 |
സി എച്ച് മുഹമ്മദ് കോയ സാഹിബിനൊപ്പം ലേഖകന്‍ |
രാഷ്ട്രീയത്തിന്റെ ലഹരിയില്‍ ആയുസ്സ് ഹോമിച്ച പ്രവര്‍ത്തകനെന്ന നിലയില്‍ ഗതകാലസ്മരണകള്‍ വായനക്കാരുമായി പങ്കുവെക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു. മുസ്ലിംലീഗിന്റെ എക്കാലത്തെയും അനിഷ്യേധ്യനേതാവും നാട്ടുകാരനുമായ സി എച്ചാണ് എന്റെ രാഷ്ട്രീയഗുരു. സീതിസാഹിബിനെപോലെ കേരളരാഷ്ട്രീയത്തില്‍ ഇടിമുഴക്കം സൃഷ്ടിച്ച നേതാവായിരുന്നു അദ്ദേഹം. 1961 ല്‍ കേരള അസംബ്ളി സ്പീക്കറായപ്പോള്‍ താന്‍ വിദ്യയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ച അത്തോളിയിലെ (വേളൂര്‍) ജി എം യു പി സ്കൂള്‍ അദ്ദേഹത്തിന് വന്‍ സ്വീകരണമൊരുക്കിയിരുന്നു.
വിദ്യാര്‍ഥി പ്രതിനിധിയായി അനുമോദനപ്രസംഗം നടത്താനുള്ള അസുലഭഭാഗ്യം എനിക്കാണ് ലഭിച്ചത്. സി എച്ചിനെ അടുത്തറിയാനും അദ്ദേഹത്തെ വീണ്ടും വീണ്ടും ശ്രവിക്കാനും ശ്രദ്ധിക്കാനും ആ അനര്‍ഘമുഹൂര്‍ത്തം വഴിയൊരുക്കി. അദ്ദേഹത്തോളം വ്യക്തിപ്രഭാവമുള്ള മുസ്ലിംനേതാക്കള് അന്ന് സംസ്ഥാന രാഷ്ട്രീയത്തില്‍ വിരളമായിരുന്നു. മരംകോച്ചുന്ന തണുപ്പിലും ചുട്ടുപൊള്ളുന്ന വെയിലിലും കോരിച്ചെരിയുന്ന മഴയത്തും സി എച്ചിന്റെ വശ്യമായ വാഗ്ധോരണിക്ക് കാതോര്‍ക്കാന്‍ ആയിരങ്ങളാണ് തടിച്ചുകൂടുക. ദിനംപ്രതി നിരവധി വേദികളെ പ്രകമ്പനംകൊള്ളിക്കാറുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ക്ക് പടവാളിനേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു. വാക്കുകള്‍ സുന്ദരന്മാരും സുന്ദരികളുമായി അദ്ദേഹത്തിന്റെ വായില്‍നിന്ന് പുറത്തുവരുമ്പോള്‍ എന്തെന്നില്ലാത്ത വശ്യത. രാഷ്ട്രീയ എതിരാളികള്‍ക്ക് ഉരുളക്കുപ്പേരി പോലെയായിരുന്നു മറുപടി. പാതിരാവില്‍പോലും കുഞ്ഞുങ്ങളുമായി അദ്ദേഹത്തെ കാണാനും കേള്‍ക്കാനും ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന സ്ത്രീകളുടെ നിര ലീഗുസമ്മേളനങ്ങളിലെ പതിവ് കാഴ്ചയായിരുന്നു. മനസ്സിന്റെ നിലവറയില്‍ ഇന്നും നിധിപോലെ കാത്തുസൂക്ഷിക്കുന്ന ഓര്‍മകളാണിവ. ആ ജനപ്രിയ നേതാവിനോടുള്ള അടങ്ങാത്ത ആദരവാണ് ഹരിതരാഷ്ടീയത്തോടുള്ള ആഭിമുഖ്യത്തിന് മുഖ്യമായും എന്നെ പ്രേരിപ്പിച്ചത്. സി എച്ചിന്റെ പ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും അക്കാലത്ത് സമുദായ രാഷ്ട്രീയത്തില്‍ സൃഷ്ടിച്ച മാറ്റൊലിയും ആവേശവും ഓര്‍മയുടെ തിരശ്ശീലയില്‍ ഇന്നും നിറം മങ്ങാതെ നില്പുണ്ട്.
1962ല്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വേളയില്‍ പച്ചപ്പതാകയുമായി ആദ്യമായി പ്രകടനത്തില്‍ പങ്കെടുത്തതും സി എച്ചിന്റെ തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാനാണ്. അന്ന് കോഴിക്കോട് മണ്ഡലത്തില്‍ തനിച്ച് മത്സരിച്ച ലീഗിന് വേണ്ടി ബാഫഖിതങ്ങള്‍ അങ്കത്തിനിറക്കിയത് സി എച്ചിനെയായിരുന്നു. പാര്‍ട്ടിയുടെ ആത്മാഭിമാനത്തെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് മുറിവേല്‍പ്പിച്ചതിനെ തുടര്‍ന്ന് സ്പീക്കര്‍പദവി വലിച്ചെറിഞ്ഞ സി എച്ചിനെ കോഴിക്കോട്ടെ പൗരാവലി രണ്ടുകയ്യും നീട്ടി സ്വീകരിച്ച ലോകസഭാ തെരഞ്ഞെടുപ്പ്, കേരള ചരിത്രത്തില്‍ കനകാക്ഷരങ്ങളില്‍ രേഖപ്പെട്ടുകിടക്കുന്നു.
 |
ലേഖകന്‍ സുലൈമാന്‍ സേട്ടുസാഹിബിനൊപ്പം |
കോണ്‍ഗ്രസിന്റെയും കമ്യൂണിസ്റ്റുപാര്‍ട്ടിയുടെയും അതിശക്തരായ കുട്ടികൃഷ്ണന് നായരെയും മഞ്ചുനാഥ റാവുവിനെയും മുട്ടുകുത്തിച്ച് നേടിയ ആ വിജയമാണ് പാര്‍ട്ടിയുടെ സ്വാധീനം കേരളക്കരയില്‍ പതിന്മടങ്ങ് വര്‍ധിക്കാന്‍ വഴിവെച്ചത്. ഞങ്ങളുടെ മണ്ഡലമായ വടകരയിലും ലീഗു പിന്തുണച്ച സ്ഥാനാര്‍ഥി തന്നെ വിജയിച്ചു; എ കെ രാഘവന്. കൈതപ്പൂതോടുകളും കല്പകതരുനിരകളും ചളിമണ്‍പാതകളും നിറഞ്ഞ അത്തോളിയുടെ ഗ്രാമഹൃദയത്തിലൂടെ കയ്യില്‍ കത്തിച്ച ചൂട്ടയുമായി പ്രകടനത്തില്‍ പങ്കെടുത്തത് ഇന്നും വര്‍ണശബളമായ ഓര്‍മയാണ്.
