Thursday, March 31, 2011

അടിത്തറ ഇളക്കുന്ന അടി രാഷ്ട്രീയം


          മത്സരചിത്രം പൂര്‍ത്തിയായതോടെ ശരിക്കും അടിവെച്ച് അടിവെച്ച് മുന്നേറുകയാണ് പോര്‍ക്കളം. നാട്ടില്‍ ഒഴുക്കാന്‍ ശേഖരിച്ച പാലിന്റേയും തേനിന്റെയും പ്രകടനപത്രിക എല്ലാവരുടെയും കയ്യിലുണ്ട്.  അവ സൗകര്യപൂര്‍വം മാറ്റിവെച്ച് വീണുകിട്ടുന്ന വിവാദങ്ങള്‍ കൊഴുപ്പിക്കുന്നതില്‍ യു ഡി എഫ് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ കയ്യൂക്കിന്റെ രാഷ്ട്രീയം പുറത്തെടുക്കുകയാണ് എല്‍ ഡി എഫ്. വോട്ട് ചെയ്യില്ലെന്ന് പറഞ്ഞ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ഭക്ഷ്യമന്ത്രി സി ദിവാകരനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നു. ഏഷ്യാനെറ്റ് ലേഖകന്‍ പി ഷാജഹാനെ കയ്യേറ്റം ചെയ്തതിന്  നിയമസഭാംഗമായ പി ജയരാജന്‍ അറസ്റ്റ് വരിച്ച് ജാമ്യത്തിലിറങ്ങുകയും ചെയ്തിരിക്കുന്നു. തെരഞ്ഞെടുപ്പ് രംഗത്തെ കലുഷിതമാക്കാന്‍ പോന്ന സംഭവങ്ങളാണിവ രണ്ടും. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കാം. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നുമൊക്കെ മന്ത്രിയും എം എല്‍ എയും വാദിക്കുന്നുണ്ടെങ്കിലും  യു ഡി എഫിനെ സംബന്ധിച്ചെടുത്തോളം എതിര്‍മുന്നണിയെ പ്രതിരോധത്തിലാക്കാന്‍ കിട്ടിയ നല്ല അവസരങ്ങള്‍ തന്നെയാണിവ.

           ഏറ്റവും എളുപ്പം വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള വിഷയങ്ങള്‍ ആര്‍ത്തിയോടെ തെരയുന്നവര്‍ക്ക് ഇത്തരം സംഭവങ്ങള്‍ക്കിനി ദാരിദ്ര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. പ്രചാരണരീതി ഹൈടെക് യുഗത്തിന് ഇണങ്ങുംവിധം പുരോഗമിക്കുമ്പോഴും പ്രചാരണശൈലി കാലഹരണപ്പെട്ടവ തന്നെ. കയ്യേറ്റശ്രമം, ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകളനുസരിച്ചാണ് ദിവാകരനും ജയരാജനുമെതിരെ കേസ്. കേരള ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും ഇത്തരം സംഭവം. ഒരു മന്ത്രി വോട്ടറെ മര്‍ദിക്കുക, മാധ്യമ പ്രവര്‍ത്തകനെ എം എല്‍ എ അടിക്കുക. സമാനതകളില്ലാത്ത ഇത്തരം സംഭവങ്ങള്‍ ജനങ്ങളുടെ പ്രതിഷേധം ജനരോഷം കൂട്ടുകയേ ഉള്ളൂ.  മാധ്യമ ധര്‍മത്തിനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുമെതിരെയുള്ള കടന്നുകയറ്റത്തെ കുറിച്ച് വാചാലരാകുന്നവര്‍ തന്നെ പരിസരബോധമില്ലാതെ പെരുമാറുന്നതാണ് അത്ഭുതകരം.

          ദൃശ്യമാധ്യമങ്ങളുടെ വിശിഷ്യ വാര്‍ത്താ ചാനലുകളുടെ ഗുണഭോക്താക്കള്‍ മുഖ്യമായും രാഷ്ട്രീയക്കാര്‍ തന്നെയാണ്. തെരഞ്ഞെടുപ്പ് വേളകളില്‍ ഇതുവഴി അവര്‍ക്ക് ലഭിക്കുന്ന പബ്‌ളിസിറ്റി അപാരമാണ്. മിക്ക നേതാക്കളുടെയും ജനസേവനമെന്നത് തന്നെ ഉടുത്തൊരുങ്ങി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുക എന്നതായിരിക്കുന്നു. മാധ്യമങ്ങളെ  ഉപയോഗപ്പെടുത്തുന്നതിന്റെ പ്രയോജനവും അവര്‍ക്കും അവരുടെ പാര്‍ട്ടിക്കുമാണ്. കരുതലോടെയും മുന്നൊരുക്കത്തോടെയും മാധ്യമങ്ങളെ  ഉപയോഗപ്പെടുത്തുന്നതിന് പകരം കാഴ്ചക്കാരെ മുഴുവന്‍ ശത്രുക്കളാക്കുന്ന സമീപനം എത്രമാത്രം ആത്മഹത്യാപരമാണ്? ജനങ്ങള്‍ ഉത്തരം തേടുന്ന വിഷയങ്ങളില്‍ പാര്‍ട്ടിയുടെ സമീപനങ്ങളും നയനിലപാടുകളും വിശദീകരിക്കാനും സമര്‍ഥിക്കാനും പ്രേക്ഷകരുടെ സംശയങ്ങള്‍ ദൂരീകരിക്കാനും ലഭിക്കുന്ന സുവര്‍ണാവസരം ദുരുപയോഗപ്പെടുത്തുന്നതിനേക്കാള്‍ വലിയ വിഡ്ഢിത്തം എന്തുണ്ട്? ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്ന  മാധ്യമ പ്രവര്‍ത്തകര്‍ക്കുമുണ്ട് വലിയ ഉത്തരവാദിത്തം.   ആത്മസംയമനത്തോടെയും വിവേകത്തോടെയും അതീവ ജാഗ്രതയോടെയും ചര്‍ച്ചകള്‍ കൈകാര്യംചെയ്യുകയും ക്രോഡീകരിക്കുകയും ചെയ്യുക എന്നതാണത്. ചര്‍ച്ചക്ക് തെരഞ്ഞെടുക്കുന്ന വിഷയങ്ങളില്‍ ലേഖകന്റെ റോളിനെ കുറിച്ചും നല്ല അവബോധം ആവശ്യമാണ്. താനുദ്ദേശിക്കുന്ന മറുപടി ബന്ധപ്പെട്ട നേതാക്കളില്‍ നിന്ന് ലഭിക്കാനുള്ള സമ്മര്‍ദം പ്രകോപനം സൃഷ്ടിക്കുമെന്നതിന് എത്രയോ ഉദാഹരണങ്ങള്‍ നിരത്തിവെക്കാനാവും. മാധ്യമ പ്രവര്‍ത്തകര്‍ ജഡ്ജിമാരായി വിധി പ്രസ്താവിക്കാന്‍ മുതിരുന്നത് തടി കേടാകാനും വഴിവെക്കും.

