Tuesday, March 15, 2011

സീറ്റുവിഭജനം പൂര്‍ത്തിയാക്കി ഇടതുമുന്നണി


          ഇടതുമുന്നണി നേതാക്കള്‍ക്ക് ആശ്വസിക്കാം. അവരുടെ പ്രവര്‍ത്തകര്‍ക്ക് ആഹ്‌ളാദിക്കുകയുമാവാം. നോമിനേഷന്‍ കൊടുക്കാന്‍ ഇനിയും ദിവസങ്ങള്‍ ബാക്കിനില്‍ക്കെ സീറ്റുവിഭജനം എതിര്‍പ്പുകളില്ലാതെ പൂര്‍ത്തിയാക്കുന്നതില്‍ എല്‍ ഡി എഫ് പ്രത്യുല്‍പന്നമതിത്വം പ്രകടിപ്പിച്ചിരിക്കുന്നു. എട്ട് സ്വതന്ത്രന്മാരുള്‍പ്പെടെ 93 സീറ്റുകളില്‍ സി പി എം തന്നെ മത്സരിക്കുമെന്ന് ധാരണയായി. സി പി ഐക്ക് 27 സീറ്റുകളില്‍ മാറ്റുരയ്ക്കാം. ജനതാദള്‍ എസിന് അഞ്ചുസീറ്റും ആര്‍ എസ് പിക്കും എന്‍ സി പിക്കും നാല് സീറ്റുകള്‍ വീതവും അനുവദിച്ചു.  ഐ എന്‍ എല്ലിനും പി സി തോമസ് വിഭാഗം കേരളാകോണ്‍ഗ്രസിനും മൂന്നുവീതം സീറ്റ് ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് എസിനും  ഒരു സീറ്റ് നല്‍കി.

          കുന്ദമംഗലം, വള്ളിക്കുന്ന്, നിലമ്പൂര്‍, തവനൂര്‍, എറണാകുളം, തൊടുപുഴ, പൂഞ്ഞാര്‍, വട്ടിയൂര്‍കാവ് എന്നിവിടങ്ങളിലാണ് സി പി എം സ്വതന്ത്ര  സ്ഥാനാര്‍ഥികളെ നിര്‍ത്തുക. ഈ മാസം 18നകം എല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നംപിഴക്കാത്ത ചുവടുവെപ്പുനടത്താന്‍ മുന്നണിക്ക് സാധിച്ചുവെന്ന് വ്യക്തം. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടതുമുന്നണിക്ക് ഇത്തവണ ആരോഗ്യം നന്നേ കുറയും. ജോസഫ് കേരളാ കോണ്‍ഗ്രസും വീരന്റെ ജനതാദളും ഐ എന്‍ എല്ലിലെ ഒരു വിഭാഗവും പി സി ജോര്‍ജും ഇത്തവണ ഇടതുമുന്നണിക്കൊപ്പമില്ല. മഞ്ഞളാംകുഴി അലിയും സലാമുമുള്‍പ്പെടെ പലരും കൂടൊഴിഞ്ഞുപോയി. ഫലത്തില്‍ സി പി ഐയും സി പി എമ്മും മാത്രമാണ് മുന്നണി. ഇത്തവണ അധികാരം വിട്ടൊഴിയേണ്ടിവരുമെന്ന് ഏറെക്കുറെ ഉറപ്പായപ്പോഴാണ്് ഐസ്‌ക്രീം കേസും  ഇടമലയാര്‍ വിധിയും തുണയായി എത്തിയത്. അതോടെ എല്‍ ഡി എഫിന്റെ പ്രതീക്ഷകള്‍ക്ക് ചിറക്മുളക്കുകയും ചെയ്തു.
          ഇങ്ങനെയൊക്കെയാണെങ്കിലും യു ഡി എഫില്‍ അവകാശത്തര്‍ക്കങ്ങളുടെ അലയൊലി അടുത്തൊന്നും കെട്ടടങ്ങുന്ന ലക്ഷണമില്ല. ഘടകകക്ഷികളുടെ പെരുക്കവും ഗ്രൂപ്പുകളുടെ മല്‍പിടുത്തവും മൂലം ഒരു തീരുമാനമെടുക്കാന്‍ അതിന്റെ നേതൃത്വം പെടാപാട് പെടുകയാണ്. കെ ആര്‍ ഗൗരിയമ്മയുടെ പിണക്കം തന്നെ മാറിയിട്ടില്ല.  കെ എം മാണി 18 സീറ്റെങ്കിലും കിട്ടാതെ പിന്‍മാറില്ലെന്ന വാശിയിലാണ്. ജനതാദളാകട്ടെ യു ഡി എഫ് വെച്ചുനീട്ടിയ എട്ട് സീറ്റുകൊണ്ട് തൃപ്തരല്ല. ലീഗ് പരമാവധി വിട്ടുവീഴ്ച ചെയ്യുക മാത്രമല്ല സീറ്റുതര്‍ക്കം രമ്യമായി പരിഹരിക്കാന്‍ അക്ഷീണയത്‌നത്തിലുമാണ്. എങ്കിലും അനുവദിച്ച് കിട്ടിയ സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍  ആ പാര്‍ട്ടിയിലുമുണ്ട് ആവശ്യത്തിലേറെ  തര്‍ക്കങ്ങള്‍. രണ്ടുതവണ കുന്ദമംഗലത്തെ പ്രതിനിധീകരിച്ച യു  സി രാമനെ മാറ്റി എം എസ് എഫ് പ്രസിഡണ്ടിനെയോ മണ്ഡലം ലീഗ് സെക്രട്ടറിയെയോ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിക്കെതിരെ പോസ്റ്ററുകള്‍ പോലും പതിച്ചതായാണ് റിപ്പോര്‍ട്ട്.. അഴീക്കോട്ടെ ലീഗ് സ്ഥാനാര്‍ഥിയെ കുറിച്ചും വിമര്‍ശനം ശക്തമാണ്. മലപ്പുറം ജില്ലയിലും ചില സ്ഥാനാര്‍ഥികള്‍ക്കെതിരെ പരാതികളുണ്ട്. എന്നാല്‍ അവസാനം എല്ലാം കെട്ടടങ്ങുമെന്ന പ്രതീക്ഷയിലാണ് പാര്‍ടി നേതൃത്വം.

