ആവേശം അണപൊട്ടിയൊഴുകിയ ചടങ്ങില്‍ 13പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതോടെ ഉമ്മന്‍ചാണ്ടിമന്ത്രിസഭയുടെ അംഗസംഖ്യ 20 ആയി ഉയര്‍ന്നു. കേരളത്തിന് താങ്ങാവുന്നതിലധികമാണിത്. ഇനിയും മന്ത്രിമാരെ തിരുകിക്കയറ്റിയാല്‍ കേരളം മുഖം തിരിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഒമ്പതു പേരും ലീഗില്‍നിന്ന് മൂന്ന് പേരും കേരളാ കോണ്‍ഗ്രസില്‍നിന്ന് ഒരാളുമാണ് രണ്ടാംഘട്ടത്തില്‍ തിങ്കളാഴ്ച സത്യവാചകം ചൊല്ലിയത്. മുസ്‌ലിംലീഗ് സ്വയം പ്രഖ്യാപിച്ച 21-ാം മന്ത്രിയെ നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ ലീഗ് സ്വയം നാണംകെട്ടു. ഇക്കാലമത്രയും ഉയര്‍ത്തിപ്പിടിച്ച സല്‍പേര് ഇതുവഴി കളഞ്ഞുകുളിക്കുകയും ചെയ്തു. ആരോടും ആലോചിക്കാതെ മന്ത്രിയെ പ്രഖ്യാപിക്കുക വഴി മുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ കൂടി എതിര്‍പ്പ് പിടിച്ചുവാങ്ങുകയാണ് സത്യത്തില്‍ ലീഗ് ചെയ്തത്. യു ഡി എഫില്‍ ഒരു പ്രതിസന്ധിയുമില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രിയുട വാക്കുകളെ തല്‍ക്കാലം മുഖവിലക്കെടുക്കാം.മന്ത്രിസഭ രൂപീകരണവുമായി ഉയര്‍ന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ മാസം 30ന് യു ഡി എഫ് യോഗം ചേരുന്നുണ്ട്. അടുത്തമാസം ഒന്നിന് തന്നെ നിയമസഭയും ചേരും.
പ്രഥമ സമ്പൂര്‍ണ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങളത്രയും ഗംഭീരമായി. കഴിഞ്ഞ സര്‍ക്കാരിന് ചെയ്യാന്‍ കഴിയാതെപോയ നിരവധി കാര്യങ്ങളാണ് ചാണ്ടി മന്ത്രിസഭ ആദ്യയോഗത്തില്‍ തന്നെ നടപ്പാക്കാന്‍ നടപടികള്‍ക്ക് തുടക്കമിട്ടത്. എന്‍ഡോസള്‍ഫാന്‍ നിരോധനം, ലോട്ടറി പ്രശ്‌നം, ശബരിമല അടിസ്ഥാന സൗകര്യവികസനം, മൂലമ്പിള്ളി പാക്കേജ് എന്നിവ ചര്‍ച്ച ചെയ്യാന്‍ ഉന്നത തല യോഗം വിളിക്കാന്‍ തീരുമാനമായി. ചെങ്ങറ പാക്കേജ് സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഇതേ പറ്റി പഠിച്ച് റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ വെക്കാന്‍ റവന്യൂമന്ത്രിയെ ചുമതലപ്പെടുത്തിയിരിക്കുന്നു. എം എല്‍ എ മാര്‍ക്ക് ഇപ്പോള്‍ നല്‍കുന്നതുപോലെ എം പിമാര്‍ക്കും അവരുടെ മണ്ഡലത്തിലെ കാര്യങ്ങളില്‍ സഹായിക്കാന്‍ ഒരു സര്‍ക്കാര്‍ ജീവനക്കാരനെ ഡപ്യൂട്ടേഷനില്‍ നല്‍കുന്നതാണ്. മന്ത്രിമാരല്ലാത്ത എല്ലാ എം പിമാര്‍ക്കും ഈ സൗകര്യം ലഭിക്കും. സംസ്ഥാനത്തെ മുഴുവന്‍ ബി പി എല്‍ കുടുംബങ്ങള്‍ക്കും ഓണസമ്മാനമായി ഒരു രൂപക്ക് അരി കൊടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഈ മാസം 31ന് കാലാവധി തീരുന്ന റാങ്ക് ലിസ്റ്റുകള്‍ ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചതും ഉചിതമായി. കിളിരൂര്‍ കേസിലെ ശാരിയുടെ കുടുംബത്തിന് രണ്ടുലക്ഷം രൂപ ഇടതുസര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പുറമെ മൂന്നു ലക്ഷം രൂപ കൂടി നല്‍കുന്നതാണ്.
