Tuesday, February 8, 2011

ഇസ്‌ലാമിക് ബാങ്കിന് അംഗീകാരം


          സംസ്ഥാനത്ത് ഇസ്‌ലാമിക് ബാങ്ക് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ നല്‍കിയ അനുമതി ശരിവെച്ച ഹൈക്കോടതി നടപടി തീര്‍ച്ചയായും നീതിന്യായ ചരിത്രത്തിലെ അഭിമാനമുഹൂര്‍ത്തമായി രേഖപ്പെടുത്തപ്പെടും. ശരീഅത്ത് തത്വങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ മതത്തെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പറഞ്ഞ്  എതിര്‍ക്കേണ്ടതില്ലെന്നാണ് കോടതിയുടെ സുചിന്തിതമായ നിഗമനം. മാത്രമല്ല മതം അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പണം ചെലവിടുന്നതുകൊണ്ട് മാത്രം ഭരണഘടനാ വിരുദ്ധമാവില്ലെന്നും സുപ്രീംകോടതി ഉത്തരവുകള്‍ ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയുണ്ടായി. ഇസ്‌ലാമിനും മറ്റുമെതിരെ പ്രാകൃതമായ സഹജഭാവം പുറത്തെടുത്തവര്‍ക്ക് ഇനി വകതിരിവിലേക്ക് മടങ്ങാം. ആരോപണങ്ങളുടെ കനല്‍ ചൊരിഞ്ഞ് രാഷ്ട്രീയനേട്ടം സ്വപ്നം കണ്ടവര്‍ക്ക് ഇനി വിശ്രമിക്കുകയുമാവാം.

          മതേതര സമൂഹത്തില്‍ ശരീഅത്ത് നിയമമനുസരിച്ച് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതിനെ ചോദ്യംചെയ്ത് മുന്‍ കേന്ദ്രമന്ത്രി ഡോ. സുബ്രഹ്മണ്യസ്വാമിയും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്‍ എസ് ബാബുവും സമര്‍പ്പിച്ച രണ്ടു ഹര്‍ജികളും തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെ ചെലമേശ്വറും ജസ്റ്റിസ് പി ആര്‍ രാമചന്ദ്രമേനോനും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇസ്‌ലാമിക് ബാങ്കിന് അനുമതി നല്‍കിയത്. ബാങ്ക് മതേതരത്വത്തിന് എതിരാണെന്നായിരുന്നു ഹര്‍ജിക്കാരുടെ പ്രധാന വാദം.  റിസര്‍വ് ബാങ്കിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് ഇസ്‌ലാമിക് ബാങ്കിന്റെ പ്രവര്‍ത്തനമെന്ന വാദവും കോടതി അംഗീകരിച്ചില്ല.

          ഇസ്‌ലാമിക് ബാങ്ക് ആരംഭിക്കാന്‍ അല്‍ ബറക എന്ന സ്ഥാപനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതാണ് ഫാസിസ്റ്റുകളെ പ്രകോപിപ്പിച്ചത്. ഈ ബാങ്ക് വഴി മുസ്‌ലിംകള്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുന്നുവെന്ന് പ്രചരിപ്പിച്ചവര്‍ തങ്ങളുടെ വാദങ്ങള്‍ക്ക്  നിയമസാധുത നേടാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ സംസ്ഥാനത്തിന്റെ മൊത്തം ക്ഷേമം കണക്കിലെടുത്താണ് ഇസ്‌ലാമിക് ബാങ്ക് പരീക്ഷിക്കാന്‍ ഗവണ്‍മെന്റ് സന്നദ്ധമായത്. വിദേശമലയാളികളുടെ പണം എങ്ങനെ ഇതിന് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന ആലോചനയുടെ ഫലമായിരുന്നു അല്‍ ബറകയുടെ സംസ്ഥാപനം. ഇക്കാര്യം പരിശോധിക്കാന്‍ കെ എസ് ഐ ഡി സിക്ക് സര്‍ക്കാര്‍ നിര്‍ദേശംവവും നല്‍കി. ശരീഅത്ത് നിയമങ്ങളനുസരിച്ച് പലിശരഹിത നിക്ഷേപങ്ങളും ഹയര്‍ പര്‍ചേസും വില്‍പനയും എങ്ങനെ ലാഭകരമായി നടത്താമെന്ന പഠനം ആശാവഹമായിരുന്നു. പലിശയും കൂട്ടുപലിശയും ഊഹക്കച്ചവടവുമെല്ലാം ഉദ്പാദനക്ഷമമല്ലെന്ന് എല്ലാവര്‍ക്കും അറിയാമെങ്കിലും ഒരു  ബദല്‍ സംവിധാനം സമര്‍പ്പിക്കാന്‍ ആരും ഇതുവരെ മുന്നോട്ടുവന്നതായി അറിവില്ല.

