Tuesday, January 25, 2011

ചോരപ്പകയുമായി ലാല്‍ ചൗക്കിലേക്ക്


          റിപ്പബ്‌ളിക് ദിനത്തിലും ചോരപ്പകയുടെ പുതിയ അധ്യായം രചിക്കാന്‍ തറ്റുടുക്കുകയാണ് രാജ്യത്തെ സംഘ്പരിവാര്‍ ശക്തികള്‍. ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും എതിര്‍പ്പ് അവഗണിച്ച് നാളെ ലാല്‍ ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താനുള്ള ബി ജെ പി തീരുമാനം അവരുടെ സഹജമായ പ്രാകൃതഭാവത്തില്‍നിന്ന് ഉയിര്‍കൊണ്ടതാണ്. രാജ്യത്തിന്റെ ഏത് ഭാഗത്തും ദേശീയപതാക ഉയര്‍ത്താന്‍ ഭരണഘടന അനുവദിക്കുന്നുവെന്നത് ശരിയാണ്. ഓരോ പൗരനും അത് നിര്‍വഹിക്കുന്നത് സന്തോഷകരവുമാണ്. എന്നാല്‍  പാര്‍ടി പ്രവര്‍ത്തകരെ മുഴുവന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആട്ടിത്തെളിച്ച് കശ്മീരില്‍ വരുത്തേണ്ട കാര്യമെന്ത്? ഉത്തരം വളരെ വ്യക്തം. കശ്മീരികള്‍ രാജ്യദ്രോഹികളാണെന്ന് മുദ്രയടിക്കുക. അവരെ ഹിമാലയത്തോളം ദ്രോഹിക്കുക. മാരകമായ ആഘാതങ്ങള്‍ മുന്നില്‍കണ്ട് ഈ നികൃഷ്ടനീക്കം തടയാന്‍ നടപടികള്‍ കൈക്കൊള്ളുന്ന ഭരണകൂടം ഇന്നലെയുടെ അനുഭവങ്ങള്‍ മറക്കാതിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

          ലാല്‍ ചൗക്കിനെ ലക്ഷ്യമാക്കി ബി ജെ പിയുടെ രാഷ്ട്രീയ ഏകതായാത്രയായ തിരംഗ്‌യാത്ര പ.ബംഗാളിലെ കൊല്‍ക്കത്തയില്‍നിന്ന് പ്രയാണമാരംഭിച്ചിട്ട് രണ്ടാഴ്ചയായി. ഈ മാസം 12ന് തുടക്കം കുറിച്ച യാത്ര ബിഹാര്‍, ഉത്തരപ്രദേശ്, മഹരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ ഇതിനകം പര്യടനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍നിന്നും തീവണ്ടിമാര്‍ഗവും മറ്റു വാഹനങ്ങളിലും പ്രവര്‍ത്തകര്‍ കശ്മീരിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.  സുരക്ഷാ ഉദ്യോഗസ്ഥര്‍ ഫാസിസ്റ്റുകളുടെ ലക്ഷ്യം തിരിച്ചറിഞ്ഞ് തീവണ്ടികള്‍ തിരിച്ചുവിട്ടുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത ആശ്വാസകരമാണ്. കശ്മീരിലെ ഔദ്യേഗിക റിപ്പബ്‌ളിക്ദിന പരിപാടികള്‍ നടക്കുന്ന ബക്ഷി സ്റ്റേഡിയം സുരക്ഷാസേനയുടെ കര്‍ശന നിയന്ത്രണത്തിലുമാണ്. റോഡരികിലെ തണുത്തുറഞ്ഞ മഞ്ഞുപോലും സുരക്ഷാഭീഷണി മുന്‍നിര്‍ത്തി എടുത്തുമാറ്റിക്കൊണ്ടിരിക്കുന്നു.

