Wednesday, March 2, 2011

ഗോധ്ര: വിധി ഏകപക്ഷീയം

          പ്രമാദമായ ഗോധ്ര തീവണ്ടി ദുരന്തക്കേസില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും  വിധിച്ച അഹമ്മദബാദ് പ്രത്യേക കോടതിയുടെ നടപടി, ഭീതിവിതറി രാജ്യത്തെ കശക്കിയെറിയാന്‍ കച്ചമുറുക്കിയവരെ ആഹ്‌ളാദിപ്പിക്കാന്‍ പോന്നതാണ്. സംഭവം അപൂര്‍വങ്ങളില്‍ അപൂര്‍വമായതിനാലാണ് വധശിക്ഷ വിധിക്കുന്നതെന്നാണ് വിധി പ്രസ്താവിച്ച ജഡ്ജി പി ആര്‍ പട്ടേലിന്റെ നിഗമനം. 2002 ഫെബ്രുവരി 27ന് ഗുജറാത്ത് വംശഹത്യക്ക് തൊട്ടുമുമ്പ്, ഗോധ്രക്ക് സമീപം സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ചിന് തീവെച്ച സംഭവത്തില്‍ നടന്ന ഗൂഢാലോചനയും പ്രതികളുടെ സജീവ പങ്കാളിത്തവുമാണ് കോടതി പരിശോധിച്ചതെന്ന് പബ്‌ളിക് പ്രോസിക്യൂട്ടറും പറയുന്നു. 31 പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. നീതിനിയമ സംവിധാനം നീതിയുടെ പക്ഷത്ത് ഉറച്ചുനിന്നില്ലെന്ന് മാത്രമല്ല സത്യസന്ധതയോടെ സംഭവത്തെ സമീപിക്കാന്‍പോലും കോടതി തയാറായില്ലെന്ന് ഈ കേസിന്റെ നാള്‍വഴികള്‍ പരിശോധിക്കുന്ന ആര്‍ക്കും അനായാസം ബോധ്യമാവും.

          ഗോധ്ര സംഭവത്തെ കുറിച്ച് അന്വേഷിച്ച  രണ്ട് കമ്മീഷനുകളും പരസ്പരവിരുദ്ധമായ കണ്ടെത്തലുകളാണ് നടത്തിയത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും തീപ്പിടുത്തം തീവണ്ടിക്കകത്തുനിന്ന് അപകടംമൂലം സംഭവിച്ചതാണെന്നുമായിരുന്നു കേന്ദ്ര റെയില്‍വെ മന്ത്രാലയം നിയോഗിച്ച യു സി ബാനര്‍ജി കമ്മിറ്റിയുടെ കണ്ടെത്തല്‍. എന്നാല്‍ അയോധ്യയില്‍നിന്ന് മടങ്ങിവരികയായിരുന്ന കര്‍സേവകരെ ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്ന് ഗുജറാത്ത്   സര്‍ക്കാര്‍ നിയോഗിച്ച  നാനാവതി കമ്മീഷനും നിരീക്ഷിച്ചു. മുന്‍ സുപ്രീംകോടതി ജഡ്ജിമാരാണ് ഇരുവരും. അഗ്നിബാധയുണ്ടായത് കോച്ചിനകത്തുനിന്നാണെന്നതിന് ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും ബാനര്‍ജി നിരത്തിയിരുന്നു. ഓടിക്കൊണ്ടിരിക്കുന്ന തീവണ്ടിയുടെ ഒരു കോച്ചിനകത്തേക്ക് പൊലീസ് പറയുന്നതുപോലെ 60 ലിറ്റര്‍ പെട്രോളൊഴിച്ച് തീകൊടുക്കുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കമ്പാര്‍ട്ടുമെന്റിന്റെ പുറത്ത് പെട്രോളിന്റെ അംശം കണ്ടെത്തിയിരുന്നില്ല. ട്രെയിനിനകത്ത് വെന്തുമരിച്ചവരുടെ ശരീരത്തിലും പെട്രോളിന്റെ അംശം ഉണ്ടായിരുന്നില്ല.

          അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകര്‍ ഗോധ്രക്ക് തൊട്ടുമുമ്പുള്ള റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയതാണ് ഗോധ്രാ സംഭവത്തിന് വഴിവെച്ചതെന്നാണ്  ഇതുസംബന്ധിച്ച് പുറത്തുവന്ന അനൗദ്യോഗിക റിപ്പോര്‍ട്ട്. കര്‍സേവകരുടെ പെരുമാറ്റത്തില്‍ കുപിതരായ നാട്ടുകാര്‍ ഗോധ്ര സ്റ്റേഷനില്‍  ട്രെയിന്‍ തടഞ്ഞു. ഇതിനിടെ ട്രെയിനിനകത്ത് ഭക്ഷണം പാകംചെയ്യാന്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയില്‍ തീപടര്‍ന്നു. ഇതാണ് അപകടകാരണമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സമാന സ്വഭാവമുള്ളതാണ് ജസ്റ്റിസ് ബാനര്‍ജിയുടെ കണ്ടെത്തലും. 

          ഗോധ്ര കേസില്‍ നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷമാണ് 63 പേരെ കുറ്റവിമുക്തരാക്കിയതും 31 പേരെ ശിക്ഷിച്ചതും. ഒമ്പതുവര്‍ഷത്തിനിടയില്‍ ഒരിക്കല്‍പോലും ഇവരില്‍ ആര്‍ക്കും ജാമ്യം അനുവദിച്ചിരുന്നില്ല. 63 നിരപരാധികള്‍ക്ക് മോചനം കിട്ടിയെന്നത് തീര്‍ച്ചയായും ആശ്വാസകരം തന്നെ. എന്നാല്‍ ഇരുമ്പഴിക്കുള്ളില്‍ ഇത്രയും കാലം പീഡനങ്ങളേറ്റ് ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെട്ടഇവര്‍ക്കും അതിന്റെ പേരില്‍ തോരാത്ത കണ്ണീര്‍ വാര്‍ക്കേണ്ടിവന്ന കുടുംബാംഗങ്ങള്‍ക്കും ആരാണ് നഷ്ടപരിഹാരം കൊടുക്കുക? അന്വേഷണ ഏജന്‍സികളുടെ പിടിപ്പുകേട് മൂലം ദീര്‍ഘകാലം ജയിലില്‍ കഴിയേണ്ടിവന്നയാളാണ് മൗലവി ഉമര്‍ജി. പ്രകൃതിദുരന്തം മൂലവും സംഘര്‍ഷ വേളകളിലും കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ഓടിയെത്തുന്ന  ഉമര്‍ജിയായിരുന്നു കേസിലെ മുഖ്യപ്രതി. 2002 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പൈയെ സന്ദര്‍ശിച്ച സംഘത്തിന് നേതൃത്വം നല്‍കിയത് ഇദ്ദേഹമായിരുന്നു. മാത്രമല്ല ഗോധ്ര സംഭവത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ മതേതര കക്ഷികള്‍ക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ചതാണ് അദ്ദേഹത്തിന് തടവറ ഒരുക്കാന്‍ മോഡിയെ പ്രേരിപ്പിച്ചത്. അബ്ദുന്നാസര്‍ മഅദനിയുടെ അനുഭവവും ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നില്ലല്ലോ. നിരപരാധിയായ അദ്ദേഹവും ഒമ്പതുവര്‍ഷമാണ് കോയമ്പത്തൂര്‍ ജയിലില്‍ കഴിച്ചുകൂട്ടിയത്. വീണ്ടും മറ്റൊരു ജയില്‍വാസത്തിലേക്ക് അദ്ദേഹത്തെ തള്ളിവിടുകയും ചെയ്തിരിക്കുന്നു.

