ലോകത്തിന്റെ എല്ലാ കണ്ണുകളും ഇപ്പോള്‍ കാസര്‍ക്കോട്ടാണ്. ജനീവയില്‍ നടന്ന സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്‍ ഭീകരമായ ദുര്‍വിധി വേട്ടയാടുന്ന കാസര്‍ക്കോട്ടുകാര്‍ക്ക് വേണ്ടിയാണ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കാന്‍ വരെ തീരുമാനിച്ചത് എന്ന് വേണമെങ്കില്‍ പറയാം. ഇതുമൂലം രോഗബാധിതരായവരെ രക്ഷിക്കാന്‍ ഭരണകൂടം എണ്ണിയാലൊടുങ്ങാത്ത പരിപാടികളും പദ്ധതികളും ആവിഷ്‌ക്കരിച്ച് മുന്നേറുമ്പോഴാണ് അനാസ്ഥ അലങ്കാരമായി കൊണ്ടുനടക്കുന്നവരുടെ മൃഗരീതികള്‍ വാര്‍ത്തകളില്‍ നിറയുന്നത്. എന്‍ഡോസള്‍ഫാന്‍ മൂലം രോഗബാധിതയായ രണ്ടര വയസ്സുകാരി പ്രജീത സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവം ഉള്‍ത്തടം കിടുങ്ങുന്ന വാര്‍ത്തയാണ്. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നാലുമണിക്കൂറിലേറെ ചികിത്സ ലഭിക്കാതെ വലഞ്ഞ ഈ ബാലിക പിന്നീട് പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്റെ മാത്രമല്ല ആതുരശുശ്രൂഷ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പണക്കൊതിയുടെയും അനാസ്ഥയുടെയും കൂടി ഇരയാണ് പ്രജീത.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ചികിത്സക്ക് കണ്‍സള്‍ട്ടിംഗ് ഫീസ് വാങ്ങാന്‍ പാടില്ലെന്ന നിബന്ധനക്ക് വിരുദ്ധമായി ഡോക്ടര്‍ നൂറുരൂപയും സൗജന്യ സേവനം നല്‍കുന്നതിനു പകരം കുട്ടിയെ കൊണ്ടുപോയതിന് വാടകയായി ആംബുലന്‍സ് ഡ്രൈവര്‍ 200 രൂപയും കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഈടാക്കി. ഡോക്ടറുടെ അനാസ്ഥ മൂലം കുട്ടിയുടെ സ്ഥിതി വഷളായതിനെ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നത്. എന്നിട്ടും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് ഡി വൈ എഫ് ഐ, യൂത്തുകോണ്‍ഗ്രസ്, യൂത്തുലീഗ്,സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനങ്ങളുമായി രംഗത്തുവന്നു. ഡോക്ടര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അന്വേഷണവും ആരംഭിച്ചു. അതിനിടയില്‍ ബന്ധപ്പെട്ട ശിശുരോഗ വിദഗ്ദ്ധനെ മന്ത്രി സസ്‌പെന്റ് ചെയ്യുകയും ചെയ്തു.
എന്‍ഡോസള്‍ഫാന്റെ മറ്റൊരു ഇര ചീമേനിയിലെ ശ്രീധരന്‍ രണ്ടുദിവസം മുമ്പാണ് മരിച്ചത്. അര്‍ബുദരോഗ ബാധിതനായി ആറുവര്‍ഷമായി ഈ യുവാവ് ചികിത്സയിലായിരുന്നു. എന്‍ഡോസള്‍ഫാന്‍ ഉപയോഗം തുടങ്ങിയതു മുതല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ആയിരത്തോളം പേരാണ് കാസര്‍ക്കോട് ജില്ലയില്‍ മരിച്ചുവീണത്. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ മരിച്ചവരുടെ എണ്ണം 527 ആണ്. 1976 മുതലാണ് കാസര്‍ക്കോട്ട് പ്‌ളാന്റേഷന്‍ എന്‍ഡോസള്‍ഫാന്‍ തളി ആരംഭിച്ചത്. അതോടെ ജില്ലയിലെ അന്തരീക്ഷവും ജലാശയങ്ങളും വിഷമയമായി. 11 പഞ്ചായത്തുകളിലായി കോര്‍പ്പറേഷന്റെ അധീനതയിലുള്ള 4700 ഹെക്ടര്‍ കശുഅണ്ടി തോട്ടങ്ങളില്‍ ഈ കീടനാശിനി വിഷമഴയായി പെയ്തിറങ്ങി. ഇരുളിന്റെ ചുരുളുകള്‍ വന്നിറങ്ങിയ അനുഭവം. വ്യാപക പ്രതിഷേധത്തുടര്‍ന്ന് ആകാശത്തുനിന്ന് തളിക്കുന്നത് 2001ല്‍ ഹോസ്ദുര്‍ഗ് മുന്‍സിഫ് കോടതി നിരോധിച്ചു. എന്നാല്‍ അതിനുശേഷവും പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍ മേല്‍പറഞ്ഞ പഞ്ചായത്തകളില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ ആരോപണം. അത് കാസര്‍ക്കോട്ടുകാരുടെ മാത്രമല്ല ഓരോ ഇന്ത്യക്കാരന്റെയും സാമൂഹ്യദുഃഖമായി മെല്ലെ വളര്‍ന്നു. ജനിച്ചുവീഴുന്ന കുഞ്ഞുങ്ങളധികവും വിധിയുടെ ഹസ്തങ്ങളില്‍ നിസ്സഹായരായി. തല വളര്‍ന്നവരും അംഗവൈകല്യം സംഭവിച്ചവരും ബുദ്ധിമാന്ദ്യം ബാധിച്ചവരും അവിടങ്ങളില്‍ സര്‍വസാധാരണമായി.
