ആസന്നമായ തെരഞ്ഞെടുപ്പില്‍ പ്രവാസിവോട്ട് അതിനിര്‍ണായകമായിരിക്കുമെന്നും പ്രവാസികളുടെ കൂടി പങ്കോടെ കേരളം ഭരിക്കപ്പെടുന്ന ഒരവസ്ഥാവിശേഷം സംജാതമായിരിക്കുന്നുവെന്നുമാണല്ലോ എല്ലാവരും കണക്ക്കൂട്ടിയിരുന്നത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് സ്വന്തം നാട്ടില്‍ വോട്ടുചെയ്യാന്‍ അനുമതി നല്‍കിക്കൊണ്ട് കേന്ദ്ര നിയമമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ച നാള്‍ തൊട്ട് ആ ചിരകാലസ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുന്ന ദിവസത്തിന് വേണ്ടി പ്രതീക്ഷാഭരിതരായി കാത്തിരിക്കുകയായിരുന്നു പ്രവാസിമലയാളികളും. എന്നാല്‍ ചരിത്രത്തിലാദ്യമായി നടപ്പായ പ്രവാസിവോട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എത്ര പേര്‍ക്ക് വിനിയോഗിക്കാനാവും? പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസാന തിയ്യതി കഴിഞ്ഞതോടെ പുറത്തുവന്ന വോട്ടുകളുടെ എണ്ണം കേട്ടാല്‍ പ്രവാസികളുടെ കരള്‍ പിടയും കണ്ണ് നിറയും. ആത്മനൊമ്പരം നീറിപ്പുകയുകയും ചെയ്യും. അത്രയും ദയനീയമാണ് പ്രവാസിവോട്ടിന്റെ അവസ്ഥ.
കേരളത്തിലെ 2.29 കോടി വോട്ടര്‍മാരില്‍ 40 ശതമാനമെങ്കിലും പ്രവാസികള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന വോട്ടുകളാണെന്നാണ് യൂണിവേഴ്‌സല്‍ മീഡിയ റിസര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ട്.നമ്മുടെ രാഷ്ട്രീയ പാര്‍ടികള്‍ അത് ശ്രദ്ധിച്ചതായി തോന്നുന്നില്ല. പ്രവാസികളുടെ ബന്ധുക്കള്‍, ഗള്‍ഫ് നാടുകളില്‍നിന്ന് മടങ്ങിവന്നവര്‍, പ്രവാസികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന കുടുംബാംഗങ്ങള്‍ ഇങ്ങനെ പോകുന്നു ആ പട്ടിക. ശരാശരി രണ്ടായിരവും മുവ്വായിരവും വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പല സ്ഥാനാര്‍ഥികളും രക്ഷപ്പെടാറ്. അഞ്ചോ ആറോ ശതമാനം വോട്ടിന്റെ വ്യത്യാസത്തിനാണ് ഭരണംപോലും നിര്‍ണയിക്കുന്നത്. എന്നിട്ടും ജനാധിപത്യത്തിന്റെ ഈടുറ്റ കണ്ണികളാവാന്‍ പ്രവാസികള്‍ക്ക് കഴിയാതെ പോയി.
പ്രവാസി വോട്ട് നിലവില്‍ വന്ന ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ അവസരമൊരുങ്ങിയവരുടെ എണ്ണം കേവലം എണ്ണായിരം മാത്രമാണ്. ഇതില്‍ തന്നെ എത്രപേര്‍ വോട്ടുചെയ്യുമെന്ന് കാത്തിരുന്ന് തന്നെ കാണണം. നാലര ലക്ഷത്തിലധികം പ്രവാസികളുള്ള മലപ്പുറം ജില്ലയില്‍ ആകെ അപേക്ഷകരുടെ എണ്ണം 1691. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍-2685. കണ്ണൂരില്‍ 1677ഉം കാസര്‍കോട് 491ഉം തൃശൂരില്‍ 385ഉം. മറ്റ് ജില്ലകളിലേത് പറയാതിരിക്കുകയാണ് ഭേദം. പ്രവാസികളുടെ വോട്ടുകള്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ആദ്യഘട്ടത്തില്‍ നിലനിന്ന ആശയക്കുഴപ്പവും അപേക്ഷകരുടെ എണ്ണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അപേക്ഷക്കൊപ്പം നല്‍കേണ്ട രേഖകള്‍ അതത് രാജ്യങ്ങളിലെ ഇന്ത്യന്‍ എമ്പസി സാക്ഷ്യപ്പെടുത്തണം എന്നായിരുന്നു