          കുറ്റക്കാരെന്ന് കണ്ടെത്തി 31 പേരെ ശിക്ഷിച്ച വിധിയില്‍ നിരവധി പഴുതുകളുണ്ടെന്ന് നിയമവിദഗ്ദ്ധര്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഗൂഢാലോചന നടന്നുവെന്ന് കോടതി തന്നെ അംഗീകരിക്കുന്നു.  ഇത് യുക്തിരഹിതമാണ്. ഗൂഢാലോചനയില്‍ മുഖ്യ പങ്കാളികളെന്ന് പൊലീസ് പറഞ്ഞവരില്‍ ഭൂരിഭാഗവും  കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. എന്നിട്ടും ഗൂഢാലോചന നടന്നുവെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് കോടതി. മുഖ്യപ്രതിയുള്‍പ്പെടെ 63 പേരെ വിട്ടയച്ച കോടതി നടപടിക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കത്തിലാണ് കേസ് അന്വേഷിച്ച പ്രത്യേക സംഘം. 2008ല്‍ സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് ഗോധ്ര, ഗുജറാത്ത് വംശഹത്യ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേസുകള്‍ ആര്‍ കെ രാഘവന്റെ നേതൃത്വത്തിലുള്ള പ്രത്യേക  സംഘം ഏറ്റെടുത്തത്. ബാക്കി എട്ടു കേസുകളില്‍ അനവേഷണം തുടരുകയാണ്.  ഗോധ്രവിധിയെ ബി ജെ പി സ്വാഗതം ചെയ്തപ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതാണ് കണ്ടത്. ഇത് ന്യൂനപക്ഷങ്ങളുടെ പ്രതീക്ഷകള്‍ക്ക് കടുത്ത ക്ഷതമേല്‍പിക്കുക തന്നെ ചെയ്യും. ഗുജറാത്തില്‍ തുടര്‍ന്ന് അരങ്ങേറിയ വംശഹത്യയില്‍ 3000 ഓളം മുസ്‌ലിംകളാണ് വധിക്കപ്പെട്ടത്. ഗോധ്ര വിധിയുടെ പശ്ചാത്തലത്തില്‍ പ്രസ്തുത കേസുകളില്‍ എന്ത് ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിക്കാന്‍ പോകുന്നതെന്ന് കണ്ടുതന്നെ അറിയണം. 

2 comments:

 1. ഗോധ്ര: അസിമാനന്ദയും കലീമും

  സബര്‍മതി എക്സ്പ്രസിന്റെ എസ്. 6 കോച്ചിന്‌ തീ പിടിക്കുകയും 59 പേര്‍ -അയോധ്യയില്‍ നിന്ന് മടങ്ങുന്ന കര്‍സേവകര്‍ - കൊല്ലപ്പെടുകയും ചെയ്തു. ഗുജറാത്തിലെ ഗോധ്രയില്‍ വച്ചാണ്‌ സംഭവം. 94 പേര്‍ ഇതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ടു. ഇതില്‍ 63 പേര്‍ കുറ്റക്കാരല്ലെന്ന് കണ്ട് നേരത്തെ വിട്ടയയ്ക്കപ്പെട്ടു. ബാക്കി 31 പേര്‍ കുറ്റക്കരാണെന്ന് പ്രത്യേക കോടതി കോടതി ഇപ്പോള്‍ കണ്ടെത്തുകയും അവര്‍ക്ക് ശിക്ഷ വിധിക്കുകയും ചെയ്തിരിക്കുന്നു. 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവുമാണ്‌ ശിക്ഷ. കേസിലെ മുഖ്യകുറ്റാരോപിതര്‍ കുറ്റക്കാരല്ലെന്ന് വിധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ടും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്‌ കേസെന്നും അതിനാലാണ്‌ ഇങ്ങനെ ശിക്ഷ വിധിക്കുന്നതെന്നുമാണ്‌ കോടതി വ്യക്തമാക്കിയത്.

