Monday, January 10, 2011

കനിവിന്റെ മധുകുംഭം മൊഴികളില്‍ മാത്രം പോരാ


     ഇന്ത്യക്ക് പുറത്ത് ജോലിചെയ്യുന്ന ദശലക്ഷക്കണക്കിന് വരുന്ന പ്രവാസിസമൂഹത്തോട് രാജ്യം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ജീവിതയോധനത്തിനായി നാടും വീടും വിട്ട് വിദേശത്ത് ഒറ്റപ്പെട്ടുകഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് നഷ്ടപ്പെടാന്‍ ധാരാളമുണ്ട്. നാടിനെ കുറിച്ചുള്ള മധുരോദാരമായ ചിന്തകള്‍ ഒതുക്കി അന്യദേശത്ത് പ്രതികൂല കാലാവസ്ഥയോടും സാഹചര്യങ്ങളോടും മല്ലിട്ട് ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണവര്‍. പ്രവാസികള്‍ അവിടെ പടുത്തുയര്‍ത്തുന്ന ജീവിതം ജന്മനാടിനും മുതല്‍ക്കൂട്ടാണെന്ന യാഥാര്‍ഥ്യം തിരിച്ചറിയപ്പെടാതെ പോവുന്നു. പ്രവാസി ഭാരതീയരുടെ പ്രാധാന്യവും ശക്തിയും അവഗണിക്കപ്പെടുകയാണെന്ന് തന്നെ പറയണം. വാഴുന്ന കൈകളിലെല്ലാം വര്‍ഷങ്ങളായി അവര്‍ വളയിട്ടുനോക്കുന്നു. പ്രശ്‌നങ്ങളും പ്രതിസന്ധികളും ഇരമ്പിയണയുമ്പോഴും കരളലിയാനും കൃപചൊരിയാനും ഭരണാധികാരികള്‍ക്ക് സമയമോ സന്മനസ്സോ ഇല്ല. മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കാന്‍ പ്രവാസികളുടെ സഹകരണം രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ആവശ്യപ്പെടുമ്പോഴും കനിവിന്റെ മധുകുംഭം മൊഴികളില്‍ മാത്രം ഒതുങ്ങിപ്പോകുന്നുവെന്നതാണ് അനുഭവം.

     ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ വിദേശ ഇന്ത്യക്കാര്‍ കൂടുതല്‍ നിക്ഷേപം നടത്തണമെന്ന ആഹ്വാനവുമായിട്ടാണ് ഒമ്പതാം പ്രവാസി ഭാരതീയ ദിവസിന് ദല്‍ഹിയില്‍ തുടക്കം കുറിച്ചത് തന്നെ. അമ്പതിലേറെ രാജ്യങ്ങളില്‍ നിന്നായി 1500 ഓളം പ്രതിനിധികള്‍ സംബന്ധിച്ച സമ്മേളനത്തില്‍ പ്രധാനമന്ത്രിയും പ്രസിഡണ്ടും പങ്കെടുത്തുവെന്നത് നല്ലകാര്യം. പ്രവാസികളുടെ നീറുന്ന നിരവധി പ്രശ്‌നങ്ങള്‍ മൂന്നുദിവസം നീണ്ടുനിന്ന സമ്മേളനം ചര്‍ച്ച ചെയ്തുവെന്നതും സന്തോഷകരം. എന്നാല്‍ പ്രശ്‌നപരിഹാരത്തിന് വേഗം പോരാ. വര്‍ഷാവര്‍ഷം സമ്മേളനം സംഘടിപ്പിച്ചതുകൊണ്ടോ വാഗ്ദാനങ്ങള്‍ പെരുമഴയായി പെയ്തതുകൊണ്ടോ തീരുന്നതല്ല അവരുടെ പ്രശ്‌നങ്ങള്‍. ഒരായിരം തപ്തസ്മൃതികളില്‍ മനസ്സ് പൊള്ളുന്നവരുടെ കാര്യത്തില്‍ വിപണിയുടെ മനഃശാസ്ത്രമാണ് പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവലംബിക്കുന്നത്.

