രാഷ്ട്രീയക്കാരന്‍ എന്നതിലുപരി സാമ്പത്തിക വിദഗ്ധന്‍ കൂടിയാണ് ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെങ്കിലും അദ്ദേഹം അവതരിപ്പിച്ച മറ്റ് അഞ്ചു ബജറ്റുകളെ അപേക്ഷിച്ച് മിടുക്കിന്റെ പൊലിമയുള്ളത് ഇന്നലെ അവതരിപ്പിച്ച അവസാന ബജറ്റിനു തന്നെ. ആവര്‍ത്തന വിരസത ഈ ബജറ്റിലും കണ്ടേക്കാം. എങ്കിലും പ്രഥമ ബജറ്റ് ഇതുപോലെ ആയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോകുന്നു. അത് നടപ്പാക്കാന്‍ ഇഷ്ടംപോലെ സമയം ലഭിക്കുമായിരുന്നുവല്ലോ. ഇത്തവണ ഐസക് കൃത്യമായ ഫിലോസഫി തന്നെയാണ് മുന്നോട്ടുവെച്ചത്. ജനപ്രിയ പരിപാടികളും പൊടിക്കൈകളും കണ്ടേക്കാമെങ്കിലും കേരളം രക്ഷപ്പെടാന്‍ മാത്രം വിഭവങ്ങള്‍ പുതിയ ബജറ്റിലുണ്ടെന്ന് സമ്മതിക്കണം. പക്ഷെ ഈ സര്‍ക്കാരിന്റെ കാലാവധി തീരാറായി. അതിനിടയില്‍ പുതിയ നിര്‍ദേശങ്ങളില്‍ എത്രയെണ്ണം നടപ്പാക്കാനാവും? അല്ലെങ്കില്‍ അടുത്ത ഊഴവും തങ്ങളുടേതാവണം. അതിനുള്ള സാധ്യത എത്രമാത്രമുണ്ട്?
സാമൂഹ്യക്ഷേമത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ബജറ്റാണ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത് എന്ന് സമ്മതിക്കാം. പുതിയ നികുതി നിര്‍ദേശങ്ങളൊന്നുമില്ലെന്നതാണ് എടുത്തുപറയേണ്ട സവിശേഷത. അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി കേരളം മാറുമെന്ന ശുഭപ്രതീക്ഷയും ധനമന്ത്രിക്കുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് ഒമ്പത് ശതമാനം വേഗത്തില്‍ വളരാന്‍ കഴിയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ഇതുപോലെ നിരവധി മോഹങ്ങള്‍ നട്ടുവളര്‍ത്തി അവതരിപ്പിച്ച കഴിഞ്ഞ കാല ബജറ്റുകളിലെ നിര്‍ദേശങ്ങളില്‍ എന്തെല്ലാം യാഥാര്‍ഥ്യമായി എന്ന് കൂടി അദ്ദേഹം വെളിപ്പെടുത്തണമായിരുന്നു. നിര്‍ദേശങ്ങളേക്കാല്‍ പ്രധാനം അതിന്റെ പ്രയോഗവല്‍ക്കരണമാണല്ലോ. പാലിച്ചവയേക്കാള്‍ കൂടുതലാണ് പാലിക്കാത്ത വാഗ്ദാനങ്ങള്‍.
ഇന്ത്യയുടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സാമ്പത്തിക വിദഗ്ധനാണ്. എന്നാല്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താനാവാതെ അദ്ദേഹം ഇരുട്ടില്‍ തപ്പുമ്പോള്‍ ഐസക് മായാജാലം കാണിക്കുമെന്ന് കരുതാനാവില്ല. സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ ശ്രമിച്ചാലോ കേന്ദ്രത്തെ അടിക്കാനുള്ള അവസരം നഷ്ട്‌പ്പെടുകയും ചെയ്യും. എന്നിട്ടും അദ്ദേഹം വിലക്കയറ്റ വിരുദ്ധ പാക്കേജിന് രൂപംനല്‍കിയിരിക്കുന്നു. 150 രൂപയുടെ കിറ്റ് ഏര്‍പ്പെടുത്തി. 40 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപക്ക് അരി നല്‍കാന്‍ തീരുമാനിച്ചു. വിലക്കയറ്റം നിയന്ത്രിക്കാന്‍ നൂറുകോടി രൂപ ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. എന്നാല്‍ പൊതുവിപണിയിലെ അരിവില കുറയ്ക്കാന്‍ ഒരു നിര്‍ദേശവുമില്ലെന്നത് വലിയ പോരായ്മ തന്നെ. റോഡ് വികസനത്തിന് 40000 കോടി രൂപയുടെ സമഗ്രപദ്ധതി തയാറാക്കാന്‍ മന്ത്രിയെ പ്രേരിപ്പിച്ചത് കഴിഞ്ഞ പാര്‍ലമെന്റ് ,പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലെ പരാജയമാണെന്ന് നിസ്സംശയം പറയാം. റോഡുകളുടെ ശോച്യാവസ്ഥയാണ് ഇടതുമുന്നണിയെ തോല്‍പിച്ചത്. റോഡുവികസനത്തിന് ആയിരം കോടിയും പൂവാര്‍ മുതല്‍ പൊന്നാനി വരെയുള്ള തീരദേശ ഹൈവേക്ക് 420 കോടിരൂപയും പത്ത് സംസ്ഥാന പാതകളുടെ പുനരുദ്ധാരണത്തിന് 1920 കോടിരൂപയും വകയിരുത്തിയതും അതുകൊണ്ടാണ്.
