Sunday, May 5, 2013

പ്രവാസികളുടെ പേരില്‍ മാമാങ്കം


     ദാരിദ്ര്യത്തില്‍നിന്നും അനേകായിരും ദുരിതങ്ങളില്‍നിന്നും ഒരു നാടിനെ കൈപിടിച്ചുയര്‍ത്തിയവരാണ് പ്രവാസികള്‍. കേരളത്തിന്റെ സാമൂഹിക വികസന സൂചിക ഉയര്‍ന്നുനില്‍ക്കുന്നതിന്റെ ഉത്തരവും അവര്‍ തന്നെ. സംസ്ഥാനത്തിന്റെ സര്‍വതോമുഖമായ പുരോഗതിക്ക് സമ്പാദ്യവും ഊര്‍ജ്ജവും ചെലവിടാന്‍ പ്രവാസി സമൂഹം കാണിച്ച ഉദാരമനസ്‌കത വിസ്മയകരമാണ്.  ആവശ്യമായ അക്ഷരാഭ്യാസമോ തൊഴില്‍ പരിചയമോ ഭാഷാ പരിജ്ഞാനമോ ഇല്ലാതിരുന്നിട്ടും ഉരുവും കപ്പലും കയറി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടന്നുചെല്ലാന്‍ തന്റേടം കാണിച്ചവരാണവര്‍. വിദേശത്ത് വിയര്‍പ്പൊഴുക്കുമ്പോഴും സ്വന്തം വീടും നാടുമാണ് അവരുടെ നെഞ്ചുനിറയെ.

     പ്രവാസികളുടെ നിഷ്‌ക്കളങ്കതയും ഉദാരമനസ്‌ക്കതയും നിഷ്‌ക്കരുണം ചൂഷണംചെയ്യുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് രാഷ്ട്രീയ നേതാക്കളും മത പുരോഹിതന്മാരും തന്നെയാണ്. ഇവിടെ ഭരിച്ചവരും ഭരിക്കുന്നവരും പ്രവാസികള്‍ക്ക് വേണ്ടി എന്തു ചെയ്തു എന്ന് പരിശോധിക്കുമ്പോഴാണ് അവര്‍ കറപ്പശുക്കള്‍ മാത്രമായിരുന്നുവെന്ന സത്യം വ്യക്തമാവുക. മണലാരണ്യങ്ങളില്‍ കഷ്ടപ്പെടുന്നവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്കൊന്നും ദശാബ്ദങ്ങളേറെ പിന്നിട്ടിട്ടും ഒരു പരിഹാരവും ഉണ്ടായില്ല. വിസ തട്ടിപ്പു മുതല്‍ വിമാന യാത്ര നിരക്കു തൊട്ട് എണ്ണിയാലൊടുങ്ങാത്ത കടമ്പകളെ അതിജീവിക്കാന്‍ ഒരു കൈ തുണ ആരില്‍നിന്നും ഉണ്ടായില്ല.

     സഊദി അറേബ്യയില്‍ 'നിതാഖാത്ത്' നടപ്പാക്കാന്‍ പുറപ്പെട്ടപ്പോഴാണ് എല്ലാവരുടെയും പൊയ്മുഖം അഴിഞ്ഞുവീണത്. സ്വന്തം പൗരന്മാര്‍ക്ക്  തൊഴില്‍ സംരക്ഷണം ഉറപ്പുവരുത്താന്‍ സഊദി ഭരണകൂടം ഒന്നര വര്‍ഷം മുമ്പ് നടപ്പാക്കിത്തുടങ്ങിയ പദ്ധതിയാണിത്. നിയമം കര്‍ശനമാക്കുന്നതിന് മൂന്നുമാസത്തെ ഇടവേള അനുവദിച്ചതില്‍ ഒന്നരമാസവും പിന്നിട്ടു. സാവകാശം അനുവദിച്ചെങ്കിലും സ്വദേശീവല്‍ക്കരണം കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് സഊദി തീരുമാനം. നിതാഖാത്ത് നടപ്പാക്കുന്നതില്‍ തന്റെ മക്കള്‍ക്കു പോലും ഇളവ് നല്‍കരുതെന്നാണ് അബ്ദുല്ലാ രാജാവിന്റെ ഉത്തരവ്. അനധികൃത തൊഴിലാളികള്‍ക്കെതിരെ പരിശോധന നടത്തിയതില്‍ 20000 ത്തോളം പേരെ നാടുകടത്തിയെന്നും  നിതാഖാത്ത് നടപ്പാക്കിയ കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ 840000 പേര്‍ രാജ്യം വിട്ടുപോയെന്നും ലീഗു മുഖപത്രമായ ചന്ദ്രിക (18-4-2013) തന്നെ വെളിപ്പെടുത്തുന്നു.