     ഇന്ത്യാ ഗവണ്‍മെന്റ് മാത്രം വിചാരിച്ചാല്‍ പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് പലതും. ബന്ധപ്പെട്ട രാജ്യങ്ങളുമായി  ചര്‍ച്ച ആവശ്യമുള്ള വിഷയങ്ങളില്‍ കാലതാമസം ഉണ്ടാവാം. എന്നാല്‍ ഇവിടെ പരിഹരിക്കാന്‍ കഴിയുന്ന കാര്യങ്ങളിലും നടപടികള്‍ വൈകുന്നു എന്നതല്ലേ വസ്തുത? പ്രവാസി വോട്ടവകാശം തന്നെ മികച്ച ഉദാഹരണം. ദശാബ്ദങ്ങളായി ഉയര്‍ന്നുകേള്‍ക്കുന്ന ആവശ്യമാണിത്. കഴിഞ്ഞ പ്രവാസി സമ്മേളനത്തില്‍ പ്രധാനമന്ത്രി തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍  വോട്ടവകാശം വാഗ്ദാനം ചെയ്തപ്പോള്‍ ആവേശപൂര്‍വം അതിനെ സ്വാഗതം ചെയ്തവരാണ് പ്രവാസികള്‍. ഇത്തവണയും പ്രധാനമന്ത്രി പ്രഖ്യാപനം ആവര്‍ത്തിച്ചുവെന്നത് ശരിയാണെങ്കിലും ആസന്നമായ തെരഞ്ഞെടുപ്പിലും വോട്ടവകാശം ലഭിക്കുകയില്ലെന്ന പ്രതീതിയാണ് നിലന്ല്‍ക്കുന്നത്. നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മാത്രമല്ല വിദേശത്തുള്ളവര്‍ക്കും വോട്ടുരേഖപ്പെടുത്താനുള്ള അവസരമാണ് ലഭിക്കേണ്ടത്. ആധുനിക സാങ്കേതിക സൗകര്യങ്ങളുപയോഗിച്ച്  താമസിക്കുന്ന രാജ്യത്ത് തന്നെ പ്രവാസികള്‍ക്ക് വോട്ടുചെയ്യാന്‍ കഴിയും. കഴിയണം. മറ്റ് രാഷ്ട്രങ്ങള്‍ അങ്ങനെ ചെയ്യുന്നുമുണ്ട്. പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അനുകൂലമാണെങ്കിലും ഇവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുന്നത് എങ്ങനെ എന്ന കാര്യത്തിലാണത്രെ തര്‍ക്കം. അതത് രാജ്യത്തിന്റെ ഇന്റര്‍നെറ്റ് വഴി പേര് രജിസ്തര്‍ ചെയ്യുകയും എമ്പസിയില്‍ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വെരിഫിക്കേഷന് വേണ്ടി ഹാജരാവുകയും ചെയ്യണമെന്നാണ് കമീഷന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ 50 ലക്ഷം ഇന്ത്യക്കാരുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അത് പ്രായോഗികമാണോ എന്ന് ചിന്തിക്കണം. പരാതികളുള്ളവരെ മാത്രം വെരിഫിക്കേഷന് വിധേയമാക്കിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ.

          വളര്‍ച്ചയുടെ പാതയില്‍ മുന്നേറുന്ന രാജ്യത്തിന് വേണ്ടി പുനരര്‍പ്പണം ചെയ്യാന്‍ പ്രവാസികളെ ആരം ഉപദേശിക്കേണ്ടതില്ല. അവര്‍ ജീവിതത്തിന്റെ വസന്തം മുഴുവന്‍ അങ്ങനെ ചെയ്തവരാണല്ലോ. പ്രവാസികളില്‍ സിംഹഭാഗവും മലയാളികളാണ്. എന്നാല്‍ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമല്ലെന്ന പരാതി നിലനില്‍ക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ ലഭിക്കുന്ന സഹകരണംപോലും കേരളത്തില്‍ ലഭ്യമല്ലെന്നതല്ലേ വസ്തുത?  കേരളത്തിലെ നിക്ഷേപ സാധ്യതകളെ കുറിച്ച് വ്യവസായ മന്ത്രി കരീമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും ഈ പരാതി തന്നെ ഉയര്‍ന്നുവന്നത് യാദൃച്ഛികമല്ല. കണ്ണൂര്‍ വിമാനത്താവളത്തിന് നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ചും സര്‍ക്കാര്‍ വ്യവസ്ഥകളില്‍ അവ്യക്തത നിലനില്‍ക്കുന്നു.