വനിതാക്ഷേമത്തിന് 770 കോടി രൂപ വകയിരുത്തിയ മന്ത്രിയെ അഭിനന്ദിക്കണം. തീവണ്ടിയാത്രക്കിടയില്‍ സൗമ്യ ദാരുണമാംവിധം വധിക്കപ്പെട്ട സംഭവം ഇതിന് നിമിത്തമായി എന്ന് കരുതാം. വനിതാകമ്പാര്‍ട്ടുമെന്റില്‍ സ്വന്തം ചെലവില്‍ പൊലീസ് സേവനം ഉറപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് അഞ്ചുകോടി മാത്രമേ വകയിരുത്തിയിട്ടുള്ളൂ. പാലോളി കമീഷന്റെ ശിപാര്‍ശകള്‍ നടപ്പിലാക്കാന്‍ 10000 കോടിരൂപ അനുവദിച്ചത് ബജറ്റിനെ ശ്രദ്ധേയമാക്കുന്നു. കമീഷനെ നിരന്തരം വിമര്‍ശിക്കുന്നവര്‍ക്ക് ഇനി നാവടക്കാം. ശബരിമലക്ക് നൂറുകോടിയുടെ മാസ്റ്റര്‍ പ്‌ളാനുണ്ട്. അടുത്ത മകരവിളക്കിന് മുമ്പ് ആദ്യഘട്ടം പൂര്‍ത്തിയാക്കുമെന്നാണ് വാഗ്ദാനം. പൂജാദ്രവ്യങ്ങള്‍ക്കെല്ലാം നികുതിയിളവുമുണ്ട്. പരിവര്‍ത്തിത കൃസ്ത്യാനികള്‍ക്ക് പട്ടികജാതിക്കാരുടെ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന ആവശ്യവും ധനമന്ത്രി പരിഗണിച്ചിരിക്കുന്നു. ക്ഷേമപെന്‍ഷനുകള്‍ 300 ല്‍ നിന്ന് 400 ആക്കിയ നടപടിയും ആശ്വാസകരം തന്നെ.
കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകള്‍ക്ക് പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിച്ച ബജറ്റില്‍ കോഴിക്കോട് നഗരവികസനത്തിന് 182 കോടി രൂപയും കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സ്ഥലമെടുപ്പിന് 25 കോടി രൂപയും വകയിരുത്തിയിരിക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണം രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് പരിപാടി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 4100 കോടിയുടെ ഗ്രാന്റാണ് ബജറ്റ് അനുവദിച്ചത്. കെ എസ് ആര്‍ ടി സിക്ക് നൂറുകോടി രൂപയും.
സര്‍ക്കാര്‍ ചെലവ് ഇരട്ടിയായി വര്‍ധിച്ചിരിക്കുന്നുവെന്നത് കാണാതിരുന്നുകൂടാ. 2005-06ല്‍ 19,528 കോടിയായിരുന്നത് 2010-11ല്‍ 39790 കോടിയായി ഉയര്‍ന്നു. ചെലവ് ഇരട്ടിയായപ്പോള്‍ കമ്മി താഴ്ത്തി നിറുത്തുന്നതില്‍ വിജയിച്ചു. റവന്യൂകമ്മി 28.5 ശതമാനത്തില്‍ നിന്ന് 15.5 ആയി കുറഞ്ഞു. നികുതി പിരിവ് കാര്യക്ഷമമാക്കിയപ്പോള്‍ വരുമാനത്തില്‍ നല്ല വര്‍ധനവുണ്ടായി. 2005-06ല്‍ 7000 കോടിയായിരുന്നു നികുതി വരുമാനം. ഇപ്പോള്‍ 10000 കോടിയായി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനകം ഒരുദിവസം പോലും ട്രഷറി പൂട്ടിയിടേണ്ടിവന്നില്ല എന്നത് നിസ്സാരമല്ല.
എല്ലാ മേഖലക്കും തരാതരംപോലെ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും തീക്ഷ്ണാനുഭവങ്ങളെ ശീതീകരിക്കാന്‍ ബജറ്റുകള്‍ക്ക് കഴിയുന്നില്ലെന്ന യാഥാര്‍ഥ്യം വിസ്മരിച്ചുകൂടാ. വിലക്കയറ്റത്തിന്റെ നെരിപ്പോടില്‍ വെന്തുരുകുന്ന ജനത്തിന് വാഗ്ദാനങ്ങളുടെ പെരുമഴ സമാശ്വാസം നല്‍കാത്തത് എന്തുകൊണ്ടാണെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഗൗരവപൂര്‍വം വിലയിരുത്തേണ്ട കാര്യമാണ്.
No comments:
Post a Comment