അതിജീവനത്തിന്റെ മറുകരയെത്താന്‍ ആ കൊടിയും അതിന്റെ ചാലകശക്തിയുമാണ് ഉത്തമമെന്ന് ആരും ചൊല്ലിത്തന്നതല്ല. ഓതിത്തരാന്‍ അന്ന് ആരും ഉണ്ടായിരുന്നില്ല. മതാഭിമുഖ്യവും മനസ്സിന്റെ മന്ത്രണവും ഒരു ഹരിതരാഷ്ട്രീയക്കാരനാക്കി മാറ്റി എന്ന് പറയുന്നതാവും ശരി. എം എസ് എഫിലൂടെ തുടങ്ങി, സ്വതന്ത്രതൊഴിലാളി യൂണിയനിലൂടെ പൊതുപ്രവര്‍ത്തനത്തിന്റെ പുതുചക്രവാളങ്ങള്‍ തുറന്നുകിട്ടിയപ്പോള്‍ അത് വല്ലാത്തൊരു അനുഭൂതിയായി. വശ്യശക്തിയുള്ള വ്യക്തിത്വങ്ങള്‍ നാടിന്റെയും ജനങ്ങളുടെയും അഭിവൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി ഒരുമെയ്യായി പൊതുരംഗത്ത് നിറഞ്ഞുനിന്ന കാലം. കാമോത്തമന്മാര്‍ക്ക് ഒരു പാര്‍ട്ടിയുടെയും തലപ്പത്ത് ഇടമില്ലാത്ത കാലം. രാഷ്ട്രീയപ്രവര്‍ത്തനം ഇന്നത്തെപോലെ ലാഭകരമായ തൊഴിലോ ഉപജീവനമാര്‍ഗമോ ആയിരുന്നില്ല. നാണക്കേടുകള്‍ വാരിക്കൂട്ടിയ ചരിത്രവുമില്ല അന്നത്തെ നേതൃത്വത്തിന്. അടിച്ചമര്‍ത്തപ്പെട്ടവന്റെ ഉയിര്‍പ്പിനായി ജീവിതം ഉഴിഞ്ഞുവെച്ച കര്‍മയോഗികള്‍, ചെന്തീയില്‍ കുരുത്ത മഹാവ്യക്തിത്വങ്ങള്‍, പാവപ്പെട്ടവരുടെ നിലവിളി കേള്‍ക്കേണ്ടവരെ കേള്‍പ്പിക്കാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗിവര്യന്മാര്. നന്മയുടെ ഹരിതകേദാരങ്ങള്‍, ശ്രമകരമായ എല്ലാ ദൗത്യങ്ങളും ഏറ്റെടുക്കുകയും വിജയകരമായി നിര്‍വഹിക്കുകയും ചെയ്തവര്‍, വിസ്മയകരമായിരുന്നു അവരുടെ നിശ്ചയദാര്‍ഢ്യം. സി എച്ച് എപ്പോഴും പറയാറുള്ളതുപോലെ ചെങ്കോട്ട പോലെ സുഭദ്രവും കുത്തബ്മിനാര്‍ പോലെ ഉന്നതവും താജ്മഹല്‍ പോലെ സുന്ദരവുമായ മുസ്ലിംലീഗിന് നേതാക്കളായിരുന്നു അതിന്റെ ഏറ്റവും വലിയ കരുത്ത്. പാര്‍ട്ടിയും പോഷക ഘടകങ്ങളും ഒരുപോലെ ശക്തം. കാറും കോളും വരുമ്പോള്‍ പാറപോലെ ഉറച്ചുനിന്നു നേതാക്കളും അണികളും. അവര്‍ക്കൊരിക്കലും കനല്‍വഴികളില്‍ കുറ്റബോധത്തിന്റെ കുരിശുചുമക്കേണ്ടി വന്നില്ല. നന്മയുടെ മുത്തുകള്‍ വിരിയിച്ച, ഇസ്ലാമിക സംസ്കൃതിയെ പുളകമണിയിച്ച അത്തരം നേതാക്കളുടെ അഭാവമാണ് പാര്‍ട്ടി ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്നാണെന്റെ പക്ഷം.
ഓര്‍മയുടെ കളിവള്ളത്തിലൂടെ പിറകോട്ട് തുഴഞ്ഞാല്‍ പാര്‍ട്ടി ഏറ്റെടുത്ത നിരവധി ദൗത്യങ്ങള്‍ വിജയകരമായി നിര്‍വഹിച്ചതിന്റെ ചിത്രം തെളിഞ്ഞുവരും. സര്‍ക്കാര്‍ സര്‍വീസിലെ സംവരണം, മലപ്പുറം ജില്ല രൂപീകരണം, അറബിഭാഷാ പഠനം, മുസ്ലിംവിദ്യാര്‍ഥിനിസ്കോളര്‍ഷിപ്പ്, മുസ്ലിം പ്രദേശങ്ങളിലെല്ലാം വിദ്യാഭ്യാസസ്ഥാപനങ്ങള്‍, ലീഗ് നേതാക്കളുടെ പേരില്‍പോലും സര്‍ക്കാര്‍ കോളെജുകള്‍, പോളിടെക്നിക്കുകള്, കാലിക്കറ്റ് യൂണിവാഴ്സിറ്റി, കോടതികളില്‍ മുസ്ലിം ജഡ്ജിമാരും പി എസ് സിയില്‍ അംഗങ്ങളും ചെയര്മാന് പദവിയും. അങ്ങനെ അഭിമാനിക്കാന്‍ എത്രയെത്ര അനര്‍ഘവിജയങ്ങള്‍. ലീഗ് കൈവരിച്ച നേട്ടങ്ങളെ രാഷ്ട്രീയ എതിരാളികള്‍ അസൂയയോടെ നോക്കിക്കണ്ട അവിസ്മരണീയ സന്ദര്‍ഭമായിരുന്നു അത്. അധികാരം ഒരനിവാര്യതയാണെങ്കിലും അതിനോടുള്ള അമിതഭ്രമം ലക്ഷ്യത്തില്‍നിന്ന് പാര്‍ട്ടിയെ വഴിതെറ്റിച്ചിരുന്നില്ല എന്ന് കൂടി അറിയുക. അതിനുമുണ്ട് ഉള്‍ക്കാമ്പില്‍ പൊലിമയോടെ നിറഞ്ഞുനില്ക്കുന്ന നിരവധി തെളിവുകള്‍.
ശൈഥില്യത്തിന്റെ അന്ധകാരം രാഷ്ട്രീയ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തിയ അവസരങ്ങളും ഉണ്ടായിരുന്നു അനവധി. ലീഗ് രണ്ടായി, മൂന്നായി, പലതായി, സമുദായം ഛിന്നഭിന്നമായി. സമസ്തലീഗ്, പ്രോഗ്രസീവ് ലീഗ്, എം ഡി പി, പി ഡി പി, എന്‍ ഡി എഫ്, ഐ എന്‍ എല്‍; മതസംഘടനകളിലും പിളര്‍പ്പ്; അങ്ങനെ എത്രയെത്ര വെല്ലുവിളികള്‍. ജനഹിതം തല്ലിക്കെടുത്താന്‍ മുതിര്‍ന്നപ്പോഴൊക്കെ സമുദായത്തിന് അനൈക്യത്തിന്റെ കയ്പുനീര് കുടിക്കേണ്ടിവന്നു. ജനങ്ങളുടെ വേദനയും മോചനവും അജണ്ടയില്‍ അപ്രധാനമായപ്പോഴും തിക്തഫലങ്ങള്‍ ഏറ്റുവാങ്ങി ലീഗ്. 1974 ലെ പിളര്‍പ്പിനെ അങ്ങനെ വേണം വിലയിരുത്താന്‍. തികച്ചും വേദനാജനകമായിരുന്നു ആ ഭിന്നിപ്പ്. സി എച്ചും പൂക്കോയതങ്ങളും ഒരു വശത്തും എം കെ ഹാജി, സെയ്തുമ്മര്‍ ബാഫഖിതങ്ങള്‍, ചെറിയമമ്മുക്കേയി, പി എം അബൂബക്കര്‍, ബാവഹാജി, ഇ ടി ബഷീര്‍ തുടങ്ങിയവര്‍ മറുവശത്തുമായി പാര്‍ട്ടി നെടുകെ പിളര്‍ന്നപ്പോള്‍ അത് സൃഷ്ടിച്ച വെല്ലുവിളികളും ദുസ്സഹമായിരുന്നു. പിളര്‍പ്പ് ചേതോഹരമായി പാടി ആസ്വദിച്ചവരും അപശ്രുതികളില്‍ ആഹ്ളാദിച്ചവരും ഇപ്പോള്‍ പാര്‍ട്ടിയുടെ തലപ്പത്ത് വിരാജിക്കുന്നുവെന്നത് മറ്റൊരു വിചിത്രസത്യം.
