വികസനവീഥിയില്‍ ഇത് മലയാളികളുടെ ജന്മപുണ്യം. കേന്ദ്ര റെയില്‍വെമന്ത്രി മമതാ ബാനര്‍ജി ബംഗാളിനോട് മാത്രമല്ല കേരളത്തോടും ആവോളം മമതയും സ്‌നേഹവും കാണിച്ചുവെന്ന് പറയാന്‍ അല്‍പവും ശങ്കിക്കേണ്ട. കഴിഞ്ഞ തവണയും കൂടുതല്‍ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും അവര്‍ ഇടം നല്‍കിയിരുന്നില്ല. നാവ് നനക്കാനുള്ള വെള്ളത്തുള്ളികള്‍ മാത്രം നല്‍കിപ്പോന്ന കാലമൊക്കെ കടങ്കഥയായി. കഴിഞ്ഞ മുന്ന് നാല് ബഡ്ജറ്റുകളിലാണ് കേരളവും ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കപ്പെട്ടത്. ഏററവും കൂടുതല്‍ പരിഗണനയാണ് ഇത്തവണ കിട്ടിയത് എന്നത് അതിശയോക്തിയല്ല. കേരളത്തില്‍ നിന്നുള്ള ആറു മന്ത്രിമാര്‍ക്കും എം പിമാര്‍ക്കും മാത്രമല്ല സംസ്ഥാന സര്‍ക്കാരിനും ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ട്. വിശേഷിച്ചും ഇ അഹമ്മദ് സാഹിബിന്. നിലമ്പൂര്‍- തിരുവനന്തപുരം ലിങ്ക് യാഥാര്‍ഥ്യമാക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എറണാകുളം-ബാംഗ്‌ളൂര്‍ എക്‌സ്പ്രസ്, മംഗലാപുരം-പാലക്കാട് ഇന്റര്‍സിറ്റി, എറണാകുളം-ആലപ്പുഴ-കൊല്ലം മെമു, നിലമ്പൂര്‍-തിരുവനന്തപുരം ലിങ്ക് ഉള്‍പ്പെടെ കേരളത്തിന് 12 ട്രെയിനുകളാണ് ഇത്തവണ അനുവദിച്ചത്. സ്റ്റുഡന്റ് എക്‌സ്പ്രസിലും വിവേകാനന്ദന്റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച നാല് വിവേക എക്‌സ്പ്രസുകളിലും ഒരെണ്ണം വീതം കേരളത്തിനാണ്. കോട്ടയത്തും നേമത്തും തിരുവനന്തപുരത്തും പുതിയ ടെര്‍മിനലുകള്‍ സ്ഥാപിക്കും. കണ്ണൂര്‍-മട്ടന്നൂര്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് അഞ്ചു പുതിയ പാതകള്‍ക്ക് നിര്‍ദേശമുണ്ട്. ചേര്‍ത്തലയിലെ വാഗണ്‍ നിര്‍മാണ ഫാക്ടറി തുടങ്ങുമെന്ന വാഗ്ദാനം ഇത്തവണയും ആവര്‍ത്തിച്ചിരിക്കുന്നു. ചില തടസ്സങ്ങള്‍ മൂലം വൈകുന്ന പാലക്കാട് കോച്ചു ഫാക്ടറി ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന പ്രഖ്യാപനമാണ് ഏറെ ആഹ്‌ളാദകരം. അങ്കമാലി-ശബരിപാതക്ക് 83 കോടി രൂപ നീക്കിവെച്ചപ്പോള്‍ തിരുവനന്തപുരം-ഗുരുവായൂര്‍ പാതക്ക് 6.6 കോടിയും കൊച്ചുവേളിയിലെ രണ്ടാം ടെര്‍മിനലിന് 27 ലക്ഷവും വകയിരുത്തിയിരിക്കുന്നു. 442 ആദര്‍ശ് സ്റ്റേഷനുകളില്‍ അഞ്ചെണ്ണം കേരളത്തിനാണ്. കഴിഞ്ഞ തവണ ഒമ്പതെണ്ണം കിട്ടിയിരുന്നു.
കഴിഞ്ഞ പല ബഡ്ജറ്റുകളിലെന്ന പോലെ രണ്ടാം യു പി എ സര്‍ക്കാരിന്റെ മൂന്നാമത്തെ റെയില്‍വെ ബജറ്റിലും യാത്രാനിരക്കും ചരക്കുകൂലിയും വര്‍ധിപ്പിച്ചിട്ടില്ലെന്നത് ആശ്വാസകരം തന്നെയാണ്. മാത്രമല്ല ബുക്കിംഗ് നിരക്കുകള്‍ കുറക്കുകയും ചെയ്തു. റോഡുഗതാഗതം അടിക്കടിയുള്ള നിരക്ക് വര്‍ധനവ് മൂലം ദുസ്സഹമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, വിലക്കയറ്റത്തില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങളോട് റെയില്‍വെമന്ത്രി കാണിച്ചത് ഉദാരമായ സമീപനമാണെന്നതില്‍ സംശയമില്ല. വിശേഷിച്ചും റെയില്‍വെ വകുപ്പ് തന്നെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍. ലാഭത്തിലോടിയ റെയില്‍ ഗതാഗതം എങ്ങനെ പ്രതിസന്ധിയിലായി എന്നതിന് ഇനിയും തൃപ്തികരമായ ഉത്തരം കിട്ടിയിട്ടില്ലെന്നത് മറ്റൊരു കാര്യം.
