Tuesday, February 15, 2011

ഈജിപ്തിന്റെ മാതൃക ആവേശകരം


          അറബ്‌ലോകത്ത് ഒരു ജനതയുണ്ടെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ക്കാണ് ലോകം കാതോര്‍ക്കുന്നത്.ജഡാവസ്ഥയില്‍ നിന്നുള്ള ഉയിര്‍പ്പിന്റെ ദൃശ്യങ്ങള്‍ ടൂണീഷ്യക്ക് പിന്നാലെ ഈജിപ്തിനെയും സമ്പന്നമാക്കുകയാണ്. അമേരിക്കയും അവരുടെ കങ്കാണിമാരും സമൂഹമനസ്സില്‍ ദൃഢപ്രതിഷ്ഠിതമാക്കിനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന അറബ് മിഥ്യകളാണ് തകര്‍ന്നുകൊണ്ടിരിക്കുന്നത്. ഭരിക്കാനായി ജനിച്ചവര്‍ എന്നായിരുന്നുവല്ലോ സൈനുല്‍ ആബിദീന്റെയും ഹുസ്‌നി മുബാറക്കിന്റെയും ധാരണ. ആ കാല്‍പനിക സങ്കല്‍പം തകര്‍ത്തെറിയാന്‍ ജനങ്ങള്‍ക്ക് ഏതാനും ദിവസങ്ങളേ വേണ്ടിവന്നുള്ളൂ. അനിവാര്യമായ പതനമാണ് മുബാറക്ക് ഏറ്റുവാങ്ങിയത്. അദ്ദേഹത്തെപ്പോലെയോ അതിനേക്കാള്‍ മോശപ്പെട്ടവരോ ഒക്കെ ലോകത്ത് പലയിടത്തും തങ്ങളുടെ ഫാന്റസികളില്‍ ഇപ്പോഴും ഒഴുകിനടക്കുന്നുണ്ടാവും. കയ്‌റോയില്‍ നിന്നുള്ള വാര്‍ത്തകള്‍ ദമാസ്‌ക്കസിനെയും ട്രിപ്പാളിയേയും പോലെ പലരേയും ഞെട്ടിച്ചെങ്കില്‍ അത്ഭുതപ്പെടേണ്ട.
 
          മുപ്പതുകൊല്ലത്തെ ഭരണത്തിനിടയില്‍ നാടു കട്ടുമുടിച്ച ഭരണാധികാരിയെ ജനങ്ങള്‍ വെറുതെ വിട്ടുവെന്നത് തീര്‍ച്ചയായും അവരുടെ മഹാമനസ്‌കതയായി തന്നെ കണക്കാക്കണം. ടുണീഷ്യയില്‍ നിന്നാരംഭിച്ച പ്രതിഷേധക്കൊടുങ്കാറ്റ് നൈലിന്റെ നാടും കടന്ന് അറബ് മേഖലയിലെമ്പാടും ചീറിയടുക്കുകയാണ്. യമനില്‍ അലി അബ്ദുള്ള സലെയുടെ 32 വര്‍ഷത്തെ സ്വേച്ഛാധിപത്യ വാഴ്ചക്കെതിരെയും ജനാധിപത്യ പ്രക്ഷോഭം കത്തിപ്പടരാന്‍ തുടങ്ങി. ജോര്‍ദാനില്‍ റൊട്ടിയും സ്വാതന്ത്ര്യവും  എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടുള്ള അതിശക്തമായ പ്രക്ഷോഭത്തെ തുടര്‍ന്ന്  ജനവിരുദ്ധ ഭരണസംവിധാനം പുറത്താക്കപ്പെട്ടിരിക്കുന്നു. മൊറോക്കോ,     അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇത് നിര്‍ണായക വഴിത്തിരിവില്‍ എത്തിനില്‍ക്കുകയാണ്.
ഈജിപ്തില്‍ പ്രസിഡണ്ട് ഹുസ്‌നി മുബാറക്കിനെ പുറത്താക്കിയ ജനാധിപത്യ പ്രക്ഷോഭകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സൈനിക ഭരണാധികാരികള്‍ പാര്‍ലമെന്റ് പിരിച്ചുവിടുകയും ഭരണഘടന സസ്‌പെന്റ് ചെയ്യുകയും ചെയ്തുവെന്നത് ശുഭവാര്‍ത്ത തന്നെ. വരുന്ന സപ്തമ്പറില്‍ പുതിയ തെരഞ്ഞെടുപ്പ് നടത്താനും സൈനിക പരമാധികാര കൗണ്‍സില്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. മുബാറക് ഒഴിഞ്ഞതിനെ തുടര്‍ന്ന് അധികാരമേറ്റെടുത്ത സൈനിക കൗണ്‍സില്‍ ആറുമാസമോ അടുത്ത തെരഞ്ഞെടുപ്പ് വരെയോ ഭരണം നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഭരണഘടന ഭേദഗതി ചെയ്യാന്‍  ഒരു പാനലിന് രൂപം നല്‍കുമെന്നും മിലിട്ടറി കൗണ്‍സില്‍ അറിയിച്ചിരിക്കുന്നു. കഴിഞ്ഞവര്‍ഷം നവമ്പര്‍-ഡിസമ്പറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുബാറക്കിന്റെ നാഷണല്‍ ഡമോക്രാറ്റിക് പാര്‍ട്ടി വന്‍തിരിമറി കാട്ടിയാണ് മൃഗീയ ഭൂരിപക്ഷം നേടിയത്. പ്രതിപക്ഷത്തെ അന്ന് തൂത്തെറിയുകയായിരുന്നു. പ്രസിഡണ്ടിന്റെ സില്‍ബന്ധികളെ കുത്തിനിറച്ചതായിരുന്നു പാര്‍ലമെന്റ്.

