ദൈവത്തിന്റെ സ്വന്തം നാട് നാം ക്രിമിനലുകള്‍ക്ക് അടിയറവെച്ചിരിക്കുന്നു. അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ നമ്മുടെ സാംസ്‌കാരിക ശൈലിയായി വളര്‍ന്നിരിക്കുന്നു. ദേശീയ കണക്കുപുസ്തകത്തില്‍ കേരളത്തിനാണ് കുറ്റകൃത്യങ്ങളില്‍ ഇപ്പോള്‍ ഒന്നാംസ്ഥാനം. ബിഹാര്‍, ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് സംസ്ഥാനം ഈ നേട്ടം കൈവരിച്ചതെന്നോര്‍ക്കുക. ഗുരുതര കുറ്റകൃത്യങ്ങളുടെ (വയലന്റ് ക്രൈംസ്) കണക്കെടുത്താല്‍ മണിപ്പൂരിന് പിന്നിലായി കേരളം രണ്ടാംസ്ഥാനത്തെത്തിക്കഴിഞ്ഞു. അക്രമങ്ങളുടെയും ജീര്‍ണതകളുടെയും അഗ്നിഗാഥകള്‍ മ്‌ളാനമൂകരായി ഏറ്റുവാങ്ങാന്‍ കേരളം വിധിക്കപ്പെട്ടിരിക്കുന്നു. ദുരനുഭവങ്ങളുടെ ഒടുക്കമില്ലാത്ത പരമ്പരകള്‍ മലയാളികളെ ആകുലപ്പെടുത്താത്തതാണത്ഭുതം.
ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം റജിസ്തര്‍ ചെയ്ത കേസുകളുടെ ദേശീയ നിരക്ക് 181.4 ആണ്. കുറ്റകൃത്യങ്ങളുടെ എണ്ണത്തെ ജനസംഖ്യയുമായി ബന്ധപ്പെടുത്തിയാണ് നിരക്ക് നിര്‍ണയിക്കുന്നത്. കേരളത്തിലിത് ദേശീയ ശരാശരിയുടെ ഇരട്ടിയാണെന്ന് കേള്‍ക്കുമ്പോള്‍ ആരുടേയും നെറ്റിചുളിയേണ്ട. 341.5 ആണ് നമ്മുടെ നിരക്ക്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലാണ് കുറ്റകൃത്യങ്ങളുടെ നിരക്ക് ഏറ്റവും കൂടുതല്‍-418.5. പോലീസുകാര്‍ക്ക് എതിരായ പരാതികളുടെ എണ്ണത്തിലും കേരളം മോശമല്ലെന്ന് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ പൊലീസുകാരില്‍ നൂറില്‍ ഒമ്പതുപേര്‍ക്കെതിരെ പരാതികള്‍ ഉള്ളതായി റിപ്പോര്‍ട്ടിലുണ്ട്.
നമ്മുടെ ബോധങ്ങളില്‍ ഇരുട്ടു കനക്കുന്ന കണക്കുകളാണിവയെങ്കിലും അക്രമവാഞ്ചയുടെ ആരാധകരായി അധഃപതിക്കുന്നവരെ അതില്‍നിന്നും മോചിപ്പിക്കാന്‍ ആര്‍ക്കും താല്‍പര്യമില്ല. ജനജീവിതവുമായി അഭേദ്യബന്ധമുള്ള രാഷ്ട്രീയരംഗം പോലും ഇന്ന് ക്രിമിനലുകളുടെ നീരാളിപ്പിടുത്തത്തിലാണ്. അവരുടെ അംഗുലീചലനത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പോലുമുണ്ട്. രാഷ്ട്രീയ പ്രബുദ്ധതക്ക് പുകള്‍പെറ്റ ഈ കൊച്ചുസംസ്ഥാനം പ്രതിലോമ പ്രവണതകളില്‍ മുങ്ങിക്കുളിക്കാന്‍ വിധിക്കപ്പെട്ടതിന് കാരണവും മറ്റൊന്നല്ല. പൊതുജീവിതത്തിലെ സംശുദ്ധിക്ക് ഉദാത്ത മാതൃകകള്‍ സൃഷ്ടിച്ചവരുടെ വംശം തന്നെ കുറ്റിയറ്റുകൊണ്ടിരിക്കുകയാണല്ലോ.
നിയമപരിപാലനത്തിന് കരുത്തുപകരേണ്ട പൊലീസിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആധിഭീതികള്‍ ഇരട്ടിക്കുകയാണ്. ക്രമസമാധാന പാലനത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു നമ്മുടെ പൊലീസ്‌സേന. ഇന്ന് അവരെ കുറിച്ച് ഓര്‍ക്കാന്‍ ആഹ്‌ളാദഭരിതമായ മുഹൂര്‍ത്തങ്ങള്‍ അത്യപൂര്‍വം. കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ പോലും പൊലീസും പ്രതിക്കൂട്ടില്‍ നില്‍ക്കുന്നു. എസ് ഐ തൊട്ട് ഐ ജി വരെ കൊലക്കേസുകളില്‍ ജീവപര്യന്തം ശിക്ഷ ഏറ്റുവാങ്ങി ഇവിടെ കല്‍തുറുങ്കുകളില്‍ കഴിയുന്നു. സംസ്ഥാന പൊലീസ്‌സേന കോടതികളുടെ വിമര്‍ശനം ഏറ്റുവാങ്ങിയതിന് കയ്യുംകണക്കുമില്ല. പ്രാകൃതപാതയിലൂടെ പിന്നോട്ടാണ് അവരുടെ സഞ്ചാരം.