          വിദേശത്തെ ജയിലുകളില്‍ കഴിയാന്‍ വിധിക്കപ്പെട്ട പ്രവാസികളുടെ കാര്യത്തില്‍ വേണ്ടത്ര ജാഗ്രതപുലര്‍ത്താന്‍ ബന്ധപ്പെട്ട എമ്പസികള്‍ തയാറാവുന്നില്ല. അവരുടെ കേസുകള്‍ യഥോചിതം കൈകാര്യം ചെയ്യാനോ ആവശ്യമായ നിയമോപദേശം  ലഭ്യമാക്കാനോ  സംവിധാനമില്ല. വിസ തട്ടിപ്പുകളില്‍ കുടുങ്ങി ഗള്‍ഫിലും മറ്റും ജീവിതം ഹോമിക്കാന്‍ വിധിക്കപ്പെട്ട സഹോദരീ സഹോദരന്മാരുടെ  പരാതി ഇപ്പോള്‍ വാര്‍ത്തയേ അല്ലാതായിരിക്കുന്നു. വിമാനക്കൂലിയിലെ പകല്‍കൊള്ളക്കും അവധികാലങ്ങളിലെ അമിത നിരക്കിനും പരിഹാരമുണ്ടാവുന്നില്ല.  പ്രവാസി വകുപ്പ് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ പ്രതീക്ഷാപൂര്‍വം സ്വാഗതം ചെയ്തവര്‍ക്ക് അതിന്റെ ഗുണം സിദ്ധിക്കുന്നില്ലെന്ന് ചുരുക്കം.

          നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് വിദേശത്ത് ജോലി സാധ്യത വര്‍ധിച്ചുവരുന്നുണ്ടെന്നത് ആശ്വാസകരമാണെങ്കിലും പരശ്ശതം പ്രവാസികള്‍ തിരിച്ചുവരുന്നുണ്ടെന്ന കാര്യം സര്‍ക്കാര്‍ ഇതുവരെ ഗൗരവമായി എടുത്തുകാണുന്നില്ല. തിരിച്ചുവരുന്നവരുടെ പുനരധിവാസത്തിന് അനിവാര്യമായ നടപടികള്‍ സമയബന്ധിതമായി സ്വീകരിക്കേണ്ടതുണ്ട്. തിരിച്ചുവരവ് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ ആരെയും അലോസരപ്പെടുത്താത്തതാണ് അത്ഭുതം. മാതൃരാജ്യത്തിന്റെ വികസനത്തിനും വളര്‍ച്ചക്കും വേണ്ടി വിദേശ ഇന്ത്യക്കാര്‍ നല്‍കിക്കൊണ്ടിരിക്കുന്ന അളവറ്റ  സംഭാവനകള്‍  വിസ്മരിക്കപ്പെടുന്നത് തീര്‍ച്ചയായും ക്രൂരതയാണ്. ഭരണാധികാരികള്‍ ഈ ക്രൂരത ക്ക് ഒരിക്കലും കൂട്ടുനില്‍ക്കരുത്. പ്രവാസി സമ്മേളനത്തിലെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും സാക്ഷാല്‍ക്കരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ സമ്മേളനം ഒരു വ്യര്‍ഥവ്യായാമമായി മാറുകയേ ഉള്ളൂ..

1 comment:

  1. പ്രവാസി സമ്മേളനങ്ങള്‍ മുതലാളിമാര്‍ക്ക് അവാര്‍ഡുകള്‍ വാങ്ങാനുള്ള വേദികള്‍ മാത്രം ആകുന്നു..ഒരിക്കലും നടത്താത്ത പ്രഖ്യാപനങ്ങളുടെ പെരുംപരകളും അല്ലെ..പാവപ്പെട്ട പ്രവാസിയുടെ ജീവിതത്തിനു എന്ത് വില നല്‍കുന്നു ഈ സംമെലനക്കാര്‍?

    ReplyDelete

Related Posts Plugin for WordPress, Blogger...