താന്‍ കുഴിച്ച കുഴിയില്‍ സ്വയംവീണിരിക്കുന്നു ലിബിയന്‍ ഭരണാധികാരി ഗദ്ദാഫി. അദ്ദേഹത്തിന്റെ നാലുപതിറ്റാണ്ട് നീണ്ട സ്വേഛാവാഴ്ചക്കെതിരെ തെരുവിലിറങ്ങിയ ജനങ്ങളാകട്ടെ ഇപ്പോള്‍ യുദ്ധത്തിന്റെ നടുക്കടലിലുമാണ്. യു എന്‍ രക്ഷാസമിതിയുടെ പ്രമേയത്തിന്റെ പിന്തുണയോടെ ഗദ്ദാഫിയെ നേരിട്ട അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ കഴിഞ്ഞ മൂന്നുദിവസമായി നടത്തിയ വ്യോമ, നാവിക ആക്രമണങ്ങളില്‍ 70 പേര്‍ മരിക്കുകയും 150 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 110 മിസൈലുകളാണ് സഖ്യസേന ലിബിയന്‍ തീരത്തേക്ക് തൊടുത്തത്. യു എസ് വിമാനങ്ങള്‍ 40 ബോമ്പുകള്‍ വര്‍ഷിച്ചതായി സ്ഥിരീകരിച്ചു. ഓപ്പറേഷന്‍ ഒഡീസി ഡോണ്‍ എന്ന് പേരിട്ട ആക്രമണത്തില്‍ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവക്ക് പുറമെ കനഡ, ഇറ്റലി എന്നീ രാജ്യങ്ങളും പങ്കാളികളാണ്.
പ്രക്ഷോഭം നടത്തുന്ന സ്വന്തം ജനതക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന അന്താരാഷ്ട്ര നിര്‍ദേശം ഗദ്ദാഫിസേന തള്ളിയതിനെ തുടര്‍ന്നാണ് പാശ്ചാത്യ സഖ്യസേന ലിബിയക്കെതിരെ വ്യോമമാര്‍ഗങ്ങളിലൂടെ അതിശക്തമായ ആക്രമണം തുടങ്ങിയത്. ഗദ്ദാഫിയുടെ ട്രിപ്പാളിയിലെ ആസ്ഥാന മന്ദിരത്തിനു നേരെയും മിസൈല്‍ ആക്രമണമുണ്ടായി. ഗദ്ദാഫി അതിഥികളെ സ്വീകരിക്കുന്ന മന്ദിരവും ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ലിബിയയിലെ ജനാധിപത്യപോരാട്ടത്തിനെതിരെ ഗദ്ദാഫി നടത്തുന്ന കടന്നാക്രമണം അവസാനിപ്പിക്കാന്‍ പാശ്ചാത്യന്‍ രാജ്യങ്ങള്‍ക്ക് യു എന്‍ രക്ഷാസമിതി അനുമതി നല്‍കിയതിനെ തുടര്‍ന്ന് ഗദ്ദാഫി ഭരണകൂടം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഇതിന് വിരുദ്ധമായി ശനിയാഴ്ച ലിബിയന്‍ സൈന്യം വിമത ആസ്ഥാനമായ ബെന്‍ഗാസിയില്‍ വന്‍ ആക്രമണം നടത്തി. ഈ ആക്രമണത്തില്‍ കുറഞ്ഞത് നൂറ്‌പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാവും. ഇതേ തുടര്‍ന്നാണ് പാശ്ചാത്യ സഖ്യസേന ലിബിയയില്‍ സൈനിക നടപടി തുടങ്ങിയത്. ഏകപക്ഷീയമായി വെടിനിര്‍ത്തല്‍ ലംഘിച്ചത് തങ്ങളല്ലെന്നും സഖ്യസേനയാണെന്നും ലിബിയ ആരോപിക്കുന്നുണ്ട്. ജനവാസകേന്ദ്രങ്ങളിലാണ് വിദേശസൈന്യം ആക്രമണം അഴിച്ചുവിട്ടതെങ്കില്‍ തീര്‍ച്ചയായും അത് അപലപിക്കപ്പെടുക തന്നെ വേണം.