 |
ജാഫര്‍ അത്തോളി, പ്രേം നസീര്‍, ഇ അഹമ്മദ് സാഹിബ് |
സംഘടനാ സംവിധാനവും മുഖപത്രവും തുടക്കത്തില്‍ വിമതരുടെ കയ്യിലായിരുന്നു. പൂക്കോയതങ്ങളായിരുന്നു അന്ന് പാര്‍ട്ടി അധ്യക്ഷന്‍. ദൃഢചിത്തനായിരുന്ന അദ്ദേഹത്തിന്റെ ലോകം പക്ഷെ മലപ്പുറത്ത് ഒതുങ്ങുന്നതായിരുന്നു. അധികകാലം പാര്‍ട്ടിയെ നയിക്കാന്‍ വിധി അദ്ദേഹത്തെ അനുവദിച്ചില്ല. തങ്ങളുടെ വിയോഗത്തോടെ പാര്‍ട്ടിയുടെ അമരത്ത് സി എച്ച് മാത്രമായി. സീതിഹാജിയും കെ കെ എസ് തങ്ങളും ചാക്കീരിയും അവുക്കാദര്‍കുട്ടി നഹയും എല്ലാം ഉണ്ടായിരുന്നുവെങ്കിലും കളംനിറഞ്ഞു കളിക്കാന്‍ സി എച്ച് തന്നെ വേണ്ടിയിരുന്നു. പ്രാസംഗികരും എഴുത്തുകാരും രണ്ടാംനിര നേതാക്കളില്‍ ഭൂരിഭാഗവും മറുപക്ഷത്ത്. സി എച്ചായിരുന്നു എതിരാളികളുടെ ഉന്നം. അന്ന് ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉറച്ചുനിന്നു. പ്രഭാഷകരും എഴുത്തുകാരും നന്നേ കുറവ്. അതിനാല്‍ എനിക്ക് കൈനിറയെ അവസരങ്ങള്‍ കിട്ടി. സി എച്ചും സഹപ്രവര്‍ത്തകരും നടത്തിയ അശ്വമേധത്തിനു മുമ്പില്‍ അഖിലേന്ത്യാലീഗിന് അധികമൊന്നും പിടിച്ചുനില്‍ക്കാനായില്ല. 1986ല്‍ അവര്‍ ആയുധംവെച്ചു കീഴടങ്ങി. 12വര്‍ഷത്തെ അവരുടെ അധ്വാനം മുഴുവനും അങ്ങനെ വ്യര്‍ഥമായി. അഖിലേന്ത്യാലീഗ് ഇന്ത്യന്‍ യൂണിയന് ലീഗില്‍ ലയിച്ചു. അത് കാണാന്‍ പക്ഷെ സി എച്ച് ഉണ്ടായിരുന്നില്ല. നിലക്കാത്ത യാത്രകളും നിരന്തരം നടത്തിയ പ്രസംഗങ്ങളും വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളും അദ്ദേഹത്തെ നിത്യരോഗിയാക്കി. സഞ്ചരിക്കുന്ന മയ്യിത്തെന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്.
അണമുറിഞ്ഞെത്തിയ പ്രതിസന്ധികളെ വകഞ്ഞുമാറ്റി ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മയില്‍ സാഹിബിന്റെ നേതൃത്വത്തില്‍ വളര്‍ന്നുവന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ്. അദ്ദേഹത്തിന്റ കാലഘട്ടത്തില്‍ എട്ടു സ്റ്റേറ്റുകളില്‍ പാര്‍ട്ടിക്ക് വേരോട്ടം ലഭിച്ചുവെന്നത് ചെറിയ കാര്യമല്ല. കേരളത്തിന് പുറമെ ദല്‍ഹി, അസം, മഹരാഷ്ട്ര, കര്‍ണാടക, ബംഗാള്‍, തമിള്‍നാട്, യു പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മെട്രോപൊളിറ്റന്‍ കൗണ്‍സിലര്‍മാരും കോര്പ്പറേഷന് മേയര്‍മാരും എം എല്‍ എമാരും എം പിമാരും മാത്രമല്ല മന്ത്രിമാര്‍ വരെ പാര്‍ട്ടിക്കുണ്ടായി. 1970ലെ ബംഗാള്‍ മന്ത്രിസഭയില്‍ എ കെ എ ഹസ്സനുസ്സമാന്റെ നേതൃത്വത്തില്‍ ലീഗിന് മൂന്നു പ്രതിനിധികളുണ്ടായിരുന്നു. മദ്രാസ് കോര്പ്പറേഷന് മേയറായിരുന്നു ലീഗുനേതാവായ ഹബീബുല്ലാ ബേഗ്. ദല്‍ഹി പ്രദേശ് മുസ്ലിംലീഗ് പ്രസിഡണ്ട് ഡോ. മുഹമ്മദ് അഹമദ് ദല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ അംഗമായിരുന്നു.
21-ാം നൂറ്റാണ്ടിന്റെ ആദ്യദശകം പിന്നിട്ടപ്പോള്‍ എന്താണ് പാര്‍ട്ടിയുടെ അവസ്ഥ? പാര്‍ട്ടി അക്ഷരാര്‍ഥത്തില്‍ കേരളത്തില്‍ ഒതുങ്ങിപ്പോയി. ദേശീയരാഷ്ട്രീയത്തില്‍ ആര്‍ജിച്ചെടുത്ത പ്രതാപം എന്നെന്നേക്കുമായി കൈമോശം വന്നു. രാജ്യത്തെ പൊതുവിഷയങ്ങളിലും ന്യൂനപക്ഷ പ്രശ്നങ്ങളിലും പാര്‍ട്ടിയുടെ പങ്ക് തന്നെ അപ്രസക്തമായി. ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലുമുള്ള ചലനങ്ങള്‍ക്കും മുസ്ലിംപ്രശ്നങ്ങള്‍ക്കും ലീഗിന്റെ അജണ്ടയില്‍ ഇടമില്ലെന്നായി. പ്രഗത്ഭരും സത്യസന്ധരുമായ നേതാക്കളുടെ വംശവും കാലക്രമേണ കുറ്റിയറ്റു. പ്രധാനമന്ത്രിയും മറ്റും വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ ലീഗിന് റോളില്ലാതായി. മുസ്ലിംകളുടെ ജീവിതനിലവാരത്തിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പഠിക്കാനും പരിഹരിക്കാനും സംഘടനക്ക് താല്പര്യമില്ലാതായി. അവസാനം ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് ലെറ്റര്‍പാഡില്‍ സുഖനിദ്ര കൊള്ളുന്ന പാര്‍ട്ടിയായി. ഈ ദുരന്തം ആരെങ്കിലും സമ്മാനിച്ചതാണോ.ഒരിക്കലുമല്ല.പാര്‍ട്ടിനേതൃത്വം വിലകൊടുത്തു വാങ്ങിയതാണ്. പുത്തന്‍പണക്കാരുടെ ബിസിനസ് താല്പര്യങ്ങള് സംരക്ഷിക്കുന്നതിലാണ് ഇപ്പോള്‍ പാര്‍ട്ടി മൂപ്പന്മാരുടെ ശ്രദ്ധ. ഇന്ത്യന്‍ മുസ്ലിംകളെ സംബന്ധിച്ചെടുത്തോളം ഇതൊക്കെ വലിയ മുന്നറിയിപ്പാണ്. നേര് കേള്‍ക്കുമ്പോള്‍ ചിലര്‍ക്ക് നീരസം തോന്നാം. പക്ഷെ രാഷ്ട്രീയ കാപട്യങ്ങളോട് രാജിയാകാന്‍ വയ്യാത്തവര്‍ക്ക് ഇത്തരം നഗ്നസത്യങ്ങള്‍ മറച്ചുവെക്കാനാവുമോ?
ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബ് മുതല്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടുവരെ യുള്ള നേതാക്കള്‍ക്ക് ദേശീയ രാഷ്ട്രീയത്തില്‍ മെച്ചപ്പെട്ട ഒരിടം ഉണ്ടായിരുന്നു. സീതിസാഹിബും സി എച്ചും ബാഫഖിതങ്ങളും കേരളത്തിന് പുറത്തും ശ്രദ്ധിക്കപ്പെട്ടത് അവര്‍ ഈ സനാതന ധര്‍മഭൂമിയില്‍ നിര്‍വഹിച്ച എണ്ണമറ്റ സേവനങ്ങള്‍ മൂലമാണ്. മീറത്തിലും മുറാദാബാദിലും ബഗല്‍പൂരിലും ജബല്‍പൂരിലും അഹമ്മദബാദിലും ബിഹാറിലും ആസാമിലെ നെല്ലിയിലും ഹൈദരബാദിലുമുണ്ടായ വര്‍ഗീയകലാപങ്ങളില്‍ ദുരിതബാധിതരെ സഹായിക്കാനും ആശ്വസിപ്പിക്കാനും വിഷയം പാര്‍ലമെന്റില്‍ തന്മയത്വത്തോടെ അവതരിപ്പിക്കാനും അവര്‍ക്ക് സാധിച്ചിരുന്നു. ഉപമുഖ്യമന്ത്രിയായിരിക്കെ ഹൈദരബാദില്‍ വെച്ചാണല്ലോ സി എച്ച് അന്ത്യശ്വാസംവലിച്ചത്. ഔദ്യോഗികമായി വ്യവസായമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പോയതെങ്കിലും ഹൈദരബാദ് കലാപത്തിനിരയായവരെ സാന്ത്വനിപ്പിക്കലും മുഖ്യമന്ത്രി എന്‍ ടി രാമറാവുവിന്റെ ശ്രദ്ധയില്‍ വിഷയം പെടുത്തലുമായിരുന്നു പ്രധാന ലക്ഷ്യം. ദൗത്യം നിര്‍വഹിച്ച ആത്മനിര്‍വൃതിയോടെയാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.
1986ല്‍ ഷാബാനുബീഗം കേസിനോടനുബന്ധിച്ച് ശരീഅത്ത് വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്‍ പ്രതിരോധനിരക്ക് നേതൃത്വംനല്‍കിയ ലീഗിന്റെ ദേശീയനേതൃത്വം വീണ്ടും ശ്രദ്ധാകേന്ദ്രമായി. കേരളത്തില്‍ ശരീഅത്ത് സംവാദങ്ങള്‍ നയിച്ചത് യഥാര്‍ഥത്തില്‍ മതസംഘടനകളായിരുന്നില്ല; സുലൈമാന്‍ സേട്ടുവായിരുന്നു. സംസ്ഥാന ലീഗ് നേതാക്കള്‍ക്ക് അപ്പോഴും ഭരണമായിരുന്നു മുഖ്യം. അബുഹസന്‍ അലി നദ്വി, മുജാഹിദുല്‍ ഇസ്ലാം തുടങ്ങിയ പണ്ഡിതന്മാരെ കേരളത്തില്‍ ക്ഷണിച്ചുവരുത്തി, മുസ്ലിം മതവിദ്യാഭ്യാസ രാഷ്ട്രീയ രംഗത്തെ നേതാക്കളെ ഒരുമിച്ചിരുത്തി, ശരീഅത്തിനെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുത്തതും ആരോപണങ്ങളുടെ പൊള്ളത്തരം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിയതും സേട്ടുസാഹിബായിരുന്നു.
ദേശീയ രാഷ്ട്രീയത്തില്‍ ലീഗ് സാന്നിധ്യമറിയിച്ച മറ്റൊരു സംഭവമായിരുന്നു ബാബരി മസ്ജിദ് സംഭവം. എ ഐ സി സി അധ്യക്ഷനും പ്രധാനമന്ത്രിയുമായിരുന്ന നരസിംഹറാവുവിന്റെ ഒത്താശയോടെ സംഘ്പരിവാരം മസ്ജിദ് ഇടിച്ചുനിരത്തിയപ്പോള്‍ രാജ്യത്തിനകത്തും പുറത്തും ശക്തമായ പ്രതിഷേധമാണല്ലോ അലയടിച്ചത്. അന്ന് യു ഡി എഫായിരുന്നു സംസ്ഥാനം ഭരിച്ചത്. മന്ത്രിസഭയിലെ ലീഗ് പ്രതിനിധികളെ പിന്‍വലിച്ച് കോണ്‍ഗ്രസിനോടും റാവുവിനോടുമുള്ള മുസ്ലിംകളുടെ പ്രതിഷേധം അറിയിക്കണമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ മാത്രമല്ല മതേതരവിശ്വാസികളുടെ മൊത്തം പൊതുവികാരം. ലീഗിന്റെ അഖിലേന്ത്യാ നേതൃത്വത്തിനും ഇതേ അഭിപ്രായമായിരുന്നു. ബാബ്രി പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ സേട്ടുവും നിലയുറപ്പിച്ചു. അന്നദ്ദേഹം അസാധാരണ ധീരതയാണ് പ്രകടിപ്പിച്ചത്. സ്വധര്‍മവ്യതിയാനം അദ്ദേഹത്തിന് അന്യമായിരുന്നു. ഇന്ത്യന്‍ മുസ്ലിംകളുടെ നേതാവ് എന്ന പദവിയിലേക്ക് ഒരിക്കല്‍കൂടി ലീഗധ്യക്ഷന്‍ ഉയര്‍ന്ന സന്ദര്‍ഭമായിരുന്നു അത്. കോണ്‍ഗ്രസിനും പ്രധാനമന്ത്രിക്കും അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ഒരു കാരണവശാലും സേട്ടുവിന് അന്ന് കഴിയുമായിരുന്നില്ല. 1961ല്‍ ലീഗ് സ്പീക്കര്‍പദവി രാജിവെച്ചതും 1969ല്‍ ഇ എം എസ് മന്ത്രിസഭയില്‍നിന്ന് പുറത്തുവന്നതും ഇതിനേക്കാള്‍ അപ്രധാനമായ വിഷയങ്ങളുടെ പേരിലായിരുന്നു. മസ്ജിദ് തകര്‍ന്നപ്പോള്‍ രാജ്യം കത്തിയെരിഞ്ഞെന്നും മുസ്ലിംകള് തീപിടിച്ച തലയുമായി എന്തിനും തയാറായി രാജ്യത്തുടനീളം ഓടിനടന്നപ്പോള്‍ കേരളം ശാന്തമായിരുന്നുവെന്നും അതിന് കാരണം ശിഹാബുതങ്ങളുടെ നിലപാടാണെന്നും പ്രചരിപ്പിച്ച് ശത്രുക്കളുടെ കയ്യടി നേടാനായിരുന്നു അന്ന് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. പള്ളി തകര്‍ക്കപ്പെട്ടതിന്റെ പേരില്‍ ഇന്ത്യയില്‍ ഒരിടത്തും മുസ്ലിംകള് കലാപം അഴിച്ചുവിടുകയോ നിയമം കയ്യിലെടുക്കുകയോ ചെയ്തിരുന്നില്ല. അന്ന് കലാപം നടന്നത് മുംബൈയിലാണ്. ശിവസേനയായിരുന്നു കലാപം അഴിച്ചുവിട്ടത്. സത്യത്തില്‍ ഇന്ത്യന്‍മുസ്ലിംകളെ മുഴുവന്‍ അവഹേളിക്കുന്ന നിലപാടാണ് ഇവിടുത്തെ ലീഗുനേതൃത്വം സ്വീകരിച്ചത്. മസ്ജിദ് തകര്‍ത്തതിന്റെ പേരില്‍ ഒരു ദിവസമെങ്കിലും മന്ത്രിസഭയില്‍നിന്ന് മാറി നിന്നിരുന്നുവെങ്കില്‍ ലീഗിന്റെ ആദര്‍ശ പ്രതിബദ്ധതക്ക് അത് തിളക്കം കൂട്ടിയേനേ.
