സീറ്റ് വിഭജനത്തില്‍ ഐക്യജനാധിപത്യ മുന്നണിയിലുണ്ടായ കൂട്ടക്കുരുക്ക് ഒടുവില്‍ അഴിഞ്ഞു. കക്ഷികള്‍ ഓരോന്നും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ അവസാനം ധാരണയായി. മാണിഗ്രൂപ്പ് കേരളാകോണ്‍ഗ്രസ് 15 സീറ്റും സോഷ്യലിസ്റ്റ് ജനതാപാര്‍ട്ടി ഏഴുസീറ്റും കൊണ്ട് തൃപ്തിപ്പെട്ടതോടെയാണ് ദിവസങ്ങളോളം നീണ്ട തര്‍ക്കത്തിന് പരിഹാരമായത്. അവസാന ധാരണയനുസരിച്ച് കോണ്‍ഗ്രസ് 81 സീറ്റില്‍ മത്സരിക്കും. 24 സീറ്റില്‍ മുസ്‌ലിംലീഗ് മാറ്റുരക്കും. ജെ എസ് എസിന് നാലും സി എം പിക്കും ജേക്കബ് കേരളാകോണ്‍ഗ്രസിനും മൂന്നുവീതവും കേരളകോണ്‍ഗ്രസ് ബിക്ക് രണ്ടും ആര്‍ എസ് പിക്ക് ഒന്നും സീറ്റുകള്‍ നീക്കിവെച്ചിരിക്കുന്നു.
രണ്ടുദിവസം മുമ്പാണ് ഇടതുമുന്നണി സീറ്റുവിഭജനം പൂര്‍ത്തിയാക്കിയത്. വലിയ അവകാശവാദങ്ങളൊന്നും ആ മുന്നണിയില്‍ ആരും ഉന്നയിക്കാതിരുന്നതിനാല്‍ എല്ലാം ശുഭപര്യവസായിയായി. ഇടതുമുന്നണിയിലെ പല കക്ഷികളും കൂടുമാറി ചേക്കേറിയതാണ് യു ഡി എഫിലെ പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കിയത്. കെ ആര്‍ ഗൗരിയമ്മയില്‍ തുടങ്ങിയ സീറ്റ് ചര്‍ച്ച പലവട്ടവും ഉടക്കിനിന്നു. മാണിയും വീരേന്ദ്രകുമാറും പിണങ്ങിപ്പിരിയുമെന്ന പ്രതീതി പോലും ഒരു ഘട്ടത്തില്‍ സൃഷ്ടിക്കപ്പെട്ടു. കോണ്‍ഗ്രസും മുസ്‌ലിംലീഗും അവസരത്തിനൊത്ത് ഉയര്‍ന്നതോടെയാണ് പ്രതിസന്ധിയുടെ മഞ്ഞുരുകിയത്. എണ്ണത്തില്‍ തീരുമാനമായെങ്കിലും മണ്ഡലങ്ങള്‍ ഏതൊക്കെയെന്ന കാര്യത്തില്‍ ഇനിയും അന്തിമതീരുമാനം ആയിട്ടില്ല. കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാണ്ടുമായുള്ള ചര്‍ച്ചക്കായി ദല്‍ഹിയിലാണ്. സ്ഥാനാര്‍ഥികളെ തീരുമാനിക്കുക മറ്റേതു കക്ഷിയേക്കാളും അവര്‍ക്ക് വലിയ കടമ്പ തന്നെയാണ്. പാര്‍ടി മാത്രം നോക്കിയാല്‍ പോരല്ലോ. ഗ്രൂപ്പും നോക്കണം. യൂത്തുകോണ്‍ഗ്രസ്‌കാരെ മാത്രമല്ല എല്ലാ പോഷക ഘടകങ്ങളെയും തൃപ്തിപ്പെടുത്തുകയും വേണം. ഇതിലൊന്നും തൃപ്തരാകാത്തവര്‍ റിബലുകളായി പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഇത്തവണ മത്സരിക്കാനിടയില്ലെന്നാണ് പുറത്തുവന്നുകൊണ്ടിരിക്കുന്ന സൂചന. സംസ്ഥാന സമിതിയാണ് അന്തിമ തീരുമാനമെടുക്കേണ്ടതെങ്കിലും കോടിയേരി ബാലകൃഷ്ണനായിരിക്കും മുന്നണിയെ നയിക്കുക എന്ന് വേണം കരുതാന്‍. പാര്‍ടി സെക്രട്ടറി പിണറായി വിജയനും ഇത്തവണ അങ്കത്തിനിറങ്ങാന്‍ സാധ്യതയില്ല. അതുകൊണ്ട് ഇരുവരെയും പ്രതിക്കൂട്ടില്‍ നിര്‍ത്തി പോര്‍ക്കളം സജീവമാക്കാനുള്ള മനക്കോട്ട യു ഡി എഫിന് ഉപേക്ഷിക്കേണ്ടിവരും.