     എന്നിട്ടും സഊദിയില്‍ ഒന്നും പേടിക്കാനില്ല, നിയമം ലംഘിച്ചവര്‍ക്കേ പ്രശ്‌നമുള്ളൂ എന്നൊക്കെ പറഞ്ഞ് പ്രശ്‌നത്തെ ലഘൂകരിച്ചു കാണുന്ന മന്ത്രിമാരുടേയും നേതാക്കളുടെയും തൊലിക്കട്ടി അപാരം തന്നെ. പ്രവാസകാര്യമന്ത്രിയുടെയും വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെയും  നേതൃത്വത്തില്‍ സഊദിയില്‍ പോയ ഔദ്യോഗിക സംഘം വെറുംകയ്യോടെ തിരിച്ചുവന്നതും എല്ലാവരും കണ്ടതാണല്ലോ.

     പ്രവാസികളെ സംഘടിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് എന്തൊരു ആവേശമാണെന്നോ. കേരളം കണ്ട ഏറ്റവും വലിയ പ്രവാസിക്കൂട്ടായ്മ തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നത് മുസ്‌ലീഗാണ് (ചന്ദ്രിക 4-5-13). രണ്ടുലക്ഷം അംഗങ്ങളുണ്ടത്രെ പ്രവാസിലീഗിന്. അധികൃതര്‍ ഇതുവരെ ചെവികൊടുക്കാത്ത നീറുന്ന പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയമായെന്ന് പ്രസ്തുത ലേഖനം ഓര്‍മിപ്പിക്കുന്നു. പ്രവാസി പ്രശ്‌നങ്ങളില്‍ ചെറുവിരലനക്കാത്ത പാര്‍ടിയാണ് ലീഗെന്ന് ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ. പ്രവാസിലീഗ് സംസ്ഥാന സമ്മേളനം കഴിഞ്ഞ മൂന്നുദിവസമായി കോഴിക്കോട്ട് നടന്നുവരികയാണ്.

     നിതാഖത്തിന്റെ പേരില്‍ തിരിച്ചെത്തുന്ന പ്രവാസികളുടെ ജീവിതം വെള്ളത്തില്‍ വരച്ച വരപോലെ വീടിനും നാടിനും ബാധ്യതയായി മാറുമ്പോഴാണ് കോടികള്‍ പൊടിപൊടിച്ച് കോഴിക്കോട് കടപ്പുറത്ത് സമ്മേളന മാമാങ്കം അടിച്ചുപൊളിക്കുന്നത്.  സഊദിയില്‍ പ്രവാസികളുടെ തൊഴിലും ബിസിനസും നിയമവിധേയമാക്കാന്‍ ഒന്നും ചെയ്തില്ല. പക്ഷെ  ഈ സമ്മേളനത്തിലും നേതാക്കള്‍ വീരസ്യമേ പറയൂ. പ്രവാസിലീഗിന്റെ ചുക്കാന്‍ പിടിക്കുന്നവരാകട്ടെ കോടീശ്വരന്മാരാണ്. വിദേശത്തെന്ന പോലെ സ്വദേശത്തും അവര്‍ക്ക് സ്ഥാപനങ്ങളുണ്ട്. ഭരണത്തിന്റെ തണലില്‍ സ്വായത്തമാക്കിയതാണ് പലതുമെന്നത് മറ്റൊരു കാര്യം. അവരെ സംബന്ധിച്ചെടുത്തോളം സമ്മേളനവും റാലിയുമൊക്കെ പൊങ്ങച്ചം പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ മാത്രമാണ്.