          ചാനല്‍ ലേഖകനെ ഫോണില്‍ വിളിച്ച് കണ്ണൂര്‍ക്കാരെ നിനക്കറിയില്ലേ എന്ന് ഭീഷണിപ്പെടുത്തിയതും കടന്നകയ്യായിപ്പോയി. ജയരാജന്റെയും മകന്റെയും വാളെടുത്ത പലരുടേയും അനുഭവങ്ങള്‍ മറക്കാന്‍ കാലമായിട്ടില്ല. മുമ്പൊരിക്കല്‍ ഒരു വിഷുദിനത്തില്‍ എതിര്‍ രാഷ്ട്രീയക്കാരുടെ ആക്രമണത്തില്‍ ഒരു കൈ തളര്‍ന്നുപോയ നേതാവാണ് കണ്ണൂര്‍ക്കാരുടെ പേരില്‍ ഊറ്റംകൊള്ളുന്നത്. ഇക്കുറി ഇടതുപക്ഷത്തിന് അനുകൂലമാകാന്‍ സാധ്യതയുള്ള നിഷ്പക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്താനേ ഇത്തരം വിരട്ടല്‍ ഉപയോഗപ്പെടൂ. രാഷ്ട്രീയവൈരത്തിന്റെ പേരില്‍ 340 ഓളം ജീവന്‍ നഷ്ടപ്പെട്ട ജില്ലയാണ് കണ്ണൂര്‍. എന്നാല്‍ അവിടെ ഒഴുകിയ ചോരയുടെ പേരില്‍ ആരും വോട്ടുചോദിക്കാറില്ല. ഇനി കണ്ണൂരില്‍ ചോര വീഴില്ലെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ഥിക്കാനും  ഒരു പാര്‍ടിക്കും തന്റേടമില്ല. കബന്ധങ്ങള്‍ കണ്ട് മടുത്ത അവസ്ഥയിലാണ് സാധാരണക്കാര്‍. സി പി എമ്മും ബി ജെ പിയും മറ്റും രക്തസാക്ഷികളെ പാര്‍ടി ഓഫീസുകളില്‍ അഭിമാനക്കാഴ്ചകളാക്കുമ്പോള്‍ യു ഡി എഫുകാര്‍ അവരെ തള്ളിപ്പറഞ്ഞ് കൈകഴുകും എന്ന വ്യത്യാസം മാത്രം. കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ എത്രയോ ഇരട്ടിയാണ് രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ മൃതപ്രായരായി വീടുകളില്‍ കഴിയുന്നവര്‍.

            കണ്ണൂരിലെന്നല്ല സംസ്ഥാനമാകെ തെരഞ്ഞെടുപ്പ് കാലം ഇപ്പോള്‍ കലികാലമാവുകയാണ്. എതിരാളികളോട് അടങ്ങാത്ത കലി. കുത്തിനോവിക്കാത്ത ആരോപണങ്ങള്‍ക്ക് പകരം നമ്മുടെ നേതാക്കള്‍ക്കെല്ലാം അടങ്ങാത്ത രോഷമാണ്. എല്ലാവര്‍ക്കും ഏറ്റവും കൂടുതല്‍ പറയാനുള്ളത് ജയിലിനെ കുറിച്ചായിരിക്കുന്നു. യു ഡി എഫ് നേതാക്കള്‍ ജയിലില്‍ മുന്നണിയോഗം ചേരേണ്ടിവരുമെന്നാണ് ഇടതുമുന്നണിയുടെ ഭീഷണി.  തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇടത് നേതാക്കള്‍ കൂട്ടത്തോടെ ജയിലിലാകുമെന്ന് യു ഡി എഫും. പരസ്പരം കടിച്ചുകീറുന്ന ഈ ശൈലി പക്ഷെ വോട്ടര്‍മാരോടും മാധ്യമ പ്രവര്‍ത്തകരോടും വേണോ എന്ന്  നേതാക്കള്‍ ക്ഷമാപൂര്‍വം പരിശോധിക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ.
 

No comments:

Post a Comment

Related Posts Plugin for WordPress, Blogger...