2003 ലെ ഇറാഖിലെ യു എസ് അധിനിവേശത്തിന് ശേഷം അറബ്‌ലോകത്ത് പാശ്ചാത്യ ശക്തികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകളും ബ്രിട്ടീഷ് അന്തര്‍വാഹിനികളും ടോമഹോക് മിസൈലുകള്‍ അയച്ചത്. തുടര്‍ന്ന് ലിബിയന്‍ തീരദേശമാകെ സ്‌ഫോടനങ്ങളില്‍ മുങ്ങി. ലിബിയയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ആകെ തകര്‍ന്നുപോയി.
ടുണീഷ്യക്കും ഈജിപ്തിനും പിന്നാലെ കഴിഞ്ഞ മാസം 15ന് ആരംഭിച്ച പ്രക്ഷോഭം അടിച്ചമര്‍ത്താനാണ് തുടക്കം മുതലേ ഗദ്ദാഫി ശ്രമിച്ചതെന്ന വസ്തുത മറന്നുകൂടാ. 42 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഗദ്ദാഫിയെ പുറത്താക്കും വരെ പ്രക്ഷോഭമെന്ന പ്രഖ്യാപനവുമായി ആയുധമെടുത്ത സമരക്കാരെ നിര്‍ദാക്ഷിണ്യമാണ് ഗദ്ദാഫി നേരിട്ടത്. പാശ്ചാത്യന്‍സേനക്ക് ലിബിയയില്‍ കടന്നുവരാന്‍ ഇതുവഴി ഗദ്ദാഫി തന്നെയാണ് വഴിയൊരുക്കിയത്. അധികാരമൊഴിഞ്ഞ് പുതിയ തെരഞ്ഞെടുപ്പിന് അവസരം ഒരുക്കിയിരുന്നുവെങ്കില്‍ സഖ്യസേനയുടെ വഴി കൊട്ടിയടക്കാമായിരുന്നു. ഇറാഖില്‍ സദ്ദാം ഹുസൈന്‍ കാണിച്ച അതേ അബദ്ധമാണ് ഗദ്ദാഫിയും കാണിച്ചത്. ലിബിയയില്‍ കൂട്ടക്കൊല നടക്കാതിരിക്കാനാണ് സഖ്യസേന ഇടപെട്ടതെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് ലോകത്തെ ബോധ്യപ്പെടുത്താന്‍ സഖ്യസേനക്ക് ഇത് സഹായകമാവുകയും ചെയ്തു.
സാധാരണഗതിയില്‍ സഖ്യസേനയുടെ ഇടപെടലിനെ ഒരു രാഷ്ട്രവും ന്യായീകരിക്കുകയോ അംഗീകരിക്കുകയോ ചെയ്യില്ല. ലിബിയയുടെ കാര്യത്തിലും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ആ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇറാഖിന്റെയും അഫ്ഗാന്റെയും അനുഭവം നമ്മുടെ മുമ്പിലുണ്ട്. റഷ്യയും ചൈനയും അറബ്‌ലീഗുമെല്ലാം പ്രതിഷേധവുമായി രംഗത്തുവന്നതും അതുകൊണ്ടാണ്. ലിബിയയുടെ കാര്യത്തില്‍ വലിയ വീഴ്ചയാണ് ഐക്യരാഷ്ട്ര സഭയും കാണിച്ചത്. സമാധാനപരമായ പ്രശ്‌നപരിഹാരത്തിന് യു എന്‍ ഇതുവരെ ഫലപ്രദമായി ഇടപെടാന്‍ സന്മനസ്സ് കാണിച്ചില്ല. ഗദ്ദാഫിക്കെതിരെ രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളില്‍ ജനരോഷം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരുമാസം കഴിഞ്ഞു. വര്‍ഷങ്ങളായി ലിബിയയെ ഉന്നംവെക്കുന്ന അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഇത് വളരെയേറെ സഹായകവുമായി. രണ്ട് ഏകാധിപതികളുടെ നിഷ്‌ക്കാസനം നല്‍കിയ ആവേശമാണ് ലിബിയയില്‍ തെരുവിലിറങ്ങാന്‍ ജനങ്ങള്‍ക്ക് കരുത്തുപകര്‍ന്നത്. ഈ രണ്ടു വസ്തുതകളും മുഖവിലക്കെടുക്കാന്‍ യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യഥോചിതം മുമ്പോട്ടു വന്നിരുന്നുവെങ്കില്‍ ചുരുങ്ങിയ പക്ഷം വിലപ്പെട്ട നിരവധി ജീവനുകള്‍ നഷ്ടപ്പെടുന്നതെങ്കിലും ഒഴിവാക്കാമായിരുന്നു.