          മുബാറക്കിന്റെ രാജിക്ക് ശേഷവും ആയിരക്കണക്കിന് പ്രക്ഷോഭകാരികള്‍ പ്രക്ഷോക്ഷകേന്ദ്രമായ തഹ്‌രീര്‍ സ്‌ക്വയര്‍ വിട്ടുപോകാന്‍ ഒരുക്കമില്ല. തങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ണമായി അംഗീകരിക്കപ്പെടാതെ പിന്‍വാങ്ങില്ലെന്ന ഉറച്ച നിലപാടിലാണവര്‍. പാര്‍ലമെന്റ് പിരിച്ചുവിടണമെന്നതായിരുന്നു അവരുടെ പ്രധാന ആവശ്യം. അതുപോലെ തന്നെ പ്രധാനമാണ് സൈന്യം അധികാരം ജനങ്ങള്‍ക്ക് കൈമാറണമെന്ന ആവശ്യവും. രാജ്യത്ത് നടപ്പാക്കേണ്ട പരിഷ്‌ക്കാരങ്ങളെ കുറിച്ചും പ്രക്ഷോഭകര്‍ ഒരു അജണ്ട മുമ്പോട്ടുവെച്ചിട്ടുണ്ട്. അത് നടപ്പാക്കുന്നതില്‍ മിലിട്ടറി കൗണ്‍സില്‍ പരാജയപ്പെട്ടാല്‍ കൂടുതല്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.

          സ്വാതന്ത്ര്യവും സാമൂഹികനീതിയും മനുഷ്യാവകാശങ്ങളും മുബാറക്ക് ഭരണത്തില്‍ സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് ജനങ്ങളെ മതഭേദമന്യേ  തെരുവിലിറങ്ങാന്‍ പ്രേരിപ്പിച്ചത്. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അറബ് ദേശീയതയുടെയും പേരില്‍ ജനങ്ങളുടെമേല്‍ സ്വേച്ഛാധിപത്യം അടിച്ചേല്‍പിക്കാനാണ് അദ്ദേഹം തന്റെ സുദീര്‍ഘമായ ഭരണകാലമത്രയും വിനിയോഗിച്ചത്. ഇതിനെ ചോദ്യംചെയ്തവരെയെല്ലാം സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ശ്രമിച്ചത്. മുബാറക്ക് സപ്തമ്പറില്‍ വിരമിക്കാനിരിക്കെയായിരുന്നുവെങ്കിലും മകന്‍ ജമാലിനെ അനന്തരാവകാശിയായി വാഴിക്കാനുള്ള നീക്കം തകൃതിയായി നടന്നപ്പോഴാണ് ജനങ്ങള്‍ രണ്ടുംകല്‍പിച്ച് തെരുവിലിറങ്ങിയത്.

          ജനകീയ പ്രക്ഷോഭം വിജയിച്ചുവെന്നതും മുബാറക്ക് അധികാരം ഉപേക്ഷിച്ച് പോയി എന്നതും വാസ്തവമാണെങ്കിലും അടുത്ത ഭരണസംവിധാനം ജനഹിതത്തെ മാനിക്കുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല. കയ്‌റോ നഗരത്തില്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങള്‍ നടത്തിയ ആഹ്‌ളാദപ്രകടനത്തില്‍ പട്ടാളവും അണിചേര്‍ന്നത് ആവേശകരമാണെങ്കിലും അമേരിക്കയും ഇസ്രായീലും കാഴ്ചക്കാരായി നോക്കിനില്‍ക്കുമെന്ന് ഒരിക്കലും കരുതാനാവില്ല. മൂന്ന് ദശകങ്ങളായി മുബാറക്കിന് യു എസ് പിന്തുണയുണ്ട്. ചിലപ്പോഴൊക്കെ അദ്ദേഹത്തിന്റെ കൊടുംഭരണത്തില്‍ നീരസം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇപ്പോള്‍ എന്താണ് അമേരിക്കയുടെ നിലപാടെന്ന് വ്യക്തമല്ല.

          സാമ്രാജ്യത്വം സൃഷ്ടിച്ച മിഥ്യകളെ തകര്‍ത്തുകൊണ്ടാണ് ഈജിപ്ഷ്യന്‍ ജനത അവരുടെ ഭാഗധേയം കൈയ്യിലെടുത്തിരിക്കുന്നത്. മണിമുഴങ്ങുന്നത് ഇസ്രായീല്‍ എന്ന മിഥ്യക്കെതിരെ കൂടിയാണ്. പുതിയ മധ്യപൗരസ്ത്യദേശം എന്ന മേല്‍വിലാസത്തില്‍ അറബികളുടെ മേല്‍ ഇസ്രായീലിനെ അടിച്ചേല്‍പിക്കാന്‍ വൈറ്റ്ഹൗസില്‍ നിന്നും എലിസൈ കൊട്ടാരത്തില്‍നിന്നും കരാറേറ്റെടുത്തവരാണ് ചരിത്രത്തില്‍നിന്ന് അടിച്ചോടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അറബികള്‍ ജനാധിപത്യം സ്വപ്നം കാണാന്‍പോലും സാധിക്കാത്തവരാണെന്ന പ്രചാരണം ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും അവസാനിപ്പിക്കുമെന്ന് കരുതാം.

1 comment:

  1. ജനാധിപത്യം സ്വപ്നം കാണാന്‍പോലും സാധിക്കാത്തവരാണെന്ന പ്രചാരണം ബന്ധപ്പെട്ടവര്‍ ഇനിയെങ്കിലും അവസാനിപ്പിക്കുമെന്ന് കരുതാം.

    ReplyDelete

Related Posts Plugin for WordPress, Blogger...