     ഇതിനകം എത്രയെത്ര നേതാക്കളും മന്ത്രിമാരും ഗള്‍ഫില്‍ പോയിരിക്കുന്നു. ഉംറയുടെ മറവില്‍ നടത്തുന്ന  തീര്‍ഥയാത്രകള്‍ പോലും  ഷോപ്പിംഗിനു വേണ്ടിയുള്ളതാണ്.  പുതിയ സാഹചര്യത്തില്‍ പാവം പ്രവാസികളെ ആര്‍ക്കു വേണം. സമ്പന്നരായ പ്രവാസികള്‍ എന്തും നല്‍കാന്‍ തയാറായി വേറെയുണ്ടല്ലോ. വിദേശകാര്യമന്ത്രിയെന്ന നിലയില്‍ നിരവധി തവണ റിയാദില്‍ വട്ടമിട്ടു പറന്നയാളാണ് മന്ത്രി ഇ അഹമ്മദ്. ഇന്ത്യക്കു വേണ്ടിയുള്ള ഔദ്യോഗിക ചര്‍ച്ചകളില്‍ നിതാഖാത്ത്  ഉന്നയിച്ചിരുന്നുവെങ്കില്‍ പ്രശ്‌നം ഇത്ര വഷളാകില്ലായിരുന്നു.

     ഇന്നത്തെ മനോരമയുടെ സണ്‍ഡേ പേജില്‍  ശ്രീലങ്കയില്‍ നിന്ന് ലണ്ടനില്‍ പോയി ബിസിനസ് നടത്തുന്ന രതീഷ് യോഗനാഥന്‍ എന്ന വിശാലഹൃദയന്റെ  ജീവിതകഥയുണ്ട്.  പേരിനും പ്രശസ്തിക്കും വേണ്ടി സമ്മേളന മാമാങ്കങ്ങള്‍ പൊടിപൊടിക്കുന്നവര്‍ അതൊന്ന് വായിക്കണം. ലങ്ക വംശീയകലാപത്തിന്റെയും യുദ്ധത്തിന്റെയും ചോരയില്‍ കുതിര്‍ന്നു കിടക്കവെ 11-ാം വയസ്സില്‍ മധുരയിലേക്ക് അഭയാര്‍ഥിയായി പോകേണ്ടിവന്ന രതീഷ് ഒടുവില്‍ എത്തിച്ചേര്‍ന്നത് ലണ്ടനിലാണ്. ഇന്നിപ്പോള്‍  അവിടെ 5000 കോടി രൂപ വിറ്റുവരവുള്ള ടെലികോം സേവന കമ്പനിയുടെ ഉടമയാണ്. സ്വന്തം കമ്പനിയുടെ ആസ്തിയുടെ പകുതി സുനാമി ബാധിതരുടെ കുട്ടികളുടെ ക്ഷേമത്തിനായി അദ്ദേഹം നീക്കിവെച്ചിരിക്കുന്നു. ഇനിയുണ്ടാകുന്ന ആസ്തിയുടെ കാര്യവും അങ്ങനെ തന്നെ. ഇപ്പോഴത്തെ ജീവിതസൗകര്യങ്ങള്‍ അതേപടിയോ അതിലും കൂടുതലായോ തുടരാന്‍ 50 ശതമാനം സ്വത്ത് ധാരാളമാണെന്ന് രതീഷ് പറയുന്നു. പിന്നെ എന്തിനാണ് ഉള്ളതു മുഴുവന്‍ കെട്ടിപ്പിടിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിക്കുന്നു. 'സ്വത്ത് കൂടുന്നതു കൊണ്ട് ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവും വരുന്നില്ല. നല്‍കുന്ന അമ്പതു ശതമാനം കൊണ്ട് അനേകം കുട്ടികളുടെ ജീവിതം മാറിമറിയുകയും ചെയ്യും' എന്നു പറയുന്ന രതീഷിന്റെ വാക്കുകള്‍ക്ക് എല്ലാവരും കാതോര്‍ത്തിരുന്നുവെങ്കില്‍ മുസ്‌ലിംകള്‍ മാത്രമല്ല കേരളവും ഈ ലോകവുമെല്ലാം എന്നേ രക്ഷപ്പെട്ടേനേ.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...