Sunday, January 2, 2011

പുത്തന്‍ പ്രതീക്ഷകളുമായി 2011 ന് സ്വാഗതം


          പുതിയ പ്രഭാതത്തിന്റെ പൊന്‍കതിരൊളിക്ക് സുസ്വാഗതം. പുത്തന്‍ പ്രതീക്ഷകളും പുതുസ്വപ്നങ്ങളുമായി വീണ്ടുമൊരു നവവത്സരം പിറവിയെടുത്തിരിക്കുന്നു.  ഈ ശുഭദിനത്തിന്റെ ഓര്‍മ നമ്മെ പുളകമണിയിക്കും. നന്മയെ ഉണര്‍ത്താനും പടര്‍ത്താനുമുള്ള പരിശ്രമം 2011 ലും തുടരുമെന്ന് നമുക്ക് ഈയവസരത്തില്‍ പ്രതിജ്ഞചെയ്യാം.

          പോയ നിമിഷംപോലും തിരിച്ചുവരില്ലെന്ന് ഉറപ്പ്. എന്നാല്‍ വര്‍ഷം തന്നെയിതാ തിരിച്ചുവന്നിരിക്കുന്നു. 2005 ലെ കലണ്ടര്‍ കയ്യിലുള്ളവര്‍ക്ക് 2011 ലും അതുതന്നെ ധാരാളം. ഇരുവര്‍ഷങ്ങളിലെ  തീയതിക്കോ ദിവസത്തിനോ മാറ്റമില്ല. 2011 നവമ്പര്‍ 11ന് ഒന്നിന്റെ ഘോഷയാത്ര ആഘോഷിക്കാമെന്ന സവിശേഷതയുമുണ്ട്.
 
          സംഭവബഹുലമായ ഒരു വര്‍ഷത്തിനാണ് ഇന്നലെ തിരശ്ശീലവീണത്. ഒരു പുതുവര്‍ഷപ്പുലരിയില്‍ പിന്നോട്ട് തിരിഞ്ഞുനോക്കാനുള്ള ഔത്സുക്യം സ്വാഭാവികമാണ്. കഴിഞ്ഞുപോയ കാലത്തിന്റെ ശക്തിദൗര്‍ബല്യങ്ങളില്‍ നിന്നാണല്ലോ ഭാവിയെ വിഭാവനം ചെയ്യേണ്ടത്. എന്നാല്‍ ഭൂതകാല  നേട്ടങ്ങളും കോട്ടങ്ങളും കണക്കെടുപ്പ് മാത്രമായി അവശേഷിച്ചുകൂടാ. കണക്കെടുപ്പിന് പിന്നിലെ സൂചനകളാണ് പ്രധാനം. കഴിഞ്ഞ ഒരുവര്‍ഷം കേരളത്തിനും  ഇന്ത്യക്കും ലോകത്തിന് തന്നെയും ചരിത്രം സുപ്രധാനമായ പല സൂചനകളും നല്‍കുന്നത് കാണാം. കോടീശ്വരന്മാരുടെ അംഗസംഖ്യ  പെരുകുന്നു. മധ്യവര്‍ഗത്തിന്റെ സ്വാധീനം കൂടുന്നു. സാമ്രാജ്യത്വത്തിന്റെ സ്വാധീനവും ബഹുരാഷ്ട്രകുത്തകകളുടെ ചൂഷണവും വര്‍ധിക്കുന്നു. പാവങ്ങളുടെ സ്ഥിതിയാകട്ടെ കോണകംപോലും കടത്തിലും. പുതുവര്‍ഷത്തിന്റെ ചുവടുവെപ്പുകള്‍ക്ക് കരുതലോടെയല്ലെങ്കില്‍ സ്ഥിതി അതീവ ഗുരുതരമാകും.

          ഇറാഖിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കന്‍ സൈന്യത്തിന്റെ ക്രൂരതകള്‍ കഴിഞ്ഞ വര്‍ഷാദ്യമാണ് വിക്കിലീക്‌സ് പുറത്തുകൊണ്ടുവന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ വെളിപ്പെടുത്തലുമായി അവര്‍ വീണ്ടും അമേരിക്കയെ ഞെട്ടിച്ചു. യു എസ് നയതന്ത്രജ്ഞര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നയച്ച കേബിളുകള്‍ ലോകരാജ്യങ്ങളെ കുറിച്ച് അമേരിക്കക്കുള്ള യഥാര്‍ഥ അഭിപ്രായം പുറത്തുകൊണ്ടുവന്നു. ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയ നടത്തിയ ആക്രമണം രാജ്യാന്തരരംഗത്തെ കലുഷിതമാക്കാന്‍ പോന്നതായിരുന്നു. ആരെന്ത് പറഞ്ഞാലും ആണവ പദ്ധതിയില്‍നിന്ന് പിറകോട്ടില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചതോടെ ആ രാജ്യത്തിനെതിരെ ശക്തമായ ഉപരോധം എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കുമെന്ന സ്ഥിതിയായി. മഹീന്ദ്ര രാജപക്‌സെ രണ്ടാമതും ശ്രീലങ്കന്‍ പ്രസിഡണ്ടായ വര്‍ഷം തന്നെയാണ് പുലികളെ തുരത്താന്‍ ഒപ്പം നിന്ന സൈന്യാധിപനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇറാഖില്‍ സദ്ദാംഹുസൈന്റെ വലങ്കയ്യായ കെമിക്കല്‍ അലി തൂക്കിലേറ്റപ്പെട്ടതും ഇതേ വര്‍ഷം. മ്യാന്‍മാറിലെ പട്ടാള ഭരണകൂടത്തിനെതിരെ ജനാധിപത്യ പോരാട്ടം നടത്തിയ ഓങ്ങ് സാന്‍ സൂകി ദീര്‍ഘകാലത്തെ വീട്ടുതടങ്കലിന് ശേഷം മോചിതയായി. നെല്‍സണ്‍ മണ്ടേലയെ പോലെ  സമാധാനപരമായ പോരാട്ടത്തിന്റെ ആഗോളപ്രതീകമാണ് അവരിപ്പോള്‍.  ചിലി എന്ന കൊച്ചുരാജ്യത്ത് ഖനിയില്‍ കുടുങ്ങിയ 33 തൊഴിലാളികളുടെ മോചനമായിരുന്നു ലോകം കാത്തിരുന്ന മറ്റൊരു മോചനം.

          ഉത്സവപ്രതീതിയോടെ വരവേല്‍ക്കാന്‍ തക്ക സംഭവങ്ങളൊന്നും ഇല്ലെങ്കിലും പാശ്ചാത്യ സമ്പദ്‌വ്യവസ്ഥയെ പിടിച്ചുലച്ച ആഗോളമാന്ദ്യം അത്രയൊന്നും ഇന്ത്യയെ ബാധിച്ചില്ലെന്ന ആശ്വാസമുണ്ട്.  എന്നാല്‍ ദുസ്സഹമായ  വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ ഏറ്റവും വീര്‍പ്പുമുട്ടിയ വര്‍ഷമാണിത്. സിംല ആപ്പിളിന് പകരം വാഷിംഗ്ടണ്‍, ചൈന ആപ്പിളാണ് ഇവിടെ സുലഭം.  കഴിഞ്ഞ വര്‍ഷം കൂടുതല്‍ ഉദാരമാക്കിയ ഇറക്കുമതിനയം ഇന്ത്യയെ ഒരു നവകൊളോണിയല്‍ രാഷ്ട്രമാക്കി മാറ്റി എന്ന് സംശയിക്കണം. അതിന്റെ ഭാഗമാണോ എന്നറിയില്ല ലോകശക്തികള്‍ ഒന്നിന് പിന്നാലെ മറ്റൊന്നായി  ഇന്ത്യയിലേക്ക് ഒഴുകി. യു എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ഥിരാംഗത്വത്തിന് അവരെല്ലാം ഇന്ത്യക്ക്  പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്വപ്നം എന്ന് പൂവണിയുമെന്ന് പക്ഷെ ദൈവത്തിന് മാത്രമേ അറിയൂ. യു എസ് പ്രസിഡണ്ട് ഒബാമയെ കൂടാതെ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രോവ്,, യു കെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍, ഫ്രഞ്ച് പ്രസിഡണ്ട്  സര്‍കോസി, ജര്‍മന്‍ പ്രസിഡണ്ട് കോഹിലര്‍, ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവൊ തുടങ്ങിയവരെത്തി പരസഹസ്രം കോടികളുടെ വ്യാപാരക്കരാറുകളില്‍ ഒപ്പുവെക്കുകയുണ്ടായി. ആര്‍ക്കും അവഗണിക്കാനാവാത്ത ലോകശക്തിയായി ഇന്ത്യ മാറുന്നുതിന്റെ തെളിവായി  നയതന്ത്ര വിദഗ്ധര്‍ ഈ സന്ദര്‍ശനങ്ങളെ  വിലയിരുത്തിയാല്‍ ഏത് ഭാരതീയനും കോരിത്തരിക്കും. എന്നാല്‍  അതില്‍ പതിയിരിക്കുന്ന അപകടം തിരിച്ചറിയാതെ പോകരുത്.
 
          ലോകസഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവെക്കുന്ന വനിതാ സംവരണബില്‍  രാജ്യസഭ പാസാക്കിയത് വിപ്‌ളവകരമായ തീരുമാനം തന്നെയാണ്. കേരളത്തെ സ്ത്രീകളെ സംബന്ധിച്ചെടുത്തോളം ചരിത്രത്തിലെ ഏറ്റവും ഹരിതഭംഗിയാര്‍ന്ന   വര്ഷമായി 2010 അടയാളപ്പെടുത്തപ്പെടും. അമ്പത് ശതമാനം സ്ത്രീകളാണിവിടെ അധികാരത്തില്‍ അവരോധിക്കപ്പെട്ടിരിക്കുന്നത്.
 
          നൂറുക്കണക്കിന് പേരുടെ മരണത്തിന് ഇടയാക്കിയ ഭോപ്പാല്‍ ദുരന്തത്തിന്റെ ഉത്തരവാദികള്‍ക്ക് കാല്‍നൂറ്റാണ്ടിന് ശേഷം നമ്മുടെ നീതിപീഠം നല്‍കിയത് കേവലം രണ്ടുവര്‍ഷത്തെ ശിക്ഷ മാത്രമാണ്. ആറ് ദശാബ്ദത്തെ കാത്തിരിപ്പിന് ശേഷം ബാബരി മസ്ജിദ് നിന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ഭൂമി മൂന്നായി വീതിച്ച്  നല്‍കാനുള്ള അലഹബാദ് ഹൈക്കോടതി വിധിയും നമ്മുടെ  നീതിന്യായ സംവിധാനത്തെ ഒട്ടൊന്നുമല്ല നാണംകെടുത്തിയത്. അഴിമതിയുടെ കാര്യത്തില്‍   രാജ്യം ഇതിന് മുമ്പ് ഇത്രയേറി ലജ്ജിക്കേണ്ടിവന്നിട്ടില്ല. സ്‌പെക്ട്രം, കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്‌ളാറ്റ് കുംഭകോണം- അഴിമതിയുടെ പട്ടിക അങ്ങനെ നീണ്ടുപോകുന്നു. സുരേഷ് കല്‍മാഡിയും ലളിത് മോഡിയും എം കെ കൗശികും കായികരംഗത്ത് കളങ്കം വരുത്തിവെച്ചപ്പോള്‍ അഭിമാനനിമിഷങ്ങള്‍ സമ്മാനിച്ച സച്ചിനേയും സൈനയേയും കോമണ്‍വെല്‍ത്ത്,ഏഷ്യന്‍ ഗെയിംസുകളില്‍ മെഡല്‍കൊയ്ത്ത് നടത്തിയ കായികപ്രതിഭകളെയും നമുക്ക് അനുമോദിക്കാം.

          ലോകത്തെയും രാജ്യത്തെയും ചൂഴ്ന്നുനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ പൊന്‍തേരിലേറി വേണം നാം 2011നെ വരവേല്‍ക്കാന്‍. 

2 comments:

  1. നന്മകൾ!

    2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

    പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

    വിവരങ്ങൾക്ക്
    http://jayanevoor1.blogspot.com/

    ReplyDelete
  2. നല്ല പോസ്റ്റ്‌ ....എല്ലാ പ്രശ്‌നങ്ങള്‍ക്കിടയിലും പ്രതീക്ഷയുടെ പൊന്‍തേരിലേറി നമുക്ക് പുതു വര്‍ഷത്തെ എതിരേല്‍ക്കാം ....

    ReplyDelete

Related Posts Plugin for WordPress, Blogger...