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കേണ്ട 75 ബി ജെ പി സ്ഥാനാര്‍ഥികളുടെ പേരുകള്‍ ചൊവ്വാഴ്ച രാത്രി ചേര്‍ന്ന അവരുടെ ഇലക്ഷന്‍ കമ്മിറ്റി അംഗീകരിച്ചിരിക്കുന്നു. നേരത്തെ 40 സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചതിന് പുറമെയാണിത്. അവശേഷിക്കുന്ന സീറ്റുകളും താമസംവിനാ തീരുമാനിക്കും. ഒരു മത്സരത്തിനപ്പുറം ശക്തമായ ഒരുക്കങ്ങളോടെയാണ് ബി ജെ പി ഇത്തവണ രംഗത്തിറങ്ങുന്നത്. 140 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി പരമാവധി വോട്ടുനേടുക എന്നതാണ് ഇത്തവണത്തെ തന്ത്രം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ നടത്തിയ മെച്ചപ്പെട്ട പ്രകടനം ബി ജെപിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്നത് നിഷേധിക്കാനാവില്ല. വോട്ടുകച്ചവടം എന്ന ദുഷ്‌പ്പേര് കഴുകിക്കളയാനും ഈ തെരഞ്ഞെടുപ്പ് ഉപയോഗപ്പെടുത്തണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. ആ ആഗ്രഹം സഫലമാകാനുള്ള സാധ്യത പക്ഷെ വിരളവുമാണ്.
സീറ്റുവിഭജനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ ഇടതുമുന്നണിയുടെ പ്രകടനപത്രിയും പുറത്തിറങ്ങിയിരിക്കുന്നു. ക്ഷേമം, സമാധാനം, വികസനം, നീതി എന്നിവ അടിസ്ഥാനമാക്കി ഐശ്വര്യപൂര്‍ണമായ കേരളമാണ് പ്രകടനപത്രിക വിഭാവനം ചെയ്യുന്നത്. അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളം രാജ്യത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമായി മാറുമത്രെ. എല്ലാവര്‍ക്കും രണ്ടുരൂപക്ക് അരി, ക്ഷേമ പെന്‍ഷന്‍ 1000 രൂപ, മണ്ണെണ്ണ ലിറ്ററിന് 20 രൂപ സബ്‌സിഡി, അഞ്ചുവര്‍ഷംകൊണ്ട് ശുദ്ധജലം, വൈദ്യുതി, കാര്‍ഷികേതര മേഖലകളില്‍ 25 ലക്ഷം തൊഴിലവസരം തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. വോട്ടര്‍മാരെ സ്വാധീനിക്കാനാവശ്യമായ വിഭവങ്ങള്‍ ഇനിയുമുണ്ട് പ്രകടനപത്രികയില്‍. പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാവില്ലെന്ന് ജനങ്ങള്‍ക്ക് മാത്രമല്ല അത് തയാറാക്കിയ നേതാക്കള്‍ക്കും നന്നായറിയാം. യു ഡി എഫും വെറുതെയിരിക്കില്ല. വാഗ്ദാനങ്ങളുടെ പെരുമഴയുമായി അടുത്തുതന്നെ അവരുമെത്തും. ബി ജെ പിയും ഒട്ടും മോശമാക്കില്ല. അവര്‍ക്കാണെങ്കില്‍ വാഗ്ദാനങ്ങള്‍ നടപ്പാക്കേണ്ട പ്രശ്‌നം തന്നെ വരില്ല.
ദശകങ്ങളോളം അധികാരം കയ്യാളുകയും ജനസേവനം നടത്തുകയും ചെയ്തവരാണ് ഇത്തവണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അത്യാഗ്രഹം പ്രകടിപ്പിക്കുന്നത്. അവരാണ് സീറ്റുകള്‍ പങ്കുവെക്കുന്നതും. ജരാനരകള്‍ ബാധിച്ച ഇവരില്‍ പലര്‍ക്കും ഇപ്പോള്‍ തന്നെ ഓര്‍മശക്തിയും ചിന്താശേഷിയും കുറവാണ്. ജനജീവിതത്തെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളിലും ജനങ്ങള്‍ക്ക് വേണ്ടി തീരുമാനമെടുക്കാനും നടപ്പാക്കാനും കഴിവുള്ളവരെയാണ് തെരഞ്ഞെടുക്കേണ്ടത്. ഏറെക്കാലം അധികാരത്തില്‍ തുടര്‍ന്നിട്ടും തൃപ്തിവരാതെ വീണ്ടും കടിച്ചുതൂങ്ങാനുള്ള പ്രവണതയാണ് എല്ലാ കക്ഷികളിലും കാണുന്നത്. ഈ അവസ്ഥ മാറണം. അതിന് ബന്ധപ്പെട്ട പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം.
No comments:
Post a Comment