാം അവതരിപ്പിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ കരുണ ചെയ്യപ്പെടാന്‍ വേണ്ടി അതിനെ പിന്തുടരുവിന്‍'.(6:155) തുടര്‍ന്ന് അല്ലാഹു പറയുന്നതു കാണുക.'ഞങ്ങളുടെ മുമ്പുണ്ടായിരുന്ന രണ്ടു വിഭാഗങ്ങള്‍ക്കു മാത്രമേ വേദം ഇറക്കപ്പെട്ടിട്ടുള്ളൂ. ഞങ്ങളാണെങ്കില്‍ അവരുടെ പഠനത്തെ കുറിച്ച് ഉദാസീനരായിരുന്നുവെന്ന് നിങ്ങള്‍ പറയാതിരിക്കുവാനാണിത്. അല്ലെങ്കില്‍ ഞങ്ങള്‍ക്കൊരു വേദം അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ അവരേക്കാള്‍ സന്മാര്‍ഗികളായേനേ എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടി. ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ രക്ഷിതാവില്‍ നിന്നുള്ള തെളിവും മാര്‍ഗനിര്‍ദേശവും കാരുണ്യവും വന്നുകഴിഞ്ഞിരിക്കുന്നു. അപ്പോള്‍ ദൈവീക വചനങ്ങളെ വ്യാജമാക്കി അതില്‍നിന്ന് തിരിഞ്ഞുപോകുന്നവരേക്കാള്‍ അക്രമി ആരുണ്ട്? നമ്മുടെ വചനങ്ങളില്‍നിന്ന് തിരിഞ്ഞുപോകുന്നവര്‍ക്ക് ശിക്ഷാദൂഷ്യം പ്രതിഫലമായി നല്‍കുന്നതാണ്' (6:156,157).

     അപ്പോള്‍ ഖുര്‍ആനിക അധ്യാപനങ്ങള്‍ക്ക് സമാനമായി മറ്റൊന്നില്ലെന്നും അതിനെ പിന്‍പറ്റണമെന്നും പ്രവാചകനോട് കല്പിക്കുകയും ചെയ്തു. ഖുര്‍ആനല്ലാത്ത മറ്റുള്ളവ തള്ളിക്കളയാനും അല്ലാഹു കല്‍പിച്ചു. ഏതൊരു പ്രവാചകനും അധികാരവും യുക്തിയും നല്‍കിയിട്ട് അവരുടെ സ്വന്തം കല്‍പനകള്‍ക്ക് അനുസരിച്ച് ജീവിക്കുന്ന ദാസന്മാരാകാന്‍ പ്രവാചകന്മാര്‍ കല്‍പിക്കില്ലെന്നും ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നു. 'ഒരു മനുഷ്യന് ദൈവം വേദവും അധികാരവും പ്രവാചകത്വവും നല്‍കുകയും പിന്നീട് അദ്ദേഹം മനുഷ്യരോട് നിങ്ങല്‍ ദൈവത്തെ കൂടാതെ  എനിക്ക് ദാസന്മാരാകുവിന്‍ എന്ന് പറയാന്‍ പാടുള്ളതല്ല....' പ്രവാചകനോട് പറയുന്നതും നീ നിന്റെ രക്ഷിതാവില്‍ നിന്നും നിന്നിലേക്ക് വെളിപ്പെട്ടത് പിന്‍പറ്റുക (ഇത്തബിഅ മാ ഊഹിയ ഇലൈക്ക മിന്‍ റബ്ബിക്ക) എന്നാണ്.                                       (തുടരും)

No comments:

Post a Comment

Related Posts Plugin for WordPress, Blogger...