Tuesday, May 17, 2011

വെല്ലുവിളികളെ അതിജീവിക്കണം

               മുഖ്യമന്ത്രിസ്ഥാനം തീരുമാനമായതോടെ ആദ്യ കടമ്പ കടന്ന യു ഡി എഫിന് ഭരണം സുഗമമായി നടക്കണമെങ്കില്‍ കടമ്പകള്‍ ഇനിയും ധാരാളംതാണ്ടേണ്ടിവരും.  തെരഞ്ഞെടുപ്പില്‍ വേണ്ടത്ര തിളക്കം ലഭിക്കാതെപോയ വിജയത്തിന് വഴിയൊരുക്കിയ കറുത്ത സത്യങ്ങള്‍ ഭരണത്തിലും മുന്നണിയെ പിന്തുടരാനുള്ള സാധ്യത വളരെ കൂടുതലാണ്.  സീറ്റു വിഭജനത്തിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും കണ്ട അനിശ്ചിതത്വവും അവകാശത്തര്‍ക്കങ്ങളും മന്ത്രിസഭാ രൂപീകരണത്തിലും പ്രകടമാണെന്ന് ഘടകക്ഷി നേതാക്കളില്‍ ചിലരുടെ പ്രസ്താവനകള്‍ തന്നെ വ്യക്തമാക്കുന്നു. വീണ്ടുമൊരു ചാണ്ടി-മാണി തര്‍ക്കത്തിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഉഭയകക്ഷി ചര്‍ച്ചകള്‍ യഥാവിധി തുടരുന്നുണ്ടെങ്കിലും  മന്ത്രിസ്ഥാനങ്ങളില്‍   വിട്ടുവീഴ്ചക്ക് ആരും തയാറാവില്ലെന്നാണ് പുരത്തുവരുന്ന സൂചനകള്‍. വകുപ്പുകളുടെ കാര്യത്തിലുമുണ്ട് ഈ പിടിവാശി.  ധനകാര്യം, റവന്യൂ, കൃഷി, പൊതുമരാമത്ത് വകുപ്പുകള്‍ മാണിക്ക് വേണം. നാലു മന്ത്രിസ്ഥാനവും വേണം.  രണ്ടില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ഏറിയാല്‍ ഒരു ഡപ്യൂട്ടി സ്പീക്കര്‍ പദവിയും അനുവദിക്കാം. സീറ്റു വിഭജനവേളയെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങള്‍. അവസാനം മാണി കീഴടങ്ങുമെങ്കിലും പുകഞ്ഞുകത്താനുള്ള സാധ്യത പിന്നെയും ബാക്കിനില്‍ക്കുമെന്നുറപ്പ്.

              മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കാണിച്ച പക്വത മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിലും കാണിക്കുമെന്നറിയാം. പക്ഷെ വകുപ്പുകളുടെ കാര്യത്തില്‍ ആ മിതത്വം കണ്ടില്ലെന്നും വരും. വിദ്യാഭ്യാസ വകുപ്പ് കാലാകാലങ്ങളായി കൈകാര്യംചെയ്യുന്നത് ലീഗാണ്. അത് ദേശീയപാര്‍ട്ടികള്‍ ഏറ്റെടുക്കണമെന്ന വാദം ശക്തവുമാണ്. അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ലീഗില്‍ നിന്ന്  പ്രതീക്ഷിക്കേണ്ട. 67ല്‍ സപ്തമുന്നണി അധികാരത്തിലേറിയപ്പോള്‍ ലീഗിന്റെ ഏറ്റവും പ്രധാന ആവശ്യം വിദ്യാഭ്യാസ വകുപ്പായിരുന്നു.  കേരളത്തില്‍ ലീഗിനോളം ഈ വകുപ്പ് കൈകാര്യം ചെയ്ത വേറെ പാര്‍ട്ടികളില്ല. എന്തായാലും കേരള കോണ്‍ഗ്രസ്, ലീഗ് പ്രശ്‌നം പരിഹരിക്കാതെ മറ്റ് കക്ഷികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുമാവില്ല. മന്ത്രിസ്ഥാനങ്ങള്‍ വീതം വെച്ചതിന് ശേഷമാകാം വകുപ്പ് വിഭജനം എന്ന് കോണ്‍ഗ്രസ് വാദിക്കുമ്പോള്‍ രണ്ടും ഒരുമിച്ച് വേണമെന്ന് വാദിക്കുന്നവരാണ് ഘടകകക്ഷികളധികവും.

