Monday, August 1, 2011

വി എസ് ലക്ഷ്യമിടുന്നത് എന്ത്?


          നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളിലും കേരളത്തിലും നേരിട്ട തോല്‍വി സി പി എമ്മിനെ സംബന്ധിച്ചെടുത്തോളം വിഭാഗീയ ചിന്തകളെ തണുപ്പിക്കാന്‍ ധാരാളം മതി. പരസ്പര വൈരം മറന്ന് തെറ്റുകള്‍ തിരുത്തി പൂര്‍വാധികം കെട്ടുറപ്പോടെ പോകണമെന്ന സന്ദേശവും കേരളത്തിലെ ജനവിധിയില്‍  ഒളിഞ്ഞിരിപ്പുണ്ട്. രാഷ്ട്രീയ സദാചാരത്തെ കുറിച്ച് ആശങ്കയുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി നേതൃത്വം അത് തിരിച്ചറിയുമായിരുന്നു. ജനിതക പൈതൃകമായി കിട്ടിയ വിഭാഗീയത പാര്‍ട്ടിയെ ഇന്നും ശക്തമായി വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഒരു ഇടവേളക്ക് ശേഷം വി എസ് അച്ചുതാനന്ദനും പാര്‍ട്ടിയും അതും പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കാനിരിക്കെ വീണ്ടും കൊമ്പുകോര്‍ക്കുകയാണ്. പരസ്പരമുള്ള ഒളിയമ്പുകള്‍ക്ക് പകരം നേര്‍ക്കുനേര്‍ പോരാട്ടം കുറിച്ചുവോ എന്ന് സംശയിക്കണം. വി എസിനെതിരെ പഴയതുപോലെ നീങ്ങാന്‍ ഔദ്യോഗികപക്ഷത്തിന് എന്തായാലും കഴിയില്ല.

          നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന തനിക്കനുകൂലമായി നടന്ന പ്രകടനങ്ങളെ ന്യായീകരിച്ച് വി എസ് കാഞ്ഞങ്ങാട്ട് നടത്തിയ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. പതിവിന് വിപരീതമായി വി എസിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് പ്രസ്തവാന.  പ്രതിഷേധപ്രകടനം നടത്തിയവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ശരിയായില്ലെന്ന വി എസിന്റെ പ്രസ്താവനയെയാണ്  സെക്രട്ടരിയേറ്റ് ചോദ്യംചെയ്തത്. അന്ന് നടന്ന പ്രതിഷേധ പ്രകടനങ്ങളെ  സി പി എം കേന്ദ്രകമ്മിറ്റി ശരിവെച്ചിരുന്നുവെന്നും ശരിയായ കാര്യത്തിനു വേണ്ടിയാണ്  പ്രകടനം നടത്തിയതെന്നുമാണ് വി എസിന്റെ വാദം. ചിലയിടങ്ങളില്‍ പ്രാദേശികനേതാക്കള്‍ തന്നെ ഇത്തരം പ്രകടനങ്ങള്‍ക്ക് നേതൃത്വവും നല്‍കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ വി എസിന് സീറ്റില്ലെന്ന് വന്നപ്പോഴായിരുന്നു  ഈ പ്രകടനങ്ങള്‍
.
             വി എസിന്റെ നിലപാടിനെ സംസ്ഥാന സെക്രട്ടറിയേറ്റ് പരസ്യമായി തള്ളിക്കളഞ്ഞെങ്കിലും പരാതി കേന്ദ്രനേതൃത്വത്തിന്റെ മുമ്പിലെത്തുമ്പോള്‍ എന്താകും തീര്‍പ്പ് എന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല. തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ കനിഞ്ഞത് കേന്ദ്ര നേതൃത്വമായിരുന്നുവല്ലോ. അതാണ് സി പി എമ്മിനെ വലിയ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്തിയതെന്നും നേതൃത്വത്തിന് ബോധ്യവുമുണ്ട്.  മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തുവന്ന വി എസിന്  പോളിറ്റുബ്യൂറോ അംഗത്വം നഷ്ടപ്പെട്ട സാഹചര്യത്തില്‍ ഇനി ഒന്നും നഷ്ടപ്പെടാനുമില്ല. പാര്‍ട്ടി നേതൃത്വത്തിനാവട്ടെ തെരഞ്ഞെടുപ്പുകള്‍ എല്ലാം കഴിഞ്ഞ സാഹചര്യത്തില്‍  തല്‍ക്കാലം ആശങ്കകളുമില്ല. എന്നാല്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍  പ്രസ്ഥാനത്തെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കേണ്ടതുണ്ട്.  അതുകൊണ്ട് മുന്‍ സമ്മേളനങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കും വരാനിരിക്കുന്ന സമ്മേളനങ്ങളെന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് വി എസിന്റെ  പാര്‍ട്ടിയില്‍നിന്നും  പുറത്താക്കപ്പെട്ട ബര്‍ലിന്‍ കുഞ്ഞനന്തന്‍നായരുടെ വീട് സന്ദര്‍ശനം. വിലക്ക് മറികടന്ന് അദ്ദേഹം പഴയ സഖാവിനെ ചെന്നുകണ്ടു. പാര്‍ട്ടിയുടെ നെടുങ്കോട്ടയായ കണ്ണൂരില്‍ അത്തരമൊരു സംഭവം ഓദ്യോഗികപക്ഷത്തെ സംബന്ധിച്ചെടുത്തോളം വലിയൊരു ആഘാതം തന്നെയാണ്.