ആദ്യത്തെ നിര്‍ദേശം. രേഖകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി എന്ന് പിന്നീട് തിരുത്തി. ഒപ്പിട്ടിട്ടില്ല, ഹിയറിങ്ങിന് ഹാജരായില്ല എന്നീ കാരണങ്ങള്‍ പറഞ്ഞ് ചിലത് പരിഗണിക്കുകയുമുണ്ടായില്ല. തെരഞ്ഞെടുപ്പില്‍ പരമാവധി പേരെ സ്വന്തം പക്ഷത്ത് നിര്‍ത്താന്‍ രാഷ്ട്രീയകക്ഷികളുടെ ഗള്‍ഫിലുള്ള പോഷകസംഘടനകള്‍ ആവുംവിധം യത്‌നിച്ചിരുന്നു. പേര് ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി. അപേക്ഷകള്‍ നാട്ടിലെത്തിക്കാനുള്ള സംവിധാനങ്ങളും ഏര്‍പെടുത്തുകയുണ്ടായി. എന്നിട്ടും തങ്ങളുടെ സ്വപ്നം പൂവണിയാതെ പോയതിന് ഉത്തരവാദികള്‍ ആരെന്ന് പ്രവാസികള്‍ തന്നെ ആരായണം. പ്രവാസി വോട്ടിന്റെ അക്ഷയഖനിയെ പറ്റി ചേതോഹരമായി പാടി ആസ്വദിച്ച രാഷ്ട്രീയനേതൃത്വത്തിന്റെ ആത്മാര്‍ഥതയാണ് ഇവിടെ ചോദ്യംചെയ്യപ്പെടേണ്ടത്. പ്രവാസികള്‍ക്ക് വോട്ടവകാശം അപ്രായോഗിക മാണെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിഗമനമാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. ദീര്‍ഘകാലത്തെ കാത്തിരിപ്പും അതിനുവേണ്ടി നടത്തിയ പ്രയത്‌നങ്ങളും വൃഥാവിലായി എന്ന് തന്നെ പറയേണ്ടിവരും.
വോട്ടവകാശത്തോട് വലിയ പ്രതിപത്തിയുള്ളവരാണ് പ്രവാസികളെന്ന് ഇതുകൊണ്ട് അര്‍ഥമാക്കരുത്. കേരളത്തില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് പോലും തെരഞ്ഞെടുപ്പുകളോട് നിഷേധ സ്വഭാവമാണുള്ളതെന്ന് വോട്ട് ശതമാനങ്ങള്‍ സൂചിപ്പിക്കുന്നു. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി ഉണ്ടായിട്ടും നാട്ടിലുള്ളവരുടെ പേരുകള്‍ പോലും വോട്ടേഴ്‌സ് ലിസ്റ്റില്‍നിന്ന് നീക്കംചെയ്യുപ്പെടുന്നു. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഇനി ഏര്‍പ്പെടുത്തേണ്ടത്. ഓണ്‍ലൈനിലൂടെ അതത് മണ്ഡലങ്ങളില്‍ പേര് ചേര്‍ക്കാനുള്ള സാഹചര്യമൊരുക്കണം. പേര് ചേര്‍ക്കപ്പെട്ടാല്‍ ബന്ധപ്പെട്ട വ്യക്തികള്‍ക്ക് സ്ഥിരീകരണവും ലഭിക്കണം. അതുപോലെതന്നെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ പുതിയ നമ്പറിന് പകരം എക്കാലത്തേക്കും ഒരേ നമ്പറിലുള്ള പാസ്‌പോര്‍ട്ട് നല്‍കാനുള്ള നടപടികളും ഉണ്ടാവണം.
യഥാര്‍ഥത്തില്‍ ഗള്‍ഫുനാടുകളിലെ മഹാ ഭൂരിപക്ഷം ഇന്ത്യക്കാരും വോട്ട് ഒരു അത്യാവശ്യ ഘടകമായി കരുതുന്നവരല്ല. അവരുടെ പ്രശ്‌നം അതിനാക്കേളേറെ ഗൗരവമുള്ളതാണ്. വിദേശത്തെ താമസരേഖയും അര്‍ഹമായ ജോലി-വേതനവും നിയമക്കുരുക്കുകളില്ലാത്ത ശാന്തമായ ജീവിതമാണ്, ചികിത്സാസൗകര്യങ്ങളാണ്., മിതമായ നിരക്കിലുള്ള യാത്രാസൗകര്യവും വിമാന-എയര്‍പോര്‍ട്-കസ്റ്റംസ് ജീവനക്കാരില്‍ നിന്നുള്ള മാന്യമായ പെരുമാറ്റവും അര്‍ഹമായ അംഗീകാരവുമാണ് അവര്‍ക്ക് വേണ്ടത്. ഇതൊക്കെ ശ്രദ്ധിക്കാന്‍ ഇച്ഛാശക്തിയുള്ള ഒരു ഭരണസംവിധാനം ഉറപ്പ് വരുത്താനാണ് തങ്ങള്‍ക്കും വോട്ടവകാശം വേണമെന്ന് വാദിക്കാന്‍ പ്രവാസികളില്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുന്നതും.
No comments:
Post a Comment