              സോഷ്യലിസ്റ്റു ജനത മന്ത്രിസഭാംഗത്തെ നിശ്ചയിച്ച് മാതൃക സൃഷ്ടിച്ചെങ്കിലും രണ്ടംഗങ്ങള്‍ മാത്രമുള്ള ആ പാര്‍ട്ടി പ്രധാന വകുപ്പുകള്‍ ആവശ്യപ്പെടുന്നത് പലതും കണക്കുകൂട്ടിക്കൊണ്ടു തന്നെയാണ്. രണ്ടു അംഗങ്ങള്‍ കളം മാറാന്‍ തീരുമാനിച്ചാല്‍ ഈ മന്ത്രിസഭയുടെ നിലനില്‍പ് തന്നെ അവതാളത്തിലാകും. അതു തന്നെയാണ് സോഷ്യലിസ്റ്റു ജനതയുടെ കരുത്തും. ഒരു അംഗം മാത്രമേയുള്ളൂവെങ്കിലും ആന്റണി സര്‍ക്കാരില്‍ കൈകാര്യം ചെയ്ത ജലവിഭവ വകുപ്പാണ് ടി എം ജേക്കബ് ആവശ്യപ്പെടുന്നത്. ഗണേശ് കുമാറിന് ആരോഗ്യ വകുപ്പാണെങ്കില്‍ ഷിബു ബേബിജോണിന് തൊഴിലോ ടൂറിസമോ രണ്ടും കൂടിയോ വേണം. എന്നാല്‍ സ്‌പോര്‍ട്‌സും ടൂറിസവും ലഭിക്കാന്‍ സാധ്യതയുണ്ട് താനും. മുഖ്യമന്ത്രിക്കസേരയില്‍ നോട്ടമിട്ട എന്‍ എസ് എസിനെ നിരാശപ്പെടുത്തുന്നതാണ് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയുടെ തീരുമാനം. മുരളീധരന്റെ അനുഭവം  അദ്ദേഹം ഓര്‍ത്തുകാണും. ഭരണം തന്നെ കേവലം നാലുപേരുടെ ഔദാര്യത്തിലാവുമ്പോള്‍ വിശേഷങ്ങള്‍ വിരുന്നു വരാനും സാധ്യതയുണ്ട്.

                മൂന്നുപേരുടെ മാത്രം ഭൂരിപക്ഷത്തില്‍ തിളക്കമാര്‍ന്ന ഭരണം കാഴ്ചവെച്ച ചരിത്രം കേരത്തിന് അവകാശപ്പെട്ടതാണ്. ഭരണമികവും സുതാര്യതയും ജനക്ഷേമവുമായിരുന്നു അത്തരം ഭരണകൂടങ്ങളുടെ മുതല്‍ക്കൂട്ട്. അഴിമതിയും അധികാരദുര്‍വിനിയോഗവും ഭരണാധികാരികളെ അപ്രിയരാക്കുക സ്വാഭാവികമാണ്. ഒരു ഭരണവിരുദ്ധ വികാരം അതിന്റെ  മൂര്‍ധന്യതയിലെത്തിയത് കണ്ടുകൊണ്ടാണ് 2010 വിടപറഞ്ഞതെങ്കില്‍ 2011 പിറന്നത് 2001നും 2006നുമിടല്‍ നടന്ന സംഭവവികാസങ്ങള്‍ പൊടി തട്ടിയെടുക്കാന്‍ ഇടതുമുന്നണിക്ക് അവസരം നല്‍കിക്കൊണ്ടായിരുന്നു. അതോടെ ചിത്രമാകെ മാറി. വിമോചനയാത്രക്ക് ശേഷം 100ല്‍ പരം സീറ്റിന് ജയിക്കുമെന്ന് അവകാശപ്പെട്ട ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും തികച്ചും പ്രതിരോധത്തിലുമായി. ഭരണവിരുദ്ധ വികാരത്തിന്റെ പൊടിപോലും പിന്നെ എവിടെയും കാണാനുണ്ടായിരുന്നില്ല.  നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള തിരുത്തല്‍ നടപടികളുമായി മുമ്പോട്ട് പോകാനാണ് ഇടതുമുന്നണിയുടെയും സി പിഎമ്മിന്റെയും തീരുമാനം.