          സ്വാതന്ത്ര്യദിനത്തെയും റിപ്പബ്‌ളിക്ദിനത്തെയുമൊക്കെ രാഷ്ട്രീയനേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്നവര്‍ക്ക് അത് വരുത്തിവെക്കുന്ന ദുരന്തം തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച ഉണ്ടാവാറില്ല. അല്ലെങ്കിലും നിസ്സഹായതയുടെ ആകാശച്ചുവട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ടവരാണ് കശ്മീരികള്‍. പട്ടാളവും തീവ്രവാദികളും വര്‍ഗീയവാദികളുമെല്ലാം ചിന്നംവിളിച്ച് വിലസുമ്പോഴും ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ ഉദാത്തലക്ഷ്യങ്ങള്‍ക്ക് വിലമതിക്കാനുള്ള രാജ്യസ്‌നേഹവും ജനാധിപത്യബോധവും കാണിച്ച കശ്മീരികളുടെ ദേശാഭിമാനത്തെ സംശയിക്കാനും ചോദ്യംചെയ്യാനും ആര്‍ക്കാണ് ഇവിടെ അര്‍ഹതയുള്ളത്?  ഏകതായാത്ര ലാല്‍ ചൗക്കില്‍ എത്തിയാല്‍ മുരളീ മനോഹര്‍ജോഷി  വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ യാത്രയോടനുബന്ധിച്ച് അരങ്ങേറിയ സംഭവങ്ങള്‍ ആവര്‍ത്തികക്കുമെന്നുറപ്പാണ്. അല്ലായിരുന്നുവെങ്കില്‍ ലാല്‍ ചൗക്ക് തുറന്നുകൊടുക്കുകയും അര്‍ഹിക്കുന്ന പ്രൗഢിയോടെ പതാക ഉയര്‍ത്താന്‍ അനുവദിക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല തന്നെ വ്യക്തമാക്കുകയുണ്ടായി.

          സംഘര്‍ഷങ്ങളില്‍ വിങ്ങിനില്‍ക്കുന്ന സംസ്ഥാനമാണ് കശ്മീര്‍ എന്ന കാര്യം പരക്കെ അംഗീകരിക്കപ്പെട്ടതാണ്. അവിടെ കുഴപ്പം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കം ദേശീയപതാകയെ ആദരിക്കാനുള്ളതാണെന്ന് പറഞ്ഞാല്‍ ആര്‍ക്ക് വിശ്വസിക്കാനാവും? വിഭാഗീയത പാകിമുളപ്പിക്കാന്‍ റിപ്പബ്‌ളിക് ദിനം തന്നെ തെരഞ്ഞെടുത്തവരുടെ ലക്ഷ്യം   തിരിച്ചറിഞ്ഞ് പ്രതികരിച്ച പ്രധാനമന്ത്രിയെ അഭിനന്ദിക്കണം. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി റിപ്പബ്‌ളിക് ദിനം ദുരുപയോഗപ്പെടുത്തരുതെന്ന് അദ്ദേഹം മുന്നറിയിപ്പും നല്‍കിയിരിക്കുന്നു. ദേശീയതയുടെ പേരില്‍ ജനങ്ങള്‍ ആഘോഷപൂര്‍വം കൈകോര്‍ക്കുന്ന വിശേഷദിവസമാണ് റിപ്പബ്‌ളിക്ദിനം. ഇത്തരം അവസരം സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങളെ അവമതിക്കാനും വിഭാഗീയ അജണ്ടകള്‍ പ്രോത്സാഹിപ്പിക്കാനും ഉപയോഗപ്പടുത്തുന്നവര്‍ രാജ്യസ്‌നേഹികളാകാന്‍ തരമില്ല. പ്രധാനമന്ത്രിയുടെ ഈ ആഹ്വാനം പക്ഷെ സംഘ്പരിവാര ശക്തികള്‍ മുഖവിലക്കെടുക്കുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കുകയില്ലെന്ന് പ്രധാനമന്ത്രിക്കും സുപ്രീംകോടതിക്കും വാക്ക്‌കൊടുത്ത ബി ജെ പി നേതൃത്വം ജനഹൃദയങ്ങളില്‍ കറുത്ത ചിത്രമാണല്ലോ പിന്നീട് വരച്ചുവെച്ചത്.

          ഏകതായാത്രയുടെ ഭാഗമായി ലാല്‍ ചൗക്കില്‍ ദേശീയപതാക ഉയര്‍ത്താനുള്ള ബി ജെ പിയുടെ ശ്രമം തടയാന്‍ തന്നെയാണ് ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നൂറുശതമാനം സാധ്യതയുള്ള പരിപാടിക്ക് അനുവാദം നല്‍കാന്‍ ഉമര്‍ അബ്ദുല്ലയെന്നല്ല ആരും തയാറാവില്ല. ശ്രീനഗറില്‍ 100 കമ്പനി പൊലീസിനെയും കേന്ദ്ര സേനയേയും വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതോടൊപ്പം സദാജാഗ്രതയോടെ വര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ മനസ്സ് കൂടി കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്.

