Thursday, February 24, 2011

ഇത് ഏത് പാമരനും ചെയ്യാവുന്ന പാഴ്‌വേല

          ആറുപതിറ്റാണ്ടിന്റെ പഴമയും പാരമ്പര്യവുമുണ്ട് കേരള നിയമസഭക്ക്. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്തമാതൃകകള്‍ സൃഷ്ടിച്ച നിരവധി മഹത് വ്യക്തിത്വങ്ങള്‍ ആ സഭയില്‍ അങ്കം വെട്ടിയിട്ടുണ്ട്. അതോടൊപ്പം കാലത്തിന്റെ വിളി കേള്‍ക്കാനുള്ള തുറന്ന കാതും വിടര്‍ന്ന കണ്ണും അവര്‍ക്കുണ്ടായിരുന്നു. ഏത് നിയമങ്ങളെയും അവര്‍ തലനാരിഴ കീറി ചര്‍ച്ചചെയ്യും. സഭാ ലൈബ്രറി അതിനുവേണ്ടി അവര്‍ പരമാവധി ഉപയോഗിച്ചു. അങ്ങനെ പാസാക്കുന്ന നിയമങ്ങള്‍ക്കെല്ലാം കരുത്തും കാതലുമുണ്ടായിരുന്നു. സഭ ചേരുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പേ തലസ്ഥാനത്തെത്തി വരാനിരിക്കുന്ന ബില്ലുകളെകുറിച്ച് ആവശ്യത്തിലേറെ  പഠിച്ച്  നല്ല തയാറെടുപ്പോടെ മാത്രമേ അവര്‍  സഭയിലെത്തൂ.

          ഇന്ന് അതാണോ അവസ്ഥ. ചോദ്യോത്തരവേള കഴിഞ്ഞാല്‍ തുടങ്ങുകയായി കഥാകാലക്ഷേപം. ബഹളംവെക്കലും നടുത്തളത്തിലിറങ്ങലും സഭ സ്തംഭിപ്പിക്കലും ഒടുക്കം ബഹിഷ്‌ക്കരണവും.  12-ാം നിയമസഭയുടെ അവസാന സമ്മേളനത്തിനും അതുതന്നെ ഗതി. പ്രതിപക്ഷ ബഹളത്തിനിടയില്‍ മൂന്നു ബില്ലുകള്‍ ചര്‍ച്ച കൂടാതെ പാസ്സാക്കിയെടുത്താണ് സഭ പിരിഞ്ഞത്. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് അന്വേഷിച്ച ജസ്റ്റിസ് മോഹന്‍കുമാര്‍ കമ്മീഷനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന പി ശശിയുടെ വെളിപ്പെടുത്തലിനെകുറിച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.  ഇക്കാര്യം മുമ്പും സഭയില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് സ്പീക്കര്‍ അനുമതി നിഷേധിച്ചിത്. എന്നാല്‍ സര്‍ക്കാരിന് വ്യക്തമായ മറുപടിയില്ലാത്തതിനാലാണ് ചര്‍ച്ചക്ക് തയാറാവാത്തതെന്നാണ് പ്രതിപക്ഷ ആരോപണം. അവരുടെ ബഹളത്തിനും പ്രതിഷേധച്ചൂടിനുമിടെ നടപടികള്‍ പൂര്‍ത്തിയാക്കി സഭ പിരിഞ്ഞതായി സ്പീക്കര്‍ പ്രഖ്യാപിക്കുകയായിരുന്നു.അടുത്ത കാലത്തായി മിക്ക നിയമസഭാ സമ്മേളനത്തിലും ഇതു തന്നെയാണവസ്ഥ. അത്യപൂര്‍വം ദിവസങ്ങളില്‍ മാത്രമാണ് സഭ നേരെ ചൊവ്വെ നടക്കുന്നത്. പല ദിവസങ്ങളിലും സഭയില്‍ അംഗങ്ങള്‍ തന്നെ  വിരളം. സീറ്റുകള്‍ മിക്കതും സദാസമയവും കാലി.

