Friday, May 27, 2011

നൂറുദിന പരിപാടിയുമായി യു ഡി എഫ് വീണ്ടും


               നൂറു ദിവസത്തിനകം നടപ്പാക്കാനുള്ള കര്‍മപരിപാടികള്‍ക്ക് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കളക്ടര്‍മാരുടെ യോഗം രൂപം നല്‍കിയിരിക്കുന്നു. യു ഡി എഫ് സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം അധികാരമേറ്റപ്പോള്‍ തന്നെ അപ്രതീക്ഷിതമായി തിക്കിക്കയറിവന്ന പ്രശ്‌നങ്ങളില്‍നിന്ന് തല്‍ക്കാലം തലയൂരാന്‍  പദ്ധതികള്‍ സൗകര്യമൊരുക്കുമെന്നതിനാല്‍ മാത്രമല്ല റവന്യൂമന്ത്രിയുടെ പുതിയ ശ്രമങ്ങള്‍ ശ്‌ളാഘിക്കപ്പെടുക. വൈകാരിക പ്രാധാന്യത്തേക്കാള്‍ അടിസ്ഥാന വിഭാഗത്തിന് സമാശ്വാസം നല്‍കുകയെന്ന ലക്ഷ്യവും കൂടി ഈ പ്രഖ്യാപനങ്ങളിലുണ്ട്. ഭൂരഹിതരായ 6037 ആദിവാസി കുടുംബങ്ങള്‍ക്ക് നൂറുദിവസത്തിനുള്ളില്‍ വനാവകാശ നിയമപ്രകാരം ഭൂമി നല്‍കുകയെന്നതാണ് അതില്‍ മുഖ്യം. മിനിമം ഓരേക്കറും പരമാവധി പത്ത് ഏക്കറും ഇപ്രകാരം വിതരണം ചെയ്യുന്നതാണ്. ഇതിനാവശ്യമായ ഭൂമി തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഉണ്ടായിരുന്ന ഭൂമി അന്യാധീനപ്പെട്ട 943 ആദിവാസി കുടുംബങ്ങള്‍ക്കും ഭാഗികമായി തുണ്ടുഭൂമി മാത്രമുള്ള 1169 കുടുംബങ്ങള്‍ക്കും ആറുമാസത്തിനകം ഭൂമി കണ്ടെത്തി വിതരണം ചെയ്യാനാണ് പരിപാടി. ഇതൊന്നും ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനുള്ള പൊടിക്കൈകളല്ലെങ്കില്‍ തീര്‍ച്ചയായും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തിളക്കം വര്‍ധിപ്പിക്കുക തന്നെ ചെയ്യും. ആദിവാസി ഭൂമി പ്രശ്‌നത്തില്‍ ഇരുമുന്നണികള്‍ക്കുമുള്ള ആത്മാര്‍ഥതയെ ജനം സംശയദൃഷ്ട്യാ വീക്ഷിക്കുന്ന സാഹചര്യത്തില്‍ പ്രഖ്യാപനം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് തന്നെ കരുതാം. 

               സംസ്ഥാനത്ത് 1957ലെ മന്ത്രിസഭ തൊട്ട് ഇടതു-വലതു മുന്നണി ഭരണങ്ങള്‍ തമ്മില്‍ അടിസ്ഥാന നയങ്ങളില്‍ കാതലായ വ്യതിയാനങ്ങളൊന്നുമില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയാന്‍ തുടങ്ങിയിട്ടുണ്ട്. നവ ഉദാരനയങ്ങളുടെ വരവോടെ രണ്ടും എല്ലാ അര്‍ഥത്തിലും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളായി. അതുകൊണ്ട് ഒന്നിന്റെ തുടര്‍ച്ചയായി മറ്റൊന്ന് എന്ന രീതിയില്‍ രണ്ടു മുന്നണികളും മാറിമാറി ഭരിക്കുന്ന അവസ്ഥയുണ്ടായി. സ്വാശ്രയ വിദ്യാഭ്യാസമാകട്ടെ സ്മാര്‍ട്ട് സിറ്റിയാകട്ടെ ടാറ്റയും ഡാല്‍മിയയും ഉള്‍പ്പെടെ ഭൂമാഫിയകളെ പരിരക്ഷിക്കുന്ന കാര്യമാകട്ടെ ഭരണരംഗത്തെ അഴിമതിയാകട്ടെ രണ്ടു കൂട്ടരുടെയും തുടര്‍ നയങ്ങളായി. പാര്‍ലമെന്ററി ജനാധിപത്യത്തെ പരമാവധി പ്രയോജനപ്പെടുത്തി നിക്ഷിപ്ത താല്‍പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമായി ഇരുമുന്നണികളുടെയും ലക്ഷ്യം.