എന്നാല്‍ ഇതിനേക്കാളെല്ലാം പ്രധാനപ്പെട്ടതാണ് സാമൂഹിക നീതി. സാമൂഹിക നീതിയാണ് കേരളത്തിന്റെ അടിത്തറയെന്ന് മുഖ്യമന്ത്രി തന്നെ ആവര്‍ത്തിച്ച് സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ കൃഷി ചെയ്യാനും അന്തിയുറങ്ങാനുമുള്ള ഭൂമിക്ക് വേണ്ടി സമരം ചെയ്ത അടിസ്ഥാന ജനതയെ മുത്തങ്ങയില്‍ ക്രൂരമര്‍ദനത്തിന് വിധേയമാക്കിയത് എ കെ ആന്റണി നേതൃത്വംനല്‍കിയ യു ഡി എഫ് സര്‍ക്കാരായിരുന്നു. ഭൂമിയുടെ ജനാധിപത്യപരമായ പുനര്‍വിതരണത്തിന് പുതിയ സര്‍ക്കാര്‍ തയാറായാല്‍ അത് സമൂഹിക നീതിക്ക് വേണ്ടിയുള്ള ചുവടുവെയ്പായി വിലയിരുത്തപ്പെടും. സംസ്ഥാന റജിസ്‌ട്രേഷന്‍ ഐ ജി ഒരുമാസം മുമ്പ് വിരമിച്ചപ്പോല്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക മന്ദിരത്തില്‍ ചാണകവെള്ളം തളിച്ചത് ഈ കേരളത്തിലാണ്. ദലിത് വനിതാ ജീവനക്കാരിയെ പീഡിപ്പിച്ചത് കൊല്ലത്തെ ആശ്രാമം ഗസ്റ്റ്ഹൗസില്‍ വെച്ചാണ്.പ്രതികരിക്കാനെത്തിയ ദലിത് സ്ത്രീകളെ ജാമ്യം നിഷേധിച്ച് ജയിലിലടച്ചു. അപ്പോഴൊന്നും തങ്ങള്‍ ഈ നാട്ടുകാരല്ലെന്ന ഭാവമായിരുന്നു യു ഡി എഫിന്.
ജാതി-സമുദായ സംവരണം അട്ടിമറിച്ച് സാമ്പത്തിക സംവരണം തിരുകിക്കയറ്റി സംവരണ തത്വങ്ങളില്‍ വെള്ളം ചേര്‍ത്തത് കഴിഞ്ഞ യു ഡി എഫ് സര്‍ക്കാരായിരുന്നു. നരേന്ദ്രന്‍ പാക്കേജില്‍ ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തിയതിനോടുള്ള അമര്‍ഷമായിരുന്നു യു ഡി എഫിന്റെ കഴിഞ്ഞ തവണത്തെ തോല്‍വിക്ക് ആധാരം. ബാക്ക്‌ലോഗ് നികത്താനും സംവരണം അര്‍ഹതപ്പെട്ട സമുദായങ്ങള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും പുതിയ ഗവണ്‍മെന്റിന് തീര്‍ച്ചയായും കഴിയണം.
പ്രതികാരത്തോടെയുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശ്‌ളാഘനീയം തന്നെ. അതേ സമയം നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന് ആണയിട്ടതുകൊണ്ട് കാര്യമില്ല. അതിന് തടസ്സം നില്‍ക്കുന്നവരെ ശക്തിയുക്തം തടയുകയും വേണം. പലപ്പോഴും കള്ളന് കഞ്ഞിവെച്ചു കൊടുക്കുന്ന സമീപനമാണ് ഭരണാധികാരികള്‍ സ്വീകരിച്ച് കാണുന്നത്. സ്വന്തം മന്ത്രിസഭയില്‍ പകുതി കള്ളന്മാരും ബാക്കി അവര്‍ക്ക് കഞ്ഞിവെച്ചവരുമാണെന്ന ധാരണയാണ് മുന്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ സൃഷ്ടിച്ചത്. അതോടൊപ്പെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നന്നായി പ്രവര്‍ത്തിച്ചവരും അക്കൂട്ടത്തിലുണ്ട്. അവരെയാണ് പുതിയ മന്ത്രിമാര്‍ മാതൃകയാക്കേണ്ടത്.
ക്രിസ്ത്യാനികളും മുസ്‌ലിംകളും നയിക്കുന്ന മന്ത്രിസഭയെന്ന ഗുരുതരമായ ആരോപണം ഇപ്പോള്‍ തന്നെ ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. ഇത്തരം പ്രചാരണത്തിന് അവസരം നല്‍കാതിരിക്കാന്‍ മുഖ്യമന്ത്രിയാണ് ശ്രദ്ധിക്കേണ്ടത്. മുസ്‌ലിംലീഗ് മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചത് ലീഗദ്ധ്യക്ഷനായിരുന്നു. ജനാധിപത്യസംവിധാനത്തില്‍ മുഖ്യമന്ത്രിയാണ് അത് നിര്‍വഹിക്കേണ്ടത്. മുഖ്യമന്ത്രി ഏതെങ്കിലും പാര്‍ടിയുടെയോ മന്ത്രിയുടെയോ ബന്ദിയാകാന്‍ പാടില്ല. അദ്ദേഹം ആരുടെയും കൈയ്യിലെ പാവയായി മാറരുത്.
ഒരു സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്താല്‍ പിറ്റേന്ന് തുടങ്ങുകയായി അവരെ ഇറക്കിവിടാനുള്ള സമരം. പ്രതിപക്ഷ ധര്‍മം അതാണെന്ന അപക്വമായ ധാരണ ഇവിടെ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. പ്രതിപക്ഷമെന്ന നിലയില്‍ ഇടതുമുന്നണിയുടെ ദൗത്യം സര്‍ക്കാരിനെ നേര്‍മാര്‍ഗത്തില്‍ മുന്നോട്ടുപോകാന്‍ വഴിയൊരുക്കുകയാണ്. ആ കടമ എല്‍ ഡി എഫും ചുമതലാബോധത്തോടെ നിര്‍വഹിക്കണം.
No comments:
Post a Comment