          ഇസ്‌ലാമിക് ബാങ്കിംഗിനോട് പുറംതിരിഞ്ഞുനിന്ന പശ്ചാത്യന്‍ രാഷ്ട്രങ്ങള്‍പോലും അതിന്റെ ഗുണഫലങ്ങള്‍ ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. അമേരിക്കയും ബ്രിട്ടനും ചൈനയും ഫ്രാന്‍സുമടക്കം നിരവധി രാഷ്ട്രങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിംഗ് വ്യവസ്ഥ ഇന്നു നിലവിലുണ്ട്. ഗള്‍ഫ് മലയാളികളെ സംബന്ധിച്ചെടുത്തോളം അവര്‍ ബാങ്കുകളില്‍ പണം നിക്ഷേപിക്കാന്‍ മടിക്കുന്നത്  പ്രധാനമായും പലിശയെ ലക്ഷ്യംവെക്കുന്നതുകൊണ്ടാണ്. പലിശരഹിത ബാങ്കുകള്‍ ആരംഭിച്ചാല്‍ പണം നിക്ഷേപിക്കാന്‍ അവര്‍ തയാറാണ്. ധനത്തിന്റെ സുരക്ഷിതത്വമാണ് അവര്‍ക്കു പ്രധാനം.

          ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന കോടിക്കണക്കിന് രൂപ സര്‍ക്കാരിന് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്നും ലോകബാങ്കില്‍ നിന്നും ഭീമമായ പലിശക്ക് കടമെടുത്താണ് നമ്മുടെ പല പദ്ധതികളും ഇപ്പോള്‍ നടപ്പാക്കുന്നത്. റോഡുകളും പാലങ്ങളും മറ്റും നിര്‍മിക്കാനും വ്യവസായങ്ങള്‍ ആരംഭിക്കാനും ഇത്തരം സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിനു പകരം ഇസ്‌ലാമിക് ബാങ്കുകളിലെ നിക്ഷേപം ഉപയോഗപ്പെടുത്താവുന്നതാണ്. മാത്രമല്ല വാണിജ്യ രംഗത്തും കാര്‍ഷിക-വ്യാവസായിക മേഖലകളിലും പണം മുടക്കാം. ലാഭം നിക്ഷേപകരുമായി പങ്കുവെക്കുകയുമാവാം.
ഇങ്ങനെ ചെയ്യുമ്പോള്‍ പണമിടപാടുകള്‍ ശക്തമാവും. പണം പണക്കാര്‍ക്കെന്ന പോലെ സാധാരണക്കാര്‍ക്കും ഉപയോഗപ്പെടുത്താനുമാവും. സ്വയം തൊഴില്‍ കണ്ടെത്താനും ചെറുകിട വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നതിനും കുട്ടികളുടെ ഉപരി പഠനത്തിനം ഇസ്‌ലാമിക് ബാങ്കിംഗ് പ്രയോജനപ്പെടുത്തുന്നതില്‍ എന്താണ് തെറ്റ്?