  പ്രദേശ വാസികളായ മുസ്‌ലിംകളാണ്‌ ഇതിന്ന് പിന്നിലെന്നും ഐ.എസ്.ഐ പിന്തുണയും സഹായവും ഇതിന്നുണ്ടെന്നും ആദ്യം പറഞ്ഞത് മുഖ്യമന്ത്രി മോഡിയയിരുന്നു. അതിനെ തുടര്‍ന്നാണ്‌ 2000 ന്‌ മേല്‍ മുസ്‌ലിംകള്‍ കൊല്ലപ്പെട്ട ഗുജറാത്ത് വംശഹത്യ അരങ്ങേറിയത്. വംശഹത്യക്ക്, പുറമേക്ക് പറയാന്‍ അവര്‍ക്കൊരു ന്യായം ആവശ്യമുണ്ടായിരുന്നു എന്നത് മറക്കരുത്. ഗോധ്ര സംഭവവും ഗുജറാത്ത് വംശ ഹത്യയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് മോഡി പറഞ്ഞത് 'ഏത് പ്രവര്‍ത്തനത്തിനും ഒരു പ്രതിപ്രവര്‍ത്തനമുണ്ടാകും' എന്നായിരുന്നു. ഇതേ വാദം സംഘ്പരിവാറും സമാനമനസ്കരും ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ചിലര്‍ ഗോധ്ര സംഭവം വലുതായി കാണുകയും വംശഹത്യ കണ്ടില്ലെന്ന് നടിക്കുകയും ചെയ്തു. വേറെ ചിലര്‍ അതിനെ സ്വാഭാവികമായ ഒരു പ്രതിപ്രവര്‍ത്തനമായി കണക്കാക്കി നിസ്സാരവല്‍ക്കരിച്ചു. ഗുജറാത്തിലെ മുസ്‌ലിം ഭീകരരെ ഒതുക്കിയതിന്ന് മോഡിയെ പ്രകീര്‍ത്തിക്കുന്ന പോസ്റ്ററുകള്‍ കേരളത്തില്‍ വരെ പ്രത്യക്ഷപ്പെട്ടിരുന്നു. അങ്ങനെ ഗോധ്ര സംഭവം യഥാര്‍ത്ഥ ഭീകരതയും ഗുജറാത്ത് വംശഹത്യ പ്രതികരണ ഭീകരതയുമായി വാഴ്ത്തപ്പെട്ടു.

  ഗുജറാത്ത് ഗവണ്‍മെന്റ് നിശ്ചയിച്ച നാനാവതി കമ്മീഷന്‍ മോഡിയുടെ, മേല്‍ സൂചിപ്പിച്ച, നിഗമനം ശരിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് റയില്‍വേ നിശ്ചയിച്ച ബാനര്‍ജീ കമ്മീഷന്‍ കണ്ടെത്തിയത് എസ്. 6 കോച്ചിനുള്ളില്‍ നിന്നാണ്‌ തീ പടര്‍ന്നതെന്നും സംഭവത്തില്‍ പുറമെ നിന്നുള്ള ഇടപെടലിന്‌ തെളിവില്ലെന്നുമാണ്‌. അതേസമയം ഈ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ കണ്ടെത്തല്‍.
  (തുടരും)

  ReplyDelete
 2. (തുടര്‍ച്ച)
  കെട്ടിച്ചമച്ച ആരോപണങ്ങളും കൃത്രിമമായി ഉണ്ടാക്കപ്പെട്ട തെളിവുകളുമാണ്‌ കോടതിക്ക് മുമ്പില്‍ സമര്‍പ്പിക്കപ്പെട്ടത്. ഇത് തിരിച്ചറിയാന്‍ കോടതിക്ക് കഴിഞ്ഞില്ലെന്ന് വേണം കരുതാന്‍. എന്നിട്ടും വി.എച്.പി നേതാവ് പറയുന്നത് 11 പേരെ തൂക്കികൊന്നാല്‍ പോരെന്നും; 94 പേരെയും തൂക്കികൊല്ലണമെന്നുമാണ്‌. ഇവരില്‍ 63 പേര്‍ നിരപരാധികളാണെന്നും 20 പേര്‍ ജീവപര്യന്തം തടവ് ശിക്ഷ മാത്രമേ അര്‍ഹിക്കുന്നുള്ളു എന്നും കോടതി കണ്ടെത്തിയവരാണെന്നോര്‍ക്കണം. എങ്കില്‍ പോലും അവരെക്കൂടി തൂക്കിലേറ്റിയെങ്കില്‍ മാത്രമേ സംഘ്പരിവാറിന്‌ മനസ്സമാധാനം കിട്ടുകയുള്ളു എന്ന്.