               കഴിഞ്ഞ തവണ ആന്റണി രാജിവെച്ചതിനെതുടര്‍ന്ന് അധികാരമേറ്റ ഉമ്മന്‍ചാണ്ടി അന്നും നൂറു ദിവസത്തെ അതിവേഗം ബഹുദൂരം പരിപാടി ആവിഷ്‌കരിച്ചിരുന്നു. ജനങ്ങളില്‍നിന്ന് പരാതി നേരിട്ട് സ്വീകരിച്ച് ഉടന്‍ പരിഹാരം കാണുന്ന ആ പദ്ധതി വലിയ മതിപ്പുളവാക്കുകയും ചെയ്തു. എന്നാല്‍ നൂറുദിവസം പിന്നിട്ടപ്പോള്‍ ഭരണം പഴയ മൂശയിലേക്ക് തന്നെ തിരിച്ചുപോയി. തുടര്‍ന്ന് ഒന്നരവര്‍ഷത്തിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫ് ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു. അതുകൊണ്ട് നൂറുദിവസത്തെ പദ്ധതിയിലൂടെ കൈവരിക്കുന്ന നേട്ടം അഞ്ചുകൊല്ലവും തുടര്‍ന്നു നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്.

               എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് അവിടെതന്നെ വിദഗ്ധചികിത്സ ലഭ്യമാക്കുന്നതിന് ദുരിതമേഖലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി  തുടങ്ങാനുള്ള സര്‍ക്കാര്‍ ശ്രമത്തെ അഭിനന്ദിക്കുക തന്നെ വേണം. ദുരിത മേഖലയിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ചുകൊണ്ടുവരുന്നതും സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള പ്രതിബദ്ധയെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്റ്റോക്‌ഹോം കണ്‍വെന്‍ഷനിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ച ഒരു വിഷയത്തില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളും ആഗോളസമൂഹം സ്വാഭാവികമായും ശ്രദ്ധിക്കുമല്ലോ.

                കെട്ടിട നിര്‍മാണരംഗത്ത് വലിയ വെല്ലുവിളിയുയര്‍ത്തിയ മണലിന്റെ ലഭ്യത ഉറപ്പുവരുത്താനുള്ള സര്‍ക്കാര്‍ നീക്കവും ആവേശകരമായ ചുവടുവെപ്പായി വിശേഷിപ്പിക്കപ്പെടും. ഇതിന്റെ ഭാഗമായി മൂന്ന് മാസത്തിലൊരിക്കല്‍ കബനി, ഭാരതപ്പുഴ, ചാലക്കുടി,കരമന, ഇത്തിക്കര, വാമനപുരം നദികളില്‍ സര്‍വെ നടത്തി മണല്‍ ലഭ്യത പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക എഞ്ചിനീയറിംഗ് കോളജുകളുടെ സഹകരണത്തോടെയായിരിക്കും ഈ സര്‍വെ. മണലിന്റെ നിലവിലുള്ള തീവില നിയന്ത്രിക്കുന്നതിനും നിര്‍മാണരംഗത്തെ പ്രതിസന്ധി പരിഹരിക്കുന്നതിനുമായി അന്യസംസ്ഥാനത്തുനിന്ന് സര്‍ക്കാര്‍ ലേലത്തില്‍ മണല്‍ എത്തിക്കാനും പരിപാടിയുണ്ട്. എല്ലാ അവിഹിത വഴികളും അടച്ചുകൊണ്ടായിരിക്കണം ഈ നടപടിയെന്ന് മാത്രം. അല്ലാത്തപക്ഷം മണല്‍ വില വീണ്ടും ഉയരുകയും ഇടത്തട്ടുകാര്‍ തടിച്ചുകൊഴുക്കുകയും ചെയ്യും. ദുഷ്‌പേര് മുഴുവന്‍ സര്‍ക്കാര്‍ ചുമക്കേണ്ടിവരികയും ചെയ്യും.

               മൂന്നാറില്‍ ഇടതുമുന്നണിയുടെ ശൈലിയില്‍ അക്രമം നടത്താന്‍ യു ഡി എഫ് തയാറല്ല. അക്രമമില്ലാതെ തന്നെ കയ്യേറ്റം അവസാനിപ്പിക്കാനാണ് പരിപാടി. സ്വകാര്യവ്യക്തികള്‍ നടത്തിയതാണെങ്കിലും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആണെങ്കിലും അതിനെ കയ്യേറ്റമായി തന്നെ കാണുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഏവരും സ്വാഗതം ചെയ്യും. വിവിധ ജില്ലകളിലെ കയ്യേറ്റങ്ങളെ സംബന്ധിച്ച് കളക്ടര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നടപടിയെടുക്കാനുള്ള തീരുമാനവും സര്‍ക്കാരിനെ കുറിച്ചുള്ള മതിപ്പ് വര്‍ധിപ്പിക്കുകയേ ഉള്ളൂ. അനധികൃതമായ കയ്യേറ്റങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ജനങ്ങളുടെ സമ്മതത്തോടെയായിരിക്കണം വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കേണ്ടത്. ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കുന്ന നൂറുദിന കര്‍മപരിപാടി വളര്‍ച്ചയുടെ വഴിവിളക്കുകള്‍ കത്തിച്ചുനിര്‍ത്താന്‍ ഉതകും വിധമായിരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...