          പരസ്പരം വിഴുങ്ങാന്‍ ഇരുപക്ഷങ്ങളും തയാറെടുക്കുകയാണെന്നും സി പി എം തന്നെ ഒരു പൊട്ടിത്തെറിയുടെ വക്കത്താണെന്നുമൊക്കെയുള്ള പ്രചാരണം പക്ഷെ രാഷ്ട്രീയപ്രേരിതം മാത്രമാണ്. വി എസ്  പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് വരുത്തിത്തീര്‍ക്കാനും ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. ദീര്‍ഘകാലം തന്നോടൊപ്പം പ്രവര്‍ത്തിച്ച കുഞ്ഞനന്തന്‍ നായരെ കണ്ണൂരിലെ പര്യടനവേളയില്‍ സന്ദര്‍ശിച്ചത് വലിയ പാതകമായി കണ്ട് വിലക്കിയത് എന്തെല്ലാം ന്യായങ്ങള്‍ നിരത്തിയാലും നീതീകരിക്കാനാവില്ല. പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെടുന്നവരെ ഒറ്റപ്പെടുത്തി ദ്രോഹിക്കുന്ന പഴയ രാഷ്ട്രീയശൈലിയോട്  പുതുതലമുറ യോജിക്കുമെന്നു തോന്നുന്നില്ല. മാത്രമല്ല പുറത്താക്കപ്പെടുന്നവര്‍ എം എല്‍ എമാരായും മന്ത്രിമാരായും പ്രസ്ഥാനത്തിന് നേരെ വെല്ലുവിളി ഉയര്‍ത്തുന്നതും അവര്‍ കാണുന്നു.

           അച്ചടക്കനടപടിയെകുറിച്ച് വി എസിന്റെ പ്രസ്താവനയും വിലക്ക് ലംഘിച്ച് ബര്‍ലിന്റെ വീട്ടില്‍ പോയതും പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് തൃശൂരില്‍ പറഞ്ഞ പി ബി അംഗം രാമചന്ദ്രന്‍പിള്ള പിന്നീട്   നിലപാട് മാറ്റിയതും ശ്രദ്ധേയമാണ്. കേന്ദ്രനേതൃത്വം ചര്‍ച്ചചെയ്യാത്ത ഒരു വിഷയത്തില്‍ അഭിപ്രായം പറയാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ തിരുത്ത്.

           കഴിഞ്ഞ അഞ്ചുവര്‍ഷം പാര്‍ട്ടിയില്‍ നിലനിന്ന ഗ്രൂപ്പ് സമവാക്യങ്ങള്‍  വി എസിന് എതിരായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതല്ല അവസ്ഥ. നിയമസഭാ തെരഞ്ഞെടുപ്പോടെ സ്ഥിതി ആകെ മാറിയിരിക്കുന്നു. ലോകസഭ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയത്തോടെ സംഘടനാശേഷി തകര്‍ന്ന സി പി എമ്മിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുജീവന്‍ നല്‍കിയത് സത്യത്തില്‍ വി എസ് ആയിരുന്നു. ഇതോടെ ഔദ്യോഗികപക്ഷ ബലാബലത്തില്‍ തന്നെ നിര്‍ണായകമായ മാറ്റമുണ്ടായി. തെരഞ്ഞെടുപ്പിലെ ഫോട്ടോ ഫിനിഷും കൂടിയായതോടെ പാര്‍ട്ടിയിലും പൊതുസമൂഹത്തിലും വി എസ് സ്വീകാര്യനാവുകയും സംസ്ഥാന നേതൃത്വം പ്രതിരോധത്തിലാവുകയും ചെയ്തു. പാര്‍ട്ടി സമ്മേളനങ്ങള്‍ ആരംഭിക്കുമ്പോള്‍ വി എസ് പരസ്യമായി രംഗത്തുവന്നതും ഈ സാഹചര്യത്തിന്റെ ബലത്തിലായിരിക്കണം. എന്തായാലും വി എസിനെ മാറ്റിനിര്‍ത്തി സി പി എമ്മിന് കേരളത്തില്‍ മുമ്പോട്ടുപോകാനാവില്ലെന്ന് ഉറപ്പാണ്. പാര്‍ട്ടിയുടെ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങള്‍  എത്രയും നേരത്തെ ഈ സത്യം തിരിച്ചറിയുന്നുവോ അത്രയും നല്ലത്.

1 comment:

Related Posts Plugin for WordPress, Blogger...