          ബാലകൃഷ്ണപിള്ളയെ പോലെ മറ്റുചില നേതാക്കളും ജയിലില്‍ പോകുമെന്ന്  ഭയക്കുന്നവരുണ്ട്. കരുണാകരന്‍ മരിച്ചെങ്കിലും മറ്റുപല പ്രമാണിമാരും പാമോലിന്‍ കേസിനെ ഭയപ്പെടുന്നത് കൊണ്ടാണ് ബഹളംവെക്കുന്നതെന്ന് മുഖ്യമന്ത്രി  തന്നെ വെളിപ്പെടുത്തുന്നു.
കേരളത്തില്‍ ഒരുപക്ഷെ ഏറ്റവും കൂടുതല്‍ വോക്കൗട്ട് നടത്തിയ നേതാവ് ഉമ്മന്‍ചാണ്ടിയായിരിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷം അദ്ദേഹം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. ഏത് പാമരനും ചെയ്യാവുന്ന ഒരു പാഴ്‌വേലയാണിത്. സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങള്‍ നിയമസഭയില്‍ അവതരിപ്പിക്കാനാണല്ലോ എം എല്‍ എമാരെ തെരഞ്ഞെടുക്കുന്നത്.  അതിന് പക്ഷെ വലിയ വാര്‍ത്താ പ്രാധാന്യം കിട്ടിയെന്നുവരില്ല. വോക്കൗട്ട് നടത്തിയാല്‍ എട്ടുകോളം മത്തങ്ങയില്‍ തലക്കെട്ട് കിട്ടും. അതുകൊണ്ട് പുതിയ അംഗങ്ങള്‍ക്ക് വേണ്ടത്ര അവസരം ലഭിക്കില്ല.

          അസംബ്‌ളിയില്‍ വിഷയങ്ങള്‍ വ്യക്തമായും ശക്തമായും  അവതരിപ്പിക്കണം. ജനങ്ങള്‍അത് വായിച്ചറിയണം. തെരുവ് കോലാഹലങ്ങള്‍   കോണ്‍ഗ്രസിനെയും സി പി എമ്മിനെയും പോലുള്ള വന്‍വൃക്ഷങ്ങള്‍ക്ക് ആവശ്യമുണ്ടോ എന്ന് ഇനിയെങ്കിലും അവരുടെ നേതൃത്വം ആത്മപരിശോധന നടത്തണം. അസംബ്‌ളിയില്‍ നടക്കുന്ന കോപ്രായങ്ങളും ഗോഷ്ഠികളും മാത്രമേ മാധ്യമങ്ങളില്‍ വരികയുള്ളൂ എന്ന അവസ്ഥ  അംഗങ്ങള്‍ സമര്‍ഥന്മാരായി വളരാനുള്ള അവസരം ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കിട്ടുന്ന അവസരം ഉപയോഗിച്ച് നല്ല എം എല്‍ എയായിരിക്കാനുള്ള    ഭാഗ്യം ലഭിക്കുന്നവര്‍ വിരലിലെണ്ണാവുന്നവരായി ചുരുങ്ങുകയാണ്. 