ബാബരി മസ്ജിദിന്റെ മിനാരങ്ങള്‍ക്കൊപ്പം തകര്‍ന്ന ഏക രാഷ്ട്രീയ പ്രസ്ഥാനം മുസ്ലിംലീഗാണെന്ന പരമാര്‍ഥം വളരെ വൈകിയെങ്കിലും സംസ്ഥാന നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ടാവണം. തല തന്നെ അറുത്തുമാറ്റി തലവേദനക്ക് പരിഹാരം കാണാന്‍ അന്ന് മുന്‍കയ്യെടുത്തത് ലീഗിന്റെ പേരില്‍ ഊറ്റംകൊള്ളാറുള്ള ഇവിടുത്തെ നേതാക്കളായിരുന്നുവല്ലോ. ദേശീയപ്രശ്നങ്ങളില്‍ രാജ്യത്തെ മുസ്ലിംകള്ക്ക് മുന്നില്‍ നടന്ന പാര്‍ട്ടിയായിരുന്നു മുമ്പ് ലീഗ്. ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളും ലീഗ് ഘടകങ്ങളും ബാബരി, ശരീഅത്ത് പ്രശ്നങ്ങളില്‍ സേട്ടുസാഹിബിനോടും അദ്ദേഹത്തിന്റെ നിലപാടുകളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചപ്പോള്‍ കേരളം തികച്ചും വിചിത്രമായ നിലപാട് സ്വീകരിച്ചു. കേരളഭരണത്തിലെ പങ്കാളിത്തം നിലനിര്‍ത്താന്‍ പള്ളിയും ശരീഅത്തും തടസ്സമാണെന്ന് അവര്‍ കരുതി.
സേട്ടുവിനെ ദേശീയ അധ്യക്ഷസ്ഥാനത്തുനിന്ന് പുറന്തള്ളാനായി അവരുടെ അടുത്ത ശ്രമം. അതിന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ലോഭമായ പിന്തുണയും ലഭിച്ചു. 1993 ആഗസ്റ്റ് ഏഴിന് ചേര്‍ന്ന കേരള സംസ്ഥാന ലീഗ് സെക്രട്ടറിയേറ്റ് അഖിലേന്ത്യാപ്രസിഡണ്ടിനെ ശാസിച്ചത് ഇതിന്റെ തുടക്കമായിരുന്നു. ആഗസ്റ്റ് 19ന് ചേര്‍ന്ന അഖിലേന്ത്യാ നേതൃയോഗം 94 ഫെബ്രുവരി 5, 6 തിയ്യതികളില്‍ പാര്‍ട്ടിയുടെ നാഷണല്‍ എക്സിക്യൂട്ടീവ് ചേരാനും പുതിയ സംഭവവികാസങ്ങള്‍ വിശദമായി ചര്‍ച്ചചെയ്യാനും തീരുമാനിച്ചു. സപ്തമ്പര്‍ 9ന് കേരളത്തിലെ ഒരുകൂട്ടം ലീഗു പ്രവര്‍ത്തകര്‍ സേട്ടുവിന് പിന്തുണയുമായി ഖാഇദെമില്ലത്ത് കള്‍ച്ചറല്‍ ഫോറം രൂപീകരിച്ചു. അതിന്റെ സംസ്ഥാന ജനറല്‍കണ്‍വീനര്‍ ഈയുള്ളവനായിരുന്നു. മഞ്ചേരിയില്‍ സേട്ടുവിനൊപ്പം പ്രസംഗിച്ചതിന്റെ പേരില്‍ ചന്ദ്രിക സഹപത്രാധിപരായിരുന്ന എന്നെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. 93 സപ്തമ്പര്‍ 23ന് സേട്ടുവിന് കോഴിക്കോട് നല്കിയ സ്വീകരണം പുതിയ വഴിത്തിരിവായി.
1994 ഫെബ്രുവരി 5, 6 തിയ്യതികളില്‍ ദല്‍ഹിയിലെ റാഫി മാര്‍ഗിലുള്ള കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ളബ്ബിലെ ഡപ്യൂട്ടി സ്പീക്കര്‍ ഹാളിലായിരുന്നു നാഷണല്‍ എക്സിക്യൂട്ടീവ്. വോട്ടവകാശമുള്ള 35 അംഗങ്ങളാണ് ദേശീയസമിതിയില്‍ ഉണ്ടായിരുന്നത്. മന്ത്രിമാര്‍ എക്സ് ഒഫീഷ്യോ അംഗങ്ങളാണെങ്കിലും അവര്‍ക്ക് വോട്ടവകാശമില്ല. യോഗത്തിനെത്തുന്നവര്‍ക്ക് നിസാമുദ്ദീനിലെ ഗള്‍ഫ് റസ്റ്റ്ഹൗസില്‍ സേട്ടു താമസസൗകര്യം ഒരുക്കി. ഫെബ്രുവരി രണ്ടുമുതല്‍ ദല്‍ഹിയിലെത്തുന്നവരെ സ്വീകരിക്കാന്‍ റെയില്‍വെ സ്റ്റേഷനിലും വിമാനത്താവളത്തിലും വളണ്ടിയര്‍മാരെ നിയോഗിച്ചു. എന്നാല്‍ സംസ്ഥാനനേതൃത്വം ദേശീയ സമിതിയില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ കുറുക്കുവഴികള്‍ തേടി. അവര്‍ ദല്‍ഹിയിലെ അശോക, സീ മെറിഡിയന്, കോറമെന്റല്‍ താജ് തുടങ്ങിയ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തു. പ്രത്യേകം വളണ്ടിയര്‍മാരെയും നിശ്ചയിച്ചു. ദല്‍ഹിയിലെത്തുന്ന സമിതി അംഗങ്ങളെ അഖിലേന്ത്യാ കമ്മിറ്റി ഒരുക്കിയ ഗള്‍ഫ് റസ്റ്റ്ഹൗസിലേക്ക് പോകുന്നതിനു പകരം ഹോട്ടലുകളിലേക്ക് വഴിതിരിച്ചുവിട്ടു. മുഹമ്മദ് യാസീന്‍ അന്‍സാരി (ജനറല്‍സെക്രട്ടറി, യു പി സ്റ്റേറ്റ് ലീഗ്),അഡ്വ. മന്‍സൂര്‍ ആലം (പ്രസിഡണ്ട് രാജസ്ഥാന് സ്റ്റേറ്റ് ലീഗ്), മൗലാനാ അഹമദ് സിദ്ദീഖ് (ജോദ്പൂര്‍), ജമീല്‍ അഹമ്മദ് ഖാന് (പ്രസിഡണ്ട് മധ്യപ്രദേശ് സ്റ്റേറ്റ് ലീഗ്), മൗലാനാ ഗൗസ് ഖാമൂഷി (പ്രസിഡണ്ട്, ആന്ധ്രപ്രദേശ് സംസ്ഥാന ലീഗ്), അഹമ്മദ് ഷമീറുദ്ദീന്‍ ആസ്മി (മഹരാഷ്ട്ര), തുടങ്ങിയവര്‍ അങ്ങനെ ചതിയില്‍ പെട്ടവരാണ്. അവിടെനിന്നും രക്ഷപ്പെട്ട് സേട്ടുവിന്റെ വസതിയിലെത്തിയപ്പോഴാണ് പലര്‍ക്കും ചതി ബോധ്യപ്പെട്ടത്. രോഗശയ്യയിലായിരുന്ന കര്‍ണാടക സ്റ്റേറ്റ് പ്രസിഡണ്ട് അബ്ദുല്‍ഹമീദിനെ കേരള നേതാക്കള്‍ ദല്‍ഹിയിലെത്തിച്ചിരുന്നു. തലസ്ഥാനത്തെ കൊടുംതണുപ്പ് സഹിക്കവയ്യാതെ ആസ്തമ രോഗിയായ അദ്ദേഹം വിമാനമിറങ്ങി മണിക്കൂറുകള്‍ക്കകം തന്നെ മരണപ്പെട്ടു. അങ്ങനെ വഞ്ചനയുടെയും അധികാരദുരയുടെ ആദ്യത്തെ ഇരയായി ഹമീദ്സാഹിബ് മാറി.
 |
സീതിഹാജിയും ലേഖകനും |
കേരളത്തിലെ എം എല്‍ എമാരെ തലസ്ഥാനത്ത് എത്തിക്കാന്‍ ഈസ്റ്റ്വെസ്റ്റിന്റെ പ്രത്യേക വിമാനം തന്നെ ചാര്‍ട്ടര്‍ ചെയ്തു. തലേന്നു തന്നെ അവരെത്തി. വോട്ടെടുപ്പ് പ്രതീക്ഷിച്ച് രാജസ്ഥാനിലെ അഹമ്മദ്ബക്ഷിനെ വിമാനമാര്‍ഗം സമാപനയോഗത്തില്‍ എത്തിച്ചതും കേരള ഘടകം. വോട്ടവകാശമുള്ള മിയാഖാന്‍ (തമിള്‍നാട്), യു എ ബീരാന് (കേരളം), അഡ്വ. അഹമദ് ബക്ഷ് (രാജസ്ഥാന്), ഫഖി ഹസന്‍ഖാന്‍ (മഹരാഷ്ട്ര), ഡോ. മുഹമ്മദ് അഹമ്മദ് (ദല്‍ഹി) എന്നിവര്‍ ആദ്യദിവസത്തെ യോഗത്തിന് എത്തിയിരുന്നില്ല.
കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെയും ആഭ്യന്തര സഹമന്ത്രിയായിരുന്ന പി എം സഈദിന്റെയും നിസ്സീമമായ സഹായം സ്വാഭാവികമായും കേരള ഘടകത്തിന് ലഭിച്ചു. സേട്ടുസാഹിബ് മുന്‍കയ്യെടുത്താണ് ലക്ഷദ്വീപില്‍ ലീഗിന്റെ യൂണിറ്റ് രൂപീകരിച്ചത്. കോയഹാജി പ്രസിഡണ്ടും കുഞ്ഞിക്കോയ തങ്ങള്‍ സെക്രട്ടറിയുമായി സജീവമായിരുന്നു പാര്‍ട്ടി. എന്നാല്‍ ദ്വീപിലെ കോണ്‍ഗ്രസ് നേതാവു കൂടിയായ സഈദിന് ഇത്് ഒട്ടും ദഹിച്ചിരുന്നില്ല. സേട്ടുവിനോടുള്ള അദ്ദേഹത്തിന്റെ വിരോധത്തിന് അതു കാരണമായി. അതുകൊണ്ട് കേരള ലീഗിന്റെ ഇംഗിതത്തിനനുസരിച്ചാണ് ദല്‍ഹിയില്‍ പൊലീസ് പ്രവര്‍ത്തിച്ചത്. അന്ന് ദല്‍ഹി കേന്ദ്രഭരണ പ്രദേശവുമായിരുന്നു. യോഗം നടക്കുന്ന കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ളബ്ബും സമിതി അംഗങ്ങള്‍ താമസിച്ച ഗള്‍ഫ് റസ്റ്റ്ഹൗസും പരിസരവും പൂര്‍ണമായും സായുധരായ പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു. ബല്‍വന്തറായ് മേത്ത ലൈനിലെ സേട്ടുവിന്റെ വസതിയില്‍നിന്ന് പൊലീസിനെ വെട്ടിച്ചാണ് സേട്ടുസാഹിബിനെ അനുകൂലിക്കുന്ന പ്രവര്‍ത്തകസമിതി അംഗങ്ങളും ഫോറം പ്രവര്‍ത്തകരായ ഞാനും കുഞ്ഞബ്ദുല്ല മൗലവിയും ശാഫി ചാലിയവും അഹമ്മദ് മാണിയൂരും മറ്റും യോഗസ്ഥലത്ത് എത്തിയത്.
എം എല്‍ എമാരെ നാഷണല്‍ എക്സിക്യൂട്ടീവില്‍ പങ്കെടുപ്പിക്കാന്‍ കേരള നേതാക്കള്‍ നടത്തിയ ശ്രമം വിജയിച്ചില്ല. എങ്കില്‍ ഗാലറിയില്‍ കാഴ്ചക്കാരായി ഇരിക്കാന്‍ അനുവദിക്കണമെന്നായി. എം എല്‍ എമാരെ അനുവദിക്കുന്ന പക്ഷം ഖാഇദെമില്ലത്ത് ഫോറത്തിന്റെ പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കുമെന്നായി സേട്ടുസാഹിബ്. ദേശീയ സമിതിയില്‍ പരാജയപ്പെട്ടാല്‍ നിയമസഭയിലെ പരിചയംവെച്ച് കുഴപ്പമുണ്ടാക്കുകയായിരുന്നുവോ അവരുടെ ഉദ്ദേശ്യമെന്ന് സേട്ടു സംശയിച്ചിട്ടുണ്ടാവണം.
ഉദ്ഘാടന ദിവസത്തെ യോഗം ഹമീദ് സാഹിബിന്റെ ചരമത്തില്‍ അനുശോചിച്ച്കൊണ്ട് പിരിയേണ്ടിവന്നതിനാല്‍ ചര്‍ച്ചയൊന്നും നടന്നില്ല. എം എ ലത്തീഫ്, ഖമറുല്‍ ഇസ്ലാം, സയ്യിദ് മുഹമ്മദ് മുദന്, മുഹമ്മദ് യൂസഫ് തുടങ്ങിയവര്‍ ഹമീദിനെ അനുസ്മരിച്ച് യോഗം പിരിഞ്ഞു. യോഗത്തിന് ശേഷം ഗള്‍ഫ് റസ്റ്റ്ഹൗസിലേക്ക് മടങ്ങിയ മുഹമ്മദ് മുദനേയും ബിഹാര്‍ സ്റ്റേറ്റ് ലീഗ് പ്രസിഡണ്ട് അഡ്വ. ഇഖ്ബാല്‍ സഫറിനെയും കേരളത്തില്‍ നിന്നെത്തിയ നേതാക്കള്‍ ബലംപ്രയോഗിച്ച് തട്ടിക്കൊണ്ടുപോകുന്നതാണ് പിന്നീട് കണ്ടത്. കേരളഹൗസിലെ സ്റ്റേറ്റുകാറുകളാണ് ഇതിന് ഉപയോഗിച്ചത്. ഇരുവരെയും കാറില്‍ ബലമായി കയറ്റുന്നത് കണ്ട സേട്ടുസാഹിബടക്കമുള്ളവര്‍ തടയാന്‍ ശ്രമിച്ചെങ്കിലും സായുധപൊലീസിന്റെ സാന്നിധ്യം മൂലം വിജയിച്ചില്ല. സംഭവം പത്രങ്ങളില്‍ വലിയ വാര്‍ത്തയായി. ഇഖ്ബാല്‍ സഫര്‍ പ്രലോഭനങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങുന്ന ആളല്ല. അദ്ദേഹത്തെ വഴിയിലെവിടെയോ ഉപേക്ഷിച്ചു. പ്രവര്‍ത്തകസമിതിയില്‍ പങ്കെടുക്കാന്‍ സഫര്‍ നന്നേ വിഷമിച്ചു. പൊലീസ് തടഞ്ഞതിനെ തുടര്‍ന്നു ഖമറുല്‍ ഇസ്ലാം ഇടപെട്ടാണ് യോഗഹാളില്‍ അദ്ദേഹത്തിന് എത്താനായത്. മുദന് ട്രഷറര്‍ സ്ഥാനം പാരിതോഷികമായി അനുവദിക്കുകയും ചെയ്തു.
