Tuesday, May 10, 2011

സത്യം കിളച്ചെടുക്കാന്‍ സുപ്രീംകോടതി


               പഞ്ചേന്ദ്രിയങ്ങളെ പിടിച്ചുകുലുക്കിയ വിധിയായിരുന്നു കഴിഞ്ഞ വര്‍ഷം സപ്തമ്പര്‍ 30 ന് അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ചത്. ബാബരി മസ്ജിദ് ഭൂമിയില്‍ മൂന്നിലൊന്ന് മാത്രം മുസ്‌ലിംകള്‍ക്കും ബാക്കി ഭാഗം രാമജന്മഭൂമി ന്യാസ്, നിര്‍മോഹി അഖാഡ എന്നിവര്‍ക്കുമായി വിഭജിച്ചുകൊടുത്തുകൊണ്ടുള്ള വിധി നിശിതമായ കിടുകിടുപ്പോടെയാണ് രാഷ്ട്രം ശ്രവിച്ചത്. ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തെളിവുകളെല്ലാം കരിയിലപോലെ അടിച്ചുകൂട്ടി നിത്യവിശ്വസ്തരായി ആദരിച്ചുവന്ന ന്യായാധിപന്മാര്‍ കത്തിച്ചുകളഞ്ഞത് കണ്ടപ്പോള്‍ അമ്പരന്നുപോയി. അലഹബാദ് ഹൈകേടതി വിധി ആശ്ചര്യജനകവും വിചിത്രവുമാണെന്ന് ഇന്നലെ ഇതുസംബന്ധിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ച  സുപ്രീംകോടതിയും ചൂണ്ടിക്കാട്ടിയപ്പോഴാണ് സത്യമിപ്പോഴും അന്തര്‍വാഹിനിയായി ഭൂമിക്കടിയിലൂടെ ഒഴുകുന്നുണ്ടെന്ന് ബോധ്യമായത്. മാത്രമല്ല പള്ളി നിലനിന്ന അയോധ്യയിലെ 2.77 ഏക്കര്‍ സ്ഥലം മൂന്നായി ഭാഗിക്കണമെന്ന ഹൈകോടതി വിധി സുപ്രീംകോടതി  സ്റ്റേ ചെയ്യുകയും ചെയ്തു.
 
               കേന്ദ്ര സുന്നി വഖഫ്‌ബോര്‍ഡ്, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്, നിര്‍മോഹി അഖാഡ, അഖില്‍ ഭാരത് ഹിന്ദു മഹാസഭ എന്നിവരാണ് അലഹബാദ് ഹൈകോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഭഗവാന്‍ രാം വിരാജ്മാന്‍ എന്ന പേരില്‍ മറ്റൊരു ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ലക്‌നൗ ബെഞ്ചിന്റെ വിധി തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല. വിശ്വാസങ്ങള്‍ മാത്രം കണക്കിലെടുത്തുകൊണ്ടുള്ളതായതിനാല്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് മുസ്‌ലിം സംഘടനകള്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചത്. മസ്ജിദ് ഭൂമി വിഭജിച്ച് വീതിക്കണമെന്ന് ഹര്‍ജിക്കാരാരും കോടതിയോട് ആവശ്യപ്പെട്ടിരുന്നില്ല. ഹര്‍ജിക്കാര്‍ ആവശ്യപ്പെടാത്ത പുതിയൊരു തീരുമാനമാണ് ഹൈകോടതി പുറപ്പെടുവിച്ചതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടുകയുണ്ടായി.

               ഉടമസ്ഥാവകാശ രേഖകളുടേയും നിയമത്തിന്റെയും അടിസ്ഥാനത്തില്‍ വിധി ലഭിക്കുന്നതിന് വേണ്ടിയാണല്ലോ എല്ലാവരും നീതിപീഠത്തെ സമീപിക്കുന്നത്. ആറുപതിറ്റാണ്ടായി ഇതിനുവേണ്ടി മുസ്‌ലിംകള്‍ കോടതികള്‍ കയറിയിറങ്ങുന്നു. അതിനിടയിലാണ് തര്‍ക്കഭൂമിയില്‍ ക്ഷേത്രത്തിനായി ശിലാന്യാസം അനുവദിച്ചതും പള്ളി തകര്‍ക്കപ്പെട്ടതും. ഇന്ത്യയുടെ ബഹുസ്വരതയെ സാരമായി ബാധിച്ച സംഭവങ്ങളായിരുന്നു ഇവ. കോടതി തീര്‍പ്പ് വരെ കാത്തുനില്‍ക്കാനാണ് മുസ്‌ലിംകള്‍ തീരുമാനിച്ചത്. എന്നാല്‍ രേഖകള്‍ പരിഗണിക്കപ്പെടാതെ പോയി. രാമജന്മഭൂമിയെന്നായിരുന്നു  ഹൈകോടതിയുടെ കണ്ടെത്തല്‍. 1993ല്‍ അയോധ്യയിലെ  തര്‍ക്കഭൂമിയായ 67 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.

                എന്നാല്‍ രാമജന്മഭൂമിയെന്ന് ഹൈകോടതി  കണ്ടെത്തിയ പ്രദേശത്ത് മറ്റുള്ളവര്‍ക്ക് അവകാശം അനുവദിക്കുന്നത് നീതിനിഷേധമാണെന്ന വാദമാണ് അഖില്‍ ഭാരത് ഹിന്ദു മഹാസഭയും നിര്‍മോഹി അഖാഡയും സുപ്രീകോടതി മുമ്പാകെ  ഉന്നയിച്ചത്. എന്നാല്‍ 67 ഏക്കര്‍ ഭൂമിയിലും നിലവിലെ സ്ഥിതി തുടരാനാണ് ഉന്നത നീതിപീഠം നിര്‍ദേശിച്ചിരിക്കുന്നത്.

               ജസ്റ്റിസുമാരായ അഫ്താബ് ആലം, എ എം ലോധ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചഗണിച്ചതും ഹൈകോടതി വിധിയിലെ വിചിത്ര വീക്ഷണങ്ങളെ ആശയക്കുഴപ്പം സൃഷ്ടിക്കുന്നവയായി വിമര്‍ശിച്ചതും. ഹൈകോടതിയില്‍ കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിലെ മൂന്നു ജഡ്ജിമാരും പ്രത്യേകം വിധികള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇതില്‍ ജസ്റ്റിസുമാരായ എസ് യു ഖാനും സുധീര്‍ അഗര്‍വാളും ഭൂമി മൂന്നായി ഭാഗിക്കാന്‍ വിധിച്ചപ്പോള്‍ ഭൂമി മുഴുവന്‍ ഹിന്ദുക്കള്‍ക്ക് നല്‍കാനാണ് ജസ്റ്റിസ് ശര്‍മ്മയുടെ വിധി. രണ്ടു ജഡ്ജിമാരുടെ ഭൂരിപക്ഷ വിധിയില്‍ മസ്ജിദിന്റെ മധ്യത്തിലുള്ള താഴികക്കുടത്തിന് താഴെ രാമജന്മഭൂമിയാണെന്ന് വിധിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അരാജകത്വത്തിന്റെ ഉന്മാദം പൂണ്ട മനസ്സുകളെ ഈ വിധി ഏറെ ആഹ്‌ളാദിപ്പിച്ചിരിക്കാമെങ്കിലും  സുപ്രീംകോടതിയുടെ നിരീക്ഷണങ്ങള്‍, പ്രസ്തുത വിധി കുത്തിമുറിവേല്‍പ്പിച്ച ഹൃദയങ്ങള്‍ക്ക് ചെറിയ ആശ്വാസമൊന്നുമല്ല പകര്‍ന്നുനല്‍കുന്നത്.

               രാജ്യത്തെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ഇച്ഛാശക്തിയില്ലായ്മയാണ് അയോധ്യാ പ്രശ്‌നം ഇത്രയും വഷളാക്കിയത്. ഈ വിഷയത്തില്‍ നിയമവശം വളരെ വ്യക്തവുമായിരുന്നു. അലഹബാദ് ഹൈക്കോടതി സത്യം കിളച്ചെടുക്കുന്നതിനു പകരം ഒരു മധ്യസ്ഥന്റെ റോളാണ് എടുത്തത്. അങ്ങനെയെങ്കില്‍ 60 വര്‍ഷം കാത്തിരിക്കണമായിരുന്നില്ല. സര്‍ക്കാര്‍ മുന്‍കയ്യെടുത്താല്‍ ഇതിനേക്കാള്‍ മെച്ചപ്പെട്ട തീരുമാനം ഉരുത്തിരിയുമായിരുന്നു. രാഷ്ട്രീയകക്ഷികള്‍ക്ക് പ്രശ്‌നങ്ങള്‍ ഒതുക്കിതീര്‍ക്കുന്നതിനേക്കാള്‍   കലക്കിക്കോരാനാണല്ലോ താല്‍പര്യം. ലക്‌നൗ ബെഞ്ചിന്റെ വിധിയിലെ അരുതായ്മകള്‍ ചൂണ്ടിക്കാട്ടാനോ പ്രതികരിക്കാനോ സര്‍ക്കാര്‍ തയാറാവാതിരുന്നതിന്റെ ഗുട്ടന്‍സും ഊഹിക്കാവുന്നതേയുള്ളൂ.

               ഹൈകോടതി വിധിക്കെതിരെ സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നിയമപരിരക്ഷയുടെ അങ്കി തുന്നിക്കൊടുത്തിരിക്കുന്നുവെന്ന് പറയാം. നീതിന്യായ വ്യവസ്ഥയുടെ കുലീനസൗന്ദര്യം രാജ്യത്തുനിന്ന് കുടിയിറങ്ങിപ്പോയിട്ടില്ലെന്നാണ് കേസ് കേള്‍ക്കുന്ന ജഡ്ജിമാര്‍ വിളംബരം ചെയ്തിരിക്കുന്നത്. ഈ കേസിന്റെ യഥാര്‍ഥ വിജയത്തിനു വേണ്ടി ആഞ്ഞുതുഴയുന്നവര്‍ക്ക് ആശ്വസിക്കാനും ആഹ്‌ളാദിക്കാനും ധാരാളം വകയുണ്ട്.


No comments:

Post a Comment

Related Posts Plugin for WordPress, Blogger...