          നിയമസഭക്കകത്ത് വിശേഷിച്ചൊന്നും ചെയ്യാനില്ലെന്ന് വന്നതോടെ മരണവീടും കല്യാണവീടും കയറിയിറങ്ങലും മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കലുമായി ചുരുങ്ങിയിരിക്കുന്നു ഉത്തരവാദിത്തം. വികസനപ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിത്തം അടുത്ത ഊഴം ഉറപ്പിക്കാനുള്ള കുറുക്കുവഴി കൂടിയാണ്. ജയിച്ചാല്‍ മണ്ഡലത്തിലേക്ക് താമസം മാറ്റുന്നവരുമുണ്ട്. ഭരണത്തിന്റെ സദ്ഫലം ആസ്വദിക്കാന്‍ കഴിയണമെന്നേ വോട്ടര്‍മാര്‍ക്ക് ആഗ്രഹമുള്ളൂ. ജനങ്ങളുടെ കണ്ണീര് കാണാനും പരിഹരിക്കാനുമുള്ള സന്മനോഭാവത്തെ കുറച്ചുകാണാനാവില്ലെങ്കിലും അതല്ല തങ്ങളുടെ മുഖ്യദൗത്യമെന്ന ബോധം മിക്ക എം എല്‍ എമാര്‍ക്കുമില്ല.

          രാഷ്ട്രീയപ്പോരാട്ടങ്ങള്‍ക്കിടയില്‍  നിയമസഭയുടെയുടെ അന്തസും ജനങ്ങളുടെ അവകാശങ്ങളും കളങ്കപ്പെടുന്നതിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും പേരില്‍ സൃഷ്ടിക്കപ്പെട്ട  കാര്‍മേഘത്തിന്റെ കാളിമ അടുത്ത തെരഞ്ഞെടുപ്പ് വരെ നീളുമെന്ന് ഉറപ്പായി. വല്ലഭന് പുല്ലും ആയുധം എന്ന രീതിയില്‍ പഴയ അഴിമതിക്കഥകള്‍ പൊടിതട്ടിയെടുക്കുന്ന തിരക്കിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. മുന്‍മന്ത്രി കൂടിയായ ആര്‍ ബാലകൃഷ്ണപ്പിള്ളയെ ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ഒരുവര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചത് മന്ത്രിമാരുടെയും എം എല്‍ എമാരുടെയും കണ്ണുതുറപ്പിക്കണം. വര്‍ഷം എത്ര കഴിഞ്ഞാലും ചുമതലാ നിര്‍വഹണത്തില്‍ ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തിയില്ലെങ്കില്‍ അഴിയെണ്ണേണ്ടിവരുമെന്ന് ഇതോടെ ഉറപ്പായി. കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മാത്രമല്ല പ്രതിഭയുടെയും നിയമപരിജ്ഞാനത്തിന്റെയും ആള്‍രൂപമാവണം ജനപ്രതിനിധികള്‍. വോട്ടര്‍മാര്‍ കക്ഷിരാഷ്ട്രീയ താല്‍പര്യത്തേക്കാല്‍  പരിഗണിക്കേണ്ടതും ഇതുതന്നെ. ഇത്തരം ഒരു വഴിമാറ്റം ആവശ്യമുണ്ടെന്ന് സഭയുടെ ഇന്നത്തെ അവസ്ഥ നമ്മെ ബോധ്യപ്പെടുത്തുന്നു.      

2 comments:

  1. നിയമസഭക്കകത്ത് വിശേഷിച്ചൊന്നും ചെയ്യാനില്ലെന്ന് വന്നതോടെ മരണവീടും കല്യാണവീടും കയറിയിറങ്ങലും മണ്ഡലത്തിലെ പൊതുപരിപാടികളില്‍ പങ്കെടുക്കലുമായി ചുരുങ്ങിയിരിക്കുന്നു ഉത്തരവാദിത്തം.

    ചില എമ്മെല്ലേമാരെങ്കിലും...

    ReplyDelete
  2. സ്ഥിരമായി മരണവീടുകളില്‍ പരിവാര സമേതം പോയി കരയുകയും അവിടെ കൂടിനില്‍ക്കുന്നവരെ കൈ വീശി കാണിച്ചു താന്‍ വന്നെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്ന കോട്ടയം കാരനായ ഒരു എമ്മെല്ലേ അറിയപ്പെടുന്നത് "ബലിക്കാക്ക" എന്ന പേരിലാണ്.

    ReplyDelete

Related Posts Plugin for WordPress, Blogger...