          പാര്‍ടിക്കും മുന്നണിക്കും ഒഴിച്ചുകൂടാത്തവരെ ഇത്തവണയും മത്സരത്തിനിറക്കേണ്ടിവരുമെന്ന വാദം ഉയരുമ്പോഴും രണ്ടോ മൂന്നോ തവണ എം എല്‍ എയും മന്ത്രിയുമായിരുന്നവരെ മാറ്റിനിര്‍ത്തണമെന്ന ആവശ്യവും എല്ലാ പാര്‍ടിയിലും ഇപ്പോഴും വളരെ ശക്തമാണ്. ജനങ്ങളുടെ പൊതുവികാരമാണത്. ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ സശ്രദ്ധം വീക്ഷിക്കുന്ന കാര്യവും ഇതുതന്നെ. മൂന്നും നാലും പതിറ്റാണ്ട് തുടര്‍ച്ചയായി മണ്ഡലങ്ങള്‍ കുത്തകയാക്കി വെച്ചവര്‍ സ്വമേധയാ മാറിക്കൊടുക്കുന്നതാവും നല്ലത്. തറവാട് സ്വത്ത്‌പോലെ മണ്ഡലങ്ങള്‍ കൈവശം വെക്കുക മാത്രമല്ല ഇക്കൂട്ടര്‍ ചെയ്യുന്നത്. അവരുടെ  പാദസേവകര്‍ക്കേ സീറ്റുകളും അനുവദിക്കൂ. അതുകൊണ്ട് ജനവികാരം ഉയര്‍ത്തിക്കാട്ടി കഴിവും പ്രാപ്തിയുമുള്ളവര്‍ക്കും യുവാക്കള്‍ക്കും അവസരം അനുവദിക്കണമെന്ന് ഉറക്കെ പറയാന്‍ അധികമാളുകള്‍ ഒരു കക്ഷിയിലും ഉണ്ടാവാറില്ല.

          പുരോഗമനവാദികളെന്നും പ്രബുദ്ധരെന്നുമുള്ള മലയാളിയുടെ അവകാശവാദങ്ങളൊക്കെ പൊള്ളയായിക്കൊണ്ടിരിക്കുകയാണ്. നാടിന്റെ വളര്‍ച്ചയുടെയും വികസനത്തിന്റെയും അടിസ്ഥാനശക്തിയായി ഭരണകൂടം മാറണമെന്ന നിര്‍ബന്ധം പിടിക്കുന്നവരുടെ എണ്ണം ഇപ്പോഴും ഗണ്യമായി ഉയര്‍ന്നിട്ടില്ല. ജനങ്ങളുടെ വികാരമറിയാനും അവരെ ഗുണപരമായി സ്വാധീനിക്കാനും താല്‍പര്യമുള്ള രാഷ്ട്രീയനേതാക്കളുടെ വംശവും അന്യംനിന്ന് തുടങ്ങിയിരിക്കുന്നു. വളരെ ചെറിയ തോതിലാണെങ്കിലും സജീവ രാഷ്ട്രീയക്കാരല്ലാത്തവരില്‍ നിന്നാണ് അല്പമെങ്കിലും ആശ്വാസത്തിന് വകയുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നത്.

          കരകാണാതെ തുഴയുകയാണ് സംസ്ഥാനത്തെ മഹാഭൂരിപക്ഷവും. അതു യഥോചിതം തിരിച്ചറിയാന്‍ ഒരു പാര്‍ട്ടി നേതൃത്വത്തിനും സമയമില്ലെന്നാണ് സീറ്റ് വീതംവെപ്പിന്റെ സ്വഭാവം വ്യക്തമാക്കുന്നത്. മണ്ഡലങ്ങള്‍ മത്സരിക്കാന്‍ പതിച്ചുനല്‍കുമ്പോള്‍ മണ്ഡലത്തിന്റെ വികസനത്തിനും  ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കേണ്ടത്. സ്ഥാനാര്‍ഥികളുടെ വ്യക്തിശുദ്ധി പരമാവധി പരിഗണിക്കുകയും വേണം. അധാര്‍മികതയുടെയും അഴിമതിയുടെയും ദുര്‍ഗന്ധം പേറുന്നവരെ ഒരു കാരണവശാലും നിയമസഭയിലെത്തിക്കുകയില്ലെന്ന് ബന്ധപ്പെട്ട നേതൃത്വം ദൃഢപ്രതിജ്ഞയെടുക്കുകയും വേണം. 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...