കേരളഘടകത്തോടൊപ്പം തുടക്കംമുതല്‍ നിലയുറപ്പിച്ച അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഗുലാം മഹമൂദ് ബനാത്ത്വാല അന്ന് രാത്രി സേട്ടുവിനെ കാണാനെത്തി. ഞങ്ങളും അവിടെയുണ്ടായിരുന്നു. കേരളഘടകത്തിന് സേട്ടുവിലും തന്നിലും വിശ്വാസമില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ പദവികള്‍ ഒഴിയുന്നതാണ് ഉചിതമെന്ന നിര്‍ദേശവുമായാണ് വാല എത്തിയത്. സ്ഥാനത്യാഗത്തിന് സേട്ടുവും സന്നദ്ധനായിരുന്നു. എന്നാല്‍ ഇതില്‍ പതിയിരിക്കുന്ന അപകടം മണത്തറിഞ്ഞ ലത്തീഫും ഖമറുല്‍ ഇസ്ലാമും പി എം അബൂബക്കറും മറ്റും ബനാത്തുവാലയുടെ കെണിയില്‍ വീഴരുതെന്ന് സേട്ടുവിനോട് അപേക്ഷിച്ചുനോക്കി. പക്ഷെ ഫലമുണ്ടായില്ല. സേട്ടു എന്തുകൊണ്ടോ സിക്രട്ടറിയെ അതിരറ്റു വിശ്വസിച്ചുപോയി. യു എ ഇ ഇന്ത്യന്‍ മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ സേട്ടുവിന് ഒരുക്കിയ ഡിന്നറില്‍ ബനാത്ത്വാലയും പങ്കെടുത്തത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന് ആക്കംകൂട്ടുകയും ചെയ്തു. ആശങ്കനിറഞ്ഞ ആ രാത്രി ഞങ്ങള്‍ക്കാര്‍ക്കും ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
94 ഫിബ്രവരി ആറ-് ലീഗ് ചരിത്രത്തിലെ അഭിശപ്തദിനമായി മാറി. രാവിലെ 11.30 യോഗം ആരംഭിച്ചത് ബനാത്തുവാലയുടെ സ്വാഗതപ്രസംഗത്തോടെ. കാല്‍നൂറ്റാണ്ടിലേറെ ലീഗിനെ നയിച്ച തങ്ങളുടെ നേതൃത്വം പാര്‍ട്ടിക്ക് അപര്യാപ്തമാണെന്ന് ചിലര്‍ പറയുന്നു. ഇന്ത്യന്‍ മുസ്ലിംകള്ക്ക് വേണ്ടി സേട്ടുവും താനും ചെയ്ത സേവനങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞ അദ്ദേഹം പ്രസംഗത്തിനൊടുവില്‍ പദവിയില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍ ജനറല്‍സെക്രട്ടറി പദം ഒഴിയുകയാണെന്നും അറിയിച്ചു. യോഗത്തില്‍ ആധ്യക്ഷ്യംവഹിച്ച സേട്ടുവും സഹപ്രവര്‍ത്തകന്റെ അതേ പാത തന്നെ പിന്തുടര്ന്ന് പ്രസിഡണ്ട് പദം ഒഴയുന്നതായി പ്രഖ്യാപിച്ചു. പകരം ഊര്‍ജസ്വലരായവരെ തെരഞ്ഞെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നു ബനാത്തുവാലയുടെ പേര് കേരളഘടകം പ്രസിഡണ്ട് സ്ഥാനത്തേക്ക് നിര്‍ദേശിക്കുന്നതാണ് കണ്ടത്! സേട്ടുസാഹിബിന്റെ പേര് തമിള്‍നാട്ടില്‍ നിന്നുള്ള അഡ്വ. എം എ ലത്തീഫും നിര്‍ദേശിച്ചു. സേട്ടു ഉടന്‍ തന്നെ താന്‍ പിന്‍വലിക്കുന്നതായി അറിയിച്ചു. ബനാത്തുവാലയാകട്ടെ മൗനംകൊണ്ട് സ്ഥാനാര്‍ഥിത്വം അംഗീകരിച്ചതോടെ അദ്ദേഹം പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെടുകയുംചെയ്തു. എ കെ എ അബ്ദുസ്സമദ് ജനറല്‍സെക്രട്ടറിയായി. മുഹമ്മദ് മുദനെ ട്രഷററാക്കി. അങ്ങനെ സേട്ടുവിനെ വെട്ടാന്‍ കേരളഘടകം ബനാത്തുവാലയെ മുന്നില്‍നിര്‍ത്തി നടത്തിയ വഞ്ചന വിജയംകണ്ടു. ബനാത്തുവാലയുടെ ഈ കൊടുംചതി കണ്ട് എം എ ലത്തീഫ് പറഞ്ഞുപോയി... യു റ്റൂ ബ്രൂട്ടസ്!
1974ലെ ഭിന്നിപ്പിന് പറയാന്‍ എതാനും കാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ബാബരി മസ്ജിദിനും ശരീഅത്തിനും വേണ്ടി വാദിച്ചതിന്റെ പേരില്‍ അഖിലേന്ത്യാനേതൃത്വത്തിന്റെ തലകൊയ്തവര്‍ ചരിത്രത്തില്‍ മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ് ചെയ്തത്. അതില്‍ പിന്നീട് ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് എന്നത് കടലാസ് സംഘടന മാത്രമായി. ദേശീയപാര്‍ട്ടി എന്ന പദവി ലീഗിന് നഷ്ടപ്പെട്ടത് സത്യത്തില്‍ ഈ പ്രവര്‍ത്തകസമിതിക്ക് ശേഷമാണെന്ന് പറയാം. ഇന്ത്യയിലെ മുസ്ലിം പ്രശ്നങ്ങളോട് മുഖംതിരിഞ്ഞു നില്ക്കുന്ന ഒരു പാര്‍ട്ടിക്ക് പിന്നെ അവരെ പ്രതിനിധീകരിക്കാന്‍ എന്തര്‍ഹത? പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ബനാത്ത്വാലയുടെ കാര്യമായിരുന്നു ഏറെ ദയനീയം. സേട്ടുവിന്റെ കഥകഴിക്കുക എന്ന കടുകൈക്ക് കൂട്ടുനിന്ന അദ്ദേഹത്തിന്റെ ഗതിയും അത്യന്തം ശോകനിര്‍ഭരമായി. വാലയേയും സംസ്ഥാന നേതൃത്വം നിഷ്ക്കരുണം വഞ്ചിച്ചു. അദ്ദേഹം അതര്‍ഹിക്കുന്നുവെങ്കിലും ഇത്ര നീചമായി അങ്ങനെ സംഭവിക്കുമെന്ന് ആരും നിനച്ചിട്ടുണ്ടാവില്ല. രാജ്യം കണ്ട പത്ത് പ്രഗത്ഭ പാര്‍ലമെന്റ് അംഗങ്ങളുടെ പട്ടികയിലായിരുന്നു ബനാത്തുവാലയുടെ സ്ഥാനം. അദ്ദേഹം പ്രസംഗിക്കാനെഴുനേറ്റാല്‍ പിന് ഡ്രോപ് സയലന്റായിരുന്നു ലോകസഭയില്‍. അദ്ദേഹത്തെയും പാര്‍ട്ടി തഴഞ്ഞു. തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതെ മാറ്റിനിര്‍ത്തി. പിന്നീട് മരണംവരെ പാര്‍ലമെന്റ് കാണാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. അഖിലേന്ത്യാ അധ്യക്ഷന്‍ എന്ന നിലയില്‍ അര്‍ഹിക്കുന്ന ആദരവാകട്ടെ അദ്ദേഹത്തിന് ലഭിച്ചതുമില്ല. ബനാത്തുവാലയുടെ ശൈലി ഇവിടുത്തെ നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. സംഭവങ്ങള്‍ നടന്നിട്ട് 18 വര്‍ഷമായി. അതുകൊണ്ട് പാര്‍ട്ടിയിലെ യുവത്വങ്ങള്‍ക്ക് ഇതൊന്നും അറിയില്ല. അവരെ ആരും ഒന്നും പഠിപ്പിക്കുന്നുമില്ല. ഒന്നും പഠിക്കാതിരിക്കണം എന്നാഗ്രഹിക്കുന്നവരാണല്ലോ തലപ്പത്തുള്ളത്. ആരൊക്കെ പഠിച്ചാലും ഇല്ലെങ്കിലും ഈ വഞ്ചനകള്‍ക്കൊക്കെ ചരിത്രം എന്നും സാക്ഷിയായിരിക്കുക തന്നെ ചെയ്യും.
ബനാത്തുവാലയുടെ വിയോഗത്തോടെ ഇന്ത്യന്‍ യൂണിയന് ലീഗെന്നാല്‍ കേരളസ്റ്റേറ്റ് ലീഗെന്നായി. അല്ലെങ്കിലും ബാഫഖിതങ്ങള്‍ക്കും പൂക്കോയതങ്ങള്‍ക്കും ശേഷം സംസ്ഥാന പ്രസിഡണ്ടിനെ കണ്ടാല്‍ എഴുനേറ്റുനില്ക്കാന് വിധിക്കപ്പെട്ട അഖിലേന്ത്യാ പ്രസിഡണ്ടുമാരെയാണല്ലോ നാം കണണ്ടത്. തങ്ങള്‍ തന്നെയാണ് തന്മൂലം പരിഹസിക്കപ്പെടുന്നത് എന്ന് തിരിച്ചറിയാനുള്ള ഔചിത്യബോധമോ വിവേകമോ സംസ്ഥാന നേതൃത്വം പ്രകടിപ്പിച്ചതുമില്ല.
ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗിന്റെ ദേശീയസമിതി ഇപ്പോള്‍ ചേരാറുണ്ടോ? അടുത്തെങ്ങാനും ചേര്‍ന്നിട്ടുണ്ടോ? മാധ്യമങ്ങള്‍ പോലും അന്വേഷിക്കാറില്ല. ഏതു ഈര്‍ക്കിള്‍ പാര്‍ട്ടിയും സജീവമാകുന്ന കാലമാണ് തെരഞ്ഞെടുപ്പ്. ലീഗ് അതുപോലും ചെയ്യാറില്ല. അതിനു തക്ക സമിതിയില്ല. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ പാര്‍ട്ടി അഭിപ്രായം പറയാറുണ്ടോ? വാര്‍ത്താ മാധ്യമങ്ങള്‍ അത് അന്വേഷിക്കാറുണ്ടോ? ചവറ മുതല്‍ ചവറെ വരെ പ്രവര്‍ത്തിക്കുന്ന ആര് എസ് പിയുടെ അഭിപ്രായങ്ങള്‍ ആരായുന്ന പത്രങ്ങള്‍ ലീഗിനെ കണ്ട ഭാവം നടിക്കാറില്ല. അങ്ങനെയൊരു ദേശീയനേതൃത്വം ലീഗിന് ഭൂമുഖത്ത് ഇല്ലാത്തതുകൊണ്ടാണത്. സേട്ടുവിന്റെ കഥകഴിച്ചവര്‍ക്ക് ഒരു ദേശീയനേതൃത്വത്തെ തട്ടിക്കൂട്ടാന്‍ ഇതുവരെ കഴിഞ്ഞില്ല എന്നതല്ലേ യാഥാര്‍ഥ്യം?
ഇസ്ലാമിക സംസ്കാരത്തോടൊപ്പം പാര്‍ട്ടി സഞ്ചരിച്ച കാലമുണ്ടായിരുന്നു. രാഷ്ട്രീയം വിപണനമൂല്യമുള്ള ഉല്പന്നമായി മാറിയതോടെ ധാര്‍മികമൂല്യങ്ങള്‍ക്കും പ്രസക്തി നഷ്ടപ്പെട്ടു. സകല തിന്മകള്ക്കുമെതിരെ പൊരുതേണ്ട മത നേതൃത്വമാവട്ടെ തികഞ്ഞ മൗനത്തിലും. അവരുടെ സമ്മേളനങ്ങളിലും മുഖ്യാതിഥികളായി ഇത്തരക്കാര്‍ തന്നെ വേണം.
കേരളീയ നവോത്ഥാനപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കാലത്ത് ഊര്‍ജ്ജംപകര്‍ന്ന പാര്‍ട്ടിക്ക് ഇന്ന് അത്തരം ബഹുമതികള്‍ തന്നെ അലര്‍ജിയാണ്. രാഷ്ട്രീയ ഗതി മാറ്റങ്ങളില്‍ ആര്‍ക്കാണിപ്പോള്‍ ആശങ്ക? പാര്‍ട്ടിക്കകത്ത് ചര്‍ച്ചകളില്ല. ആശയവിനിമയമില്ല. അഭിപ്രായസ്വതന്ത്ര്യവുമില്ല. സമുദായത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളില്‍ കൈവെക്കാന്‍ തന്റേടമില്ല. വേണമെങ്കില്‍ ബാബരി മസ്ജിദ് പ്രശ്നത്തില്‍ ചെയ്തതുപോലെ വീണത് വിദ്യയാക്കും. പണത്തൂക്കം പ്രവര്‍ത്തനത്തിന് ടണ്‍ കണകക്കിനാണ് പബ്ളിസിറ്റി. വളരെയേറെ പുല്ല് തിന്നുകയും അല്പം മാത്രം പാല് ചുരത്തുകയും ചെയ്യുന്ന പശുവിനെ പോലെ. അതാണ് സമകാലിക രാഷ്ട്രീയത്തിന് നല്കാവുന്ന ഉചിതമായ ഉപമ. നേതാക്കളെല്ലാം ഭൗതികസുഖങ്ങള്‍ക്ക് പിന്നാലെ. നഗരങ്ങളിലെ വലിയ ഷോപ്പിംഗ്മാളുകളില്‍ കുടുംബസമേതം ഷോപ്പിംഗ്, പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഭക്ഷണം, നേതാക്കള്‍ക്ക് പ്രത്യേകം പ്രത്യേകം ബ്യൂട്ടീഷന്മാര്, ഡിസൈനര്‍ വസ്ത്രങ്ങള്‍, കൂടെക്കൂടെ വിദേശയാത്ര. ചുരുക്കത്തില്‍ ലാവിഷ് ജീവിതം. മുഖസ്തുതിക്കാരുടെയും പാദസേവകരുടെയും പാരിതോഷികങ്ങളില്‍ മെരുക്കപ്പെട്ട ആത്മീയനേതാക്കളാവട്ടെ അക്വേറിയത്തിലെ വര്‍ണമത്സ്യങ്ങളെ പോലെ കാഴ്ചവസ്തു മാത്രമായി. അഴിമതി അര്‍ബുദമായി വളരുമ്പോഴും കാളക്കൂറ്റന്മാര്ക്ക് കുശാല്‍. ശിക്ഷിക്കപ്പെടുന്നതോ ഉറുമ്പുകള്‍. ഇനിമേല്‍ നേതാക്കളുടെ ശിരസ്സ് ഉയരുമോ? ഇല്ല. ഒരിക്കലുമില്ല. അത് ചാണകക്കുഴിയോളം താണുപോയില്ലേ.
സമുദായത്തിന്റെ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി വിശപ്പും വിയര്‍പ്പും ആയുധമാക്കി ജീവിതത്തിന്റെ വസന്തം മുഴുവന്‍ ഹോമിച്ചവര്‍ക്ക് ഇതൊക്കെ ദു:ഖസ്മൃതികളാണ്. തീരാത്ത നോവുകളാണ്. അവസരവാദികളുടെ അവസാന മൂടുപടം വലിച്ചുകീറാന്‍ ആരെങ്കിലും ജന്മമെടുക്കാതിരിക്കില്ല. മതമെന്നാല്‍ സല്‍പ്രവൃത്തിയിലൂടെ ദൈവസാമീപ്യം നേടുകയെന്നതാണല്ലോ. മതത്തില്‍നിന്ന് ഊര്‍ജം സ്വീകരിക്കുന്ന മുസ്ലിംലീഗ് പോലുള്ള പാര്‍ട്ടിയില്‍ അതില്ലാതെ പോകുന്നതാണ് ഏറെ ദു:ഖകരം?
ന്യൂനപക്ഷ രാഷ്ട്രീയം ഇപ്പോള്‍ ശബ്ദായമാനവും വിവാദബഹുലവുമാണെന്ന് അവകാശപ്പെടുന്നവരുണ്ട്. ശരിയായിരിക്കാം എന്നാലത് സേവനദരിദ്രവും സ്വാര്‍ഥനിര്‍ഭരവുമാണ്. പൊതുപ്രവര്‍ത്തനത്തിന്റെ ഇന്നലെകളെ അത് തമസ്കരിക്കുന്നു. മര്‍ത്ത്യതയുടെ മഹിമയും സൗന്ദര്യവും ആര്‍ദ്രസ്നേഹത്തില്‍ അധിഷ്ഠിതമാണെന്ന പ്രാഥമികപാഠം പോലും അവര്‍ ബോധപൂര്‍വം അവഗണിക്കുന്നു. നീറുന്ന ഓര്‍മകള്‍ ഇങ്ങനെ പതഞ്ഞൊഴുകുമ്പോഴും പ്രാര്‍ഥിക്കുന്നു പടച്ചവനോട്; സമുദായത്തിന്റെ, നാടിന്റെ രക്ഷക്കായി.
.
വര്‍ത്തമാനം ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനം