Thursday, May 26, 2011

തദ്ദേശവകുപ്പ് വിഭജനം ആര്‍ക്കുവേണ്ടി?



               തദ്ദേശഭരണ വകുപ്പെന്ന പേരില്‍ പഞ്ചായത്തുകളെയും മുന്‍സിപ്പാലിറ്റികളെയും ഗ്രാമവികസനത്തെയും ഒരു വകുപ്പിന്റെ കീഴില്‍ കൊണ്ടുവന്ന ഏക സംസ്ഥാനമാണ് കേരളം. മറ്റ് സംസ്ഥാനങ്ങളിലെല്ലാം മൂന്നോ നാലോ വകുപ്പുകളിലായാണ് പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രവര്‍ത്തനം. അതുകൊണ്ടു തന്നെ തദ്ദേശഭരണത്തിന്റെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെല്ലാം പിന്നോട്ട് പോയപ്പോള്‍ കേരളം വലിയ നേട്ടങ്ങള്‍ കൈവരിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. പഞ്ചായത്ത് രാജ് സംവിധാനം നടപ്പാക്കാനുള്ള 64-ാം ഭരണഘടനാ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ അധികാരം ജനങ്ങളിലേക്ക് എന്നായിരുന്നു രാജീവ് ഗാന്ധി പറഞ്ഞിരുന്നത്. രാജീവ് ഗാന്ധിയുടെ വീക്ഷണം നടപ്പാക്കിയ കേരളം തന്നെ ഇപ്പോള്‍ തദ്ദേശ വകുപ്പിനെ മൂന്നായി കീറിമുറിച്ചിരിക്കുന്നു. കടന്നുപോയ മുന്‍ഗാമികളുടെ മാതൃകകള്‍ പഠിക്കാന്‍ പോലും രാജീവിന്റെ അനുയായികള്‍ നേതൃത്വം നല്‍കുന്ന പുതിയ യു ഡി എഫ് സര്‍ക്കാര്‍ സന്മനസ്സ് കാണിച്ചില്ല. 

                ആസൂത്രണത്തിന്റെയും വികസനത്തിന്റെയും കാര്യത്തില്‍ രാജ്യമെങ്ങും നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം ഒട്ടേറെ വകുപ്പുകളും ഏജന്‍സികളുമായി കൂടിക്കുഴഞ്ഞ് കിടക്കുന്നതാണ്. വകുപ്പുകള്‍ തമ്മിലുള്ള സഹകരണമില്ലായ്മയും ഏകോപനമില്ലായ്മയും താഴെതട്ടിലെ വികസനത്തിന് തടസ്സമാകും. ഇവിടെയാണ് കേരളം വേറിട്ട് നിന്നത്. ഗ്രാമ-നഗര വികസന പ്രവര്‍ത്തനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് വികസനവും ആസൂത്രണവും സമഗ്രമായി മുന്നോട്ട് കൊണ്ടുപോകാന്‍ ഈ കൊച്ചുസംസ്ഥാനത്തിന് മുമ്പ് കഴിഞ്ഞിരുന്നു. 

                കേരളം ജന്മംകൊണ്ടതു മുതല്‍ പിന്തുടരുന്ന ഈ പാരമ്പര്യത്തെ തകിടംമറിച്ചത് കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. അന്ന് പി കെ കെ ബാവക്ക് പഞ്ചായത്ത് വകുപ്പ് നല്‍കി നഗരസഭാ ഭരണം പി കെ കുഞ്ഞാലിക്കുട്ടി ഏറ്റെടുക്കുകയായിരുന്നു. പുതിയ യു ഡി എഫ് മന്ത്രിസഭയിലും ഇതു തന്നെ ആവര്‍ത്തിച്ചിരിക്കുന്നു. സുപ്രധാനമായ വ്യവസായം, ഐ ടി വകുപ്പുകളും അദ്ദേഹത്തിന്റെ കയ്യിലാണ്. മുസ്‌ലിംലീഗിലെ മറ്റ് മന്ത്രിമാര്‍ അത്രയും ത്രാണി കുറഞ്ഞവരാണോ? പൊതുമരാമത്ത് വകുപ്പ് മന്ത്രിയെന്ന നിലയില്‍ മലയാളികളുടെ പ്രശംസ പിടിച്ചുപറ്റിയ എം കെ മുനീറിന് പഞ്ചായത്തിന്റെ മാത്രം ചുമതലയാണ് നല്‍കിയത്. ഗ്രാമവികസനമാകട്ടെ കെ സി ജോസഫിനെ ഏല്‍പിച്ചിരിക്കുന്നു. ഇതുപോലെ തന്നെയാണ് പട്ടികജാതി-പിന്നാക്കവിഭാഗ ക്ഷേമവകുപ്പിന്റെയും വിഭജനം.  തദ്ദേശഭരണത്തില്‍ വലിയ കുഴമറിച്ചിലുകള്‍ക്ക് ഇത് വഴിയൊരുക്കും. വകുപ്പുകള്‍ വിഭജിച്ചു നല്‍കിയതില്‍ ഈ വൈരുധ്യങ്ങള്‍ വേറെയുമുണ്ട്. എന്നാല്‍ തദ്ദേശഭരണത്തിന്റെ കാര്യത്തില്‍ ഒരേ പാര്‍ട്ടിയില്‍ പെട്ട രണ്ടുപേര്‍ക്ക് വകുപ്പുകള്‍ വീതിച്ചുനല്‍കിയത് തീര്‍ച്ചയായും സംശയാസ്പദമാണ്.

               ജനങ്ങള്‍ക്ക് കാര്യക്ഷമമായ ഭരണം ഉറപ്പുനല്‍കുന്നതിനാണ് വകുപ്പുകള്‍ വിഭജിച്ച് നല്‍കുന്നത്. വകുപ്പ് വിഭജനം ഏതെങ്കിലും ഗ്രൂപ്പുകളുടെയോ വ്യക്തികളുടെയോ പാര്‍ട്ടികളുടെയോ താല്‍പര്യസംരക്ഷണത്തിന് വേണ്ടിയാകരുത്. മന്ത്രിമാരായി പരിഗണിക്കപ്പെടുന്നവരുടെ പ്രാഗത്ഭ്യവും പരിഗണിക്കപ്പെടേണ്ടതുണ്ട്. ജനജീവിതവുമായി അഭേദ്യബന്ധമുള്ള വകുപ്പുകള്‍ ദുര്‍ബലര്‍ കൈകാര്യം ചെയ്താല്‍ ബന്ധപ്പെട്ട പാര്‍ട്ടി മാത്രമല്ല സര്‍ക്കാരും വലിയ വില നല്‍കേണ്ടിവരും. എം എ ബേബി തന്നെ മികച്ച ഉദാഹരണം.വിദ്യാഭ്യാസ വകുപ്പ് ഭരിച്ച് അദ്ദേഹം കുളമാക്കിയപ്പോള്‍ ഇടതുമുന്നണിക്ക് അത് വലിയ തിരിച്ചടിയായി.

               സ്ത്രീശാക്തീകരണത്തിലൂടെ  സംസ്ഥാനത്തെ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ വലിയ പങ്ക് വഹിച്ച കുടുംബശ്രീയുടെ പ്രവര്‍ത്തനത്തെ തദ്ദേശവകുപ്പ് വിഭജനം പ്രതികൂലമായി ബാധിക്കും. തദ്ദേശമന്ത്രിയുടെ അധ്യക്ഷതയിലുള്ളതാണ് കുടുംബശ്രീയുടെ നിര്‍വാഹക സമിതി. ജില്ലാ മിഷനുകളാണ് നഗര, ഗ്രാമ വ്യത്യാസമില്ലാതെ കുടുംബശ്രീയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. നഗരസഭകളും പഞ്ചായത്തുകളും വ്യത്യസ്ത വകുപ്പുകളുടെ കീഴിലാകുന്നതോടെ പദ്ധതി നിര്‍വഹണം അവതാളത്തിലാകുമെന്നുറപ്പാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, സ്വര്‍ണജയന്തി റോസ്ഗാര്‍ യോജന, പുതുതായി നിലവില്‍ വന്ന നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ തുടങ്ങിയ കേന്ദ്രപദ്ധതികളിലൂടെ കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് പ്രതിവര്‍ഷം കേരളത്തിലെത്തുക. തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രം ഈ വര്‍ഷം 1100 കോടിയുടെ പദ്ധതി കേരളത്തില്‍ നടപ്പാക്കേണ്ടതുണ്ട്. 1400 കോടിയോളം ബാങ്ക് വായ്പയെടുത്തിട്ടുള്ള കുടുംബശ്രീയുടെ തിരിച്ചടക്കല്‍ശേഷിയെ വകുപ്പു വിഭജനം എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ പറയാനുമാവില്ല.

               മിക്ക പദ്ധതികളും നഗരസഭകളും പഞ്ചായത്തുകളും ഏകോപിച്ച് ചെയ്യേണ്ടവയാണ്. നഗരവികസനത്തില്‍ വലിയ തടസ്സം സൃഷ്ടിക്കുന്നത് ലക്കുംലഗാനുമില്ലാത്ത കെട്ടിട നിര്‍മാണമാണ്. കെട്ടിട നിര്‍മാണ മാഫിയ ഇപ്പോള്‍ വളരെ ശക്തവുമാണ്. ആ വകുപ്പില്‍ കണ്ണുവെച്ചുകൊണ്ടുള്ള കളി സര്‍ക്കാരിന്റെ അടിക്കല്ലിളക്കാന്‍ പോലും പോന്നതാണ്. വകുപ്പ് വിഭജനത്തില്‍ വേണ്ടത്ര ജാഗ്രത ലീഗോ കോണ്‍ഗ്രസോ പുലര്‍ത്തിയിട്ടില്ലെന്ന ആരോപണം വളരെ ശക്തവുമാണ്. മൂന്ന് എം എല്‍ എമാര്‍ പനിപിടിച്ച് കിടന്നാല്‍  തീരാവുന്നതേയുള്ളൂ ഉമ്മന്‍ചാണ്ടിയുടെ ഭരണം. അതോടെ ഭരണത്തിന്റെ എല്ലാ ആഢ്യത്വവും അറബിക്കടലില്‍ ഒഴുകിപ്പോവുകയും ചെയ്യും. തദ്ദേശവകുപ്പ് വിഭജനം റദ്ദാക്കുന്നതിന് പകരം മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് ചെയ്ത തെറ്റ് മറച്ചുവെക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് മുഖ്യമന്ത്രി ഓര്‍ക്കണം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...