          ഇസ്‌ലാമിക് ബാങ്കിംഗിനെ ഹിന്ദു ഐക്യവേദി എതിര്‍ക്കുന്നതിന്റെ രഹസ്യം കോടതിക്കും ബോധ്യമായി. രണ്ടാമത്തെ ഹര്‍ജിക്കാരന്‍ വര്‍ഗീയ സംഘടനയുടെ ഭാരവാഹിയാണ്. മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഉപകരണമാക്കാനാണ് അദ്ദേഹം പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ഇത് പൊതുനിലപാട് എടുക്കുന്നതില്‍നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കും. ഒരു മതവിഭാഗവുമായി വാണിജ്യപരമായ ഇടപെടല്‍ മതേതര സര്‍ക്കാരിന് പാടില്ലെന്ന് പറയുന്നതിനെയും കോടതി ചോദ്യംചെയ്തിരിക്കുന്നു. പല നിയമസംവിധാനങ്ങള്‍ക്കും ഏതെങ്കിലും മതവുമായി ബന്ധം കണ്ടേക്കും. അതുകൊണ്ട് മാത്രം അവ തള്ളിക്കളയണമെന്ന് പറയുന്നത് എത്രമാത്രം ബാലിശമാണ്. ഇസ്‌ലാമിക് ബാങ്കിനെതിരെ അടിത്തറയില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ സമുദ്ധാരണോദ്യമങ്ങളില്‍ പുറംതിരിഞ്ഞു നില്‍ക്കുന്ന അപഹാസ്യമായ ശൈലി ഇനിയെങ്കിലും മാറ്റുക തന്നെ വേണം. കോടതി നല്‍കുന്ന വ്യക്തമായ സൂചന അവരുടെ കണ്ണുതുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

3 comments:

  1. ഇസ്ലാമിലെ എല്ലാ നിയമങ്ങളും മനുഷ്യര്‍ക്ക്‌ പ്രയോജനപ്പെടുന്നതും ബുദ്ധിമുട്ടുകളെ ദുരീകരിക്കുന്നതുമ് ആയിരിക്കുമെന്നതില്‍ സംശയമില്ല എളുപ്പത്തിന്റെ മതമാണ്‌ ഇസ്ലാം .. . ബാങ്കിങ്ങില്‍ മാത്രമല്ല ജീവിതത്തിന്റെ നാനാ തുറകളിലും നീതി കണ്ടെത്താന്‍ കഴിയുമെന്നത് ഇസ്ലാമിലൂടെ സഞ്ചരിച്ചാല്‍ നമുക്ക് മനസ്സിലാകും . കണ്ണു തുറപ്പിക്കട്ടെ നമുക്ക് പ്രാര്‍ഥിക്കാം ..

    ReplyDelete
  2. ഇസ്ലാമിക് എന്ന ഒരു വാക്ക് ചേര്‍ക്കുന്നതിനോടു മാത്രമേ അവര്‍ക്ക് എതിര്‍പ്പുള്ളൂ. പലിശ രഹിത ബാങ്കിനോട് എന്തിന് അവര്‍ എതിര്‍പ്പ് കാട്ടണം.ഒരു ലക്ഷം രൂപ കടമെടുത്താല്‍ പത്ത് ലക്ഷം തിരിച്ചടവ് വേണ്ടി വരുന്നിടത്ത് പലിശരഹിത ബാങ്ക് എത്ര പ്രയോജനപ്രദമായിരിക്കും എന്ന് അവര്‍ ചിന്തിക്കുന്നില്ലല്ലോ. പാശ്ചാത്യ നാടുകള്‍ ഇതു ചിന്തിക്കുന്നു, അതുകൊണ്ട് തന്നെ അവര്‍ പലിശരഹിത ബാങ്കിലേക്ക് ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്നു.
    മനുഷ്യന് ഉപകാരപ്രദമായത് ആണോ ഈ വിഷയം എന്ന് മാത്രം ചിന്തിച്ചാല്‍ പ്രശ്നം തീരുമായിരുന്നു.

    ReplyDelete

Related Posts Plugin for WordPress, Blogger...