എന്നാല്‍ അഞ്ചുവര്‍ഷം മുമ്പാണ് സര്‍ക്കാരിന്റെ ശ്രദ്ധ കാസര്‍ക്കോട്ട് പതിഞ്ഞത്. തുടര്‍ന്ന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളുടെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമൊടുവിലാണ് 526 പേരുടെ മരണം എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചത്. 7500 പേരെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പഠനങ്ങള്‍ കണ്ടെത്തി. പ്രതിമാസ പെന്‍ഷനും അരലക്ഷം രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വളരെ കുറച്ചു പേര്‍ക്കേ ഈ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുള്ളൂ.
അതിനിടയിലാണ് ചികിത്സാരംഗത്തെ അനാസ്ഥ നിഷ്‌ക്കളങ്ക ബാല്യങ്ങളുടെ ജീവനപഹരിക്കുന്ന സ്ഥിതിവിശേഷം. പ്രജീതയുടെ വായില്‍നിന്ന് നുരയും പതയും ഒപ്പം ചോരയും വരുന്നത് കണ്ട് പരിഭ്രമിച്ച് ആശുപത്രിയിലെത്തിച്ചപ്പോള്‍ മതിയായ ചികിത്സ പോകട്ടെ അലിവാര്‍ന്ന വാക്കോ നോട്ടമോ പോലും അധികൃതരില്‍നിന്ന് ലഭിച്ചില്ല. ഏറെക്കുറെ മരണാസന്നയായ കുട്ടിയേയും കൊണ്ട് ഡോക്ടറുടെ വീടു തേടി അലയേണ്ടിവന്നിട്ടും അദ്ദേഹം കണ്ണുതുറന്നതുമില്ല. ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും കൃത്യവിലോപം മൂലം രോഗികള്‍ മരിക്കുന്ന ആട്ടക്കഥകള്‍ക്കിവിടെ പഞ്ഞമില്ല. എന്നാല്‍ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ഒരു രോഗത്തിന്റെ ചികിത്സയില്‍ അതും ഒരു കൊച്ചുബാലികയുടെ കാര്യത്തില്‍ ഒരു പവിത്രകര്‍മ്മമെന്ന് കരുതി പങ്കാളിയാകാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാതെ പോകുന്നുവെന്നത് ആരെയും രോഷാകുലരാക്കിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തിയവരെ അന്വേഷിച്ചാല്‍ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്ന് പറയേണ്ടിവരും. മണ്ണും വിണ്ണും വെള്ളവും മലീസമായി നാട് തന്നെ രോഗാതുരമായിട്ടും കണ്ടില്ലെന്ന് നടിച്ചവരാണ് ഇപ്പോള്‍ മദമിളകി ചിന്നംവിളിക്കുന്നത്. ചുമതലാബോധം മറക്കുന്നവര്‍ കുഞ്ചിക സ്ഥാനങ്ങളിലുള്ളവരാവുമ്പോള്‍ ചുവടുകള്‍ പിഴക്കും. ജീവിതം താളംതെറ്റും. ഈ പ്രവണതയില്ലാത്ത ഒരു മേഖലയുമില്ല. ആശുപത്രികളും ഡോക്ടര്‍മാരുമാവുമ്പോള്‍ മനുഷ്യജീവന്‍ കൊണ്ടാണ് കളിക്കുന്നതെന്നതിനാല്‍ ഗൗരവം കൂടുമെന്ന് മാത്രം. സംസ്‌കൃതിക്ക് സംഭവിച്ച ഈ വൃദ്ധിക്ഷയം എന്തായാലും അത്യന്തം ഉല്‍ക്കണ്ഠാജനകം തന്നെ.
മണ്ണും വിണ്ണും വെള്ളവും മലീസമായി നാട് തന്നെ രോഗാതുരമായിട്ടും കണ്ടില്ലെന്ന് നടിച്ചവരാണ് ഇപ്പോള്‍ മദമിളകി ചിന്നംവിളിക്കുന്നത്. :)
ReplyDeletefirst of all banning is not a solution.. if you ban a pesticide, how a farmer is going to survive? control it usage.. yep, how to do that? that a million dollar Q!