ജനങ്ങളെ കണക്കറ്റ് സ്‌നേഹിക്കുന്ന ഭരണാധികാരിയാണെങ്കിലും അധികാരം അനന്തമായി കയ്യടക്കാന്‍ അവസരം ഒത്തുവന്നാല്‍ ജനവിരുദ്ധരും അധര്‍മികളും അഴിമതിക്കാരുമായി മാറുമെന്നതിന് ചരിത്രത്തില്‍ എത്രയോ ഉദാഹരണങ്ങളുണ്ട്. ജനാധിപത്യ വ്യവസ്ഥയുടെ മഹത്വം പല രാഷ്ട്രങ്ങളും മനസ്സിലാക്കുന്നതും അതിനായി കൊതിക്കുന്നതും അതുകൊണ്ടാണ്. എന്തെല്ലാം പോരായ്മകളുണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയുടെ സവിശേഷത പോലും മികച്ച ഉദാഹരണമാണ്. സിറിയയിലും യമനിലും മറ്റ് പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളിലും നടക്കുന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങളില്‍ ഉയരുന്ന ആവശ്യവും ഇതു തന്നെ. ഭരണമാറ്റവും രാഷ്ട്രീയ സ്വാതന്ത്ര്യവുമാണ് എല്ലാവര്‍ക്കും വേണ്ടത്. സ്വേചഛാധിപതികള്‍ ഇതിനെതിരെ രംഗത്തുവരിക സ്വാഭാവികം. സിറിയയിലും യമനിലുമൊക്കെ തോക്കുകളുപയോഗിച്ചാണ് സമരത്തെ അടിച്ചമര്‍ത്തുന്നത്. യമനില്‍ 32 വര്‍ഷമായി അലി അബ്ദുല്ല സ്വാലിഹിന്റെ ഏകാധിപത്യം തുടങ്ങിയിട്ട്. എല്ലാ രാജ്യങ്ങളിലും സമാധാനപരമായി നടക്കുന്ന പ്രക്ഷോഭത്തെയാണ് ഭരണാധികാരികള്‍ ചോരയില്‍ മുക്കിക്കല്ലാന്‍ ശ്രമിക്കുന്നത്. ഈ അവസ്ഥക്ക് തീര്‍ച്ചയായും അറുതിവരണം. വിദേശ സൈന്യത്തിനെതിരെ ഏതറ്റംവരെ പോകാനും തയാറാണെന്ന ഗദ്ദാഫിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യപ്പെടണമെങ്കില്‍ സ്വന്തം ജനതയോടുള്ള ക്രൂരത അദ്ദേഹം അവസാനിപ്പിക്കണം. മാത്രമല്ല അധികാരം ജനങ്ങളെ തിരിച്ചേല്‍പ്പിക്കുകയും വേണം.
No comments:
Post a Comment