          കേന്ദ്രസര്‍ക്കാര്‍ വിഭജനവാദികള്‍ക്ക് കീഴടങ്ങി എന്ന ആരോപണവുമായി എല്‍ കെ അദ്വാനിയടക്കമുള്ള നേതാക്കള്‍ ഇപ്പോള്‍ തന്നെ രംഗത്തുണ്ട്. കര്‍ണാടകയിലെ യദ്യൂരപ്പയുടെ ഭൂമി തട്ടിപ്പും സ്‌ഫോടന പരമ്പരകള്‍ സംബന്ധിച്ച അസീമാനന്ദയുടെ കുറ്റസമ്മതവും സംഘ്പരിവാറിന് അസുഖകരമായ അനുഭവങ്ങള്‍ സമ്മാനിച്ചുകൊണ്ടിരിക്കുമ്പോള്‍ വികൃതമായ മുഖംമിനുക്കാനും കാപട്യം ഒളിപ്പിച്ചുവെക്കാനും ഏകതായാത്ര പോലുള്ള ചെപ്പടിവിദ്യകള്‍ ആവശ്യമായി വരും.

          റിപ്പബ്‌ളിക് എന്ന സങ്കല്‍പത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിവിടെ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റിപ്പബ്‌ളിക്കിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ചും അപചയത്തെ കുറിച്ചും ഒരു പഠനം തന്നെ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. രാജ്യത്തെ പരമോന്നത ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതി തന്നെ ഈ റിപ്പബ്‌ളിക്കിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണല്ലോ.

6 comments:

  1. റിപ്പബ്‌ളിക് എന്ന സങ്കല്‍പത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിവിടെ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റിപ്പബ്‌ളിക്കിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ചും അപചയത്തെ കുറിച്ചും ഒരു പഠനം തന്നെ അനിവാര്യമായിത്തീര്‍ന്നിരിക്കുന്നു. രാജ്യത്തെ പരമോന്നത ഭരണഘടനാ സ്ഥാപനമായ സുപ്രീംകോടതി തന്നെ ഈ റിപ്പബ്‌ളിക്കിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണല്ലോ.

    ReplyDelete
  2. elllaam raashtreeya thattippu... allaathenth?

    ReplyDelete
  3. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ ആട്ടിത്തെളിച്ച് കാഷ്മീരിലെത്തിച്ച് ദേശീയപതാക ഉയര്‍ത്തണമെന്ന് പറയുന്നത് ദേശാഭിമാനം കൊണ്ടല്ല, പൌരജനങ്ങളെ തമ്മിലടിപ്പിച്ച് എങ്ങനെയും അധികാരം കരസ്ഥമാക്കണമെന്ന നികൃഷ്ടമായ അധികാരമോഹം കൊണ്ട് മാത്രമാണ്. മറ്റൊരു ലക്ഷ്യമോ നയമോ പരിപാടിയോ ഒന്നുമില്ലല്ലോ. ഒരു ദേശീയപാര്‍ട്ടിയുടെ അധ:പതനം കണ്ട് സങ്കടം തോന്നുന്നു. ജനങ്ങള്‍ക്ക് എന്തെല്ലാം പ്രശ്നങ്ങളുണ്ട്. എന്തായാലും കാഷ്മീര്‍ ഗവണ്മേണ്ടും കേന്ദ്ര സര്‍ക്കാരും ഇത് അനുവദിക്കുകയില്ല എന്ന് കാണുന്നതില്‍ ആശ്വാസം തോന്നുന്നു.

    ReplyDelete
  4. ജാഫര്‍ക്കാ...ഇപ്പോഴാ കണ്ടത്....വായിക്കുന്നൂ.

    ReplyDelete
  5. യദിയൂരപ്പ, അസിമാനന്ദ ഇഷ്യൂവില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാന്‍ ഈ നരഭോജികള്‍ നടത്തുന്ന നാടകം മാത്രമാണ്. പക്ഷെ തങ്ങളുടെ രാഷ്ട്രീയ മൈലേജിന് വേണ്ടി ബലിയാടാക്കുന്നത് ഒരു ജനതയുടെ സമാധാനന്തരീക്ഷത്തെയാണ്.

    ReplyDelete
  6. ബീ ജെ പീ യുടെ രാഷ്ട്രീയ മുതലെടുപ്പയിരിക്കാം . എന്നാല്‍ ലാല്‍ ചൊവ്കില്‍ ഇത് വരെ ദേശീയ പതാക ഉയര്‍ത്തിയിട്ടില്ല എന്ന് മാത്രമല്ല , പാക്‌ പതാക പലവട്ടം ഉയര്‍ത്തിയിട്ടുണ്ട് എന്ന് മറക്കല്ലേ ജാഫ്ഫെര്‍.
    ചോറിങ്ങും കൂര്‍ അങ്ങും ആയി നടക്കുന്നവരെ മനസിലവുന്നുണ്ടേ .

    ReplyDelete

Related Posts Plugin for WordPress, Blogger...