  2002 ഫെബ്രുവരി 27 നാണല്ലോ ഗോധ്ര സംഭവം നടന്നത്. ഇതിന്റെ തലേന്ന് ചില മുസ്‌ലിംകള്‍ 140 ലിറ്റര്‍ പെട്രോള്‍ വാങ്ങിയിട്ടുണ്ടെന്ന, പമ്പിലെ രണ്ട് ജീവനക്കാരുടെ മൊഴിയാണ്‌ അന്വേഷണോദ്യോഗസ്ഥര്‍ സമര്‍പ്പിച്ച അതി സുപ്രധാനമായ തെളിവ്. എന്നാല്‍ ഇരുവര്‍ക്കും 50,000 രൂപ വീതം കൈക്കൂലി നല്‍കി പറയിച്ചതാണിതെന്ന കാര്യം നേരത്തെ തെഹല്‍ക തെളിയിച്ചിട്ടുണ്ട്.

  സംസ്ഥാന മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു പറ്റം നേതാക്കളും ഭരണാധികളും ഉദ്യോഗസ്ഥരും വംശഹത്യയുടെ പേരില്‍ കടുത്ത സംശയത്തിന്റെ നിഴലില്‍ കഴിയുന്ന കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ. സുപ്രീം കോടതി പോലും ഈ നിഗമനത്തോട് കൂടി കേസില്‍ ഇടപെട്ടിട്ടുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ ഗോധ്ര സംഭവത്തിലുള്ള കോടതി വിധി ഏറെ സംശയാസ്പദമാണെന്ന് പറയാതെ വയ്യ. അപ്പീലിനുള്ള അവസരം ​ബാക്കിയുണ്ടെന്നതാണ്‌ ഏക ആശ്വാസം.

  മാലേഗാവ്, സംഝോതാ എക്സ്പ്രസ്, അജ്മീര്‍, മക്ക മസ്ജിദ് ഉള്‍പ്പെടെയുള്ള സ്ഫോടങ്ങള്‍ നടത്തിയത് മുസ്‌ലിംകളാണെന്നാണല്ലോ കരുതപ്പെട്ടിരുന്നത്. ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സംഘ് പരിവാറാണെന്ന സ്വാമി അസിമാനന്ദയുടെ വെളിപ്പെടുത്തലിന്‌ മുമ്പ്‌ ഈ കേസുകളില്‍ വിധി പ്രസ്താവിക്കപ്പെട്ടിരിന്നുവെങ്കില്‍ നൂറുക്കണക്കിന്‌ മുസ്‌ലിംകള്‍ ശിക്ഷിക്കപ്പെടുമായിരുന്നില്ലേ? അന്യായമായി സംഘം ചേരല്‍, ഗൂഢാലോചന, നിയമവിരുദ്ധമായി ആയുധം കൈവശം വയ്ക്കല്‍, കരുതിക്കൂട്ടിയുള്ള ആക്രമണം, ഭീകരത, വിദേശബന്ധം, അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം തുടങ്ങിയുള്ള ഞെട്ടിക്കുന്ന പല പദങ്ങളും വിധിപ്രസ്താവനയുടെ എരിവ് കൂട്ടാന്‍ വേണ്ടി ഉപയോഗിക്കപ്പെടുമായിരുന്നില്ലേ?

  അതിനാല്‍ ഗോധ്ര കേസില്‍ ശിക്ഷ വിധിക്കപ്പെട്ടവരുടെ മോചനത്തിന്‌ വേണ്ടിയുള്ള നിയമ പോരാട്ടം ശക്തമായി നടക്കേണ്ടതുണ്ട്. അതോടൊപ്പം സത്യം തുറന്ന് പറയാന്‍ ആര്‍ജ്ജവം കാണിക്കുന്ന അസിമാനന്ദമാരെ നമുക്ക് കാത്തിരിക്കാം. അവരെ അതിന്ന് പ്രേരിപ്പിക്കുന്ന കലീമുമാരെയും.

  ReplyDelete

Related Posts Plugin for WordPress, Blogger...