20,594 കോടിയുടെ വികസനപദ്ധതികള്‍ക്ക് ബജറ്റില്‍ നിര്‍ദേശമുണ്ട്. പാവപ്പെട്ടവര്‍ക്കായി 10000 അഭയകേന്ദ്രങ്ങള്‍, ട്രെയിന്‍യാത്രക്കാരുടെ സുരക്ഷക്ക് മുന്തിയ പരിഗണന, ദരിദ്രര്‍ക്കായി ഷെല്‍ട്ടറുകള്‍, ഗാങ്മാരുടെയും മറ്റും മക്കള്‍ക്ക് ഉന്നത പഠനത്തിന് മാസംതോറും സ്‌കോളര്‍ഷിപ്പ്, റെയില്‍വെ ജോലിക്കാരുടെ മാതാപിതാക്കള്‍ക്ക് മെഡിക്കല്‍ സൗജന്യങ്ങള്‍, തൊഴിലാളികളുടെമക്കള്‍ക്കായി ഹോസ്റ്റലുകള്‍ എന്നിവ എടുത്തുപറയണം. 1.75 ലക്ഷംപേരെയാണ് റെയില്‍വെ പുതുതായി നിശ്ചയിക്കാന്‍ പോകുന്നത്. ഇതില്‍ 16000 വിമുക്ത ഭടന്മാരും ഉള്‍പ്പെടും.അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോള്‍ റെയില്‍വെയുടെ വരുമാനം ഒരുലക്ഷം കോടി കടക്കുമെന്നാണ് മമതയുടെ കണക്കുകൂട്ടല്‍.
ഇതൊക്കെയാണെങ്കിലും സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാനമായ ആവശ്യം- പ്രത്യേക സോണ്‍ അനുവദിക്കുന്നതിനെ കുറിച്ച് ബജറ്റില്‍ ഒരു പരാമര്‍ശം പോലുമില്ലെന്നത് പ്രതിഷേധാര്‍ഹം തന്നെയാണ്. കേരളത്തിന്റെ റെയില്‍ ഗതാഗതം കാര്യക്ഷമവും കുറ്റമറ്റതുമാവണമെങ്കില്‍ ഈ സോണ്‍ കൂടിയേ തീരൂ. ഇതിന് ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന വാദം അംഗീകരിക്കാമെങ്കിലും അതിന് വേണ്ടി നമ്മുടെ എം പിമാരുടെകൂട്ടായ ശ്രമമാണ് ആവശ്യം. പാത ഇരട്ടിപ്പിക്കുന്നതിനെ കുറിച്ച് പുതിയ ബജറ്റില്‍ ഒരു വ്യക്തതയുമില്ല. വൈദ്യുതീകരണത്തെ കുറിച്ചും മന്ത്രി മൗനംപാലിച്ചിരിക്കുന്നു. ബാംഗ്‌ളൂര്‍ക്ക് പ്രതിദിന തീവണ്ടി വേണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. ലക്ഷക്കണക്കിന് മലയാളികള്‍ ജോലിചെയ്യുന്ന ബാംഗ്‌ളൂരിലേക്ക് 500 ബസുകളാണ് സര്‍വീസ് നടത്തുന്നതെന്ന് ഓര്‍ക്കണം. സ്വകാര്യബസ്സ് ലോബിയുടെ സമ്മര്‍ദം ഈ അവഗണനക്ക് പിന്നിലുണ്ടോ എന്ന് സംശയിക്കണം.
ലഭിച്ച തീവണ്ടികള്‍ സമയബന്ധിതമായി ഓടിക്കാനും സംവിധാനമുണ്ടാവണം. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ബോഗികളെ കുറിച്ചുള്ള പരാതി. കേരളത്തിലോടുന്ന ട്രെയിനുകള്‍ക്ക് അനുവദിക്കുന്ന ബോഗികളിലധികവും പഴകിത്തുരുമ്പിച്ചതും കാലഹരണപ്പെട്ടതുമാണ്. പുതിയ ബോഗികള്‍ അനുവദിച്ചുകിട്ടാനുള്ള നടപടി എം പിമാരുടെ ഭാഗത്തുനിന്നാണ് ഉണ്ടാവേണ്ടത്. ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഉദ്യോഗസ്ഥന്മാര്‍ യഥോചിതം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതും ജനപ്രതിനിധികളാണ്.
2011-12 റെയില്‍വെ ഹരിതവര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചത് ഉചിതമായി. തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുകൊണ്ടാണെങ്കിലും ഒരു ജനപ്രിയ ബജറ്റ് അവതരിപ്പിക്കുകയും അതില്‍ കേരളത്തെ പരമാവധി പരിഗണിക്കുകയും ചെയ്ത മമത യോട് മലയാളികളെല്ലാം കടപ്പെട്ടിരിക്കുന്നു.
No comments:
Post a Comment