സ്ത്രീപീഡനങ്ങള്‍, കൊലപാതകങ്ങള്‍, കൊള്ള, മോഷണം, പിടിച്ചുപറി തുടങ്ങിയവയിലും ക്രിമിനലുകള്‍ നാട് അടക്കിവാഴുകയാണ്. മാഫിയസംഘങ്ങള്‍ എല്ലാ രംഗത്തും ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളിലെന്ന പോലെ ഭരണനിര്‍വഹണരംഗത്തും അവര്‍ക്കുള്ള സ്വാധീനം സുവിദിതമാണ്. തെരഞ്ഞെടുപ്പിലെ കറവപ്പശുക്കളെന്ന നിലയില്‍ മാഫിയസംഘത്തെ പിണക്കാന്‍ ആര്‍ക്കും ധൈര്യമില്ല. ഇതിന് ഭരണപ്രതിപക്ഷ ഭേദമില്ല.
അഴിമതിയുടെ കാര്യത്തിലും അശാന്തിയുടെ നടുക്കടലിലാണ് കേരളം. കൈക്കൂലി നല്‍കാതെ ഒരു ഫയലും അനങ്ങില്ല. മിക്ക ഓഫീസുകളിലും സഹകരണാടിസ്ഥാനത്തിലാണ് കൈക്കൂലി ഈടാക്കുന്നത്. അതിന് ഇഷ്ടംപോലെ ഇടനിലക്കാരുമുണ്ട്. റോഡുകളുടെയും പാലങ്ങളുടെയും സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും നിര്‍മാണത്തിന് നീക്കിവെക്കുന്നതുകയുടെ പകുതിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്കും വകുപ്പുമന്ത്രിമാര്‍ക്കും അവരുടെ പാര്‍ട്ടിക്കും പകുത്തുനല്‍കണം. അതുകൊണ്ടാണ് റോഡുകളില്‍ നിര്‍മാണം പൂര്‍ത്തിയാകും മുമ്പ് തന്നെ പാതാളക്കുഴികള്‍ പ്രത്യക്ഷപ്പെടുന്നത്.
സാക്ഷരകേരളം മദ്യകേരളമായി വളര്‍ന്നത് ആരേയും അലോസരപ്പെടുത്തുന്നില്ല. ലഹരിക്ക് അടിമകളായി മാറുന്നവരുടെ എണ്ണം അസാധാരണമായി പെരുകുന്നത് മാത്രമല്ല പ്രശ്‌നം. കുറ്റകൃത്യങ്ങളുടെ അനിയന്ത്രിതമായ പെരുക്കത്തില്‍ മദ്യം വഹിക്കുന്ന പങ്കാണ് പ്രധാനം. റോഡപകടങ്ങളിലും മദ്യത്തിന്റെ റോള്‍ വളരെ വലുതാണ്. മദ്യവിപത്ത് എല്ലാ സീമകളും ലംഘിച്ചുവെന്ന് ഇടതുകക്ഷികള്‍ക്ക് ഇപ്പോള്‍ മാത്രമാണ് ബോധ്യമായത്. അവര്‍ കാമ്പയിനുകള്‍ സംഘടിപ്പിച്ച് തുടങ്ങിയത് നല്ലകാര്യം. യുവാക്കള്‍ മാത്രമല്ല യുവതികളും മദ്യത്തില്‍ അഭയംതേടുന്നുവെന്നത് നമ്മുടെ മനസ്സാക്ഷിക്ക് നേരെ ഉയരുന്ന വെല്ലുവിളി തന്നെയാണ്.
സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും കേരളത്തില്‍ വളരെ കൂടുതലാണ്. ഈ വിഭാഗത്തിലും രണ്ടാംസ്ഥാനം നമുക്കാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യാപ്തി ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ക്ഷണിച്ചുവരുത്തുന്നത്. വിദ്യാര്‍ഥികളില്‍ വളര്‍ന്നുവരുന്ന കുറ്റകൃത്യങ്ങളില്‍ മൊബൈല്‍ ഫോണിന്റെ സ്വാധീനം എല്ലാ കണക്ക്കൂട്ടലുകളെയും കടത്തിവെട്ടുന്നു.
2009ല്‍ 11,492 ഗുരുതരമായ കുറ്റകൃത്യങ്ങള്‍ കേരളത്തിലുണ്ടായി. ഇതില്‍ 343 കൊലപാതകളും 408 കൊലപാതക ശ്രമങ്ങളും 568 മാനഭംഗങ്ങളുമാണ്. കടന്നുവന്ന വഴികള്‍ നാം വിസ്മരിച്ചുതുടങ്ങിയതിന്റെ ലക്ഷണമാണിതൊക്കെ. ചരിത്രത്തില്‍ ആരോഗ്യമുള്ള മലയാളിസമൂഹത്തിന് ആ സല്‍പേര് വീണ്ടെടുക്കണമെങ്കില്‍ ക്രിമിനലിസത്തിനെതിരെ പ്രതിരോധത്തിന്റെ ഉരുക്കുകോട്ടകള്‍ തന്നെ പണിതുയര്‍ത്തേണ്ടിയിരിക്കുന്നു.
സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണവും കേരളത്തില്‍ വളരെ കൂടുതലാണ് കാരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൊണ്ട് മാത്രമാണ്
ReplyDelete