                68-72 ജനവിധി ഹരിയാനയിലോ ബിഹാറിലോ ആണെന്ന് സങ്കല്‍പിക്കുക. കുതിരക്കച്ചവടത്തിന്റെ മഹാമേളയായിരിക്കും പിന്നെ. കൂടെപ്പോകാന്‍ തയാറുള്ളവര്‍ യു ഡി എഫിലുമുണ്ട്. എന്നാല്‍ കുതിരക്കച്ചവടത്തിനില്ലെന്ന് സി പിഎമ്മും ഇടതുമുന്നണിയും ഫലപ്രഖ്യാപനം വന്ന ഉടനെ തന്നെ വ്യക്തമാക്കുകയുണ്ടായി. ഈ തോല്‍വിയെ അഭിമാനകരമായിട്ടാണവര്‍ കണ്ടത്. ആ യാഥാര്‍ഥ്യവും കൂടി യു ഡി എഫ് ഉള്‍ക്കൊള്ളണം. എല്ലാ സ്ഥാപിത ജാതി മത ശക്തികളെയും സമാഹരിച്ചും കൂടെ നിര്‍ത്തിയും  എല്‍ ഡി എഫിലെ ചില ഘടക കക്ഷികളെ പ്രലോഭിപ്പിച്ച് ഒപ്പം ചേര്‍ത്തും എല്‍ ഡി എഫിനെ തറപറ്റിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ല. മാത്രമല്ല ഈ പ്രതികൂല സാഹചര്യമെല്ലാമുണ്ടായിട്ടും ഇടതുമുന്നണിയെ കാര്യമായി പിരക്കേല്‍പിക്കാനും കഴിഞ്ഞില്ല. ചില മണ്ഡലങ്ങളില്‍ തുഛമായ വ്യത്യാസത്തിനാണ് യു ഡി എഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചതും.

              പുതിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ വസ്തുതകള്‍ പരിഗണിച്ച്  കൊണ്ടാവണം ഭരണം തുടങ്ങേണ്ടത്. നാവടക്കി പണിയെടുക്കുന്ന മന്ത്രിമാരെയും എം എല്‍ എമാരെയുമാണ് നമുക്ക് വേണ്ടത്. പെട്രോള്‍ വില വര്‍ധനവിലൂടെ പൊതുവിപണിയുണ്ടാക്കുന്ന പ്രത്യാഘാതം കണ്ടുകൊണ്ടാണ് യു ഡി എഫ് ഭരണം തുടങ്ങുന്നത് തന്നെ. ഒരു രൂപക്ക് അരി വിതരണം ചെയ്യുമെന്ന പ്രഖ്യാപനത്തെ പോലും ഈ വര്‍ധന അവതാളത്തിലാക്കും. കഴിഞ്ഞ ഭരണത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കില്ല എന്ന പ്രതിജ്ഞയോടെയാവട്ടെ പുതിയ മുഖ്യമന്ത്രിയുടെ തുടക്കം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...